കുറ്റാരോപിതരായ പൊലീസുകാരുടെ മുൻകാല അഴിമതി കേസുകളും അധികൃതർ അന്വേഷിക്കുന്നുണ്ട്. ജൂൺ 18 -ന് മീററ്റിൽ ചുമതലയേറ്റ ഐപിഎസ് ഉദ്യോഗസ്ഥനായ ഉസ്മാൻ ചൗധരിയാണ് രണ്ട് മാസം മുമ്പ് അഴിമതിക്കാരെ കൈയോടെ പിടിക്കാനായി ഒരു സംഘത്തെ നിയമിച്ചത്. 

ഈ സ്വാതന്ത്ര്യദിനത്തിൽ ധീരതയ്ക്കുള്ള പൊലീസ് മെഡൽ നേടിയ ഉത്തർപ്രദേശിലെ പൊലീസ് ഇൻസ്‌പെക്ടർ കൈക്കൂലി കേസിൽ പ്രതിയായി. ധീരതയ്ക്കുള്ള അവാർഡ് നേടിയ ബിജേന്ദ്ര പാൽ റാണയെയാണ് ഇപ്പോൾ കൈക്കൂലി കേസിൽ പൊലീസ് തിരയുന്നത്. സംഭവത്തെ തുടർന്ന് അയാൾ ഒളിവിലാണ്. മീററ്റിലെ സദർ ബസാർ പൊലീസ് സ്റ്റേഷന്റെ ചുമതല ഇൻസ്പെക്ടർക്കായിരുന്നു ഇയാൾ.

ഈ വർഷം ഓഗസ്റ്റ് 15 -നാണ് അദ്ദേഹത്തിന് ധീരതയ്ക്കുള്ള പൊലീസ് മെഡൽ ലഭിച്ചത്. കഴിഞ്ഞ വർഷം മീററ്റിൽ നടന്ന ഏറ്റുമുട്ടലിൽ ശിവശക്തി നായിഡുവിനെ വെടിവെച്ചുകൊന്നതിനാണ് അയാൾക്ക് ധീരതയ്ക്കുള്ള അവാർഡ് ലഭിച്ചത്. നായിഡു 25 കേസുകളിൽ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന ഒരു കുറ്റവാളിയായിരുന്നു. അവാർഡിന് പുറമെ 2 ലക്ഷം രൂപ പാരിതോഷികവും റാണയ്ക്ക് ലഭിച്ചിരുന്നു. അതുവലിയ രീതിയിൽ കൊട്ടിഘോഷിക്കുകയും ചെയ്തിരുന്നു. എന്നാൽ 15 ദിവസങ്ങൾക്ക് ശേഷം അയാൾ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ധീരതയുടെ പേരിലല്ല, മറിച്ച് കൈക്കൂലിയിൽ മുങ്ങിയ ഒരു അഴിമതിക്കാരനെന്ന നിലയിലാണ്.

റാണയ്‌ക്കെതിരെ കോഴ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അയാളുടെ ചുമതലയിലുണ്ടായിരുന്ന അതേ സ്റ്റേഷനിലാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരു വ്യാജ ട്രക്ക് മോഷണക്കേസിൽ ഒരാളിൽ നിന്ന് 3.5 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പേരിലാണ് റാണയ്ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുള്ളത്. ഒളിവിൽ പോയ ഇൻസ്പെക്ടർ ഈ കേസുമായി ബന്ധപ്പെട്ട് മറ്റ് ആളുകളിൽ നിന്നും 50,000 രൂപ വീതം തട്ടിയെടുത്തെന്നും ആരോപണമുണ്ട്. ഇൻസ്പെക്ടറിനെതിരെ ആളുകൾ പരാതിപ്പെട്ടതിനെ തുടർന്ന്, മീററ്റ് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്എസ്പി) പ്രഭാകർ ചൗധരി ഒരു ടീമിന്റെ സഹായത്തോടെ സ്റ്റേഷനിലുളള ഒരു കോൺസ്റ്റബിളിനെ കൈയോടെ പിടികൂടുകയായിരുന്നു. കൈക്കൂലി വാങ്ങാൻ റാണ നിർദ്ദേശിച്ചതായി കോൺസ്റ്റബിൾ മൻമോഹൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

എന്നാൽ, പൊലീസ് തന്നെ തിരയുന്നുണ്ടെന്ന് മനസ്സിലാക്കിയ ഉടനെ ഇൻസ്പെക്ടർ ഒളിവിൽ പോവുകയായിരുന്നു. റാണ, മൻമോഹൻ, മറ്റ് പേര് വെളിപ്പെടുത്താത്ത മൂന്ന് പേർ എന്നിവർക്കെതിരെ ഇപ്പോൾ ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. റാണയെ പിടികൂടാൻ മീററ്റ് എസ്എസ്പി നിരവധി സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. 

കുറ്റാരോപിതരായ പൊലീസുകാരുടെ മുൻകാല അഴിമതി കേസുകളും അധികൃതർ അന്വേഷിക്കുന്നുണ്ട്. ജൂൺ 18 -ന് മീററ്റിൽ ചുമതലയേറ്റ ഐപിഎസ് ഉദ്യോഗസ്ഥനായ ഉസ്മാൻ ചൗധരിയാണ് രണ്ട് മാസം മുമ്പ് അഴിമതിക്കാരെ കൈയോടെ പിടിക്കാനായി ഒരു സംഘത്തെ നിയമിച്ചത്. മീററ്റിൽ നടത്തിയ അന്വേഷണത്തിൽ പിടികൂടിയ 75 ഉദ്യോഗസ്ഥരെ പൊലീസ് സേനയിൽ നിന്ന് പിരിച്ച് വിടുകയും, 53 കോൺസ്റ്റബിൾമാരെ സ്ഥലംമാറ്റുകയുമുണ്ടായി.