മധുരക്കിഴങ്ങ് സാധാരണ മണ്ണ് കിളച്ചൊരുക്കി കൃഷിഭൂമിയിലാണ് വളര്‍ത്താറുള്ളത്. എന്നാല്‍, പാത്രങ്ങളില്‍ വളര്‍ത്താന്‍ യോജിച്ച ഇനങ്ങളുമുണ്ട്. ചെറിയ ഇനങ്ങളാണ് ഇങ്ങനെ വളര്‍ത്താന്‍ അനുയോജ്യം. പോര്‍ട്ടോ റിക്കോ, വര്‍ദമാന്‍ തുടങ്ങി ചില പ്രത്യേക ഇനങ്ങള്‍ പാത്രങ്ങളില്‍ വളര്‍ത്താന്‍ ഏറെ അനുയോജ്യമാണ്. മധുരക്കിഴങ്ങിന്റെ ഇളം ഇലകളും ഭക്ഷ്യയോഗ്യമാണ്. സ്വീറ്റ് പൊട്ടറ്റോ എന്നാണ് ഇംഗ്ലീഷില്‍ വിളിക്കുന്നതെങ്കിലും സാധാരണ ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും ഒരേ കുടുംബക്കാരാണെന്ന് തെറ്റിദ്ധരിക്കല്ലേ. പാത്രങ്ങളില്‍ വളര്‍ത്തുമ്പോള്‍ 24 ഡിഗ്രി സെല്‍ഷ്യസ് താപനിലയും നല്ല സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലം കണ്ടെത്തിയാല്‍ മതി.

നിരവധി പോഷകഗുണങ്ങളുള്ള മധുരക്കിഴങ്ങ് രണ്ടു വ്യത്യസ്‍ത ഇനത്തില്‍ ലഭ്യമാണ്. വരണ്ട ഉള്‍ഭാഗമുള്ളതും ഈര്‍പ്പമുള്ള മാംസളമായ ഭാഗമുള്ളതും. ഈര്‍പ്പമുള്ള മധുരക്കിഴങ്ങ് പാചകം ചെയ്യുമ്പോള്‍ അതിലടങ്ങിയ അന്നജം ഷുഗര്‍ ആയി രൂപാന്തരം പ്രാപിക്കുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന ഇവ മൃദുവും മധുരമുള്ളതുമായി മാറുന്നു. മധുരക്കിഴങ്ങിന്റെ വേരുകള്‍ പടര്‍ന്ന് വളരുന്നതും ഇവയുടെ ചിലഭാഗങ്ങളില്‍ മുഴകള്‍ പോലെ രൂപാന്തരപ്പെടുകയും ചെയ്യും. ഇത്തരം വേരുകളാണ് മധുരക്കിഴങ്ങായി മാറുന്നത്. കാര്‍ബോഹൈഡ്രേറ്റും നാരുകളും ബീറ്റാ കരോട്ടിനും അടങ്ങിയ മധുരക്കിഴങ്ങ് ആരോഗ്യം നിലനിര്‍ത്താന്‍ വളരെ നല്ലതാണ്.

വളര്‍ത്താന്‍ യോജിച്ച ഇനങ്ങള്‍

പോര്‍ട്ടോ റിക്കോ : പടര്‍ന്നു വളരുന്നവയും കുറ്റിച്ചെടിയായി വളരുന്നവയും ഈ ഇനത്തിലുണ്ട്. ചെമ്പിന്റെ നിറമുള്ള തൊലിയും ഇളം ചുവപ്പ് നിറമുള്ള ഉള്‍ഭാഗവുമാണ് ഇതിന്റെ പ്രത്യേകത. 100 മുതല്‍ 140 ദിവസം വരെയാണ് പൂര്‍ണവളര്‍ച്ചയെത്താനുള്ള കാലാവധി. മഞ്ഞുകാലത്തിന് ശേഷമുള്ള മൂന്ന് ആഴ്ചയാണ് കൃഷി ചെയ്യാനുള്ള അനുയോജ്യമായ സമയം. നല്ല സൂര്യപ്രകാശത്തില്‍ തഴച്ചുവളരും.

ജോര്‍ജിയ ജെറ്റ് : കുറഞ്ഞ കാലം കൊണ്ട് വിളവെടുക്കാവുന്ന മറ്റൊരിനമാണിത്. പാത്രങ്ങളില്‍ വളര്‍ത്താന്‍ യോജിച്ചതാണ്. വളരെ പെട്ടെന്ന് വളരുന്നതും പരിപാലിക്കാന്‍ എളുപ്പമുള്ളതുമായ ഇനമാണിത്. കൃഷി ചെയ്തശേഷം 90 മുതല്‍ 100 ദിവസം വരെയാണ് വിളവെടുപ്പിന് ആവശ്യം. നല്ല മധുരമുള്ള രുചിയും ചുവന്ന തൊലിയും കടും ഓറഞ്ച് നിറമുള്ള ഉള്‍ഭാഗവുമാണ് പ്രത്യേകത.

വര്‍ദമാന്‍: മിസ്സിസ്സിപ്പിയില്‍ വളരുന്ന ഇനമാണിത്. മറ്റുള്ള എല്ലാ ഇനത്തേക്കാളും രുചിയുള്ളതും ഇതിനാണ്. കുറ്റിച്ചെടിയായി വളരുന്നതും സ്വര്‍ണനിറം കലര്‍ന്ന മഞ്ഞനിറത്തിലുള്ള തൊലിയുള്ളതുമാണ്. കുഴിച്ചെടുത്തശേഷം തൊലി ഇരുണ്ടനിറമാകും. 100 ദിവസമാണ് പൂര്‍ണവളര്‍ച്ചയെത്താന്‍ ആവശ്യം.

ബ്യൂറെഗാര്‍ഡ് : മങ്ങിയ ചുവപ്പ് നിറമുള്ള തൊലിയും കടുത്ത ഓറഞ്ച് നിറമുള്ള ഉള്‍ഭാഗവുമാണ് ഇതിന്റെ പ്രത്യേകത.

സെന്റെനിയല്‍ : വളരെ പെട്ടെന്ന് വളരുന്ന മധുരക്കിഴങ്ങാണിത്. രോഗങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുമുണ്ട്. 90 ദിവസം കൊണ്ടാണ് പൂര്‍ണവളര്‍ച്ചയെത്തുന്നത്.

പാട്രിയോട്ട് : ഓറഞ്ച് നിറമുള്ള ഉള്‍ഭാഗവും ചെമ്പിന്റെ നിറമുള്ള തൊലിയുമാണ്. 100 ദിവസമാണ് വിളവെടുപ്പിന് ആവശ്യം. ഉപോഷ്ണമേഖലാപ്രദേശങ്ങളിലാണ് നന്നായി വളരുന്നത്.

കടകളില്‍ നിന്ന് വാങ്ങുന്ന മധുരക്കിഴങ്ങ് മുളപ്പിച്ച് വളര്‍ത്താന്‍ ശ്രമിക്കരുത്. നഴ്‌സറികളിലുള്ള തൈകള്‍ വാങ്ങുന്നതാണ് നല്ലത്. ചൂടുകാലാവസ്ഥ ഇഷ്ടപ്പെടുന്ന ചെടിയാണിത്. പ്ലാസ്റ്റിക പാത്രങ്ങളിലും കളിമണ്ണുകൊണ്ടുള്ള പാത്രങ്ങളിലുമെല്ലാം മധുരക്കിഴങ്ങ് വളര്‍ത്താവുന്നതാണ്. ഗ്രോബാഗിലും വളര്‍ത്താം. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ആവശ്യം. മണ്ണിന്റെ പി.എച്ച് മൂല്യം 6.5 നും 7.0 നും ഇടയിലായിരിക്കണം. ജൈവവളം ചേര്‍ത്ത പോട്ടിങ്ങ് മിശ്രിതമാണ് ആവശ്യം. പൊട്ടാഷ് അടങ്ങിയ ഓര്‍ഗാനിക് ഗ്രാന്യൂളാണ് പാത്രങ്ങളില്‍ വളര്‍ത്തുമ്പോള്‍ അനുയോജ്യം.