Asianet News MalayalamAsianet News Malayalam

കരയുമ്പോള്‍ കണ്ണില്‍ നിന്നും കല്ലുകള്‍ പൊഴിയുന്നു, വാദവുമായി പെണ്‍കുട്ടി, കാരണം കാണാനാവാതെ ഡോക്ടര്‍മാര്‍

പിന്നീട് തന്റെ കണ്ണിൽ നിന്ന് വീണതാണെന്ന് അവകാശപ്പെടുന്ന കല്ലുകളുടെ ഒരു ശേഖരവും കുട്ടി ക്യാമറയിൽ കാണിക്കുന്നു.

girl crying stone tears
Author
Kannauj, First Published Oct 4, 2021, 1:00 PM IST

ഉത്തർപ്രദേശ് (Uttar Pradesh) സ്വദേശിനിയായ പതിനഞ്ചുകാരി കരയുമ്പോൾ കണ്ണിൽ നിന്ന് പൊഴിയുന്നത് കണ്ണുനീർ മാത്രമല്ല, മറിച്ച് കല്ലുകൾ കൂടിയാണത്രെ. കനൗജിൽ നിന്നുള്ള ചാന്ദിനി ( Chandni ) എന്ന പെൺകുട്ടിയാണ് കഴിഞ്ഞ രണ്ട് മാസമായി കണ്ണിൽ നിന്ന് കല്ലുകൾ പൊഴിക്കുന്നത്. എന്നാൽ, അതിന് പിന്നിലുള്ള കാരണം കണ്ടെത്താൻ കഴിയാതെ ഉഴറുകയാണ് ഡോക്ടർമാർ. അവളുടെ അസുഖം വൈദ്യശാസ്ത്രപരമായി വിശദീകരിക്കാൻ സാധ്യമല്ലെന്ന് ഡോക്ടർമാർ അവകാശപ്പെടുന്നു.

ഇടത് കണ്ണിൽ നിന്ന് ദിവസവും 10-15 കല്ലുകൾ പുറത്തുവരുന്നതായി അവളുടെ കുടുംബാംഗങ്ങൾ അവകാശപ്പെടുന്നു. പകൽ സമയത്ത് മാത്രമാണ് കണ്ണിൽ നിന്ന് കല്ലുകൾ വരുന്നത്. രാത്രിയിൽ അത്തരം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നില്ലെന്നും അവൾ പറയുന്നു. ഇത് സംബന്ധിക്കുന്ന ഒരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ആ ക്ലിപ്പിൽ, അവളുടെ കൺപോളയുടെ മുകളിലായി ഇടതുവശത്ത് ഒരു മുഴ കാണാം. ഒരാൾ അവളുടെ കണ്ണിൽ ഉഴിഞ്ഞു കൊടുക്കുമ്പോൾ ആ മുഴ ഒരു കല്ലായി കണ്ണിൽ നിന്ന് വീഴുന്നതും കാണാം. അവൾ ആ കല്ല് അവളുടെ വസ്ത്രത്തിൽ ശേഖരിക്കുന്നു. പിന്നീട് തന്റെ കണ്ണിൽ നിന്ന് വീണതാണെന്ന് അവകാശപ്പെടുന്ന കല്ലുകളുടെ ഒരു ശേഖരവും കുട്ടി ക്യാമറയിൽ കാണിക്കുന്നു. അവളുടെ കണ്ണിൽ നിന്ന് കല്ലുകൾ തന്നെയാണ് പൊഴിയുന്നതെന്ന് നാട്ടുകാർ വിശ്വസിക്കുന്നുവെങ്കിലും, മെഡിക്കൽ ലോകം അത് അംഗീകരിക്കാൻ തയ്യാറായിട്ടില്ല. അത്തരമൊരു കാര്യം സാധ്യമല്ലെന്ന് നേത്രരോഗവിദഗ്ദ്ധർ ഉറച്ചു പറയുന്നു.

ഇതിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലെന്നാണ് പ്രശസ്ത നേത്രരോഗവിദഗ്ദ്ധനായ ഡോ. അവധേഷ് കുമാർ പറയുന്നത്. അവൾ സ്വന്തം കണ്ണുകളിൽ കല്ലു തിരുകി കയറ്റുന്നതായിരിക്കാം, അല്ലെങ്കിൽ ആരെങ്കിലും അവളെ അത് ചെയ്യാൻ പ്രേരിപ്പിക്കുന്നതായിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പാവപ്പെട്ട കുടുംബത്തിലെ അംഗമായ ചാന്ദ്നിയ്ക്ക് ഒരു ഡോക്ടരെ സമീപിച്ച് വിദഗ്ധ പരിശോധന നടത്താനുള്ള പണമില്ല. അതുകൊണ്ട് തന്നെ, അതിന്റെ സത്യാവസ്ഥ കണ്ടെത്താൻ മാർഗ്ഗമൊന്നുമില്ല എന്നും പറയുന്നു. 

Follow Us:
Download App:
  • android
  • ios