ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുതയുണ്ടെങ്കിലും ഇത് സംബന്ധിച്ച നിയമങ്ങളൊന്നും പാര്‍ലമെന്‍റ് പാസാക്കിയിട്ടില്ല. എന്നാല്‍ സുപ്രീംകോടതി ഐ പി സി 377 എടുത്തുകളഞ്ഞതോടെ സ്വവര്‍ഗാനുരാഗികള്‍ക്ക് ഒന്നിച്ച് ജീവിക്കുന്നതില്‍ തടസ്സമില്ല

ദില്ലി: സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്ന ഏഷ്യയിലെ ആദ്യ രാജ്യമെന്ന ചരിത്ര നേട്ടം തായ്‍ലന്‍ഡ് സ്വന്തമാക്കി കഴിഞ്ഞു. വെള്ളിയാഴ്ച പാര്‍ലമെന്‍റില്‍ നടന്ന വോട്ടെടുപ്പില്‍ ഇത് സംബന്ധിച്ച ബില്‍ പാസാക്കിയതോടെയാണ് ചരിത്രം തായ്‍ലന്‍ഡില്‍ വഴി മാറിയത്. ബെൽജിയം, സ്പെയിൻ, നോർവേ, സ്വീഡൻ, പോർച്ചുഗൽ, ഐസ്ലാൻഡ് , ഡെന്മാർക്ക് , ഫ്രാൻസ്, ബ്രിട്ടൻ, ലക്സംബർഗ്, അയർലന്റ്, ഫിൻലാന്റ്, മാൾട്ട , ജർമ്മനി , ഓസ്ട്രേലിയ,നെതർലാൻഡ്‌ എന്നീ യൂറോപ്യൻ രാജ്യങ്ങളിൽ ഇതുവരെ സ്വവർ​ഗവിവാഹം നിയമവിധേയമായിട്ടുണ്ട്. 

മെക്സിക്കോയിലെ ചില പ്രവിശ്യകളും യുഎസ്എ യിലെ സംസ്ഥാനങ്ങളും ഈ ഗണത്തിൽപ്പെടുന്നു. 1989- ൽ ഡെന്മാർക്കിൽ ആദ്യത്തെ സ്വവർഗ്ഗവിവാഹം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും 2001ൽ നെതർലാൻഡാണ് സ്വവർഗവിവാഹങ്ങളെ നിയമപരമായി അംഗീകരിക്കുന്ന ലോകത്തിലെ പ്രഥമരാഷ്ട്രമെന്ന ഖ്യാതി സ്വന്തമാക്കിയത്. ലോകം ഇത്രമേല്‍ പുരോഗമിക്കുമ്പോള്‍ സ്വവര്‍ഗ ലൈംഗികതയുടെ കാര്യത്തില്‍ ഇന്ത്യയിലെ നിയമ നിര്‍മ്മാണം പാതി വഴിയില്‍ എത്തി നില്‍ക്കുന്നതേയുള്ള എന്നതാണ് യാഥാര്‍ത്ഥ്യം.

ഇന്ത്യയിലെ അവസ്ഥ

ഇക്കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് സ്വവര്‍ഗ ലൈംഗികത സംബന്ധിച്ചുള്ള നിയമം രാജ്യത്തെ പരമോന്നത കോടതി പരിഷ്കരിച്ചത്. ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഐ പി സി 377 എടുത്തുകളയുകയും ചെയ്തു. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനപ്പെട്ടതെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവത്തില്‍ ചൂണ്ടികാട്ടുകയും ചെയ്തിരുന്നു. ഐപിസി 377 ഏകപക്ഷീയവും യുക്തിരഹിതമാണെന്നും വ്യക്തമാക്കിയാണ് പരമോന്നത കോടതി ഇത് റദ്ദാക്കിയത്.

സ്വവര്‍ഗ രതി കുറ്റകരമായതെങ്ങനെ

പ്രകൃതി നിയമത്തിനെതിരാണന്ന് ചൂണ്ടിക്കാട്ടിയാണ് 1861ല്‍ സ്വവര്‍ഗ്ഗരതിയെ കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വരുന്നത്. ഈ നിയമം സ്വാതന്ത്രപ്രാപ്തിക്കു ശേഷവും തുടര്‍ന്നു. നിയമ കമ്മീഷന്‍റെ 172ാമത് റിപ്പോര്‍ട്ടില്‍ നിയമം നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ചെങ്കിലും പ്രാപല്യത്തില്‍ വന്നില്ല. 2011ല്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം എല്‍ജിബിറ്റി സമൂഹത്തിന് നിയമപരിരക്ഷ ഉറപ്പാക്കാൻ ലോക രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിരിന്നു. ഇതോടെ

157 വര്‍ഷങ്ങള്‍ക്ക് ശേഷം ചരിത്രം വഴിമാറിയതെങ്ങനെ

സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതിയുടെ വിധി 2018 സെപ്തംബര്‍ മാസത്തില്‍ പുറത്തുവന്നപ്പോള്‍ 157 വര്‍ഷത്തിന്‍റെ ചരിത്രമാണ് വഴിമാറിയത്. പ്രകൃതി നിയമത്തിനെതിരാണന്ന് ചൂണ്ടിക്കാട്ടി 1861 ലാണ് സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്നത്. രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ചിറകടിച്ചുയര്‍ന്നിട്ടും സ്വവര്‍ഗാനുരാഗികളുടെ സ്വാതന്ത്ര്യം ക്രിമിനല്‍ കുറ്റമെന്ന ചട്ടകൂടിനുള്ളില്‍ തന്നെ ശേഷിച്ചു.

സ്വാതന്ത്ര്യത്തിന്‍റെ അരനൂറ്റാണ്ട് പിന്നിട്ട ശേഷമാണ് സ്വവര്‍ഗ ലൈഗികത നിയമ വിധേയമാക്കണമെന്ന ആവശ്യം തന്നെ രാജ്യത്തിന്‍റെ മുഖ്യധാരയിലേക്ക് ഉയര്‍ന്നുവന്നത്. നിയമ കമ്മീഷന്‍റെ 172 ാമത് റിപ്പോര്‍ട്ടായിരുന്നു ഏറ്റവും നിര്‍ണായകമായ ചുവടുവച്ചത്. സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന നിയമം നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ചെങ്കിലും പ്രാപല്യത്തില്‍ വന്നില്ല. പക്ഷെ അതൊരു വലിയ ചുവടുവയ്പ്പായിരുന്നു.

2009 ജൂലൈയില്‍ ദില്ലി ഹൈക്കോടതിയാണ് സ്വവര്‍ഗ ലൈംഗികതയില്‍ ചരിത്രം കുറിച്ച ആദ്യ വിധി പുറപ്പെടുവിച്ചത്. സ്വവര്‍ഗ ലൈംഗികത കുറ്റമല്ലെന്നും നിയമവിധേയമാണെന്നും ദില്ലി ഹൈക്കോടതി നിസംശയം വിധി പുറപ്പെടുവിച്ചു. എന്നാല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള അധികാരമെന്ന നൂലാമാലകള്‍ ചോദ്യമായപ്പോള്‍ സുപ്രീംകോടതിയുടെ ഇടപെടലുണ്ടായി

നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള അധികാരം പാര്‍ലമെന്‍റിനാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി 2013 ഡിസംബര്‍ 11 ന് ദില്ലി ഹൈക്കോടതി വിധി റദ്ദാക്കി. സ്വവര്‍ഗ ലൈംഗികത വീണ്ടും കുറ്റകൃത്യമായി മാറ്റിയ ജസ്റ്റിസ് ജി.എസ്.സിംഗ്‍വി അധ്യക്ഷനായ കോടതി വിധി രാജ്യത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. പിന്നീട് 2016ൽ 377-ാം വകുപ്പിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് നിരവധി പുതിയ ഹര്‍ജികൾ സുപ്രീംകോടതിക്ക് മുമ്പാകെ എത്തി. ഈ ഹര്‍ജികളെല്ലാം പരിശോധിച്ച പരമോന്നത കോടതി സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമാകുന്നതിനെക്കാള്‍ വലുത് ജീവിക്കാനുള്ള അവകാശമാണ് വലുതെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ചതോടെ ഒന്നര നൂറ്റാണ്ടിന്‍റെ ചരിത്രമാണ് കാറ്റില്‍ പറന്നത്.

സ്വവര്‍ഗ വിവാഹത്തിന്‍റെ നിയമ സാധുത

ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുതയുണ്ടെങ്കിലും ഇത് സംബന്ധിച്ച നിയമങ്ങളൊന്നും പാര്‍ലമെന്‍റ് പാസാക്കിയിട്ടില്ല. എന്നാല്‍ സുപ്രീംകോടതി ഐ പി സി 377 എടുത്തുകളഞ്ഞതോടെ സ്വവര്‍ഗാനുരാഗികള്‍ക്ക് ഒന്നിച്ച് ജീവിക്കുന്നതില്‍ തടസ്സമില്ല.