Asianet News MalayalamAsianet News Malayalam

ഭർത്താവിന്റെ പീഡനം, വീടുവിട്ടിറക്കം, ഒടുവിൽ ഇന്ത്യയിലെ അറിയപ്പെടുന്ന സ്റ്റണ്ട് വുമൺ, ​ഗീതയുടെ ജീവിതം

ഒരു സ്റ്റണ്ട് വുമൺ ആയി ജോലി ചെയ്യുന്നത് എളുപ്പമായിരുന്നില്ല. പല സാഹസികമായ കാര്യങ്ങളും അവൾക്ക് ചെയ്യേണ്ടി വന്നു. “പണം ആവശ്യമായി വരുമ്പോൾ, നിങ്ങളുടെ ഭയവും വേദനയും നിങ്ങൾ മറക്കും. അതിനാൽ, കൂടുതൽ ചിന്തിക്കാതെ ഞാൻ അതെല്ലാം ചെയ്തു, ” ഗീത പറഞ്ഞു. 

geeta tandon stunt women life
Author
Chennai, First Published Mar 11, 2021, 5:20 PM IST

കെട്ടിടങ്ങളിൽ നിന്ന് കുതിക്കുക, അതിവേഗത്തിൽ ബൈക്ക് ഓടിക്കുക, ഗുണ്ടകളോട് പൊരുതുക, ആഴക്കടൽ ഡൈവിംഗ് ചെയ്യുക എന്നിവ സാധാരണ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ചെയ്യാൻ സാധിക്കാത്ത കാര്യങ്ങളാണ്. എന്നാൽ, ഗീത ടണ്ടണിന്റെ ദൈന്യംദിന ജോലികളാണ് അതെല്ലാം. ഇന്ത്യൻ സിനിമയിലെ ഏറ്റവും അറിയപ്പെടുന്ന സ്റ്റണ്ട് വുമൺ ഗീത ബോളിവുഡ് നായികമാർക്കുള്ള സംഘട്ടനങ്ങൾ ചെയ്യുന്നു. ചെന്നൈ എക്സ്പ്രസ്, സിംഗം, ഉഡ്ത പഞ്ചാബ് തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളിൽ അവരാണ് സംഘട്ടങ്ങൾ കൈകാര്യം ചെയ്തത്. ദിവസവും മരണത്തെ മുഖാമുഖം കാണുന്ന അവർക്ക് പക്ഷേ ഈ ജോലികൾ ചെയ്യാൻ ഒട്ടും ഭയമില്ല. ബോളിവുഡിലെ മുൻ‌നിര വനിതാ സ്റ്റണ്ട് ആർട്ടിസ്റ്റായ ഗീതയ്ക്ക് പരിക്കേൽക്കുമെന്ന ചിന്തയുമില്ല. കാരണം അവർക്ക് അത് ശീലമാണ്. ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതിനുമുമ്പ് തന്നെ തുടങ്ങിയതാണ് അവരുടെ വേദനകളും മുറിവുകളും. അവരുടെ ശരീരം തന്നെ അതിനു തെളിവാണ്. തലമുടിയിലെ തുന്നൽ പാടുകൾ മുതൽ കാലിലെ മുറിപ്പാടുകൾ വരെ വേദനയുടെ, നോവിന്റെ കഥകൾ പറയുന്നു. എന്നാൽ, ഇന്ന് ആ 34 -കാരി തന്റെ മുറിവുകൾ അഭിമാനത്തോടെ കൊണ്ടുനടക്കുന്നു. കാരണം അവളുടെ ഭാഷയിൽ “വേദനയിൽ നിന്ന് ഗുണവുമുണ്ട്.”  

ഗീതയുടെ അമ്മ മരിക്കുന്നതിനുമുമ്പ് വരെ അവൾക്ക് ഒരു സാധാരണ ബാല്യമുണ്ടായിരുന്നു. എന്നാൽ, അമ്മയുടെ മരണശേഷം അവളെ പരിപാലിക്കാൻ ആരുമില്ലാതായി. അതോടെ അവളുടെ ബുദ്ധിമുട്ടുകൾ ആരംഭിച്ചു. “ചെറുപ്പത്തിൽ തന്നെ എനിക്ക് അമ്മയെ നഷ്ടപ്പെട്ടു. അതിനുശേഷം ഞാൻ വളരെയധികം പ്രയാസങ്ങൾ അനുഭവിച്ചു. എന്റെ ബന്ധുക്കളാരും എന്നെ നോക്കാൻ തയ്യാറായില്ല. ആരെങ്കിലും അങ്ങനെ ചെയ്താൽ പോലും, അവർ എന്നെ കൊണ്ട് രാപ്പകൽ പണിയെടുപ്പിക്കും. ചാണകം വാരുക, പാചകം ചെയ്യുന്നതിനായി വിറക് ശേഖരിക്കുക, വീട് വൃത്തിയാക്കുക തുടങ്ങിയ ജോലികൾ ഞാൻ ചെയ്യാറുണ്ടായിരുന്നു. എനിക്ക് 14 വയസ്സ് തികഞ്ഞപ്പോൾ എന്റെ ബന്ധുക്കളും അച്ഛനും എന്നെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു, ”ഗീത പറഞ്ഞു.

അന്ന് അവൾ വളരെ ചെറുപ്പമായിരുന്നു. ഗീതയ്ക്ക് വിവാഹത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട കഷ്ടപ്പാടിനെക്കുറിച്ചും ഒന്നും അറിയില്ലായിരുന്നു. സ്നേഹിക്കാൻ ഒരു അമ്മ, വിശപ്പടക്കാൻ ഭക്ഷണം, താമസിക്കാനൊരു വീട് ഇത് മാത്രമാണ് അവൾ ആഗ്രഹിച്ചത്. “ഞാൻ വിചാരിച്ചു, എനിക്ക് അമ്മയെന്ന് വിളിക്കാൻ ഒരാളെ കിട്ടുമായിരിക്കും. ഭക്ഷണവും, വീടും കിട്ടും. അതിനാൽ വിവാഹത്തോട് എനിക്ക് എതിർപ്പ് ഉണ്ടായില്ല,” അവർ പറഞ്ഞു. “എന്റെ വിവാഹത്തിന്റെ രണ്ടാം ദിവസം മുതൽ, എന്റെ ഭർത്താവ് എന്നെ അടിക്കാനും എന്റെ മുഖത്ത് ഭക്ഷണം വലിച്ചെറിയാനും എന്നെ അധിക്ഷേപിക്കാനും മറ്റും തുടങ്ങി. വിവാഹം എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല. മുമ്പൊരിക്കലും ആണുങ്ങളുമായി ഞാൻ അടുത്ത് ഇടപഴകിയിട്ടില്ല. അതിനാൽ തുടക്കത്തിൽ എന്റെ ഭർത്താവുമായി അടുക്കാൻ എനിക്ക് ഭയമായിരുന്നു. എന്റെ അമ്മായിയമ്മ എന്നെ സ്വന്തം മകളെപ്പോലെ പരിഗണിക്കുമെന്ന് ഞാൻ കരുതി. പകരം, വിവാഹത്തിന്റെ ആദ്യ രാത്രിയിൽ ഞങ്ങൾ തമ്മിൽ അടുത്തിട്ടില്ലെന്ന് അറിഞ്ഞപ്പോൾ എന്നെ ബലാത്സംഗം ചെയ്ത് പുരുഷത്വം തെളിയിക്കാൻ അമ്മ മകനോട് പറഞ്ഞു," അവർ കൂട്ടിച്ചേർത്തു.  

"എല്ലാ ദിവസവും പീഡനം സഹിച്ച് കഴിയുക എന്നത് എളുപ്പമായിരുന്നില്ല. വിദ്യാഭ്യാസവും ജോലിയും ഇല്ലാത്ത ഒരു സ്ത്രീക്ക് തനിയെ ജീവിക്കാൻ ബുദ്ധിമുട്ടാണ്. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഒരു അമ്മയായി. എന്റെ കുട്ടികൾക്ക് മികച്ച ഭാവി നൽകാൻ ഞാൻ ആഗ്രഹിച്ചു. എന്റെ ദാമ്പത്യത്തിന്റെ ദുഷിച്ച വർഷങ്ങളിൽ, അയാൾ എന്നെ നിയന്ത്രിച്ചു. അയാൾ എന്നേക്കാൾ ശ്രേഷ്ഠനാണ് എന്ന് അയാൾ കരുതി. എവിടെയും പോകാൻ ഇല്ലാത്ത എനിക്ക് ആ ജീവിതം കൂടുതൽ നരകമായി. ഒടുവിൽ എന്റെ അന്തസ്സ് നഷ്‌ടമായ പോലെ എനിക്ക് തോന്നി” അവർ പറഞ്ഞു.

 

 

 

 

 

View this post on Instagram

 

 

 

 

 

 

 

 

 

 

 

A post shared by Geeta Tandon #geetatandon (@geetastunt)

ആരും സഹായത്തിനില്ലാതെ, കൈയിൽ അഞ്ചു പൈസ ഇല്ലാതെ ഒടുവിൽ അവൾ ആ വീട് വിട്ടിറങ്ങി. ആളുകൾ തന്നോട് സഹതാപം കാണിച്ചെങ്കിലും ആരും സഹായിക്കാൻ മുന്നോട്ട് വന്നില്ലെന്ന് ഗീത ഓർമ്മിക്കുന്നു. “എന്റെ ഭർത്താവിന്റെ വീട് വിട്ടശേഷം, ഞാൻ ഒരു ഗുരുദ്വാരയിൽ പോയി. എന്റെ കുട്ടികളെ എന്നോടൊപ്പം ഞാൻ കൊണ്ടുപോയി. പക്ഷേ മറ്റുള്ളവരുടെ കാരുണ്യത്താൽ ഞാൻ എന്റെ ജീവിതം നയിക്കില്ലെന്ന് ഞാൻ തീരുമാനിച്ചു. ഞാൻ ധൈര്യം സംഭരിച്ച് ജീവിതത്തിൽ മുന്നേറാൻ തന്നെ തീരുമാനിച്ചു," അവർ പറയുന്നു. ഗീതയ്ക്ക് 20 വയസ്സുള്ളപ്പോൾ, കുറച്ചുകാലം സഹോദരിയുടെ അടുത്ത് പോയി താമസിച്ചു. റൊട്ടി നിർമ്മിക്കുന്നത് മുതൽ മസാജ് പാർലറിൽ ജോലി അവരെ അവിടെ അവൾ ചെയ്തു.  

1,200 രൂപയ്ക്ക് എല്ലാ ദിവസവും രാവിലെയും രാത്രിയിലും 250 റൊട്ടി വരെ അവൾക്ക് ഉണ്ടാക്കേണ്ടിവന്നു. പക്ഷേ തന്റെ കുട്ടികളെ പോറ്റേണ്ടതിനാൽ ആ കഷ്ടപ്പാടുകൾ അവൾ സഹിച്ചു. ഒരു മസാജ് പാർലറിൽ ജോലി ചെയ്യുന്നത്തിനിടെ ലൈംഗിക തൊഴിൽ ചെയ്യാൻ അവിടെയുള്ളവർ അവളെ നിർബന്ധിച്ചു. "പക്ഷേ, എന്റെ അന്തസ്സിൽ വിട്ടുവീഴ്ച ചെയ്യാൻ ഞാൻ തയ്യാറായില്ല," ഗീത പറഞ്ഞു. മുമ്പൊരിക്കലും നൃത്തം ചെയ്തിട്ടില്ലെങ്കിലും, ഒടുവിൽ ഒരു ഭംഗ്ര നർത്തകിയായി അവൾ ജോലിയിൽ പ്രവേശിച്ചു. 2008 -ൽ ഭംഗ്ര കമ്പനി സ്റ്റണ്ട് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഗീതയോട് ചോദിച്ചു. ഇത് അവളുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റി. “എന്റെ കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കുന്നത് ഒരു വിദൂര സ്വപ്നം പോലെയായിരുന്നു, പക്ഷേ വളരെയധികം പരിശ്രമിച്ചതിന് ശേഷം എനിക്ക് അവരുടെ വിദ്യാഭ്യാസം തുടരാൻ സാധിച്ചു. ഇപ്പോൾ അവർ കോളേജിലാണ്” അവർ പറഞ്ഞു.

ഒരു സ്റ്റണ്ട് വുമൺ ആയി ജോലി ചെയ്യുന്നത് എളുപ്പമായിരുന്നില്ല. പല സാഹസികമായ കാര്യങ്ങളും അവൾക്ക് ചെയ്യേണ്ടി വന്നു. “പണം ആവശ്യമായി വരുമ്പോൾ, നിങ്ങളുടെ ഭയവും വേദനയും നിങ്ങൾ മറക്കും. അതിനാൽ, കൂടുതൽ ചിന്തിക്കാതെ ഞാൻ അതെല്ലാം ചെയ്തു, ” ഗീത പറഞ്ഞു. പിന്നീട്, ബിങ്കോയ്ക്ക് വേണ്ടി ലഡാക്കിൽ ഒരു സ്റ്റണ്ടിന്റെ ഭാഗമായി സ്വയം തീകൊളുത്തേണ്ടി വന്നു. അവളുടെ മുഖത്ത് പൊള്ളലേറ്റു. മറ്റൊരു സ്റ്റണ്ടിൽ, അവളുടെ നട്ടെല്ലു തകർന്നു, കുറച്ചു കാലം കിടപ്പിലായിരുന്നു. പക്ഷേ എന്നിട്ടും ഒരിക്കലും അവൾ അത്  ഉപേക്ഷിച്ചില്ല. ഒരു സ്റ്റണ്ട് വുമൺ എന്ന നിലയിൽ മികച്ച പ്രകടനം നടത്താൻ അവൾ കഠിനമായി ശ്രമിച്ചു. ഇന്ന് ഓരോ വർഷവും ലക്ഷങ്ങളാണ് അവർ സമ്പാദിക്കുന്നത്. മണാദിൽ തന്റെ രണ്ട് മക്കളോടൊപ്പം താമസിക്കുന്ന അവർ പരിനീതി ചോപ്ര, കരീന കപൂർ, ആലിയ ഭട്ട്, ദീപിക പദുക്കോൺ തുടങ്ങിയ വലിയ പേരുകളിൽ സ്റ്റണ്ട് ഡബിൾ ആയി പ്രവർത്തിച്ചിട്ടുണ്ട്.

പുരുഷ മേധാവിത്വമുള്ള ഒരു ഫീൽഡ് ആയതിനാൽ, സ്റ്റണ്ടുകൾ അവതരിപ്പിക്കാനുള്ള അവളുടെ കഴിവിനെ സംശയിക്കുന്ന ധാരാളം ആളുകൾ ഉണ്ടായിരുന്നു. ഒരു സ്ത്രീ ഇതുപോലെയുള്ള അപകടകരമായ ജോലികൾ ഏറ്റെടുക്കരുതെന്ന് പലരും പറഞ്ഞു. പക്ഷേ ആ അഭിപ്രായങ്ങൾ അവളെ പിന്തിരിപ്പിച്ചില്ല. അവൾ മുന്നോട്ട് നീങ്ങുകയും വെല്ലുവിളികൾ ഏറ്റെടുക്കുകയും തന്റെ പ്രവൃത്തികളിലൂടെ സ്വയം തെളിയിക്കുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios