ഇന്ന് ലിബിയ എന്ന രാജ്യത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു ദിവസമാണ്. ഇന്നേക്ക് കൃത്യം 51 വർഷം മുമ്പാണ്, രാജ്യം ഭരിച്ചിരുന്ന രാജാവ് തന്നെ ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന വാതത്തിനുള്ള ചികിത്സയ്ക്കായി തുർക്കിയിൽ തിരുമ്മൽ ചികിത്സക്ക് പോയത്. രാജാവില്ലാത്ത നേരം നോക്കി. അന്ന്  വെറും 27 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന മുഅമ്മർ അൽ ഗദ്ദാഫി എന്ന സൈനിക ക്യാപ്റ്റൻ, സൈനിക അട്ടിമറിയിലൂടെ രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തത്.  

ആരായിരുന്നു ഗദ്ദാഫി?

1942 -ലാണ് ഒരു ആട്ടിടയന്റെ മകനായി ലിബിയയുടെ പടിഞ്ഞാറൻ പട്ടണങ്ങളിൽ ഒന്നായ സിർത്തെയിൽ ഗദ്ദാഫി ജനിക്കുന്നത്. ഇറ്റാലിയൻ, ബ്രിട്ടീഷ്, ഫ്രഞ്ച് അധിനിവേശങ്ങളിലൂടെ കടന്നു പോയ ഒരു ബാല്യമായിരുന്നു ഗദ്ദാഫിയുടേത്. 1951 -ൽ യുഎൻ, 'ലിബിയ' എന്ന സ്വതന്ത്ര രാഷ്ട്രത്തിന് അംഗീകാരം നൽകുമ്പോൾ ഗദ്ദാഫിക്ക് ഒമ്പതുവയസ്സു മാത്രമാണ് പ്രായം.

തുടക്കത്തിൽ മതപഠനം മാത്രമായിരുന്നു എങ്കിലും, താമസിയാതെ ഗദ്ദാഫി ഔപചാരിക വിദ്യാഭ്യാസത്തിനായി ഒരു എലിമെന്ററി സ്‌കൂളിൽ ചേരുന്നു. മിടുക്കനായ ഒരു വിദ്യാർത്ഥിയായിരുന്ന മുഅമ്മർ വെറും നാലുകൊല്ലം കൊണ്ട് ആറു ഗ്രേഡുകൾ താണ്ടുന്നു. അക്കാലത്ത് പ്രദേശത്തെ ഒരു പള്ളിയിലായിരുന്നു ഗദ്ദാഫിയുടെ അന്തിയുറക്കം. നാടോടിഗോത്രത്തിൽ പെട്ട ആളായിരുന്നു എന്നതിന്റെ പേരിൽ സ്‌കൂളിൽ ഗദ്ദാഫി പരിഹസിക്കപ്പെട്ടിരുന്നു എങ്കിലും, താമസിയാതെ തന്റെ അക്കാദമിക മികവുകൊണ്ട് അതേ സ്‌കൂളിലെ മറ്റുളള നാടോടിഗോത്രവിദ്യാർത്ഥികളുടെ 'ആക്ഷൻ ഹീറോ' ആയി ഗദ്ദാഫി മാറി. 

 


സ്‌കൂൾ പഠനകാലം മധ്യപൂർവേഷ്യയിലെ രാഷ്ട്രീയ ചലനങ്ങളിലേക്കും ഗദ്ദാഫിയുടെ ശ്രദ്ധ തിരിച്ചു. കെയ്‌റോയിൽ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന 'വോയ്‌സ് ഓഫ് ദ അറബ്‌സ്' എന്ന പത്രം അന്നത്തെ പ്രധാന സംഭവങ്ങളെ എല്ലാം യഥാസമയം ഗദ്ദാഫിയിലേക്ക് എത്തിച്ചു. 1948 -ൽ അറബ്-ഇസ്രായേൽ യുദ്ധം, 1952 -ലെ ഈജിപ്ഷ്യൻ വിപ്ലവം എന്നിവയെപ്പറ്റി ഗദ്ദാഫി പത്രങ്ങളിലൂടെ അറിഞ്ഞു. അന്ന് അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ തലവൻ ഗമാൽ അബ്ദുൽ നാസർ, 'സയണിസത്തിനും, പാശ്ചാത്യൻ കൊളോണിയലിസത്തിനും ഒക്കെ എതിരായി അറബ് ദേശീയത' എന്ന സങ്കൽപം ഉയർത്തിക്കൊണ്ടു വന്ന കാലമാണ്. നാസർ തന്റെ പുസ്തകമായ 'ഫിലോസഫി ഓഫ് റെവല്യൂഷനി'ൽ എങ്ങനെ ഒരു സൈനിക വിപ്ലവം സംഘടിപ്പിക്കണം എന്നത് വിശദമായി പ്രതിപാദിച്ചിരുന്നു. അത് ഗദ്ദാഫിയെ അന്ന് ഏറെ സ്വാധീനിച്ചിരുന്നു.

ബെൻഗാസി സർവകലാശാലയിൽ കുറച്ചുകാലം ചരിത്രം പഠിച്ച ശേഷം ഗദ്ദാഫി പാതിവഴിയെ പഠിത്തം നിർത്തി, സൈനിക പരിശീലനത്തിന് ചേരുന്നു. പട്ടാളപരിശീലനത്തിനിടയിൽ തന്നെ ഗദ്ദാഫിയിൽ അറബ് ദേശീയതാ വാദത്തിന്റെ തീവ്രത ഏറി വന്നു. ബെൻഗാസിയിലെ റോയൽ മിലിട്ടറി അക്കാദമിയിലെ ബ്രിട്ടീഷ് ട്രെയിനർമാരുമായി ഗദ്ദാഫി താമസിയാതെ തെറ്റി. ഇംഗ്ലീഷിൽ സംസാരിക്കാൻ പോലും ഗദ്ദാഫി വിസമ്മതിച്ചു. ആ ട്രെയിനർമാർ ഗദ്ദാഫിക്കുമേൽ 'അനുസരണക്കുറവ്'(Insubordination) ചുമത്തി അയാളുടെ കോഴ്സ് സർട്ടിഫിക്കറ്റിൽ ചുവന്ന മഷിക്ക് വരഞ്ഞിട്ടും അയാൾ പട്ടാളത്തിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ടു. ക്യാപ്റ്റൻ ആയി. ലിബിയൻ സിഗ്നൽ കോർപ്സിന്റെ ഭാഗമായി. ഗദ്ദാഫിയുടെ ബാച്ചിൽ ലിബിയൻ പട്ടാളത്തിന്റെ ഭാഗമായ ഓഫീസർമാരിൽ പലരും വിപ്ലവം സ്വപ്നം കണ്ടിരുന്നവരായിരുന്നു. അവർക്കൊപ്പം ചേർന്ന് ഗദ്ദാഫി തുടങ്ങിയ പ്രസ്ഥാനമാണ് ഫ്രീ ഓഫീസേഴ്‌സ്  മൂവ്മെന്റ്. ഏറെക്കാലം അത് അണ്ടർഗ്രൗണ്ട് ആയി സമ്മേളിച്ചു, വിപ്ലവത്തിന് കോപ്പുകൂട്ടി. 

അന്ന് ലിബിയ ഭരിച്ചിരുന്ന ഇദ്രിസ് രാജാവിന്റെ ജനപ്രീതി ഇടിഞ്ഞുനിന്ന കാലമായിരുന്നു അത്. 1969 സെപ്റ്റംബർ ഒന്നിന്, രാജാവ് തുർക്കി-ഗ്രീസ് സന്ദർശനത്തിനും തിരുമ്മു ചികിത്സക്കുമായി വിദേശത്തായിരുന്ന തക്കം പാർത്ത് ഗദ്ദാഫിയും സഹ വിപ്ലവകാരികളും ചേർന്ന് രാജഭരണത്തെ ലിബിയയിൽ നിന്ന് തൂത്തുനീക്കി. രാജ്യത്ത് അവശേഷിച്ചിരുന്ന രാജാവിന്റെ ബന്ധുക്കളും മറ്റും ഗദ്ദാഫിയെ ഭയന്ന് ഒരക്ഷരം മിണ്ടിയില്ല. അങ്ങനെ രക്തരൂഷിതമല്ലാത്ത ഒരു വിപ്ലവത്തിലൂടെ ഗദ്ദാഫി രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തു. രാജാവ് തിരികെ വരാതെ ഗ്രീസ് വഴി ഈജിപ്തിലെത്തി അവിടെ അഭയം തേടി. 

ഇസ്ലാമിക യാഥാസ്ഥിതിക വാദവും, വിപ്ലവാത്മക സോഷ്യലിസവും, അറബ് ദേശീയതാവാദവും സമാസമം ചേർത്തുകൊണ്ട് ഗദ്ദാഫി ലിബിയയിൽ സ്ഥാപിച്ചെടുത്തത്, പാശ്ചാത്യവിരുദ്ധമായ ഒരു സ്വേച്ഛാധിപത്യ ഭരണവ്യവസ്ഥയായിരുന്നു. സ്ഥാനമേറ്റ് അധികം വൈകാതെ തന്നെ കേണൽ ഗദ്ദാഫി രാജ്യത്തെ അമേരിക്കൻ, ബ്രിട്ടീഷ് സൈനിക ബേസുകൾ അവസാനിപ്പിച്ചു. ഇറ്റാലിയൻ, ജൂത പാരമ്പര്യമുണ്ടായിരുന്ന സകല ലിബിയൻ പൗരന്മാരെയും കഴുത്തിന് പിടിച്ച് പുറന്തള്ളി. അത്രയും കാലം വൈദേശിക ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ലിബിയയിലെ എണ്ണപ്പാടങ്ങളുടെ നിയന്ത്രണം നേരിട്ട് ഏറ്റെടുത്തു. മദ്യവും, മദിരാക്ഷിയും, ചൂതാട്ടവുമെല്ലാം നിരോധിച്ചുകൊണ്ടുള്ള കർശനമായ ഇസ്ലാമിക നിയമങ്ങൾ രാജ്യത്ത് നടപ്പിൽ വരുത്തി. എന്നാൽ, അതേ സമയം, സ്ത്രീകളുടെ ശാക്തീകരണത്തിനും വിദ്യാഭ്യാസത്തിനും വേണ്ട നടപടികളും, രാജ്യത്ത് വികസനം ഉണ്ടാകാൻ വേണ്ട പദ്ധതികളും വിഭാവനം ചെയ്തു. അറബ് സമൂഹത്തോട് അടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഈജിപ്തിനെയും മറ്റും അടുത്ത സഖ്യകക്ഷികൾ ആക്കാൻ ശ്രമിച്ചു എങ്കിലും, അവർ ഇസ്രയേലിനോട് ശത്രുത പുലർത്താൻ വിസമ്മതിച്ചതോടെ ഗദ്ദാഫി അവരിൽ നിന്ന് അകന്നു. 

 


എൺപതുകളിൽ ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും നടന്ന നിരവധി തീവ്രവാദപ്രവർത്തനങ്ങൾക്ക് ഗദ്ദാഫി തന്റെ എണ്ണപ്പണം പ്രയോജനപ്പെടുത്തി. പലസ്തീനിലെ ഗറില്ലപ്പോരാളികൾ, ഫിലിപ്പീൻസിലെ മുസ്ലിം വിമതർ, ഐറിഷ് റിപ്പബ്ലിക്കൻ ആർമി എന്നിങ്ങനെ പലരെയും ഗദ്ദാഫി ഫണ്ട് ചെയ്തു. യൂറോപ്പിൽ നടന്ന പല ഭീകരാക്രമണങ്ങളുടെയും പിന്നിൽ ഗദ്ദാഫിയുടെ പണമായിരുന്നു എന്ന് പാശ്ചാത്യ രാഷ്ട്രങ്ങൾ ആരോപിച്ചു.  പശ്ചിമ ജർമനിയിൽ നടന്ന ഒരു ബോംബാക്രമണത്തിനുള്ള പ്രത്യാക്രമണം എന്ന പേരിൽ 1986 -ൽ അമേരിക്ക ട്രിപ്പോളിയിൽ ബോംബിട്ടു. 1988 -ലെ ലോക്കർബി വിമാന ബോംബിങ്ങും ഗദ്ദാഫിയുടെ പേർക്കാണ് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടത്. 

1969 തൊട്ട് 2011 ഒക്ടോബർ 20 -ന് വിമതരാൽ കൊല്ലപ്പെടും വരെ ഗദ്ദാഫി അക്ഷരാർത്ഥത്തിൽ ലിബിയയിൽ നടത്തിയത് സമ്പൂർണമായ സ്വേച്ഛാധിപത്യം തന്നെയായിരുന്നു. എണ്ണപ്പാടങ്ങളിൽ നിന്ന് ലഭിച്ചിരുന്ന വരുമാനം തന്റെ വ്യക്തിപരമായ ധൂർത്തുകൾക്കായി അയാൾ ചെലവിട്ടു.സുപ്രസിദ്ധ ഫ്രഞ്ച് ജേർണലിസ്റ്റ് ആയ ആനിക്ക് കോജീൻ എഴുതിയ ''Gaddafi's Harem: The Story of a Young Woman and the abuse of Power in Libya" എന്ന പുസ്തകത്തിൽ ഗദ്ദാഫിയുടെ ലീലാവിലാസങ്ങളെപ്പറ്റിയുള്ള വിശദമായ വർണ്ണനകൾ ഉണ്ട്. കടുത്ത ലൈംഗികാസക്തി ഉണ്ടായിരുന്ന ഗദ്ദാഫിയുടെ കാമപൂരണത്തിനായി ലിബിയയിലെ സ്‌കൂളുകളിലും കോളേജുകളിലും മറ്റു സ്ഥാപനങ്ങളിലും നിന്ന് കാണാൻ സൗന്ദര്യമുള്ള നൂറുകണക്കിന് യുവതികളെ തട്ടിക്കൊണ്ടു പോയതിന്റെയും ഗദ്ദാഫിയുടെ ലൈംഗിക അടിമകൾ ആക്കി മാറ്റിയതിന്റെയും വിസ്തരിച്ചുള്ള വിവരങ്ങൾ ഈ പുസ്തകത്തിലുണ്ട്. ഇവരിൽ പലരെയും മൂന്നും നാലും വർഷത്തോളം ഗദ്ദാഫിയുടെ കൊട്ടാരത്തിലെ മുറികളിൽ അടച്ചിട്ട് നിരന്തരം പീഡനങ്ങൾക്കു വിധേയരാക്കിയിരുന്നു. 

 

 

തന്റെ ഇരകളെ പീഡിപ്പിക്കുകയും, ശാരീരികമായി ഉപദ്രവിക്കുകയും, അവരെ അപമാനിക്കുകയും ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന ഒരു സൈക്കോ ആയിരുന്നു ഗദ്ദാഫി എന്നാണ് ആനിക്കിന്റെ പുസ്തകം പറയുന്നത്. ടെലിവിഷൻ അവതാരകർ, വിദേശ നയതന്ത്ര പ്രതിനിധികളുടെ ഭാര്യമാർ എന്നിവരെ സമ്മാനങ്ങൾ കൊടുത്ത് വശത്താക്കാനുള്ള ശ്രമങ്ങളും ഗദ്ദാഫി നടത്തിയിരുന്നത്രെ. സ്‌കൂളുകളിലും മറ്റും സന്ദർശനത്തിന് പോകുമ്പോൾ, അവിടെ കാണുന്ന കുട്ടികളെപ്പോലും അയാൾ കണ്ണുവച്ചിരുന്നു. തനിക്ക് ബൊക്കെ കൊണ്ടുതരുന്ന പെൺകുട്ടിയുടെ തലയിൽ ഗദ്ദാഫി വാത്സല്യത്തോടെ തഴുകുന്നതുപോലും, 'ഇവളെ എനിക്ക് വേണം' എന്ന് അനുയായികൾക്ക് നൽകുന്ന സിഗ്നലായിരുന്നു അന്ന്. 

 

 

ലിഫ്റ്റിൽ കയറാൻ പേടിയായിരുന്ന, അതുകൊണ്ടുതന്നെ,  ബഹുനിലക്കെട്ടിടങ്ങളിൽ താമസിക്കാൻ ഇഷ്ടമില്ലാതിരുന്ന ഗദ്ദാഫി, എവിടെച്ചെന്നാലും തന്റെ പേഴ്സണൽ ബുളളറ്റ് പ്രൂഫ് ടെന്റടിച്ചാണ് താമസിച്ചിരുന്നത്. ഈ ടെന്റുകളിൽ വെച്ചുതന്നെയാണ് അയാൾ പുതുതായി തട്ടിക്കൊണ്ടു വന്നിരുന്ന സ്‌കൂൾ വിദ്യാർത്ഥിനികൾ അടക്കമുള്ള പെൺകുട്ടികളെ ക്രൂരബലാത്സംഗങ്ങൾക്ക് വിധേയരാക്കിയിരുന്നതും. അപ്പപ്പോഴത്തെ ആവശ്യങ്ങൾക്ക് കൊണ്ടുവന്നിരുന്ന പുതിയ പെൺകുട്ടികൾക്ക് പുറമെ  ഗാലിനെ എന്നുപേരായ ഒരു ഉക്രെയിനിയൻ നഴ്‌സിനെയും ഗദ്ദാഫി സ്ഥിരമായി പരിപാലിച്ചു പോന്നിരുന്നു. 

പമേല ബോർഡസ് എന്ന പമേല ചൗധരി സിംഗ് 1982 -ലെ മിസ് ഇന്ത്യ പട്ടം നേടിയ മോഡൽ ആണ്. 1988-89  കാലത്ത് യുകെയിലെ ഏറ്റവും അധികം പ്രതിഫലം പറ്റിയിരുന്ന ഹൈ ക്‌ളാസ് എക്‌സോർട്ടുകളിൽ ഒരാളായിരുന്ന പമേല, രാത്രിയൊന്നിന് പതിനായിരം പൗണ്ട് പ്രതിഫലം പാട്ടി തന്റെ സേവനങ്ങൾ ഗദ്ദാഫിക്കും ലഭ്യമാക്കി എന്നത് അന്നത്തെ ലണ്ടൻ വാനിറ്റി സർക്യൂട്ടിൽ പ്രചരിച്ചിരുന്ന ഗോസിപ്പുകളിൽ ഒന്നായിരുന്നു.

 


 

ഗദ്ദാഫി പോകുന്നിടത്തെല്ലാം കൂടെ കൊണ്ട് നടന്നിരുന്ന ബോഡിഗാർഡുമാരുടെ ഒരു സംഘമുണ്ടായിരുന്നു. ആമസോണിയൻ ഗാർഡ്‌സ് എന്നറിയപ്പെട്ടിരുന്ന ആ സംഘത്തിലെ നാല്പതോളം പേരും സ്ത്രീകളായിരുന്നു. 1998 -ൽ ഗദ്ദാഫിക്ക് നേരെ ഭീകരവാദി ആക്രമണം ഉണ്ടായപ്പോൾ സ്വന്തം ജീവൻ ബലികൊടുത്ത് ഗദ്ദാഫിയെ രക്ഷിച്ചത് അവരുടെ ചീഫ് ആയിരുന്ന ആയിഷ എന്ന കമാൻഡോ ആയിരുന്നു. സ്ത്രീ കമാൻഡോകൾ ചുറ്റും ഉണ്ടെങ്കിൽ താൻ പുരുഷന്മാർ സംരക്ഷിക്കുന്നതിനേക്കാൾ സുരക്ഷിതനാവും എന്നായിരുന്നു ഗദ്ദാഫിയുടെ വിശ്വാസം.

 

 

ലിബിയയിലെ കമാൻഡോ അക്കാദമിയിൽ ആയോധനകലകളിൽ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് ഇവർ ഗദ്ദാഫിയുടെ അംഗരക്ഷകരാവുന്നത്. എന്നാൽ,  2011 ഒക്ടോബർ 20 -ന് ഗദ്ദാഫിയെ ലിബിയയിലെ വിമതരുടെ സൈന്യം പിടികൂടിയപ്പോൾ , വളരെ അപകടകാരികൾ എന്നറിയപ്പെട്ടിരുന്ന ഈ വനിതാ പോരാളികളിൽ ആരും തന്നെ ഗദ്ദാഫിയുടെ രക്ഷക്കെത്തിയില്ല. അവരുടെ മർദ്ദനങ്ങളിൽ നിന്നേറ്റ പരിക്കുകൾ മൂർച്ഛിച്ച് ഏറെ നരകിച്ചാണ് ആ സ്വേച്ഛാധിപതിയെ മരണം തേടിയെത്തുന്നത്.