Asianet News MalayalamAsianet News Malayalam

നാസി അനുഭാവികളുടെ കുത്തൊഴുക്ക് തടയാൻ, ഹിറ്റ്‌ലർ ജനിച്ച വീട് പൊലീസ് സ്റ്റേഷനാക്കി മാറ്റാനൊരുങ്ങി ഓസ്ട്രിയ

അധികം വൈകാതെ ഹിറ്റ്‌ലർ ജനിച്ച വീട് ഒരു സ്മാരകമായും, ഒരു തീർത്ഥാടന കേന്ദ്രമായും ഒക്കെ മാറാനുള്ള സാധ്യതയുണ്ട്. അതിനു തടയിടാനാണ് ഇങ്ങനെയൊരു നീക്കം.

 

Hitlers home to be converted to a police station
Author
Austria, First Published Jun 4, 2020, 2:33 PM IST

ഓസ്ട്രിയയുടെ ജർമൻ അതിർത്തിയോടു ചേർന്ന് കിടക്കുന്ന 'ബ്രൗനൗ ആം ഇൻ' -ലെ തെരുവുകളിൽ ഒന്നിൽ  വാനിലാ ഷെയ്ഡിലുള്ള ചായം പൂശിയ ഒരു മൂന്നു നില വീടുണ്ട്. പൂപ്പൽ വീണ ജനൽച്ചില്ലുകളും, അഴുക്കുപുരണ്ട ചുവരുകളുമുള്ള ഈ വീടുകണ്ടാൽ വിശേഷിച്ചൊന്നും ആർക്കും തോന്നിയെന്നുവരില്ല. എന്നാൽ, ഈ വീടിന് വലിയൊരു ചരിത്ര പ്രാധാന്യമുണ്ട്. 1889 ഏപ്രിൽ 20 -ന് നഗരത്തിലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മകനായി ഈ വീട്ടിൽ പിറന്നുവീണ ഒരു കുഞ്ഞ് പിന്നീട് ഹിറ്റ്‌ലർ എന്നപേരിൽ ലോക ചരിത്രത്തെ ആകെ മാറ്റിമറിച്ച ഒരു രാഷ്ട്രനേതാവായി. രക്തരൂക്ഷിതമായ ഒട്ടേറെ കൂട്ടക്കൊലയുടെ സൂത്രധാരനായി. 

ഏറെക്കാലം ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ഈ കെട്ടിടത്തിൽ അടുത്തിടെ വീണ്ടും ഇടയ്ക്കിടെ ആൾപെരുമാറ്റം കാണാൻ തുടങ്ങിയ പ്രദേശത്തെ അധികാരികൾ വന്നുപോകുന്നവരെ നിരീക്ഷിക്കാൻ തുടങ്ങി. ആ വീട്ടിലേക്ക് ഇടയ്ക്കിടെ വന്നുപോയിരുന്ന സന്ദർശകർ ഹിറ്റ്‌ലറുടെ വംശീയവെറിയുടെ ആരാധകരായ നവനാസികൾ ആയിരുന്നു. ഈ വരവിന് തടയിടാതിരുന്നാൽ അധികം വൈകാതെ ഹിറ്റ്‌ലർ ജനിച്ച വീട് ഒരു സ്മാരകമായും, ഒരു തീർത്ഥാടന കേന്ദ്രമായും ഒക്കെ മാറാനുള്ള സാധ്യതയുണ്ട് എന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ കൂടി ആയതോടെ അതിന് എങ്ങനെ തടയിടാം എന്ന ചിന്തയിലായി ഓസ്ട്രിയൻ ഗവൺമെന്റ്. 

 

Hitlers home to be converted to a police station

 

ജർലിൻഡ് പൊമ്മർ എന്ന ഉടമയിൽ നിന്ന് ഏറെക്കുറെ ബലം പ്രയോഗിച്ചും, പിന്നീട് നിയമയുദ്ധം നടത്തിയുമാണ് ഓസ്ട്രിയൻ ഗവൺമെന്റ് ഈ കെട്ടിടം സ്വന്തമാക്കിയത്. കഴിഞ്ഞ നവംബറിലാണ് ഈ വീടിനെ ഇടിച്ചു കളഞ്ഞ് അവിടെ പുതിയ ഡിസൈനിൽ നല്ലൊരു പൊലീസ് സ്റ്റേഷൻ പണിയാം എന്ന ആശയത്തിന് അംഗീകാരം കിട്ടിയത്. ഓസ്ട്രിയയുടെ ആഭ്യന്തര വകുപ്പ് ഇതിനായി യൂറോപ്യൻ യൂണിയനിൽ ഒരു 'ഡിസൈൻ മത്സര'വും നടത്തി.  മാർട്ടെ.മാർട്ടെ ആർക്കിറ്റെക്റ്റ്സ് എന്ന സ്ഥാപനത്തിന്റെ സമ്മാനാർഹമായ ഡിസൈൻ കഴിഞ്ഞ ചൊവ്വാഴ്ച അനാച്ഛാദനം ചെയ്യപ്പെട്ടിരുന്നു. 

 

Hitlers home to be converted to a police station

'പുതിയ ഡിസൈൻ '

അഞ്ചു മില്യൺ യൂറോ ചെലവിട്ട് നിർമിക്കുന്ന പുതിയ കെട്ടിടത്തിന് മഞ്ഞയ്ക്കു പകരം വെളുത്ത നിറമായിരിക്കും.  2023 -ൽ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി ഇവിടെ  പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചു തുടങ്ങും എന്ന് പ്രതീക്ഷിക്കുന്നതായി അധികാരികൾ പറഞ്ഞു. 

 

Hitlers home to be converted to a police station

 

ഇന്ന് ഈ കെട്ടിടത്തിൽ ഹിറ്റ്ലറുടെ ഓർമ നിലനിർത്തുന്ന ഒരു ശിലാഫലകം മാത്രമാണുള്ളത്. ഹിറ്റ്ലറുടെ നൂറാം ജന്മവാർഷികത്തിലാണ്, രണ്ടാം ലോകമഹായുദ്ധത്തിന്റെ ഇരകൾക്കുള്ള സ്മാരകമായി, ആ ഫലകം ഈ കെട്ടിടത്തിനരികിൽ സ്ഥാപിക്കപ്പെടുന്നത്. ആ ഫലകത്തിൽ കോറിയിട്ട വാക്കുകൾ ഇങ്ങനെയാണ്, " സമാധാനത്തിന്, സ്വാതന്ത്ര്യത്തിന്, ജനാധിപത്യത്തിന്.  ഇനി ഒരിക്കലും ഫാസിസം പുലരാതിരിക്കാൻ... അത് ജീവനെടുത്ത കോടിക്കണക്കിനു പേരുടെ ഓർമയ്ക്ക്..." 

Follow Us:
Download App:
  • android
  • ios