Asianet News MalayalamAsianet News Malayalam

വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇന്ത്യയില്‍, അധികാരികളെ വിറപ്പിച്ച ചരിത്രമുണ്ട് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക്

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ 1947 വരെ, നാലു പതിറ്റാണ്ടോളം വ്യക്തമായി നിർവചിക്കപ്പെട്ട ലക്ഷ്യങ്ങളിലൂടെ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ രാജ്യത്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തിൽ ഭാഗമായി. പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളും, ഗ്രൂപ്പുപോരുകളും മാറ്റിവച്ച് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായും, ഉന്നതിക്കായും അവർ ഒറ്റക്കെട്ടായി പോരാടി.

history of student's protest in India
Author
Delhi, First Published Jan 8, 2020, 1:11 PM IST

ലോകത്തിലെ മറ്റ് രാജ്യങ്ങളിൽനിന്ന് വ്യത്യസ്‍തമായി ഇന്ത്യയുടെ ചരിത്രത്തിൽ വ്യക്തമായ സ്വാധീനം ചെലുത്തുന്ന പ്രതിരോധ ശക്തിയാണ് ഇന്ത്യയിലെ വിദ്യാർത്ഥി പ്രസ്ഥാനം. എല്ലാകാലത്തും രാജ്യത്തിന്റെ സാമൂഹികവും, സാമ്പത്തികവുമായ ഉയർച്ചയിലും, അനീതിക്ക് നേരെയുള്ള പോരാട്ടത്തിലും ഒരു സുപ്രധാന പങ്ക് വഹിക്കാൻ ഇന്ത്യയിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കായിട്ടുണ്ട്. വ്യക്തമായ രാഷ്ട്രീയ ബോധവും, മൂലങ്ങളിൽ അധിഷ്ഠിതമായ പ്രത്യയശാസ്ത്രവും വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ രാജ്യത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ പ്രതിസന്ധികളിൽ ആർജ്ജവത്തോടെ ഇടപെടാൻ പ്രാപ്‍തമാക്കുന്നു. അടുത്തകാലത്തായി രാജ്യം സാക്ഷ്യം വഹിക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പക്ഷേ, വർഷങ്ങളുടെ നീണ്ട ചരിത്രമുണ്ട്. അനീതിക്കും, അടിച്ചമർത്തലുകളും എതിരെയുള്ള വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ഈ ശക്തമായ ചെറുത്തുനിൽപ്പ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഒരുപക്ഷേ, ഇന്ത്യയുടെ സ്വതന്ത്ര പോരാട്ടത്തിന്റെ ചരിത്രം മുതലേ ആരംഭിച്ചതാണ് ഇത്.
 
ഇന്ത്യയുടെ വൈസ്രോയി കഴ്‍സൺ പ്രഭു മതത്തിന്റെ അടിസ്ഥാനത്തിൽ, 1905 -ൽ ബംഗാളിനെ രണ്ടായി വിഭജിക്കുകയുണ്ടായി. ഒന്നായ ഇന്ത്യയുടെ ശക്തിയെ തളർത്താനായി ബ്രിട്ടീഷ് രാജിന്റെ അധികാരികൾ നടപ്പാക്കിയ ഈ 'ഭിന്നിപ്പിച്ച് ഭരണം' എന്ന നയം പൊതുമനസ്സാക്ഷിയെ ഞെട്ടിച്ചു. ബംഗാൾ വിഭജിക്കാനുള്ള കഴ്‍സൺ പ്രഭുവിന്‍റെ തീരുമാനത്തെ കുറിച്ച് സുരേന്ദ്രനാഥ് ബാനർജി എഴുതിയതിങ്ങനെയാണ് 'അവരുടെ തീരുമാനത്തിൽ  രാജ്യത്തുടനീളം പ്രതിഷേധം ഉടലെടുക്കുകയും, വലിയ രാഷ്ട്രീയ കോളിളക്കങ്ങളുണ്ടാവുകയും ചെയ്തു'. എന്നാൽ, ഈ പ്രതിഷേധങ്ങളെ അവഗണിച്ചുകൊണ്ട് കഴ്‍സൺ പ്രഭു തീരുമാനവുമായി മുന്നോട്ട് പോവുകതന്നെ ചെയ്‍തു. 1905 ഒക്ടോബർ 16 -ന് ഇത് സ്ഥിതീകരിച്ചുകൊണ്ടുള്ള പ്രമേയവും അധികാരികൾ ഇറക്കി.

പ്രമേയത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധമുയർന്നു. ആ പ്രതിഷേധ പ്രകടനങ്ങളിൽ മുൻനിരയിൽ നിന്നിരുന്നത് ഇന്നത്തെപ്പോലെ വിദ്യാർത്ഥികൾ തന്നെയായിരുന്നു. കൊൽക്കത്തയിലെ ഈഡൻ ഹിന്ദു ഹോസ്റ്റലിലെ വിദ്യാർത്ഥികൾ കഴ്‍സൺ പ്രഭുവിന്റെ കോലം  കത്തിക്കുകയും, പരീക്ഷകൾ  ബഹിഷ്‌കരിക്കുകയും ചെയ്‍തു. ധീരതയുടെ പ്രതീകമായി ആ പ്രകടനങ്ങൾ മാറി. തീവ്രമായ ദേശീയതയിൽ നിന്ന് ഉയർന്നുവന്ന ചെറുത്തുനിൽപ്പിന്‍റെ പ്രതിരൂപമായിത്തീർന്നു അവ. ഇത് ധാരാളം വിദ്യാർത്ഥികളെ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ആകർഷിച്ചു. ബംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ബഹുജന പ്രകടനങ്ങളിൽ പങ്കെടുത്തത്. സ്വദേശിയതയും, ബഹിഷ്‌കരണ നയങ്ങളും ഇന്ത്യയിൽ പതുക്കെ ചുവടുറപ്പിക്കുകയായിരുന്നു.  

ഇതിന്റെ ഭാഗമായി കൊൽക്കത്തയിലെ ബിഹാരി വിദ്യാർത്ഥികൾ 1906 ജൂലൈ 26 -ന് ദേശീയതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി ആദ്യത്തെ ബിഹാരി വിദ്യാർത്ഥി സമ്മേളനം വിളിച്ചുകൂട്ടുകയുണ്ടായി. ബീഹാറിന്റെ പോരാട്ട ചരിത്രത്തിൽ ബീഹാർ സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ പങ്ക് വളരെ വലുതാണ്. താമസിയാതെ, ധാരാളം വിദ്യാർത്ഥികൾ, ഗാന്ധിയുടെ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ തുടങ്ങി. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റുചെയ്‍തപ്പോൾ വിദ്യാർത്ഥികളാണ് സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം ഏറ്റെടുത്തത്.

1920 ഡിസംബറിൽ നാഗ്പൂരിൽ ലാലാലജ്‍പത് റായിയുടെ നേതൃത്വത്തിൽ ആദ്യത്തെ അഖിലേന്ത്യാ കോളേജ് സ്റ്റുഡന്റ്സ് കോൺഫറൻസ് നടത്തുകയുണ്ടായി. 'സ്റ്റുഡന്റ് പൊളിറ്റിക്സ്: ഹിസ്റ്റോറിക്കൽ പെർസ്പെക്റ്റീവ്, ചേഞ്ചിംഗ് സീൻ' എന്ന പുസ്‍തകത്തിൽ ഫിലിപ്പ് ജി ആൾട്ട്ബാക്ക് എഴുതിയപോലെ, 1930 -കളിലെ വിദ്യാർത്ഥി പ്രസ്ഥാനം "ആ കാലഘട്ടത്തിലെ രാഷ്ട്രീയ ജീവിതത്തിന്റെ ഏറ്റവും പ്രധാന ഘടകമായിരുന്നു."

നിരവധി വിദ്യാഭ്യാസ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി വിദ്യാർത്ഥികളുടെ ആദ്യത്തെ ദേശീയ സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷൻ (എ.ഐ.എസ്.എഫ്) 1936 -ൽ ആരംഭിച്ചു. ഇതിനുപുറമെ ,1937 -ൽ അഖിലേന്ത്യാ മുസ്‌ലിം ലീഗിന്റെ കീഴിൽ അഖിലേന്ത്യാ മുസ്‌ലിം സ്റ്റുഡന്റ്സ് ഫെഡറേഷനും സ്ഥാപിതമായി. പിന്നീട്, 1942 -ൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിനായുള്ള ആഹ്വാനത്തോടെ വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങൾ ഒരു ബഹുജന പ്രസ്ഥാനമായി വളർന്നു. ഒടുവിൽ, 1945 -ൽ സോഷ്യലിസ്റ്റുകളും, ഗാന്ധിയന്മാരും അഖിലേന്ത്യാ വിദ്യാർത്ഥി കോൺഗ്രസ് രൂപീകരിക്കുകയായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ 1947 വരെ, നാലു പതിറ്റാണ്ടോളം വ്യക്തമായി നിർവചിക്കപ്പെട്ട ലക്ഷ്യങ്ങളിലൂടെ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ രാജ്യത്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തിൽ ഭാഗമായി. പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളും, ഗ്രൂപ്പുപോരുകളും മാറ്റിവച്ച് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായും, ഉന്നതിക്കായും അവർ ഒറ്റക്കെട്ടായി പോരാടി.

വിദ്യാർത്ഥി പ്രതിഷേധത്തിന്റെ നീണ്ട ചരിത്രമുണ്ട് ഇന്ത്യക്ക്. ആധുനിക ഇന്ത്യൻ ചരിത്രത്തിന്റെ മഹത്തായ അധ്യായമാണ് വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യ പോരാട്ടങ്ങൾ. ദേശീയ പ്രസ്ഥാനം ഇന്ത്യയിലെ വിദ്യാർത്ഥികളെ ആദ്യമായി ഒരുകുടക്കീഴിൽ അണിനിരത്തി. എന്നിരുന്നാലും, സ്വാതന്ത്ര്യലബ്‍ധിക്കുശേഷം സ്ഥിഗതികൾ മാറാൻ തുടങ്ങി. സ്വാതന്ത്ര്യം കൈവരിക്കുന്നതിനും, രാജ്യത്തിന്റെ ഉന്നതിക്കുമായി ഒറ്റക്കെട്ടായി പോരാടിയവർ, പ്രാദേശിക പ്രശ്‍നങ്ങളെ അടിസ്ഥാനമാക്കി അസംഘടിത പ്രക്ഷോഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി.

എന്നിരുന്നാലും, എല്ലാകാലത്തും വിദ്യാർത്ഥി പ്രതിഷേധങ്ങൾ പല സംസ്ഥാന സർക്കാരുകളെയും അട്ടിമറിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. ഉദാഹരണത്തിന് പശ്ചിമ ബംഗാളിൽ വിദ്യാർത്ഥികൾ നിരവധി ബഹുജന പ്രസ്ഥാനങ്ങളുടെ ഭാഗമായിട്ടുണ്ട്. ട്രാം ഫെയർ സ്‌ട്രൈക്ക്, ബംഗാൾ-ബീഹാർ ലയന തർക്കം, ഉയർന്ന വേതനത്തിനായി അധ്യാപകരുടെ പണിമുടക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബനാറസ് ഹിന്ദു സർവകലാശാല, അലഹബാദ് സർവകലാശാല, അലിഗഡ് സർവകലാശാല തുടങ്ങിയ ഉത്തർപ്രദേശിലെ മൂന്ന് പ്രമുഖ സർവകലാശാലകളിലെ വിദ്യാർത്ഥികളുടെ പ്രതിഷേധവും രാഷ്ട്രീയവും രാജ്യത്തെ നടുക്കിയിട്ടുണ്ട്. ദേശീയ ഭാഷയായി ഹിന്ദി ആദ്യമായി ഉപയോഗിച്ചതിന് ഉത്തരേന്ത്യയിലെ മറ്റ് ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളിലെ സർവ്വകലാശാലകൾ പ്രക്ഷോഭം നടത്തിയിരുന്നു.

1970 -കളിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ രാഷ്ട്രീയത്തിൽ ഒരു മാതൃകാപരമായ മാറ്റം കൊണ്ടുവരികയുണ്ടായി. ജയ പ്രകാശ് നാരായണന്റെ നേതൃത്വത്തിൽ 1974 -ലെ ബീഹാർ വിദ്യാർത്ഥി പ്രസ്ഥാനം തെരഞ്ഞെടുപ്പ് പരിഷ്‍കാരങ്ങൾ, അവശ്യവസ്‍തുക്കൾക്ക് ന്യായമായ വില, വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പുനസംഘടന തുടങ്ങിയ വിശാലമായ സാമൂഹിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 1973-74 കാലഘട്ടത്തിൽ ഗുജറാത്തിലെ വിദ്യാർത്ഥി പ്രസ്ഥാനം സംസ്ഥാന സർക്കാരിനെ താഴെയിറക്കുകയും സംസ്ഥാന നിയമസഭ പിരിച്ചുവിടാൻ പ്രധാനമന്ത്രിയുടെ മേൽ സമ്മർദ്ദം ചെലുത്തുകയും ചെയ്‍തിരുന്നു.

എന്നാൽ 1975-77 -ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത്, വിദ്യാർത്ഥി യൂണിയൻ നേതാക്കളെ ജയിലിലടക്കുകയുണ്ടായി. ഇത് വിദ്യാർത്ഥി പ്രവർത്തനത്തിന് കനത്ത തിരിച്ചടിയായി. എന്നിരുന്നാലും, അടിയന്തരാവസ്ഥ റദ്ദാക്കിയയുടനെ, മൂന്ന് പതിറ്റാണ്ടോളം തുടർച്ചയായി ഭരിച്ച കോൺഗ്രസ് സർക്കാരിനെ കേന്ദ്രത്തിൽ നിന്ന് പുറത്താക്കുന്നതിൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ പ്രധാന പങ്ക് വഹിച്ചു.

എന്നാൽ, എല്ലാത്തിനും രണ്ടു വശങ്ങളുണ്ട് എന്നുപറയുംപോലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കും അതിന്‍റേതായ പ്രശ്‍നങ്ങളുണ്ട്. വിദ്യാർത്ഥികളുടെ മുന്നേറ്റങ്ങൾ പലപ്പോഴും ലക്ഷ്യബോധങ്ങളിൽനിന്ന് വ്യതിചലിച്ചു. ഉദാഹരണത്തിന്, ബംഗാളിലും ആന്ധ്രയിലും യൂണിവേഴ്‍സിറ്റികൾ നക്സലൈറ്റുകളുടെ കേന്ദ്രമായി മാറി. അതുപോലെ,  ഉത്തർപ്രദേശും ദില്ലി സർവ്വകലാശാലകളും വലതുപക്ഷ ഹിന്ദുത്വ തീവ്രവാദത്തിന്റെ കേന്ദ്രമായും പ്രവർത്തിച്ചിട്ടുണ്ട്.

ഫിലിപ്പ് ജി ആൽ‌ബാക്ക് എഴുതുന്നതുപോലെ, “വിദ്യാർത്ഥി രാഷ്ട്രീയ ആക്ടിവിസം വളരെ സങ്കീർണ്ണവും ബഹുമുഖവുമായ ഒരു പ്രതിഭാസമാണ്. വിശദീകരിക്കാൻ വളരെ ബുദ്ധിമുട്ടാണ്, പ്രവചിക്കാൻ വളരെ പ്രയാസമാണ്." എന്നാൽ ചരിത്രം ശ്രദ്ധിച്ചാൽ, ലോകമെമ്പാടുമുള്ള പ്രത്യേകിച്ച് ഇന്ത്യയിലെ, വിദ്യാർത്ഥി പ്രതിഷേധത്തിന് ഭരണകൂടങ്ങളെ അട്ടിമറിക്കാനും ശക്തരായ സ്വേച്ഛാധിപതികളെ മുട്ടുകുത്തിക്കാനും കഴിഞ്ഞിട്ടുണ്ട് എന്ന് മനസിലാക്കാം.

മോദി-ഷാ സർക്കാരിന്റെ അടുത്തുവരുന്ന പതനത്തിന്റെ വ്യക്തമായ സൂചനയാണ് രാജ്യത്തുടനീളം നടന്നുവരുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾ. അപമാനകരമായ ഒരു തിരഞ്ഞെടുപ്പ് പരാജയം നേരിടേണ്ടയെങ്കിൽ, ഈ ഭിന്നിപ്പിക്കൽ നയങ്ങളെ ഇന്ത്യയുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാതെ,  പകരം വിദ്യാർത്ഥികളുടെ ഉയർന്നു വരുന്ന പ്രതിരോധ ശബ്‍ദങ്ങൾക്ക് അവർ കാതുകൊടുത്തേ മതിയാകൂ. 


 

Follow Us:
Download App:
  • android
  • ios