സീറ്റിലുണ്ടായിരുന്ന മെറ്റാലിക് എഎംജി ലോഗോയിൽ നിന്നാണ് പൊള്ളലേറ്റതെന്നും ഇത് ശരീരത്തിൽ പാട് വരുത്തിയെന്നും അവർ ആരോപിച്ചു.

വെയിലത്ത് പാർക്ക് ചെയ്തിരുന്ന മെഴ്‌സിഡസ് ബെൻസ് കാറിലെ ലോഹ നിർമ്മിതമായ എഎംജി ലോഗോ അമിതമായി ചൂടായി ശരീരത്തിൽ പൊള്ളലേറ്റതായി പരാതി. കരിൻദീപ് കരീന ബാത്ത് എന്ന യുവതിയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചത്. പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ കയറിയ ഉടൻ തോളിലെ ചർമ്മത്തിൽ ശക്തമായ പൊള്ളൽ അനുഭവപ്പെടുകയായിരുന്നുവെന്ന് അവർ ആരോപിക്കുന്നു. സീറ്റിലുണ്ടായിരുന്ന മെറ്റാലിക് എഎംജി ലോഗോയിൽ നിന്നാണ് പൊള്ളലേറ്റതെന്നും ഇത് ശരീരത്തിൽ പാട് വരുത്തിയെന്നും അവർ ആരോപിച്ചു.

സമാനമായ അനുഭവം നേരിട്ട ഉപഭോക്താക്കള്‍ ഒരു ലോ ഫേം വഴി കമ്പനിക്കെതിരെ നിയമനടപടിക്കിറങ്ങിയതായും പറയുന്നു. അഭിഭാഷകനായ റോബ് ഫ്രോണ്ട് എക്‌സിൽ പങ്കുവെച്ച ഹർജിയുടെ വിവരങ്ങൾ പ്രകാരം, മെഴ്‌സിഡസ്-എഎംജി വാഹനങ്ങളിലെ അപകടകരമായ ഡിസൈൻ തകരാറാണ് ഇതിന് കാരണമെന്നാണ് ആരോപണം. ഡ്രൈവറുടെയും മുന്നിലെ യാത്രക്കാരന്റെയും സീറ്റുകളിൽ, മുകൾഭാഗത്തെ പുറം, കഴുത്ത്, അല്ലെങ്കിൽ തോൾ എന്നിവ തട്ടാൻ സാധ്യതയുള്ള ഭാഗത്താണ് ഉയർന്നുനിൽക്കുന്ന രീതിയിൽ ഈ മെറ്റാലിക് ലോഗോ നൽകിയിരിക്കുന്നത്. കരീനയ്ക്ക് പുറമെ ഗബ്രിയേൽ ലാഹിജാനി എന്ന ലോസ് ഏഞ്ചലസ് സ്വദേശിയും കേസിൽ പ്രധാന ഹർജിക്കാരനാണ്.

View post on Instagram
 

2026 മേയ് 31-ന് വെയിലത്ത് നിർത്തിയിട്ടിരുന്ന കാറിൽ കയറിയ ഗബ്രിയേലിന്റെ പുറത്ത് ലോഗോ തട്ടുകയും രണ്ടാം ഡിഗ്രി പൊള്ളലേൽക്കുകയുമായിരുന്നുവത്രെ. അദ്ദേഹത്തിന്റെ ശരീരത്തിൽ എഎംജി എന്ന് പതിഞ്ഞ രീതിയിലാണ് പൊള്ളലേറ്റിരിക്കുന്നതെന്ന് ചർമ്മരോഗ വിദഗ്ദ്ധൻ സാക്ഷ്യപ്പെടുത്തിയതായും ഹർജിയിൽ പറയുന്നു. സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. സുരക്ഷാ വീഴ്ച വരുത്തിയ കാർ കമ്പനിക്കെതിരെ നടപടി വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ, ആരോപണങ്ങളുടെ സത്യാവസ്ഥയെ ചോദ്യം ചെയ്ത് മറ്റൊരു കൂട്ടരും രംഗത്തെത്തിയിട്ടുണ്ട്.