വറ്റല്‍മുളകിന് കേരളത്തില്‍ വില കുതിച്ചുയര്‍ന്നതുകണ്ട് അന്തംവിട്ടിരിക്കുകയാണ് ജനം. കിലോയ്ക്ക് 200 രൂപയ്ക്ക് മുകളിലാണ് ഇപ്പോള്‍ വില. വറ്റല്‍മുളകിലെ ഇനങ്ങളായ പിരിയനും പാണ്ടിയുമാണ് 40 രൂപയുടെ വര്‍ദ്ധനവുമായി ആളുകളെ ഞെട്ടിച്ചത്. നമ്മുടെ അടുക്കളത്തോട്ടത്തില്‍ കൃഷി ചെയ്താല്‍ അത്യാവശ്യത്തിനുള്ള മുളക് നമുക്ക് തന്നെ പറിച്ചെടുക്കാം. അന്യസംസ്ഥാനങ്ങളിലുണ്ടായ പ്രളയമാണ് മുളകിന്റെ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചത്.

വറ്റല്‍മുളക് യഥാര്‍ഥത്തില്‍ കാപ്സിക്കം എന്ന വിഭാഗത്തില്‍പ്പെടുന്നതാണ്. തെക്കേ അമേരിക്കയിലാണ് ജന്മസ്ഥലം. മുളക് ഇന്ന് പച്ചക്കറിയായും എരിവ് നല്‍കാനും ഔഷധങ്ങളിലുമെല്ലാം ഉപയോഗിക്കുന്നുണ്ട്.

നമ്മള്‍ ഉണക്കമുളകായ് ഉപയോഗിക്കുന്നത് ഹോട്ട് പെപ്പര്‍ എന്നറിയപ്പെടുന്ന ക്യാപ്സിക്കം ആനം എന്ന വിഭാഗത്തിലെ മുളകുകളാണ്. യഥാര്‍ഥത്തില്‍ മുളകിന് ചുവന്ന നിറം നല്‍കുന്നത് ക്യാപ്സാന്തിന്‍ എന്ന ഘടകമാണ്. നല്ല എരിവിന് കാരണമാകുന്നത് ക്യാപ്സെസിന്‍ എന്ന ഘടകവും.

എങ്ങനെ മുളക് കൃഷി ചെയ്യാം?

മുളക് കൃഷി ചെയ്യുന്നത് തൈകള്‍ പറിച്ചു നട്ടാണ്. വിത്ത് പാകുമ്പോള്‍ ശ്രദ്ധിക്കണം. ചട്ടികളിലും പ്രോട്രേകളിലും കമ്പോസ്റ്റും ചകിരിച്ചോറും തുല്യഅളവില്‍ കൂട്ടിച്ചേര്‍ത്ത പോട്ടിങ്ങ് മിശ്രിതമാണ് നല്ലത്. ഇങ്ങനെ തയ്യാറാക്കിയ മിശ്രിതത്തില്‍ മുളകിന്റെ വിത്തുകള്‍ പാകാം. ഒരു മാസം വളര്‍ച്ചയെത്തിയാല്‍ തൈകള്‍ പറിച്ചുനടാവുന്നതാണ്.


വറ്റല്‍ മുളക് കൃഷിക്ക് എങ്ങനെ മണ്ണ് ഒരുക്കാം?

മണ്ണ് നല്ലവണ്ണം കിളച്ചൊരുക്കണം. ജൈവളമാണ് നല്ലത്. ആഴമില്ലാത്ത ചാലുകളും കുഴികളുമാണ് വേണ്ടത്. ഇതിലേക്ക് മുളച്ച തൈകള്‍ നടാം.
അടുക്കളത്തോട്ടത്തില്‍ കൂടുതല്‍ മുളക് ചെടികള്‍ ഉണ്ടാക്കുകയാണെങ്കില്‍ നിശ്ചിത അകലം നല്‍കുന്നത് നല്ലതാണ്. ചില മുളകുകള്‍ പടര്‍ന്ന് വളരില്ല. കാന്താരി മുളക് പടര്‍ന്ന് വളരുന്ന സ്വഭാവമുള്ളതാണ്. 75 X 75 സെമീ ഇടയകലം നല്‍കുന്നതാണ് ഇത്തരം മുളകുകള്‍ക്ക് നല്ലത്.


വറ്റല്‍ മുളക് കൃഷിക്ക് എന്തൊക്കെ വളങ്ങള്‍ ഉപയോഗിക്കണം?

ചാണകപ്പൊടി,മണ്ണിര കമ്പോസ്റ്റ്,ചകിരിച്ചോറ്,എല്ലുപൊടി,കോഴിക്കാഷ്ഠം,എന്നിവയെല്ലാമാണ് അനുയോജ്യമായ ജൈവവളം.
കൂടാതെ ജീവാണുവളവും നല്‍കാം. അസോസ്പെറില്ലം,മൈക്കോറൈസ എന്നിവയും വിളവ് നല്‍കും.
25 ഗ്രാം ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ആഴ്ചയില്‍ ഒരിക്കല്‍ നല്‍കാം. ഗോമൂത്രം അല്ലെങ്കില്‍ വെര്‍മി വാഷ് 8 ഇരട്ടിയായി നേര്‍പ്പിച്ചത് തളിച്ചുകൊടുക്കാം.


വറ്റല്‍ മുളക് കൃഷിക്ക് പരിചരണം അത്യാവശ്യമാണോ?

വേനല്‍ക്കാലമാണെങ്കില്‍ രാവിലെയും വൈകീട്ടും നനയ്ക്കണം. ചാണകപ്പൊടിയോ കമ്പോസ്റ്റോ ഇട്ടുകൊടുത്താല്‍ വിളവ് വര്‍ധിക്കും.
മുളകില്‍ നിന്ന് വിളവെടുപ്പ് കഴിഞ്ഞാല്‍ പോട്ടിങ്ങ് മിശ്രിതത്തില്‍ ജൈവവളം ചേര്‍ത്ത് വെയില്‍ കൊള്ളിക്കണം. എന്നാല്‍ അടുത്ത വിള നടാന്‍ ഉപയോഗിക്കാം.
ചെടികള്‍ക്ക് താങ്ങ് കൊടുക്കുകയും നട്ട് രണ്ട് മാസങ്ങള്‍ക്കുശേഷം മണ്ണ് കയറ്റിക്കൊടുക്കാം. അതുപോലെ ഉണങ്ങിയ ഇലകള്‍ ഉപയോഗിച്ച് പുതയിടലും നടത്തണം.


കാന്താരിമുളകിന് ഡിമാന്റ് ഉണ്ടോ? 

കാന്താരിമുളക് മാര്‍ക്കറ്റുകളില്‍ ഡിമാന്റുള്ള താരം തന്നെയാണ്. അല്‍പം ശ്രദ്ധിച്ചാല്‍ വീട്ടുവളപ്പില്‍ കൃഷി ചെയ്യാവുന്നതാണ് ഇതും.
പഴുത്ത കായകള്‍ കീറിയാണ് ചെറിയ വിത്തുകള്‍ എടുക്കുന്നത്. മണ്ണ് പൊടിയാക്കി ചാണകപ്പൊടിയും മണലും കൂട്ടിക്കലര്‍ത്തി നനച്ചാണ് വിത്തുകള്‍ പാകേണ്ടത്.
വിത്ത് വിതറിക്കഴിഞ്ഞാല്‍ ചെറിയ ഇലകള്‍ മുകളില്‍ വിതറി ഒന്നിടവിട്ട ദിവസങ്ങളില്‍ നനയ്ക്കണം. അഞ്ചോ ആറോ ദിവസം കൊണ്ട് വിത്തുകള്‍ മുളയ്ക്കും.
കടലപ്പിണ്ണാക്കും വേപ്പിന്‍ പിണ്ണാക്കും കുതിര്‍ത്ത വെള്ളവും ചാണകം കലക്കി ഊറ്റിയെടുത്ത വെള്ളവും ചേര്‍ത്ത് പതുക്കെ ഒഴിച്ചുകൊടുക്കാം.
നീര്‍വാര്‍ച്ചയുള്ള ചരല്‍മണ്ണിലാണ് കാന്താരി സമൃദ്ധമായി വളരുന്നത്. സൂര്യപ്രകാശം ആവശ്യമാണ്.


തൈകള്‍ പറിച്ചുനടുമ്പോള്‍ അടിവളമായി ഉണങ്ങിയ ഇലകള്‍ കൊണ്ടുള്ള കമ്പോസ്റ്റും ട്രൈക്കോഡെര്‍മയാല്‍ സമ്പുഷ്ടമാക്കിയ ചാണകപ്പൊടിയും കലര്‍ത്തി തടമെടുക്കാം. വേര് പൊട്ടിപ്പോകാതെ പറിച്ചെടുത്ത് നടണം. തൈകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം കൊടുക്കാം. വേര് വന്ന് നന്നായി വളരാന്‍ തുടങ്ങിയാല്‍ റോക്ക് ഫോസ്ഫേറ്റും എല്ലുപൊടിയും ചേര്‍ത്തിളക്കാം.

മുളക് കൃഷി ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? 

മുളകില്‍ നിന്ന് വിത്ത് എടുക്കണമെങ്കില്‍ വിളഞ്ഞ് പഴുത്ത മുളകുകള്‍ പറിച്ച് ചെറിയ കഷണങ്ങളാക്കി ഒരു ദിവസം വെള്ളത്തിലിട്ടു വെക്കുക. കൈ കൊണ്ട് നന്നായി ഞെരടിയാല്‍ വെള്ളത്തിനടിയില്‍ വിത്ത് അടിയും. ഇത് വെയിലില്‍ ഉണക്കിയെടുത്ത് ചാരം പുരട്ടിവെക്കുക.കാറ്റുകടക്കാത്ത കുപ്പിയില്‍ വിത്തുകള്‍ സൂക്ഷിച്ചു വെക്കാം.

രണ്ട് ടേബിള്‍ സ്പൂണ്‍ തൈരില്‍ 5ഗ്രാം പാല്‍ക്കായം ചേര്‍ത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ ഈ മിശ്രിതം ഇളക്കിച്ചേര്‍ത്ത് തളിച്ചാല്‍ മുളക് പൂവിടാന്‍ സഹായിക്കും.
ഇലകള്‍ക്ക് രോഗം വന്ന് നശിച്ചാല്‍ കൊമ്പുകള്‍ മുറിച്ചു കളയണം. കുമ്മായവും വേപ്പിന്‍ പിണ്ണാക്കും ചെടിയുടെ ചുവട്ടില്‍ വളമായി നല്‍കണം.