Asianet News MalayalamAsianet News Malayalam

ലിംഗഛേദം മുതൽ ശിരച്ഛേദം വരെ, വിവിധ രാജ്യങ്ങളിൽ ബലാത്സംഗത്തിന് നൽകുന്ന ശിക്ഷകൾ ഇങ്ങനെ

ചൈനയിൽ ബലാത്സംഗികൾക്കുള്ള ശിക്ഷ മരണമാണ്. ചില കേസുകളിൽ, പ്രതികളെ വധിക്കുന്നതിനു മുമ്പ് അവരുടെ ലൈംഗികാവയവങ്ങൾ ഛേദിച്ചു കളയുക എന്ന രീതിയും നിലവിലുണ്ട്. 

From mutilating genitals to chopping off the head, punishments for rape in different countries
Author
India, First Published Jan 8, 2020, 1:13 PM IST

ഇന്ത്യയിൽ ഓരോദിവസവും ശരാശരി 92 ബലാത്സംഗങ്ങൾ നടക്കുന്നുണ്ട് എന്നാണ് ഏകദേശ കണക്ക്. അതായത് ഓരോ മണിക്കൂറിലും മൂന്നു സ്ത്രീകൾ വീതം ബലാത്സംഗം ചെയ്യപ്പെടുന്നു എന്നർത്ഥം. ബലാത്സംഗത്തിനുള്ള ശിക്ഷാവിധികളിൽ കാലാനുസൃതമായ മാറ്റങ്ങൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വന്നുകൊണ്ടിരിക്കുന്നുണ്ട്. ബലാത്സംഗം പോലെ ഹീനമായ ഒരു കുറ്റകൃത്യത്തെ തടയാനും, അതിനിരയാകുന്നവർക്ക് നീതി ലഭ്യമാക്കാനും നമ്മുടെ ചട്ടങ്ങൾ എത്രമാത്രം ഫലപ്രദമാണ് എന്ന കാര്യത്തിൽ ഭിന്നാഭിപ്രായമുള്ളവരുണ്ട്. പുറംരാജ്യങ്ങളിലേതുപോലെ കർക്കശമായ നിയമങ്ങൾ ഇല്ലാത്തതാണ് ബലാത്സംഗങ്ങളിൽ കുറവുണ്ടാകാത്തതിന് കാരണം എന്ന അഭിപ്രായമുള്ളവരും കുറവല്ല. വിവിധ ലോകരാഷ്ട്രങ്ങൾ ബലാത്സംഗം എന്ന കുറ്റത്തെ കാണുന്നതെങ്ങനെ, അതിന് വിധിക്കുന്ന ശിക്ഷകൾ എന്തൊക്കെ എന്ന് പരിശോധിക്കാം. 

ഇന്ത്യ 

ഇന്ത്യയിൽ ബലാത്സംഗവുമായി ബന്ധപ്പെട്ടുണ്ടായ ഏറ്റവും പുതിയ നിയമനിർമാണമാണ്, ഏപ്രിൽ 2013 -ലെ ആന്റി റേപ്പ് ബിൽ. അതിൻപ്രകാരം കുറ്റക്കാർ എന്ന് കണ്ടെത്തുന്നവർ ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കപ്പെടാൻ അർഹരാണ്. അപൂർവങ്ങളിൽ അപൂർവ്വമെന്ന് കോടതിക്ക് തോന്നുന്ന ചില കേസുകളിലെങ്കിലും വധശിക്ഷയ്ക്കും. ബലാത്സംഗം എന്ന വാക്കിന്റെ പരിധിക്കുള്ളിലേക്ക് ഈ നിയമനിർമാണത്തിലൂടെ മറ്റു പല ലൈംഗിക കുറ്റകൃത്യങ്ങളും ചേർക്കപ്പെട്ടു. പ്രായപൂർത്തിയാകാത്തവർക്ക് എതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾക്ക് POCSO അഥവാ പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫെൻസസ് എന്ന പ്രത്യേക വകുപ്പ് നിയമങ്ങളുമുണ്ട് ഇന്ത്യയില്‍. 

From mutilating genitals to chopping off the head, punishments for rape in different countries

ഫ്രാൻസ് 

ഫ്രാൻസ് വളരെ ഗൗരവമുള്ള ഒരു കുറ്റമായി ബലാത്സംഗത്തെ കാണുന്ന രാജ്യമാണ്. അവിടെ കുറ്റം തെളിയിക്കപ്പെട്ടാൽ 15 മുതൽ 30 വർഷം വരെ കഠിനതടവിന് ശിക്ഷിക്കപ്പെടാം. എത്രമാത്രം ക്രൂരമായിട്ടാണ് ബലാത്സംഗത്തിനിടെ പ്രതി പ്രവർത്തിച്ചത് എന്നതിനെ ആശ്രയിച്ചിരിക്കും ശിക്ഷയുടെ കാഠിന്യം. 

ചൈന 

ചൈനയിൽ ബലാത്സംഗികൾക്കുള്ള ശിക്ഷ മരണമാണ്. അത് ബലാത്സംഗത്തോടുള്ള ചൈനീസ് ഗവൺമെന്റിന്റെ കർക്കശമായ നിലപാടായി കണക്കാക്കുന്നവരുണ്ട്. ചില കേസുകളിൽ, പ്രതികളെ വധിക്കുന്നതിനു മുമ്പ് അവരുടെ ലൈംഗികാവയവങ്ങൾ ഛേദിച്ചു കളയുക എന്ന രീതിയും നിലവിലുണ്ട്. 

From mutilating genitals to chopping off the head, punishments for rape in different countries

എന്നാൽ, പലപ്പോഴും ഈ നിയമം ദുർവിനിയോഗം ചെയ്യപ്പെടുന്നു എന്ന പരാതിയുണ്ട്. ഗവൺമെന്റിന് അപ്രിയമുള്ള പല നിരപരാധികളെയും, വിചാരണ എന്ന പ്രഹസനത്തിനു ശേഷം, വളരെ തിടുക്കപ്പെട്ട് വധശിക്ഷക്ക് വിധേയനാക്കിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2015 വരെ ചൈനയിൽ സ്വവർഗ ബലാത്സംഗം ക്രിമിനൽ കുറ്റമല്ലായിരുന്നു. 

സൗദി അറേബ്യ 

സൗദി അറേബ്യയാണ് ബലാത്സംഗത്തോട് ഏറ്റവും കടുത്ത നിലപാടെടുക്കുന്ന ലോകരാഷ്ട്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നത്. ചെറുതായി ഒന്ന് മയക്കിയശേഷം പരസ്യമായി തലവെട്ടുകയാണ് പതിവ്. കുറ്റകൃത്യം നടന്ന്, പ്രതി പൊലീസ് പിടിയിലായിക്കഴിഞ്ഞാൽ ദിവസങ്ങൾക്കകം ശിരച്ഛേദം നടക്കും എന്നതിനാൽ, തത്സമയ നീതി(instant  justice )യുടെ ഒരു പ്രതിച്ഛായയാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. മയക്കുമരുന്ന് കടത്തുന്നതിനും ഏറെക്കുറെ ഇതേ ശിക്ഷ തന്നെയാണുള്ളത്. 

From mutilating genitals to chopping off the head, punishments for rape in different countries

ഉത്തരകൊറിയ 

ഉത്തരകൊറിയയിൽ സ്വേച്ഛാധിപത്യമാണ്. ബലാത്സംഗം ചെയ്തു എന്ന് സ്വേച്ഛാധിപതിക്ക് ബോധ്യം വന്നാൽ, പ്രതികളെ ഉടനടി ഫയറിംഗ് സ്‌ക്വാഡിന് മുന്നിലേക്ക് കൊണ്ടുപോകും. കൈകൾ കൂട്ടിക്കെട്ടി, കണ്ണുകൾ മറച്ച് അവരെ പിന്നിൽ നിന്ന് വെടിവെച്ചുവീഴ്ത്തുകയാണ് പതിവ്. ഭരണകൂടത്തിന് അപ്രിയമുണ്ടാക്കുന്നവരെ ഇല്ലാതാക്കാൻ ഇവിടെയും ഈ നിയമം ദുർവിനിയോഗം ചെയ്യപ്പെടുന്നുണ്ട്. 

From mutilating genitals to chopping off the head, punishments for rape in different countries

അഫ്ഗാനിസ്ഥാൻ 

അഫ്ഗാനിസ്ഥാനിലും കടുത്ത ശിക്ഷകളാണ് ബലാത്സംഗം ചെയ്യുന്നവരെ കാത്തിരിക്കുന്നത്. ഒന്നുകിൽ നെറ്റിയിൽ വെടിവെച്ചു കൊല്ലുക, അല്ലെങ്കിൽ തൂക്കിലേറ്റുക, ഇവയാണ് ശിക്ഷകൾ. ശിക്ഷ വിധിച്ചാൽ നാലു ദിവസത്തിനകം തന്നെയാണ് നടപ്പിലാക്കാറുള്ളത്. ബലാത്സംഗത്തിന് ഇരയായ വ്യക്തിക്ക് തന്നെ ശിക്ഷ നടപ്പിലാക്കാനുള്ള വ്യവസ്ഥയും ഇവിടത്തെ നിയമത്തിലുണ്ട്. അഫ്ഗാനിസ്ഥാനിലും ബലാത്സംഗത്തിന് ഇരയാകുന്ന വ്യക്തിക്ക് നിരന്തരമായ അവഹേളനങ്ങൾ സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്നുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളെ കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനെന്ന പേരിൽ കൊന്നുകളഞ്ഞിട്ടുള്ള കേസുകൾ നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. 

ഇറാൻ 

കുറ്റം തെളിഞ്ഞാൽ ഇറാനിൽ പ്രതിയെ കല്ലെറിഞ്ഞു കൊല്ലാനാണ് വകുപ്പ്. ചില കേസുകളിൽ തൂക്കിക്കൊല്ലലും നടപ്പിലാക്കാറുണ്ട്. ഇവിടെയും വളരെ പരസ്യമായിട്ടാണ് ശിക്ഷ നടപ്പിലാക്കാറുള്ളത്. മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പ് എന്ന നിലയ്ക്കാണ് ഈ പരസ്യമായ നടപടി. 

എന്നാൽ, ബലാത്സംഗം ചെയ്യപ്പെടുന്ന വ്യക്തിയെയും ഇവിടത്തെ നിയമങ്ങൾ വല്ലാതെ വേട്ടയാടുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതായത്, ബലാത്സംഗം ചെയ്യപ്പെടാൻ കാരണം ആ വ്യക്തിയുടെ സൂക്ഷ്മതക്കുറവാണ് എന്ന മട്ടിലുള്ള വ്യാഖ്യാനങ്ങളും ഇന്നാട്ടിൽ സുലഭമാണ്. അതുമാത്രമല്ല, ബലാത്സംഗം ചെയ്യപ്പെട്ട വ്യക്തിയുടെ സമ്മതമുണ്ടെങ്കിൽ, കനത്ത ഒരു തുക നഷ്ടപരിഹാരമായി നൽകി നൂറു ചാട്ടയടി മാത്രം ഏറ്റുവാങ്ങിയും, കേസിൽ നിന്ന് ഒഴിവാകാനുള്ള വ്യവസ്ഥയുണ്ട് ഇവിടത്തെ നിയമത്തിൽ. 

യുണൈറ്റഡ് അറബ് എമിറേറ്റ്സ് 

ബലാത്സംഗത്തിന് UAE 'യിൽ നൽകപ്പെടുന്ന ശിക്ഷ കഴുമരമാണ്. ഇതിനുമാത്രം നഷ്ടപരിഹാരം നൽകി രക്ഷപ്പെടാനാവില്ല. കുറ്റം തെളിയിക്കപ്പെട്ടാൽ ഒരാഴ്ചക്കകം പ്രതി തൂക്കിലേറ്റപ്പെടും. 

നെതർലൻഡ്സ്

ഒരു പെൺകുട്ടിയെ അവളുടെ സമ്മതമില്ലാതെ ഒന്നുമ്മവെച്ചാൽ പോലും അത് ബലാത്സംഗമായി കണക്കാക്കുന്ന രാജ്യമാണ് നെതർലൻഡ്സ്. ഏറ്റവും ചുരുങ്ങിയത് നാല് വർഷം വരെ ജയിൽ കിടക്കാനുള്ള വകുപ്പുണ്ട്. പരമാവധി ശിക്ഷ പതിനഞ്ചു വർഷമാണ്. ഇവിടെ ലൈംഗിക തൊഴിലാളിയ്ക്ക് നേരെ പ്രവർത്തിക്കുന്ന ലൈംഗിക അതിക്രമത്തിന് നാല് വർഷത്തെ കഠിനതടവ് വരെ ലഭിച്ചേക്കാം. 

കുറ്റവും ശിക്ഷയും 

വധശിക്ഷ കർക്കശമായി നടപ്പിലാക്കുന്ന സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളുടെ തോത് കുറവാണെന്നാണ് നമ്മുടെ നാട്ടിൽ അതിനെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. ബലാത്സംഗം ചെയ്താൽ, പിടിക്കപ്പെട്ട്  ദിവസങ്ങൾക്കകം വധശിക്ഷ കിട്ടും എന്ന ഭയമുണ്ടെങ്കിൽ പിന്നെ അതിനു മുതിരുന്നവരുടെ എണ്ണം പയ്യെ കുറഞ്ഞുവരും എന്ന് പലരും ധരിക്കുന്നു. എന്നാൽ, ബലാത്സംഗം പോലുള്ള കുറ്റങ്ങൾക്ക് വധശിക്ഷ കൊണ്ടുവരുന്നത് അബദ്ധമാകും എന്ന് കരുതുന്നവരുമുണ്ട്. കാരണം, ബലാത്സംഗശേഷം സ്ത്രീയെ വെറുതെ വിട്ടാൽ അത് വിചാരണ ശക്തമാക്കാനുള്ള സാധ്യത വർധിപ്പിക്കുകയും, തദ്വാരാ പ്രതിക്ക് വധശിക്ഷ വാങ്ങിത്തരുകയും ചെയ്യും എന്ന അവസ്ഥവരും. അത് പ്രതികൾ ബലാത്സംഗത്തിന് ശേഷം അതിനിരയാകുന്ന സ്ത്രീകളെ കൊന്നുകളയുന്ന അവസ്ഥയുണ്ടാക്കുമെന്ന് അവർ വാദിക്കുന്നു. 

പല കേസുകളിലും സമൂഹത്തിൽ നിന്നും, കുറ്റത്തിന് ഇരയാകുന്നവരുടെ ബന്ധുക്കളിൽ നിന്നുമെല്ലാം കടുത്ത സമ്മർദ്ദമാണ് ജുഡീഷ്യറിയുടെമേൽ ഉണ്ടാകാറുള്ളത്. ബലാത്സംഗം പോലുള്ള ക്രൂരമായ കുറ്റങ്ങൾക്ക് തൂക്കുകയർ എന്ന കടുത്ത ശിക്ഷ നൽകിയാൽ മാത്രമേ കുറ്റകൃത്യത്തിന് ഇരയാകുന്ന വ്യക്തിക്ക് അർഹിക്കുന്ന നീതി കിട്ടുന്നുള്ളൂ എന്നാണ് ഇന്ന് നിലവിലുള്ള പൊതു ബോധം. അതിനെ തൃപ്തിപ്പെടുത്താനുള്ള തിടുക്കത്തിലാണ് പലപ്പോഴും ഹൈദരാബാദ് ബലാത്സംഗ-കൊലക്കേസിൽ നടന്നപോലെ ഏറ്റുമുട്ടൽ കൊലകൾ നടത്തുന്നതിലേക്ക് അന്വേഷണോദ്യോഗസ്ഥർ അടക്കം പോകുന്നത്. അപൂർവങ്ങളിൽ അപൂർവം' എന്ന്, തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കുന്ന കുറ്റങ്ങളിൽ പ്രതിക്ക് വധശിക്ഷ അഥവാ തൂക്കുകയർ നൽകാൻ ഇന്ത്യൻ നീതിന്യായ വ്യവസ്ഥ അനുശാസിക്കുന്നുണ്ട്. ഇപ്പോൾ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ജനുവരി 22 -ന് നടപ്പിലാക്കാൻ വേണ്ടി മരണവാറണ്ട് പുറപ്പെടുവിച്ചു കഴിഞ്ഞു.
 

Follow Us:
Download App:
  • android
  • ios