ആദ്യമെല്ലാം തെളിഞ്ഞ കാലാവസ്ഥയായിരുന്നു. എന്നാൽ, ഒരു ഘട്ടം കഴിഞ്ഞപ്പോഴേക്കും കനത്ത മഴ പെയ്ത് തുടങ്ങി. വരനടക്കം സകലരും നനഞ്ഞ് കുളിച്ചാണ് വധുവിന്റെ വീട്ടിലെത്തിച്ചേർന്നത്. പകൽ സമയത്ത് എത്തേണ്ടുന്ന ഘോഷയാത്ര വൈകുന്നേരം എട്ട് മണിയോടെയാണ് എത്തിയത്.
ബിഹാറിലെ ഭഗൽപൂർ ജില്ലയിൽ, കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് ഒരു വിവാഹ ഘോഷയാത്ര വളരെ വ്യത്യസ്തമായി തീർന്നിരിക്കുന്നതാണ് ഇപ്പോൾ വാർത്തയാവുന്നത്. റോഡുകളിലാകെ വെള്ളം കയറിയതിനാൽ തന്നെ വരൻ ദേവ്മുനി കുമാറിന് വധുവിന്റെ വീട്ടിലേക്ക് സാധാരണയായി പോകാറുള്ള വഴിയിലൂടെ പോകാൻ കഴിഞ്ഞില്ല. സാധാരണ വിവാഹങ്ങൾക്ക് ആഡംബര കാറുകളിലും മറ്റുമാണ് അല്ലേ വരൻ വധുവിന്റെ വീട്ടിലേക്ക് പോകുന്നത്. എന്നാൽ, ഇവിടെ കടകോഷ് ഗ്രാമത്തിലെ വധുവിന്റെ വീട്ടിലേക്ക് വരൻ പോയത് ഒരു ബോട്ടിലാണ്.
വരനോടൊടൊപ്പം സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒക്കെയായി 25 - 30 പേരുമുണ്ടായിരുന്നു. സാധാരണ ഗതിയിൽ വരന് വെറും 35 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ വധുവിന്റെ വീട്ടിൽ എത്താമായിരുന്നു. എന്നാൽ, ഗംഗാ നദി കരകവിഞ്ഞൊഴുകിയതിനാൽ, തന്നെ വഴി യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളതായി മാറുകയായിരുന്നു.
ഒരു മാസം മുമ്പാണ് വിവാഹ തീയതി നിശ്ചയിച്ചിരുന്നത്, കതിഹാർ ജില്ലയിലെ മണിഹരി ബ്ലോക്കിലെ കടകോഷ് ഗ്രാമത്തിലായിരുന്നു വധുവിന്റെ വീട്. വിവാഹഘോഷയാത്ര സാധാരണ പോലെ നടക്കേണ്ടതായിരുന്നു. എന്നാൽ, ഞങ്ങളുടെ ബഖർപൂർ ഗ്രാമത്തിൽ എല്ലാ ഭാഗവും വെള്ളം കയറി. ഞങ്ങൾ 30 പേർക്കും ബോട്ടിൽ പോവുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു എന്നാണ് ദേവമുനിയുടെ പിതാവ് രാംദേവ് മണ്ഡൽ മാധ്യമങ്ങളോട് പറഞ്ഞത്.
അലങ്കരിച്ച ഒരു സ്കോർപിയോ കാറിലാണ് വധുവിന്റെ വീട്ടിലേക്കുള്ള യാത്ര തുടങ്ങിയത് എന്നാൽ വെള്ളപ്പൊക്കം കാരണം അതിൽ അധികം ദൂരം സഞ്ചരിക്കാൻ കഴിഞ്ഞില്ലെന്നും ദേവമുനി കുമാർ പറയുന്നു. ആദ്യമെല്ലാം തെളിഞ്ഞ കാലാവസ്ഥയായിരുന്നു. എന്നാൽ, ഒരു ഘട്ടം കഴിഞ്ഞപ്പോഴേക്കും കനത്ത മഴ പെയ്ത് തുടങ്ങി. വരനടക്കം സകലരും നനഞ്ഞ് കുളിച്ചാണ് വധുവിന്റെ വീട്ടിലെത്തിച്ചേർന്നത്. പകൽ സമയത്ത് എത്തേണ്ടുന്ന ഘോഷയാത്ര വൈകുന്നേരം എട്ട് മണിയോടെയാണ് എത്തിയത്.
അത് മാത്രമല്ല, ബോട്ടിൽ നിന്നുമിറങ്ങി കിലോമീറ്ററുകളോളം നടന്ന് അവിടെ നിന്നും ഇ റിക്ഷ പിടിച്ചാണത്രെ വരന്റെ സംഘം വധുവിന്റെ വീട്ടിൽ എത്തിച്ചേർന്നത്.
