21 മാസക്കാലം ഗവേഷകർ ഈ പക്ഷിയെ നിരീക്ഷിച്ചു. ഫാമിന്റെ ഉടമകൾ വയ്ക്കുന്ന പഴങ്ങളും പഞ്ചസാര ലായനിയും കഴിക്കാനായി പക്ഷി ദിവസവും എത്തിയിരുന്നു. അങ്ങനെയാണ് പക്ഷിയെ പഠിക്കാൻ ഗവേഷകർക്ക് സാധിച്ചത്.
പകുതി ആണും, പകുതി പെണ്ണും, അങ്ങനെയുള്ള അപൂർവമായ ഒരു പക്ഷിയെ കണ്ടെത്തിയിരിക്കയാണ് അങ്ങ് കൊളംബിയയിൽ. കൊളംബിയയിലെ മനിസാലെസിന് സമീപത്തുള്ള പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ ഫാമിലാണ് ഈ അപൂർവമായ ആൺ-പെൺ ശരീരമുള്ള ഗ്രീൻ ഹണിക്രീപ്പർ പക്ഷിയെ കണ്ടതെന്നാണ് ഗവേഷകർ പറയുന്നത്.
ഇവിടെ കണ്ടെത്തിയ പക്ഷിയുടെ, പകുതി നീല നിറത്തിലുള്ള തൂവലുകളും മറുപകുതി മഞ്ഞയും പച്ചയും നിറത്തിലുള്ള തൂവലുകളുമാണ് ഉള്ളത്. ഇത് കൃത്യം നടുവിൽ നിന്ന് തന്നെയാണ് വേർതിരിക്കപ്പെട്ടിരിക്കുന്നത്. ആദ്യം ഗവേഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് തൂവലുകളിലെ ഈ വ്യത്യാസം തന്നെ. സാധാരണയായി ആൺപക്ഷികൾക്ക് തിളങ്ങുന്ന നീല തൂവലുകളും പെൺപക്ഷികൾക്ക് പച്ച നിറത്തിലുള്ള തൂവലുകളുമാണ് ഉണ്ടാവാറ് എന്നാണ് ഗവേഷകർ പറയുന്നത്.
എന്നാൽ, ഈ കണ്ടെത്തിയ പക്ഷിക്ക് ഒരു ഭാഗത്ത് ആൺപക്ഷികൾക്ക് ഉണ്ടാവുന്ന തൂവലും മറുഭാഗത്ത് പെൺപക്ഷികൾക്ക് ഉണ്ടാവാറുള്ള തൂവലുമാണ് ഉണ്ടായിരുന്നത്. അതിനാൽ തന്നെ അതിന്റെ പകുതിയിൽ ആൺ പ്രത്യുത്പാദന അവയവങ്ങളും മറുഭാഗത്ത് പെൺ പ്രത്യുത്പാദന അവയവങ്ങളും ആയിരിക്കും എന്ന് ഗവേഷകർക്ക് തോന്നിയിരുന്നു. എന്നാൽ, അത് കാഴ്ചയിലൂടെ മാത്രം ഉറപ്പിക്കാൻ സാധിക്കുമായിരുന്നില്ല എന്നും ഗവേഷകർ പറയുന്നു.
അങ്ങനെ 21 മാസക്കാലം ഗവേഷകർ ഈ പക്ഷിയെ നിരീക്ഷിച്ചു. ഫാമിന്റെ ഉടമകൾ വയ്ക്കുന്ന പഴങ്ങളും പഞ്ചസാര ലായനിയും കഴിക്കാനായി പക്ഷി ദിവസവും എത്തിയിരുന്നു. അങ്ങനെയാണ് പക്ഷിയെ പഠിക്കാൻ ഗവേഷകർക്ക് സാധിച്ചത്. അങ്ങനെ, ഈ പക്ഷി പകുതി ആണും പകുതി പെണ്ണുമാണെന്ന് ഗവേഷകർ കണ്ടെത്തി. പക്ഷികളിലോ മൃഗങ്ങളിലോ വളരെ വളരെ അപൂർവമായിട്ടാണ് ഇങ്ങനെ സംഭവിക്കാറുള്ളത്. ഈ പക്ഷിയെ അതിന്റെ കൂട്ടത്തിൽ പെട്ട മറ്റ് പക്ഷികൾ കൂടെക്കൂട്ടുന്നില്ല എന്നും, ഈ പക്ഷി മറ്റ് പക്ഷികളുടെ കൂടെ പോകാൻ താല്പര്യം കാണിക്കുന്നില്ല എന്നും ഗവേഷകർ പറയുന്നു.
അമച്വർ പക്ഷിനിരീക്ഷകനായ ജോൺ മുറില്ലോയാണ് ഈ പക്ഷിയെ ആദ്യമായി കണ്ടെത്തിയത്. ന്യൂസിലൻഡിലെ ഒട്ടാഗോ സർവകലാശാലയിലെ സുവോളജി പ്രൊഫസറായ ഹാമിഷ് സ്പെൻസർ ആ സമയത്ത് അവധി ആഘോഷിക്കാനായി അവിടെയുണ്ടായിരുന്നു. മുറില്ലോ പക്ഷിയെ കുറിച്ച് സ്പെൻസറിനോട് പറഞ്ഞു. മുറില്ലോയും സ്പെൻസറും മറ്റ് പക്ഷിശാസ്ത്രജ്ഞരുടെ ഒരു സംഘവും ചേർന്നാണ് ഈ പക്ഷിയെ നിരീക്ഷിച്ചത്. ജേണൽ ഓഫ് ഫീൽഡ് ഓർണിത്തോളജിയിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതിന് മുമ്പ് ഇങ്ങനെ ഒരു അപൂർവമായ ഹണിക്രീപ്പറിനെ കണ്ടത് 100 വർഷങ്ങൾക്ക് മുമ്പാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
