ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി. ജെഎൻയുവിൽ ജനുവരി അഞ്ചാം തീയതി, ഞായറാഴ്ച, വലിയ തോതിലുള്ള അക്രമങ്ങൾ നടന്നു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമെതിരെ മുഖംമൂടിധാരികളായ അക്രമികൾ മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമങ്ങൾ അഴിച്ചുവിട്ടു. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ള നിരവധി പേർക്ക് മാരകമായി പരിക്കേറ്റു. പൊലീസ് ഇക്കാര്യം വിശദമായി അന്വേഷിച്ചു എന്നവകാശപ്പെടുന്നുണ്ടെങ്കിലും, ഇന്നുവരെ ആരെയെങ്കിലും തിരിച്ചറിയാനോ അറസ്റ്റു ചെയ്യാനോ അവർക്കായിട്ടില്ല. ഇന്ത്യാ ട്യൂബ് അടക്കമുള്ള പല മാധ്യമങ്ങളും സ്റ്റിങ്ങ് ഓപ്പറേഷനുകളും മറ്റും നടത്തി അക്രമികളുടെ മൊഴികൾ അടക്കം പല നിർണായകമായ വെളിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്. അന്വേഷണങ്ങൾ പുരോഗമിക്കുന്ന ഈ വേളയിലും, സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഒരു കാര്യം ഇതായിരുന്നു - എങ്ങനെയാണ് ഇത്രയധികം അക്രമികൾ ജെഎൻയു ക്യാമ്പസിന്റെ കാവലുള്ള ഗേറ്റ് കടന്ന് അകത്തെത്തിയത്? 

ഇതിനുള്ള ഉത്തരം, ജെഎൻയുവിന്റെ സരസ്വതീപുരം ഗേറ്റിൽ അന്നുവൈകുന്നേരം കാവലുണ്ടായിരുന്ന സെക്യൂരിറ്റി ഓഫീസർ ജിവി ഥാപ്പയുടെ മൊഴിയിൽ അടങ്ങിയിട്ടുണ്ട്. ഹിന്ദി മാധ്യമമായ 'ദ ലല്ലൻടോപ്പി'നോട് സംസാരിക്കുകയായിരുന്നു ഥാപ്പ. കഴിഞ്ഞ മൂന്നുമാസമായി അതേ ഗേറ്റിൽ തന്നെയാണ് ഥാപ്പയെ വിന്യസിച്ചിട്ടുള്ളത്. ക്യാമ്പസിന് അകത്തേക്ക് കയറിവരുന്നവരുടെ ഐഡന്റിന്റി കാർഡ് പരിശോധിക്കുക എന്നതായിരുന്നു സെക്യൂരിറ്റി ഗാർഡ് ഥാപ്പയിൽ നിക്ഷിപ്തമായിരുന്ന കർത്തവ്യം. 

വൈകുന്നേരം ഏഴുമണിയോടെയാണ് പത്തുപതിനഞ്ചു പേർ മുഖംമൂടിയണിഞ്ഞുകൊണ്ട്, കയ്യിൽ മാരകായുധങ്ങളുമായി കടന്നുവന്നത്. അകത്തു കടക്കാൻ അനുവദിക്കാനാകില്ല എന്നുപറഞ്ഞ ഥാപ്പയെ അവർ  ഭീഷണിപ്പെടുത്തി. "നിനക്ക് അടിവേണോ? നിനക്കും ചാവണോ?വേണ്ടെങ്കിൽ മര്യാദയ്ക്ക് ഞങ്ങളെ അകത്തുവിട്ടോ. ഇല്ലെങ്കിൽ നീയും അടി മേടിക്കും. നിനക്കറിഞ്ഞൂടാ അകത്ത് എന്തൊക്കെയാണ് നടക്കുന്നത് എന്ന്" ഇത്രയും പറഞ്ഞ് തന്നെ തള്ളി വശത്തേക്ക് മാറ്റി വന്നവർ അകത്തേക്ക് കയറിപ്പോവുകയായിരുന്നു എന്നാണ് ഥാപ്പ പറഞ്ഞത്. ഒറ്റയ്ക്കായിരുന്നതുകൊണ്ട് അവരെ തടഞ്ഞുനിർത്താൻ സാധിക്കാതെ നിസ്സഹായനായി നോക്കിനിൽക്കേണ്ടി വന്നു എന്നും. 

അപ്പോൾ അവിടെ പൊലീസ് ഇല്ലായിരുന്നു. പൊലീസ് സ്റ്റേഷനിലേക്ക് ഥാപ്പ കാര്യം വിളിച്ച് അറിയിച്ചപ്പോൾ, അവർ പെട്ടെന്ന് തന്നെ ഒരു ജീപ്പിൽ ഗേറ്റ് വരെ വന്നു എങ്കിലും, വന്നവർ ''ഞങ്ങൾ 'ഓഫ് ഡ്യൂട്ടി' ആണ്, സ്റ്റേഷനിൽ സീനിയർ ഇൻസ്‌പെക്ടറെ വിളിച്ച് കാര്യം പറയൂ'' എന്നാണ് പറഞ്ഞത്. ഗാർഡിന്റെ ഈ വെളിപ്പെടുത്തൽ പൊലീസിന്റെ കാര്യക്ഷമതക്ക് മേലും ചോദ്യചിഹ്നം ഉയർത്തിയിരിക്കുകയാണ്.