Asianet News MalayalamAsianet News Malayalam

വഴക്കാളിയായ മകളെ അനുസരണ പഠിപ്പിക്കണം, ഒറ്റപ്പെട്ട ദ്വീപിലേക്ക് കടത്തി മാതാപിതാക്കൾ, ഒടുവിൽ...

എനിക്ക് ഇത് സഹിക്കാൻ കഴിയുന്നില്ല! വിജനമായ ഈ ദ്വീപിൽ അതിജീവിക്കാൻ അവർ എന്നെ നിർബന്ധിക്കുന്നു. ഞങ്ങളുടെ കൈയിൽ വെള്ളവും ബിസ്കറ്റും മാത്രമേയുള്ളൂ. തീ കത്തിക്കാൻ കൂടി ഞങ്ങൾക്ക് വഴിയില്ല.

girl in remote island shocking reason
Author
China, First Published Jul 15, 2021, 12:43 PM IST

ചൈനയിൽ ആൾതാമസമില്ലാത്ത ഒരു ദ്വീപിൽ മത്സ്യത്തൊഴിലാളികൾ ഒറ്റയ്ക്ക് ഒരു പെൺകുട്ടിയെ കണ്ടെത്തിയത് കഴിഞ്ഞ ദിവസം ചൈനീസ് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. 13 വയസ്സുള്ള ആ പെൺകുട്ടി എങ്ങനെ അവിടെ എത്തിച്ചേർന്നു എന്നന്വേഷിച്ചെത്തിയ പൊലീസ് കാരണം കേട്ട് ഞെട്ടിപ്പോയി. വഴക്കാളിയായ മകളെ മര്യാദ പഠിപ്പിക്കാനാണ് മാതാപിതാക്കൾ ആ ഒറ്റപ്പെട്ട ദ്വീപിലേയ്ക്ക് കൊണ്ടുപോയത് എന്നാണ് അറിയാൻ കഴിഞ്ഞത്.      

ഈ വാരാന്ത്യത്തിലാണ് മീൻപിടിക്കാൻ പോയ മൽസ്യത്തൊഴിലാളികൾ ചൈനയിലെ ഷാൻ‌ഡോംഗ് പ്രവിശ്യയിലെ ഒഴിഞ്ഞ ദ്വീപിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കൾ തന്റെ വാക്ക് കേൾക്കാതെ തന്നെ ഈ ദ്വീപിലേക്ക് കൊണ്ടുവന്നുവെന്നും, തന്നെ സിറ്റിയിലേക്ക് തിരികെ കൊണ്ടുപോകണമെന്നും ആ കുട്ടി ആവശ്യപ്പെട്ടു. വെയ്‌ഹായ് സിറ്റിയിൽ നിന്ന് ഒരു കിലോമീറ്റർ അകെലയായിട്ടാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. തുടർന്ന് അവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ദ്വീപിലെത്തിയ പോലീസ്, പെൺകുട്ടിയെയും അവളുടെ മാതാപിതാക്കളെയും കണ്ടെത്തി. മകളെ ജീവിതത്തിലെ കഷ്ടപ്പാടുകളെക്കുറിച്ച് പഠിപ്പിക്കാനും, അനുസരണ പഠിപ്പിക്കാനുമാണ് തങ്ങൾ ഇങ്ങനെയൊരു കാര്യം ചെയ്തത് എന്നാണ് മാതാപിതാക്കളുടെ ന്യായീകരണം.

കഴിഞ്ഞ വർഷം മുതൽ സ്കൂളിൽ പോകാൻ വിസമ്മതിച്ച മകൾ എപ്പോഴും മുറിയടച്ച് ഇരിപ്പാണെന്നും, ആരോടും ഒന്നും മിണ്ടാറില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. ഇത് കൂടാതെ ആരുമായും ഒരു സഹകരണവുമില്ലെന്നും, ഒട്ടും അനുസരണ ഇല്ലെന്നും അവർ പറഞ്ഞു. മകളെ നല്ല വഴിയ്ക്ക് നടത്താൻ പലവഴിയും പയറ്റിയ മാതാപിതാക്കൾ ഒടുവിൽ കണ്ടെത്തിയ മാർഗ്ഗമായിരുന്നു മകളെയും കൊണ്ടുള്ള ഈ സാഹസിക യാത്ര. അവൾ അവളുടെ കഴിവ് പാഴാക്കുകയാണെന്ന് അവർക്ക് തോന്നി. പ്രയാസം നിറഞ്ഞ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അവളെ ശീലിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ യാത്ര. കഠിനമായ സാഹചര്യങ്ങളിൽ അതിജീവിക്കാൻ സാധിച്ചാൽ മകളുടെ കഴിവ് വർധിക്കുമെന്ന് അവർ കരുതി.

ഒരു അതിജീവന വിദഗ്ദ്ധനുമായിട്ടാണ് അവർ ദ്വീപിലേക്ക് പോയത്. എന്നാൽ വിചാരിച്ചപോലെയൊന്നും കാര്യങ്ങൾ നടന്നില്ല. അതിജീവിക്കാൻ ആവശ്യമായ കഴിവുകൾ പഠിക്കുന്നതിനുപകരം, മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് പെൺകുട്ടി അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. വർഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന ആ ദ്വീപിൽ വെള്ളമോ, വൈദ്യതിയോ ഉണ്ടായിരുന്നില്ല. കൈയിൽ കുറച്ച് ബിസ്കറ്റും, വെള്ളവുമായിട്ടാണ് അവർ ദ്വീപിൽ എത്തിയത്.

"എനിക്ക് ഇത് സഹിക്കാൻ കഴിയുന്നില്ല! വിജനമായ ഈ ദ്വീപിൽ അതിജീവിക്കാൻ അവർ എന്നെ നിർബന്ധിക്കുന്നു. ഞങ്ങളുടെ കൈയിൽ വെള്ളവും ബിസ്കറ്റും മാത്രമേയുള്ളൂ. തീ കത്തിക്കാൻ കൂടി ഞങ്ങൾക്ക് വഴിയില്ല. എന്നെ തിരികെ സിറ്റിയിലേക്ക് കൊണ്ടുപോകാമോ?” പെൺകുട്ടി മത്സ്യത്തൊഴിലാളികളോട് ചോദിച്ചു. സംഭവമറിഞ്ഞെത്തിയ പൊലീസ് അവരോട് തിരികെ സിറ്റിയിലേക്ക് പോകാൻ ആവശ്യപ്പെട്ടു. 

ആദ്യം പെൺകുട്ടിയുടെ മാതാപിതാക്കൾ ദ്വീപ് വിടാൻ വിസമ്മതിച്ചു. എന്നാൽ ഒടുവിൽ അവർ അതിന് തയ്യാറാവുകയായിരുന്നു. അവൾ രക്ഷപ്പെടാൻ സ്വയം ശ്രമിച്ചത് അവളുടെ സ്വഭാവം മാറിത്തുടങ്ങിയതിന്റെ ലക്ഷമാണെന്നും, അതിൽ താൻ സന്തോഷിക്കുന്നുവെന്നും അവളുടെ അച്ഛൻ പറഞ്ഞു. എന്നാൽ അനുസരണ പഠിപ്പിക്കാൻ മാതാപിതാക്കൾ കണ്ടെത്തിയ മാർഗ്ഗം അല്പം കടുത്തുപോയി എന്ന അഭിപ്രായത്തിലാണ് ഭൂരിഭാഗം ആളുകളും.  


 

Follow Us:
Download App:
  • android
  • ios