ബ്രെയിൻ പിക്കിങ്സിൽ മരിയ പോപ്പോവ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര മലയാള പരിഭാഷ. വിവർത്തനം: ബാബു രാമചന്ദ്രൻ.

1866 -ലെ സെപ്തംബർ മാസം. സെന്റ് പീറ്റേഴ്‌സ്ബർഗിൽ അപ്പോൾ വേനൽക്കാലദിനങ്ങൾ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. ഫിയോദോര്‍ മിഖായിലോവിച്ച് ദസ്തയേവ്സ്കി 'കുറ്റവും ശിക്ഷയും' എന്ന പേരിൽ പിൽക്കാലത്ത് ഏറെ പ്രസിദ്ധമായ തന്റെ നോവൽ എഴുതിത്തുടങ്ങിയ കാലം. അക്കാലം, ദസ്തയേവ്സ്കിയുടെ വ്യക്തിജീവിതം അധഃപതനത്തിന്റെ നെല്ലിപ്പലക കണ്ടകാലം കൂടിയാണ്. ആദ്യഭാര്യ മരിയയും സഹോദരൻ മിഖായിലും മരിച്ചിട്ട് കഷ്ടി ഒരു വർഷമാകുന്നതേ ഉണ്ടായിരുന്നുള്ളൂ. ചൂതുകളിയിലെ അടക്കാനാവാത്ത ഭ്രമം അദ്ദേഹത്തിന്റെ സമ്പാദ്യമെല്ലാം വറ്റിച്ചു. ജ്യേഷ്ഠസഹോദരന്റെ നിര്യാണത്തിനു ശേഷം, അദ്ദേഹം നടത്തിയിരുന്ന മാസികയുടെ ബാധ്യതകൾ കൂടി തലയിൽ ഏറ്റേണ്ടി വന്നതോടെ എല്ലാം പൂർത്തിയായി. ഇതൊന്നും പോരാഞ്ഞിട്ട് നിരന്തരമുള്ള അപസ്മാരബാധയുടെ ശല്യം, അത് വേറെയും അലട്ടിക്കൊണ്ടിരുന്നു ദസ്തയേവ്സ്കിയെ.
 


 

അക്കാലത്ത് കടം കേറി മുടിഞ്ഞു കുത്തുപാളയെടുത്ത്, തിരിച്ചടവ് മുടങ്ങുന്നവരെ പാർപ്പിക്കാൻ പ്രത്യേകം ജയിലുകൾ വരെ ഉണ്ടായിരുന്നു മോസ്‌കോയിൽ. അങ്ങോട്ട് പറഞ്ഞയക്കും നോവലിസ്റ്റിനെ എന്നായി കടക്കാരുടെ ഭീഷണി. ജയിൽ എന്ന് കേട്ടാൽ ദസ്തയേവ്സ്കിക്ക് ഭയമായിരുന്നു അന്ന്. അല്ല, കുറ്റം പറഞ്ഞുകൂടാ. മരണത്തെ മുഖാമുഖം കണ്ടു തിരിച്ചുവന്നുള്ള ജീവിതമാണ്. നിരോധിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങൾ വായിച്ചതിന്റെ പേരിൽ വധശിക്ഷയിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട്, സൈബീരിയൻ മരുഭൂമിയിലെ മരം കോച്ചുന്ന തണുപ്പിൽ ഒരു ലേബർ ക്യാമ്പിൽ നാലുവർഷത്തെ നിർബന്ധിതവാസത്തിന് വിധിക്കപ്പെട്ടിരുന്നു അദ്ദേഹം. അതിന്റെ ഓർമ്മകൾ ഇടയ്ക്കിടെ അദ്ദേഹത്തിന്റെ ഉറക്കം കെടുത്തിയിരുന്നു. ജയിൽ എന്ന് കേട്ടാൽ തന്നെ പാനിക് അറ്റാക്കിന്റെ വക്കിൽ എത്തുമായിരുന്നു ദസ്തയേവ്സ്കി. എങ്ങനെയാണിപ്പോൾ ഒരു പാപ്പർസ്യൂട്ട് ഒഴിവാക്കുക? ആപത്ബാന്ധവനായി അവതരിച്ചത് ഒന്നാം നമ്പർ ഒരു ഷൈലോക്ക് ആയിരുന്നു, പേര് ഫിയോദോര്‍  സ്റ്റെല്ലോവ്‌സ്‌കി. അന്ന് ദസ്തയേവ്സ്കിക്ക് ആകെ ബാധ്യത ഇന്നത്തെ കണക്കിന് ഏകദേശം 60 ലക്ഷം രൂപയോളം വരും. അത് താൻ അടച്ച് കടക്കാരുടെ ശല്യം തീർത്തു നൽകാം എന്ന് വാക്കുനല്കി സ്റ്റെല്ലോവ്‌സ്‌കി. ഒരൊറ്റ കണ്ടീഷൻ. എന്താ? അടുത്ത നവംബർ ആകുമ്പോഴേക്കും, ചുരുങ്ങിയത് 175 പേജ് എങ്കിലുമുള്ള ഒരു നോവൽ എഴുതിപ്പൂർത്തിയാക്കി അച്ചടിക്കാൻ പാകത്തിന് നൽകണം. പറ്റിയില്ലെങ്കിൽ, അദ്ദേഹത്തിന്റെ അതുവരെയുള്ള എല്ലാ വർക്കിന്റെയും കോപ്പിറൈറ്റ് സ്റ്റെല്ലോവ്‌സ്‌കിക്ക് സ്വന്തം.

അപ്പോഴത്തെ ആവേശത്തിന് ആശാൻ ആ കരാർ ഒപ്പിട്ടു നൽകി. എന്നാൽ, മുദ്രപ്പത്രത്തിൽ ഒപ്പിട്ടുകൊടുത്ത ശേഷമാണ് സ്റ്റെല്ലോവ്‌സ്‌കിയുടെ കുതന്ത്രങ്ങളെപ്പറ്റി സ്നേഹിതർ പറഞ്ഞ് ദസ്തയേവ്സ്കി അറിയുന്നത്. തന്റെ സഹോദരനിൽ നിന്ന് ബിനാമികൾ വഴി ചുളുവിലക്ക് പ്രോമിസറി നോട്ടുകൾ എഴുതി വാങ്ങി, അവരെക്കൊണ്ട് തന്നെ ഭീഷണിപ്പെടുത്തി കനത്ത തുക തട്ടാൻ അണിയറയിൽ ഗൂഢാലോചന നടത്തിയത് സ്റ്റെല്ലോവ്‌സ്‌കി തന്നെ ആണെന്നറിഞ്ഞിട്ടും ഒന്നും ചെയ്യാനാവാത്ത അവസ്ഥ. നവംബറിന് മുമ്പ് നോവൽ എഴുതി നൽകാം എന്ന് കോൺട്രാക്ട് ഒപ്പിട്ടു കൊടുത്തിരിക്കുകയല്ലേ. ഇനി പറഞ്ഞ സമയത്ത് അത് തീർത്തു കയ്യിൽ കൊടുത്തേ പറ്റൂ..!

എന്നാൽ, സ്റ്റെല്ലോവ്‌സ്‌കിയുടെ ചതിയെപ്പറ്റിയുള്ള ചിന്ത മനസ്സിൽ കിടന്നിരുന്നതിനാൽ അവിടെ കൊടുക്കാം എന്ന് പറഞ്ഞിരുന്ന 'ഗാംബ്ലർ' എന്ന ചൂതുകളിഭ്രമം പ്രമേയമായ ഹ്രസ്വനോവലിന്റെ എഴുത്തുപണികൾ പുരോഗമിച്ചില്ല. 1866 സെപ്റ്റംബർ ആയിട്ടും 175 പോയിട്ട് ഒരു പേജുപോലും എഴുതി മുഴുമിച്ചില്ല. അതോടെ ദസ്തയേവ്സ്കി പരിഭ്രാന്തിയിലായി. ഇനി ആകെ അവശേഷിക്കുന്നത് നാലഞ്ചാഴ്ച മാത്രം. അതിനുള്ളിൽ നോവലെഴുതി പൂർത്തിയാക്കി നൽകിയില്ല എങ്കിൽ തന്റെ നോവലുകളുടെ കോടികൾ വിലമതിക്കുന്ന കോപ്പിറൈറ്റ് വെറും അറുപതുലക്ഷത്തിന്റെ പേരിൽ സ്റ്റെല്ലോവ്‌സ്‌കിയുടെ പക്കലെത്തും.

ഒക്ടോബർ മാസവും തുടങ്ങി. ഇനി നാലേ നാലാഴ്ച മാത്രം. എന്ത് ചെയ്യും ? സാഹിത്യ രംഗത്തെ സ്നേഹിതർ ഒരു ഓപ്‌ഷൻ വെച്ചു. നോവലിന്റെ ഒരു ഏകദേശ രൂപം അവർക്ക് ദസ്തയേവ്സ്കി പറഞ്ഞുകൊടുക്കുക. അവർ അധ്യായങ്ങൾ പകുത്തെടുത്ത് എഴുതി നൽകാം. ദസ്തയേവ്സ്കിക്ക് സ്വന്തം പേരിൽ അതിനെ പ്രസിദ്ധപ്പെടുത്താൻ നൽകി തൽക്കാലത്തേക്ക് അപകടത്തിൽ നിന്ന് തടിയൂരാം. എന്നാൽ, ദാരിദ്ര്യത്തിന്റെ പടുപാതാളത്തിൽ കിടക്കുമ്പോഴും ദസ്തയേവ്സ്കിക്ക് ആദർശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. അങ്ങനെ ഒരു കന്നംതിരിവ്‌ താൻ ചെയ്യില്ല എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇനിയിപ്പോൾ എന്താ ചെയ്ക ? ഒരു നോവൽ അങ്ങോട്ട് എഴുതുക തന്നെ, എത്രയും പെട്ടെന്ന്..!

ദസ്തയേവ്സ്കിക്ക് സ്റ്റെനോഗ്രാഫി പഠിപ്പിക്കുന്ന ഒരാൾ സ്നേഹിതനായി ഉണ്ടായിരുന്നു. 1866 ഒക്ടോബർ 15 ദസ്തയേവ്സ്കി അദ്ദേഹത്തെ ചെന്നുകണ്ട് ഒരു അഭ്യർത്ഥന നടത്തി. " നിങ്ങളുടെ ഏറ്റവും നല്ല ടൈപ്പിംഗ് സ്റ്റുഡന്റിന്റെ സേവനങ്ങൾ ഒരു മാസത്തേക്ക് എനിക്ക് വിട്ടുതരണം. അടിയന്തരമായി ഒരു നോവൽ ഡിക്ടേറ്റ് ചെയ്യണം. തല പോവുന്ന കേസാണ്, സഹായിക്കണം"

"ഓ... അതിനെന്താ..." എന്നായി ടൈപ്പിംഗ് സാർ. അദ്ദേഹം അന്നോളം ടൈപ്പിംഗ് പഠിപ്പിച്ചു വിട്ടിട്ടുള്ളവരിൽ ഏറ്റവും മിടുക്കിയെത്തന്നെ ദസ്തയേവ്സ്കിയുടെ അടുത്തേക്ക് പറഞ്ഞുവിട്ടു അദ്ദേഹം. ആ പെൺകുട്ടിയുടെ പേര്, 'അന്ന ഗ്രിഗോറിവ്ന സ്‌നിറ്റ്കിന' എന്നായിരുന്നു. അത് ടൈപ്പ് റൈറ്ററുകൾ ഏറെ ജടിലമായി പ്രവർത്തിച്ചുകൊണ്ടിരുന്ന കാലമാണ്. പഠിച്ചെടുക്കാനുള്ള ക്ലിഷ്ടത കാരണം അന്നയുടെ ബാച്ചിലെ 150 കുട്ടികളിൽ 125 പേരും ടൈപ്പ് പഠിത്തം പാതിവഴി ഉപേക്ഷിച്ചിട്ട് പോയിരുന്നു എന്നോർക്കുക.

 

 

അന്നയ്ക്ക് അന്ന് ഇരുപതുവയസ്സ് പ്രായം. സ്വന്തം കാലിൽ നിൽക്കണമെന്ന കലശലായ മോഹം മൂത്ത് ടൈപ്പുപഠിച്ചെടുത്ത അന്നയ്ക്ക് ആ ഓഫർ സ്വപ്നസമാനമായിരുന്നു. ആദ്യമായി ടൈപ്പ് ചെയ്യാൻ കിട്ടുന്ന അവസരം അറുബോറൻ കോടതിവ്യവഹാരങ്ങൾക്ക് പകരം ഫിയോദോര്‍  മിഖായിലോവിച്ച് ദസ്തയേവ്സ്കി എന്ന ലബ്ധപ്രതിഷ്ഠനായ നോവലിസ്റ്റിന്റെ ഏറ്റവും പുതിയ നോവൽ, അതും അദ്ദേഹത്തിന്റെ വായിൽ നിന്നുതന്നെ, ലോകത്തിൽ ഏറ്റവും ആദ്യമായി കേട്ടെഴുതുക. അന്നയുടെ അമ്മാവന്റെ ഇഷ്ടനോവലിസ്റ്റ് ആയിരുന്നു ദസ്തയേവ്സ്കി എന്നതുകൊണ്ടുതന്നെ അവൾക്ക് ആ പേരും അദ്ദേഹത്തിന്റെ എഴുത്തും ഒക്കെ ചിരപരിചിതമായിരുന്നു. പുതിയ ജോലിയെക്കുറിച്ചുള്ള ചിന്തകൾ പോലും അവൾക്ക് അളവറ്റ ആഹ്ലാദം പകർന്നു.

അടുത്ത ഇരുപത്തഞ്ചു ദിവസങ്ങൾ രാവിലെ കൃത്യം പതിനൊന്നരയ്ക്ക് അന്ന ദസ്തയേവ്സ്കിയുടെ വീട്ടിലെത്തി ഡോർ ബെൽ അടിച്ചു. നാലുമണിവരെയാണ് ഡിക്ടേഷൻ. ഇടക്ക് ഒന്നോ രണ്ടോ ബ്രേക്കുകൾ. അതിൽ നോവലിസ്റ്റ് ഇട്ടുനൽകുന്ന ചായയും നുറുങ്ങു സംഭാഷണങ്ങളും ബോണസ്. തുടക്കത്തിൽ ദസ്തയേവ്സ്കി അന്നയോടു പ്രകടിപ്പിച്ചിരുന്ന കാർക്കശ്യത്തിന് പോകെപ്പോകെ അയവുവന്നു. തനിക്ക് ഏറ്റവും ഇഷ്ടമുളളവരെ മാത്രം ദസ്തയേവ്സ്കി വിളിക്കുമായിരുന്നു ചെല്ലപ്പേര് അന്നയ്ക്കും ചാർത്തിക്കിട്ടി, "കുഞ്ഞുമാടപ്രാവ്".

തന്റെ ജോലിയിൽ അന്ന പ്രകടിപ്പിച്ചിരുന്ന പ്രായത്തിൽ കവിഞ്ഞ ഗൗരവം, ദസ്തയേവ്സ്കിയുടെ വൈകാരിക ഉയർച്ച താഴ്ചകളെ സമതുലിതാവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവന്ന്‌ എഴുതാനുള്ള മൂഡ് തിരിച്ചു പിടിക്കാനുള്ള അവളുടെ അസാമാന്യ വൈഭവം എന്നിവ അദ്ദേഹത്തിന് തന്റെ എഴുത്തിന്റെ കാര്യത്തിൽ അനുഗ്രഹമായി. ദസ്തയേവ്സ്കി തന്നോട് പ്രകടിപ്പിച്ചിരുന്ന സഹാനുഭൂതിയും, ഇളമുറക്കാരി എന്ന ഭേദഭാവമില്ലാതെ അദ്ദേഹം കാണിച്ചിരുന്ന ബഹുമാനവും ഒരു ജോലിക്കാരി എന്നതിലുപരി, ഒരു സഹ എഴുത്തുകാരി എന്ന പരിഗണനയും അന്നയെയും ഏറെ സ്വാധീനിച്ചു. എന്നാൽ, അത് അനതിസാധാരണമായ ഒരു പ്രേമബന്ധത്തിന്റെ കൊക്കൂൺ കാലമാണ് എന്ന് ഇരുവരും ആദ്യത്തെ ആഴ്ചകളിൽ തിരിച്ചറിഞ്ഞതേയില്ല.

 

 

തന്റെ പ്രൗഢഗംഭീരമായ ആത്മകഥ 'ദസ്തയേവ്സ്കി സ്മരണ'കളിൽ അന്ന ഇങ്ങനെ എഴുതുന്നുണ്ട്, "ഓരോ ദിവസവും സംസാരത്തിനിടെ അദ്ദേഹം തന്റെ ജീവിതത്തിലെ ഏതെങ്കിലുമൊരു വിഷാദസ്മരണ എനിക്കുമുന്നിൽ തുറന്നുവെക്കും. എത്ര ശ്രമിച്ചിട്ടും കുടഞ്ഞെറിയാൻ പറ്റാത്ത ആ വേദനകളുടെ ഓർമയും പേറിയുള്ള അദ്ദേഹത്തിന്റെ ജീവിതമോർക്കുമ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നും..."
 
"ഫിയോദോര്‍  മിഖായിലോവിച്ച് എന്നും സ്വന്തം സാമ്പത്തിക കെടുതികളെപ്പറ്റി വളരെ പ്രസന്നവദനനായിത്തന്നെയാണ് എന്നോട് സംസാരിച്ചുകൊണ്ടിരുന്നത്. പക്ഷേ, അദ്ദേഹം പറഞ്ഞിരുന്ന കഥകൾ ആരെയും സങ്കടത്തിലാഴ്ത്താൻ പോന്നതായിരുന്നു. ഒരു ദിവസം ഞാൻ അറിയാതെ തന്നെ അദ്ദേഹത്തോട് ചോദിച്ചു പോയി, "എന്തിനാണ് ഫിയോദോര്‍  മിഖായിലോവിച്ച് അങ്ങ് എന്നും സങ്കടങ്ങളെപ്പറ്റി മാത്രമിങ്ങനെ പറയുന്നത്. അതിനു പകരം, അങ്ങ് സന്തോഷിച്ചിരുന്ന കാലത്തെപ്പറ്റി എന്നോട് പറഞ്ഞൂടെ?"

"സന്തോഷിക്കുകയോ? ഞാനോ? അങ്ങനൊന്നുണ്ടായിട്ടുണ്ടെങ്കിലല്ലേ? ഞാൻ അനുഭവിക്കാൻ ആഗ്രഹിച്ചിരുന്ന പോലുള്ള സന്തോഷം.... അത് ഇനി എന്നെ തേടിയെത്തിയെങ്കിലേ ഉള്ളൂ..! " അദ്ദേഹം പറഞ്ഞു.

അദ്ദേഹം അന്നയുമൊത്ത് ചെലവിട്ടുകൊണ്ടിരുന്ന നിമിഷങ്ങളിൽ മേൽപ്പറഞ്ഞ ആ സന്തോഷം അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന് ഇരുവർക്കും അപ്പോൾ ബോധ്യം വന്നിട്ടുണ്ടായിരുന്നില്ല. ഉള്ളിൽ തോന്നുന്നത് അടക്കിവെക്കുന്ന പ്രകൃതക്കാരിയല്ല അന്ന. ഏതിരുട്ടിനെയും പ്രകാശത്താൽ പുറന്തള്ളുന്നവളാണ് അവൾ. ഇത്രയും കേട്ടപ്പോൾ അന്ന ഫിയോദറിനെ ഒരിക്കൽ കൂടി വിവാഹിതനാകാനും അതിലൂടെ ആനന്ദം തേടാനും ഉപദേശിച്ചു. ആ സംഭാഷണം അന്ന ഓർത്തെടുക്കുന്നതിങ്ങനെ,

"അന്നാ... നീ പറയുന്നത്, ഞാൻ ഒരിക്കൽ കൂടി വിവാഹിതനാകണം എന്നാണോ? എന്നോടൊത്ത് ജീവിതം ചെലവിടാൻ ഒരു പെണ്ണ് തയ്യാറാകും എന്നാണോ? എങ്കിൽ, ഏത് പ്രകൃതമുള്ളവളെ ഞാൻ എന്റെ ഭാര്യയായി സ്വീകരിക്കണം? ബുദ്ധിമതിയായ ഒരുവളെയോ അതോ സഹാനുഭൂതിയുള്ള ഒരുവളെയോ? " ദസ്തയേവ്സ്കി ചോദിച്ചു.

"എന്താ സംശയം, നല്ല ബുദ്ധിമതിയെത്തന്നെ..." അന്ന പറഞ്ഞു.

" എനിക്ക് അങ്ങനെയല്ല തോന്നുന്നത്. തെരഞ്ഞെടുക്കാനുള്ള വകുപ്പുണ്ടെങ്കിൽ, ഇനി ഞാൻ ഭൂതദയ വേണ്ടുവോളമുള്ള ഒരുവളെ മാത്രമേ വിവാഹം ചെയ്യൂ. അവൾ എന്നോട് സഹതാപം തോന്നിയെങ്കിലും എന്നെയൊന്ന് സ്നേഹിക്കട്ടെ..."

"വിവാഹം എന്ന വിഷയം ചർച്ചക്കെടുത്ത കൂട്ടത്തിൽ ഫിയോഡർ എന്നോട്, ഞാൻ എന്തുകൊണ്ട്‌ ഇതുവരെ വിവാഹിതയായില്ല എന്ന് ചോദിച്ചു. എന്റെ മറുപടി ഇങ്ങനെയായിരുന്നു, 'എനിക്ക് രണ്ടു പേരുടെ ആലോചന വന്നിരുന്നു. ഇരുവരോടും നല്ല ബഹുമാനവും തോന്നിയിരുന്നു. എന്നാൽ എന്തോ, രണ്ടുപേരോടും ഉള്ളിൽ നിന്നൊരു പ്രേമം വന്നില്ലെനിക്ക്. എനിക്ക് പ്രേമം തോന്നുന്ന ഒരാളെ വിവാഹം ചെയ്താൽ കൊള്ളാമെന്നുണ്ട്...."

"അതു ശരിയാണ് അന്നാ, തമ്മിൽ പ്രേമം തോന്നിയേ പറ്റൂ..! വിവാഹത്തിൽ സന്തോഷമുണ്ടാവണമെങ്കിൽ ബഹുമാനം മാത്രം ഉണ്ടായാൽ പോരാ ..! " ഫിയോദോര്‍  തലകുലുക്കി സമ്മതിച്ചു.

നവംബർ 10 -നാണ് അവരുടെ അവസാനത്തെ ഡിക്റ്റേഷൻ നടന്നത്. അസാധ്യമെന്നു തോന്നിച്ചിരുന്ന ആ ഭഗീരഥപ്രയത്നം ദസ്തയേവ്സ്കി അന്നയുടെ സഹായത്തോടെ വിജയകരമായി പൂർത്തിയാക്കി. കൃത്യം 26 ദിവസം കൊണ്ട് ആ നോവൽ എഴുതിപ്പൂർത്തിയാക്കി. എല്ലാം കഴിഞ്ഞപ്പോൾ അന്നയുമായി ഹസ്തദാനം നടത്തി അദ്ദേഹം അവൾക്ക് മുൻ‌കൂർ വാഗ്ദാനം ചെയ്തിരുന്ന 50 റൂബിൾ, ഇന്നത്തെ ഏകദേശം 1.1 ലക്ഷം രൂപ പ്രതിഫലമായി കൈമാറി.

അടുത്ത ദിവസം ദസ്തയേവ്സ്കിയുടെ നാല്പത്തഞ്ചാം പിറന്നാൾ ആയിരുന്നു. തീരില്ലെന്നു കരുതി ആധിപിടിച്ചിരുന്ന നോവൽ കൂടി പൂർത്തിയായ സ്ഥിതിക്ക്, അദ്ദേഹത്തിന് അത് ഇരട്ട സന്തോഷത്തിന്റെ ദിവസമായിരുന്നു. സംഗതി ഏതെങ്കിലും പോഷ് റെസ്റ്റോറന്റിൽ വെച്ച് നല്ലൊരു അത്താഴം നൽകിത്തന്നെ ആഘോഷിച്ചേക്കാം എന്നായി ഫിയോദർ. അന്നോളം ഒരു റെസ്റ്റോറന്റിൽ ചെന്ന് അത്താഴമുണ്ടിട്ടില്ലാത്ത അന്ന, തന്റെ ഉൾവലിഞ്ഞ പ്രകൃതം കൊണ്ട് പോകാൻ ഏറെ മടിച്ചു നിന്നെങ്കിലും ദസ്തയേവ്സ്കിയുടെ സ്നേഹമയമായ നിർബന്ധത്തിനു വഴങ്ങി അവിടെ ചെന്നു. ആ സായാഹ്നം ഏറെ സന്തോഷത്തോടെ അവർ ചെലവിട്ടു.

ആഘോഷത്തിന്റെ അലകൾ ഒന്നടങ്ങിയപ്പോൾ, അടുത്ത നാൾ തൊട്ട് അന്ന വരാതെയായപ്പോഴാണ് തന്റെ അതുവരെയുള്ള ആനന്ദത്തിന്റെ നങ്കൂരം അവളുടെ സാന്നിധ്യമായിരുന്നു എന്ന സത്യം ദസ്തയേവ്സ്കി തിരിച്ചറിയുന്നത്. 'അന്നയെ ഇനി ചിലപ്പോൾ ഒരിക്കലും കാണാൻ ഇടയില്ല' എന്ന സത്യം അദ്ദേഹത്തെ വല്ലാതെ ആശങ്കപ്പെടുത്തി. അതേസമയം, സംഭവബഹുലമായ നാലാഴ്ച നോവലിസ്റ്റിനൊപ്പം ചെലവിട്ട ശേഷം തന്റെ പഴയ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു പോയ അന്നയും വല്ലാത്തൊരു വിഷാദത്തുരുത്തിൽ അകപ്പെട്ടു. അവളുടെ സന്തോഷങ്ങളും ഏതാണ്ടസ്തമിച്ച പോലായി. അദ്ദേഹത്തിൻെറ അസാന്നിധ്യം അവളെയും സങ്കടക്കടലിൽ മുക്കി ക്കളഞ്ഞു.

 

 

"കൃത്യസമയത്ത് ജോലിക്ക് എത്തിച്ചേരാൻ വേണ്ടി ദസ്തയേവ്സ്കിയുടെ ഭവനത്തിലേക്ക് ഏറെ ആ തിടുക്കപ്പെട്ടു പോയിരുന്ന ആ പോക്ക് എന്റെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. നോവലിസ്റ്റുമായുള്ള സരസ സംഭാഷണങ്ങളും ആ സന്തോഷഭരിതമായ ദിനങ്ങളും എല്ലാം എനിക്ക് ഏറെ ഇഷ്ടമായിരുന്നു. 'അതില്ലാതെ പറ്റില്ല...' എന്നൊരു തോന്നൽ ഉള്ളിൽ കിടന്നു തികട്ടി. അന്നോളം ഞാൻ ചെയ്തിരുന്ന മറ്റുകാര്യങ്ങൾക്കൊക്കെയും അതോടെ പ്രസക്തി നഷ്ടപ്പെട്ടപോലെ. അതൊക്കെ വ്യർത്ഥമായ അഭ്യാസങ്ങളായി മാറിയ പോലെ. "

അന്നയില്ലാത്ത ജീവിതം അറുബോറെന്നു തിരിച്ചറിഞ്ഞ ദസ്തയേവ്സ്കി അവളെ തിരികെ വിളിക്കാനും ഒരു വഴി കണ്ടെത്തി. "അടുത്ത നോവലിന്റെ പണിപ്പുരയിലാണ് ഞാൻ, "കുറ്റവും ശിക്ഷയും"എന്നാണ് പേര്. അത് എഴുതിപ്പൂർത്തിയാക്കാൻ നീയെന്നെ സഹായിക്കുമോ അന്നാ..?" ഫിയോദോര്‍  ചോദിച്ചു.

നവംബർ 20 -ന്, അതായത് അവർ തമ്മിലുള്ള ആദ്യത്തെ പ്രോജക്റ്റ് അവസാനിച്ചതിന് പത്തു ദിവസങ്ങൾക്കപ്പുറം, അന്നയെ ദസ്തയേവ്സ്കി വീണ്ടും തന്റെ ഭവനത്തിലേക്ക് ക്ഷണിച്ചു. കൃത്യം പതിനൊന്നരയ്ക്ക് തന്നെ അവൾ തിടുക്കപ്പെട്ട് വന്ന് പതിവുപോലെ അദ്ദേഹത്തിന്റെ വീടിന്റെ കാളിങ് ബെല്ലിൽ വിരലമർത്തി. തുടിക്കുന്ന ഹൃദയവും, ഉല്ലാസഭരിതമായ സ്വരവുമായി അദ്ദേഹം അന്നയെ എതിരേറ്റു. ഇരുവരും പഠനമുറിയിലേക്ക് നടന്നു. അവിടെവെച്ച്, ഫിയോദോര്‍  അന്നയെ തന്റെ ജീവിതസഖിയാകാനുള്ള ആഗ്രഹം വളരെ ഹൃദയസ്പൃക്കായിത്തന്നെ അവളോട് അവതരിപ്പിച്ചു.

താൻ എഴുതാൻ ഉദ്ദേശിക്കുന്ന പുതിയ നോവലിനെപ്പറ്റി അന്നയുടെ അഭിപ്രായം ആരാഞ്ഞാൽ കൊള്ളാമെന്നുണ്ട് എന്ന് ദസ്തയേവ്സ്കി അന്നയോട് പറഞ്ഞു. എന്നാൽ, അദ്ദേഹം അവളോട് പറഞ്ഞുവന്ന കഥയിലെ നായകൻ ഏറെക്കുറെ ഫിയോദറിന്റെ പ്രതിരൂപം തന്നെ ആയിരുന്നു. യാതനകൾ നിറഞ്ഞ ബാല്യത്തെയും, നിരന്തരമുള്ള നഷ്ടങ്ങളെയും, ചികിത്സിച്ചു ഭേദമാക്കാനാവാത്ത അപസ്മാരമെന്നൊരു വ്യാധിയെയും ഒക്കെ അതിജീവിച്ചുകൊണ്ടിരിക്കുന്ന, വിഷാദമഗ്നനായ, ഒട്ടും ആത്മവിശ്വാസമില്ലാത്ത, ഏറെ ലോല ഹൃദയനായ ഒരുവൻ... അതേ സമയം മനോഗതം വേണ്ടും വിധം വെളിപ്പെടുത്താൻ ആവതില്ലാത്ത ഒരുവൻ. ജീവിതത്തിൽ സ്വപ്നം കണ്ടത് അതേപടി നടപ്പിൽ വരുത്താൻ സാധിക്കാതിരിക്കുകയും, അതിന്റെ പേരിൽ ഒരിക്കലും അവനവനു മാപ്പുകൊടുക്കാതിരിക്കുകയും ചെയ്തുപോരുന്ന ഒരുവൻ. ആ യുവാവ്, ഇപ്പോൾ വല്ലാത്തൊരു പീഡാനുഭവത്തിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ്. അയാൾ ഒരു യുവതിയുമായി ഗാഢപ്രണയത്തിലാണ്. അവളുടെ പേര് അന്യ എന്നാണ്. ഒരൊറ്റ അക്ഷരം മാറ്റിക്കൊണ്ട് ഫിയോദോര്‍  യഥാർത്ഥ ജീവിതത്തിൽ നിന്നുതന്നെ അടർത്തിയെടുത്തതാണ് ആ കഥാപാത്രം. തനിക്ക് വിശേഷിച്ച് ജീവിതത്തിൽ ഒന്നും തന്നെ വാഗ്ദാനം ചെയ്യാനില്ലാത്ത, കോമളയും, സൗമ്യയും, വിവേകിയുമാണ് അവളെന്ന് അദ്ദേഹത്തിന് തോന്നി.

ഫിയോദോര്‍  ഇങ്ങനെ തന്റെ കഥാപാത്രത്തെപ്പറ്റി പേർത്തും പേർത്തും വിവരിച്ചുകൊണ്ടിരുന്നപ്പോഴാണ്, നോവലിസ്റ്റ് താനുമായി പ്രണയത്തിലാണെന്ന സത്യം അന്ന തിരിച്ചറിയുന്നത്. നേരിട്ട് പറഞ്ഞാൽ അവൾ തന്റെ പ്രണയാപേക്ഷ നിരസിച്ചാലോ എന്ന് ഭയന്നായിരുന്നു ഫിക്ഷന്റെ മറവിൽ ഇരുന്നുകൊണ്ടുള്ള ഈ അഭ്യാസം. തന്റെ നോവലിലെ ഈ നായകൻ, നായികയുമായി പ്രണയത്തിലാവുമോ എന്ന് ദസ്തയേവ്സ്കി അന്നയോട് ചോദിച്ചു.

വിശ്വസാഹിത്യത്തിൽ ഏറ്റവും നന്നായി മനുഷ്യമനസ്സുകളെ കൊണ്ട് അമ്മാനമാടിയിട്ടുള്ള ആ നോവലിസ്റ്റിന്റെ വാക്കുകൾ അന്ന ഇങ്ങനെ ഓർത്തെടുക്കുന്നു, "മധ്യവയസ്കനും രോഗഗ്രസ്തനുമായ, കടംകൊണ്ട് വീർപ്പുമുട്ടി നിൽക്കുന്ന ഇയാൾക്ക് ആ ഓജസ്സും തേജസ്സുമുള്ള സുന്ദരിപ്പെണ്ണിന് എന്താവും നല്കാൻ കഴിയുക? അയാളെ അവൾ സ്നേഹിച്ചെന്നു തന്നെയിരിക്കുക, അത് അവളുടെ ഭാഗത്തുനിന്നുള്ള വലിയൊരു ത്യാഗമായിപ്പോവില്ലേ? പിന്നീടെന്നെങ്കിലുമൊക്കെ തന്റെ ആ തീരുമാനത്തിൽ അവൾക്ക് പശ്ചാത്താപം തോന്നില്ലേ? ഇത്രയും പ്രായവ്യത്യാസമുള്ള ഒരു ചെറുപ്പക്കാരിക്ക് ഇങ്ങനെ ഒരു എഴുത്തുകാരനുമായ പ്രണയത്തിലാവുക സാധ്യമാണോ? അതിൽ മനഃശാസ്ത്രപരമായ ഒരു ശരികേടില്ലേ? നിനക്ക് എന്തുതോന്നുന്നു, അന്ന ഗ്രിഗോറീവ്‌ന?"

"എന്തുകൊണ്ട്‌ അത് സാധ്യമല്ല ഫിയോദർ? അവൾ വെറുമൊരു പൊട്ടിക്കാളി അല്ലെന്നും അവൾക്കൊരു തുടിക്കുന്ന ഹൃദയമുണ്ടെന്നുമൊക്കെ അങ്ങുതന്നെയല്ലേ അല്പനേരം മുമ്പ് പറഞ്ഞത്? ആ ഹൃദയത്തിന് എന്തുകൊണ്ട്‌ നമ്മുടെ എഴുത്തുകാരനെ പ്രണയിച്ചുകൂടാ? അയാൾ പാവപ്പെട്ടവനാണെങ്കിലെന്ത്? അയാൾ രോഗഗ്രസ്തനാണെങ്കിലെന്ത്! അവൾക്കയാളെ സ്നേഹിക്കാൻ കഴിയുന്നുണ്ടെങ്കിൽ പിന്നെ, അവൾക്ക് എന്ത് ത്യാഗം ചെയ്യേണ്ടി വരുന്നു എന്നാണ് അങ്ങ് പറഞ്ഞുവരുന്നത്? സന്തോഷവതിയാണവൾ, അവൾക്ക് പശ്ചാത്തപിക്കേണ്ട ഒരു കാര്യവുമില്ല. " അന്ന പറഞ്ഞു.

"ഫിയോദറിന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് ഏറെ ആവേശത്തോടെയാണ് ഞാനാ മറുപടി പറഞ്ഞത്. അദ്ദേഹവും എന്നെ മിഴിച്ചു നോക്കിക്കൊണ്ട് വീണ്ടും ചോദിച്ചു, " അപ്പോൾ അവൾക്ക് അയാളെ ശിഷ്ടകാലത്തേക്ക് അങ്ങനെ സ്നേഹിച്ചുകൊണ്ടേയിരിക്കാൻ സാധിക്കുമെന്നാണോ അന്നാ നീയിപ്പറഞ്ഞുവരുന്നത്?"

"നീയാണ് ആ പെൺകുട്ടിയുടെ സ്ഥാനതെന്ന് ഒരു നിമിഷത്തേക്കൊന്നു സങ്കൽപ്പിക്കൂ അന്നാ, എന്നിട്ട് പറയു. ഞാനാണ് ആ എഴുത്തുകാരൻ എങ്കിൽ, എന്റെയുള്ളിൽ നിറഞ്ഞു തുളുമ്പുന്ന പ്രണയത്തെപ്പറ്റി നിന്നോട് ഞാൻ വെളിപ്പെടുത്തിയെന്നിരിക്കട്ടെ, ഇനി വിവാഹം കഴിച്ച് ആയുഷ്കാലം ഒന്നിച്ചു ചെലവിടാൻ തയ്യാറുണ്ടോ എന്ന് ചോദിച്ചാൽ എന്താവും നിന്റെ പ്രതികരണം?" വിറയാർന്ന സ്വരത്തിൽ ഫിയോദോര്‍  അന്നയോട് ചോദിച്ചു.

"അദ്ദേഹത്തിന്റെ മുഖം സംഭ്രമത്താൽ ചുവന്നു തുടുത്തിരുന്നു. അദ്ദേഹത്തിന്റെ ഉള്ളുനീറുന്നത് എനിക്കാ കണ്ണുകളിൽ കാണാമായിരുന്നു. എന്റെ മുന്നിൽ ചങ്കുപൊളിച്ചു വെച്ച ആ നിമിഷത്തെ, ഞാനൊരു തിരസ്കാരത്താൽ തള്ളിനീക്കിയാൽ, അദ്ദേഹം തൽക്ഷണം ആത്മപുച്ഛത്തിന്റെ പാതാളങ്ങളിലേക്ക് വീണുപോകുമെന്ന് എനിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ അഭിമാനത്തിന് കടുത്ത ക്ഷതമേൽപ്പിച്ചേക്കും എന്നെനിക്ക് ഭയമുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ ഫിയോദറിനോട് ഇങ്ങനെ പറഞ്ഞു,"എങ്കിൽ ഞാൻ, 'അങ്ങയെ ഏറെ സ്നേഹിക്കുന്നു, ആയുസ്സൊടുങ്ങുവോളം ആ സ്നേഹമുണ്ടാവും' എന്ന് മറുപടി പറഞ്ഞേനെ...

"അദ്ദേഹം ആ നിമിഷം എന്നോട് പറഞ്ഞ വാക്കുകളുടെ നൈർമല്യവും മാർദ്ദവവും വാക്കുകളിൽ പകർത്താൻ ഞാൻ ശ്രമിക്കുന്നില്ലിവിടെ. അവ എനിക്കേറെ പവിത്രമാണ്. ഞാൻ ആകെ അമ്പരന്നു പോയിരുന്നു അപ്പോൾ. പറഞ്ഞറിയിക്കാനാവാത്തത്ര വലിയൊരു സന്തോഷം എന്നെ ആവേശിച്ചിരുന്നു. എനിക്ക് അത് സത്യമാണ് എന്നുപോലും വിശ്വസിക്കാനാവുന്നുണ്ടായിരുന്നില്ല." എന്ന് അന്ന അതേപ്പറ്റി പിന്നീടെഴുതി.

1867 ഫെബ്രുവരി 15 -ന് അന്നയും ഫിയോദോര്‍  ദസ്തയേവ്സ്കിയും തമ്മിലുള്ള വിവാഹം നടന്നു. പതിനാലു വർഷങ്ങൾക്കു ശേഷം ഫിയോദോര്‍  ഈ ലോകം വിട്ടു പോകും വരെയും ആ ദാമ്പത്യം ഇളക്കം തട്ടാതെ തുടരുകയും ചെയ്തു. ജീവിതത്തിൽ അവർക്ക് ഏറെ ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നു, ദാരിദ്ര്യം വിടാതെ പിന്തുടർന്നു, രണ്ടു കുഞ്ഞുങ്ങളുടെ മരണം കാണേണ്ടി വന്നു, എങ്കിലും, അവർ പരസ്പരമുള്ള സ്നേഹത്തിന്മേൽ അള്ളിപ്പിടിച്ചു നിന്നു.

തന്റെ ഭർത്താവിനെ റഷ്യയിലെ ആദ്യത്തെ 'അവനവൻ പ്രസാധകനാ'ക്കി മാറ്റിക്കൊണ്ട് അന്ന തന്നെ ഫിയോദറിന്റെ സാമ്പത്തിക കെടുതികൾക്ക് പരിഹാരം കണ്ടു. അസാമാന്യമായ ധിഷണയായിരുന്നു അന്നയ്ക്ക്. അവർ പുസ്തക വിപണിയെപ്പറ്റി ആഴത്തിൽ പഠിച്ചു, വില്പനക്കാരുടെ രീതികൾ മനസ്സിലാക്കി, പുസ്തകം എങ്ങനെ വിതരണം ചെയ്യണം എന്ന് മനസ്സിലാക്കി. അന്നയുടെ ബുദ്ധിപൂർവ്വമുള്ള പ്ലാനിങ് ദസ്തയേവ്സ്കിയെ ഒരു നാഷണൽ ബ്രാൻഡ് ആക്കി മാറ്റി. അവർ റഷ്യയിലെ ആദ്യത്തെ 'ബിസിനസ് വുമൺ' എന്നുപോലും അന്നയെ പലരും വിളിക്കുന്നുണ്ട്. ആ ബിസിനസ് ബുദ്ധിക്കു പിന്നിലും, അന്നയ്ക്കൊരു തുടിക്കുന്ന ഹൃദയമുണ്ടായിരുന്നു, സർഗ്ഗധനനായ ഒരെഴുത്തുകാരനെ അയാളുടെ ഉള്ളിലെ എല്ലാ കുറവുകളോടും കൂടിത്തന്നെ ആത്മാർഥമായി സ്നേഹിക്കാൻ തയ്യാറായ ഒന്ന്.
 


 

സർഗാത്മക സംസ്കാരത്തിന്റെ ചരിത്രത്തിലെ ഏറ്റവും മഹത്തായ സ്നേഹബന്ധങ്ങളിൽ ഒന്നായിരുന്നു അന്നയും ഫിയോദറും തമ്മിൽ ഉടലെടുത്തത്. അതിനെപ്പറ്റി തന്റെ ഓർമ്മക്കുറിപ്പുകളുടെ ഉപദംശമായി അന്ന ഇങ്ങനെ കുറിച്ചു, "മറ്റുപല ഭർത്താക്കന്മാരേയും പോലെ, എന്റെ ഭർത്താവും എന്നെ അതിരറ്റു സ്നേഹിച്ചിരുന്നു, എന്ന് മാത്രമല്ല ഞാൻ അദ്ദേഹത്തിനായി സൃഷ്ടിക്കപ്പെട്ട ഏതോ അപൂർവജന്മമെന്ന മട്ടിൽ എന്നെ ആരാധിക്കുക പോലും അദ്ദേഹം ചെയ്തിരുന്നു. അതെനിക്ക് വലിയ അതിശയം പകർന്നുതന്ന ഒന്നാണ്. ഇത് വിവാഹത്തിന്റെ ആദ്യ വർഷങ്ങളിൽ മാത്രമല്ല, അദ്ദേഹം മരിക്കും വരെ തുടർന്നു പോയ ഒന്നാണ്.

ഞാനും എന്റെ ഭർത്താവും തികച്ചും വ്യത്യസ്തരായ രണ്ടു വ്യക്തികളായിരുന്നു. ഇരുവരുടെയും ചിന്തകൾ തമ്മിൽ അജഗജാന്തരമുണ്ടായിരുന്നു. ഇരുവരും സ്വന്തം വ്യക്തിത്വങ്ങൾ അടിയറവെക്കാതെ, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ഒരുമിച്ചു കഴിഞ്ഞുകൂടി. പരസ്പര വിശ്വാസവും, ബഹുമാനവും, സ്‌നേഹപൂർണമായ പരിഗണനകളും ഒക്കെത്തന്നെയാണ് പതിനാലുവർഷം ഈ ലോകത്തിലാർക്കും കിട്ടാവുന്നതിന്റെ പരമാവധി സന്തോഷം അനുഭവിച്ച് ഞങ്ങൾ ഒരു സംതൃപ്ത ദാമ്പത്യം പിന്നിട്ടതിന്റെ രഹസ്യവും. എന്നെ കാണാൻ അത്ര സൗന്ദര്യമൊന്നും ഉണ്ടായിരുന്നില്ല, പറയുമ്പോൾ, അങ്ങനെ വിശേഷിച്ച് ഒരു മഹത്വവും എനിക്കുണ്ടായിരുന്നില്ല. ഞാനൊരു ഇന്റലെക്ച്വലും അല്ലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം മാത്രം സിദ്ധിച്ചിട്ടുള്ള ഒരുവളാണ് ഞാൻ. എന്നിട്ടും ഏറെ പ്രതിഭാധനനായ, ഭാവനാശീലനായ ഒരാളിൽ നിന്ന് എനിക്ക് ഏറെ ബഹുമാനവും സ്നേഹവും കിട്ടി. അതെന്റെ ഭാഗ്യമാണ്..! "