മനുഷ്യന്‍ ആദ്യമായി ഇണക്കി വളര്‍ത്തിയ സസ്യഭുക്കായിരുന്നു ആടുകള്‍. ഇന്ന് ഏകദേശം നൂറിലേറെ ഇനങ്ങളളിലുള്ള ആടുകള്‍ ലഭ്യമാണ്. ആടുവളര്‍ത്തല്‍ ലാഭകരമാക്കാനും ശാസ്ത്രീയ വശങ്ങള്‍ കര്‍ഷരെ മനസിലാക്കാനുമായി ലുധിയാനയിലെ ഗുരു അംഗദ് ദേവ് വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി ആടുവളര്‍ത്തുന്ന കര്‍ഷകരും വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളും തമ്മിലുള്ള സമ്മേളനം സംഘടിപ്പിച്ചു. യുവതലമുറയില്‍ സംരംഭകത്വ ആശയങ്ങള്‍ ഉണര്‍ത്താനായിരുന്നു ഈ പരിപാടി.

ആട്ടിന്‍പാലിന്റെ ഗുണങ്ങളെക്കുറിച്ചും മാംസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും ബോധവാന്‍മാരാക്കുകയെന്നതു കൂടിയായിരുന്നു സംഘാടകരുടെ ലക്ഷ്യം.

നാഷണല്‍ അഗ്രിക്കള്‍ച്ചര്‍ ഹയര്‍ എജ്യുക്കേഷന്‍ പ്രോഗ്രാമിന്റെ സഹായത്തോടെയായിരുന്നു ആട് വളര്‍ത്തലിലൂടെ എങ്ങനെ ലാഭം നേടാമെന്ന വിഷയത്തില്‍ ഇവര്‍ സമ്മേളനം സംഘടിപ്പിച്ചത്. പഞ്ചാബിലെയും അയല്‍ സംസ്ഥാനങ്ങളിലെയും അന്‍പതോളം കര്‍ഷകരും വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ 15 വിദ്യാര്‍ഥികളും ഇതില്‍ പങ്കെടുത്തു.

കേരളത്തിലെ ആടു വളര്‍ത്തലും പ്രധാന ഇനങ്ങളും

കേരളത്തിലെ പ്രധാനപ്പെട്ട ആട് ജനുസ്സുകളുടെ സംരക്ഷണവും പരിപാലനവും മുന്നില്‍ക്കണ്ടാണ് കെ എല്‍ ഡി ബോര്‍ഡ് 1990 -കളില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇവര്‍ പരിഗണന നല്‍കിയത് കേരളത്തിലെ തനത് ജനുസായ മലബാറി ആടുകളുടെ സംരക്ഷണത്തിനായിരുന്നു. ഇവ തലശ്ശേരി ആടുകള്‍ എന്നും അറിയപ്പെട്ടു. ഇവയെ പ്രധാനമായും വളര്‍ത്തിയിരുന്നത് മാംസത്തിന് വേണ്ടിയായിരുന്നു.

മലബാറി ആടുകളിലെ ആണ്‍ വര്‍ഗത്തിന് 40 മുതല്‍ 50 കിലോ വരെയും പെണ്‍ വര്‍ഗത്തിന് 35 മുതല്‍ 40 കിലോ വരെയും ശരീര ഭാരം ഉണ്ടാകും. ഇവ കാലാവസ്ഥാ മാറ്റങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കാന്‍ ശേഷിയുളളവയായിരുന്നു. അതുകൊണ്ടു തന്നെ കെ.എല്‍.ഡി ബോര്‍ഡ് ഇവയുടെ പ്രജനനത്തിനും സംരക്ഷണത്തിനും പരിപാലനത്തിലും പ്രാധാന്യം നല്‍കി.

കേരളത്തിലെ കുളത്തൂപ്പുഴയില്‍ ആണ് മലബാറി ആടുകളെ വളര്‍ത്താനുള്ള പദ്ധതിക്ക് ബോര്‍ഡ് തുടക്കമിട്ടത. ഇത്് വിവിധോദ്ദേശ്യ പദ്ധതിയായിരുന്നു. മലബാറി ആടുകളുടെ ജനിതക പുനരുദ്ധാരണത്തിനും കര്‍ഷകര്‍ക്ക് പ്രജനനത്തിന് സഹായിക്കാനായി കേന്ദ്രീകൃത ആട്ടിന്‍പറ്റം നിലനിര്‍ത്താനും ഇവര്‍ പദ്ധതിയിട്ടു. കൃത്രിമ ബീജാധാനം, ശാസ്ത്രീയമായ ആട് പരിപാലനമുറകള്‍ എന്നിവയും ഇവരുടെ ലക്ഷ്യങ്ങളായിരുന്നു. കുളത്തൂപ്പുഴയില്‍ നിന്ന് ഈ ഫാം പിന്നീട് പാലക്കാട് ജില്ലയിലെ ധോണി ഫാമിലേക്ക് മാറ്റി. 

കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍നിന്ന് പ്രജനനത്തിന് യോജിച്ച ആടുകളെയും ഈ പദ്ധതിക്കായി കെ എല്‍ ഡി ബോര്‍ഡ് വാങ്ങി. ഈ വര്‍ഷം തന്നെ ഏറ്റവും മികച്ച 361 ആടുകളെ കര്‍ഷകര്‍ക്ക് വളര്‍ത്താന്‍ നല്‍കി. കര്‍ഷക പങ്കാളിത്തം ഉറപ്പാക്കി തന്നെയാണ് ഇത്തരം ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തില്‍ എത്തുകയുള്ളുവെന്ന് ഇവര്‍ മനസ്സിലാക്കിയിരുന്നു. ആടുവളര്‍ത്തല്‍ യൂണിറ്റുകള്‍ക്ക് വേണ്ടി ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ സോഫ്റ്റ്വെയര്‍ പാക്കേജ് തയ്യാറാക്കി.

ഇറച്ചി ഉത്പാദിപ്പിക്കുന്ന കാര്യത്തില്‍ വലിയ പ്രാധാന്യമാണ് ബോയര്‍ ഇനത്തില്‍പ്പെട്ട ആടുകള്‍ക്ക്. ഇവയുടെ ശരീരഭാരം വളരെ പെട്ടെന്ന് വര്‍ദ്ധിക്കും. ഉയര്‍ന്ന ഉത്പാദന ശേഷിയും ഇരട്ടക്കുട്ടികള്‍ക്ക് ജന്മം കൊടുക്കുമെന്നതും ഇവയുടെ പ്രത്യേകതകളാണ്. നാടന്‍ ആടുകളെ ബോയര്‍ ആടുകളുമായി വര്‍ഗ്ഗ സങ്കരണം നടത്തി ഏതുവിധത്തിലുള്ള കാലാവസ്ഥയ്ക്കും അനുയോജ്യമായ ഇനങ്ങളെ ഉത്പാദിപ്പിക്കാം.

ബോയറുകള്‍ കേരളത്തിലെ ഉയര്‍ന്ന അന്തരീക്ഷ താപനിലയിലും ഇടവിട്ടുള്ള മഴയിലും കാര്യക്ഷമമായി ജീവിക്കാന്‍ സാധ്യതയുള്ളവ ആയിരുന്നുവെന്ന് ഇവര്‍ കണ്ടെത്തി. ഇവര്‍ ഓസ്‌ട്രേലിയയില്‍ നിന്ന് മികച്ച ബോയര്‍ ആടുകളെ ഇറക്കുമതി ചെയ്തു. ബോയര്‍-മലബാറി ആടുകളെ തമ്മില്‍ വര്‍ഗ സങ്കരണം നടത്തി സങ്കര വര്‍ഗ്ഗത്തില്‍പെട്ട സന്തതികള്‍ വികസിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചു.  അട്ടപ്പാടി ബ്ലാക്ക് അറിയപ്പെടുന്ന ആളുകളും ഇവരുടെ ഫാമില്‍ ഉണ്ടായിരുന്നു. കേരളത്തിലെ അട്ടപ്പാടിയില്‍ ആദിവാസികള്‍ സമൃദ്ധമായി വളര്‍ത്തിയിരുന്ന ആടുകളാണ് ഇവ. അട്ടപ്പാടി ബ്ലാക്ക് ആടുകള്‍  ചൂടുള്ള വരണ്ട കാലാവസ്ഥയുമായി വളരെ പെട്ടെന്ന് ഇണങ്ങും. അല്‍പ്പം ഗുണം കുറഞ്ഞ തീറ്റ ആയാലും ഇവയ്ക്ക് പ്രശ്‌നമില്ല. കുളമ്പുരോഗം, ന്യൂമോണിയ എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്.

ഇടത്തരം വലിപ്പം, ദുര്‍മേദസ്സ് ഇല്ലാത്ത ശരീരപ്രകൃതി, കറുപ്പ് നിറമുള്ള കണ്ണുകള്‍, പിന്നിലേക്ക് വളഞ്ഞ് കറുത്ത കൂര്‍ത്ത കൊമ്പുകള്‍ എന്നിവയാണ് അട്ടപ്പാടി ബ്ലാക്ക് ആടുകളെ മനസിലാക്കാനുള്ള അടയാളങ്ങള്‍. ചുരുണ്ട വാലാണ് ഇവയുടെ മറ്റൊരു പ്രത്യേകത. ഇറച്ചി ഉല്‍പാദിപ്പിക്കുന്ന കാര്യത്തില്‍ മികവ് പുലര്‍ത്തുന്ന അട്ടപ്പാടി ബ്ലാക്കിന്റെ ആണാടുകള്‍ക്ക്  34 മുതല്‍ 36 കിലോ വരെയും പെണ്ണാടുകള്‍ക്ക് 39 കിലോയും ഭാരമുണ്ട്. 

കേരളത്തില്‍ ആടുകളുടെ പ്രജനനത്തിനും സംരക്ഷണത്തിനുമായി പ്രത്യേകമായ ഒരു ശാസ്ത്രീയ പ്രവര്‍ത്തന രേഖ ഇല്ലാതിരുന്നതാണ് പ്രശ്‌നം. ശാസ്ത്രീയമായ രീതിയില്‍ അല്ലാത്തതും വിവേചനരഹിതവുമായ പ്രജനനം മലബാറി ആടുകളുടെയും മറ്റു ജനുസ്സുകളുടെയും സംരക്ഷണത്തിന് തടസ്സമുണ്ടാക്കി.