കൊവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് കാണിച്ച കെടുകാര്യസ്ഥതയുടെ പേരിൽ അദ്ദേഹം നിരന്തരം വിമർശനങ്ങൾക്ക് ഇരയാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഒരു നിർദേശം വന്നത്. "ഹൈഡ്രോക്സി ക്ളോറോക്വിൻ എന്ന പേരിൽ ഒരു മരുന്നുണ്ട്, മലേറിയക്കെതിരെ വളരെ ഫലപ്രദമായി പ്രവർത്തിച്ച ഒരു മരുന്നാണത്. അത് കൊവിഡ് രോഗികൾ കഴിക്കണം. കഴിക്കുന്നത് അവർക്ക് ഗുണം ചെയ്യുമെന്നാണ് ഞാൻ കരുതുന്നത്" എന്നായിരുന്നു ട്രംപിന്റെ നിർദേശം. താൻ അമേരിക്കയ്ക്ക് വേണ്ടി പ്രസ്തുത മരുന്ന് കുറെയധികം വാങ്ങിയിട്ടുണ്ട് എന്നും ട്രംപ് പറഞ്ഞു.എന്തിന്റെ അടിസ്ഥാനത്തിലാണ് ട്രംപ് ഹൈഡ്രോക്സി ക്ലോറോക്വിൻ എന്ന അഥവാ HCQ എന്ന മരുന്ന് തന്റെ നാട്ടിലെ ജനങ്ങൾക്ക് നിർദേശിച്ചിരിക്കുന്നത്? കൊറോണാ ബാധിതരിൽ ഈ മരുന്ന് ഫലപ്രദമാണ് എന്ന് സൂചിപ്പിക്കുന്ന എന്തെങ്കിലും ശാസ്ത്രീയമായ പഠനങ്ങൾ നടന്നിട്ടുണ്ടോ? പ്രസ്തുത മരുന്ന് കഴിക്കുന്ന കൊവിഡ് ബാധിതരിൽ ഗുരുതരമായ പാർശ്വഫലങ്ങൾ വല്ലതും ഉണ്ടാക്കുന്നുണ്ടോ? എന്നീ ചോദ്യങ്ങൾ ഇപ്പോഴും കൃത്യമായി ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്.

കൊവിഡ് 19 -നെതിരായ പോരാട്ടത്തിൽ ഇന്ന് ലോകാരോഗ്യ സംഘടന സജീവമായി പരിഗണിച്ചു കൊണ്ടിരിക്കുന്ന ഒരു ചികിത്സാ സാധ്യതയാണ് HCQ എന്നത് ശരിതന്നെ. കൃത്യമായ പഠനങ്ങളിലൂടെ പ്രസ്തുത മരുന്നിന്റെ ഫലസിദ്ധി തെളിയിക്കപ്പെടുംവരെ അത് കൊവിഡ് ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കരുത് എന്നുതന്നെയാണ് WHO -യുടെ നിർദേശം. കൃത്യമായ പഠനങ്ങളുടെ പിൻബലമില്ലാതെ ഒരു മരുന്ന് അങ്ങനെ പ്രയോഗിക്കുന്നത് ചിലപ്പോൾ അതിമാരകമായ ഫലങ്ങളാകും ഉണ്ടാക്കുക. എന്നുമാത്രമല്ല, കൊവിഡിനുള്ള മരുന്ന് എന്ന നിലയിൽ ഹൈഡ്രോക്സി ക്ലോറോക്വിനെ ചുറ്റിപ്പറ്റി ഉണ്ടായിരിക്കുന്ന ഹൈപ്പ് കാരണം ഇപ്പോൾ ആ മരുന്നിന് വിപണിയിൽ വല്ലാത്ത ദൗർലഭ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. അത് ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത് ആ മരുന്ന് സാധാരണഗതിയിൽ പ്രിസ്‌ക്രൈബ് ചെയ്യപ്പെടുന്ന മറ്റുള്ള രോഗികളെയാണ്.

എന്താണ് ഈ ഹൈഡ്രോക്സി ക്ലോറോക്വിൻ?

HCQ എന്നത് ഒരു പഴയ മരുന്നാണ്. ഏറെക്കാലമായി മലേറിയ രോഗികൾക്ക് ആശ്വാസം പകർന്നുകൊണ്ടിരുന്ന ക്ലോറോക്വിൻ എന്ന പഴയൊരു മരുന്നിന്റെ പരിഷ്കരിച്ച രൂപം. മലേറിയ ഒരു പാരസൈറ്റ് അഥവാ പരാദജീവി കാരണം ഉണ്ടാകുന്ന രോഗമാണ്. കൊവിഡ് 19  ആണെങ്കിൽ വൈറസ് കാരണം ഉണ്ടാകുന്ന ഒരു രോഗമാണ്. ഇത് ശാസ്ത്രജ്ഞർക്കും അറിയാമെങ്കിലും, പുതിയൊരു വൈറസ് കാരണം ഇന്നുവരെ കണ്ടിട്ടില്ലാത്ത ലക്ഷണങ്ങളോടുള്ള ഒരു പുതിയ മഹാമാരി മനുഷ്യരെ ബാധിക്കുമ്പോൾ അവർ ആദ്യം തന്നെ ചെയ്യുക, ഇപ്പോൾ കണ്ടുവരുന്ന രോഗങ്ങൾക്ക് ഫലപ്രദമായ ചികിതയ്ക്ക് ഉതകുന്ന മരുന്നുകൾ വെറുതെയെങ്കിലും ഒന്ന് ടെസ്റ്റ് ചെയ്തു നോക്കുക എന്നതാണ്. അതുതന്നെയാണ് HCQ ന്റെ കാര്യത്തിലും ചൈനയിലെയും ദക്ഷിണ കൊറിയയിലെയും വൈദ്യശാസ്ത്ര ഗവേഷകർ തങ്ങളുടെ ലാബിലെ സാഹചര്യത്തിൽ വിഎച് ആദ്യം തന്നെ ചെയ്തു നോക്കിയതും. കൊറോണാ വൈറസ് ബാധിതമായ ചില സാമ്പിളുകളിൽ HCQ പ്രയോഗിച്ചു നോക്കി അവർ. അത് പക്ഷേ, ലാബിലെ സാഹചര്യങ്ങളിൽ ആയിരുന്നു എന്നുമാത്രം. ലാബിൽ ആ പരീക്ഷണങ്ങളുടെ ഫലം പോസിറ്റീവ് ആയിരുന്നു എന്നത് ശരിതന്നെ. പക്ഷേ, അത് മനുഷ്യരിൽ, യഥാർത്ഥത്തിൽ കൊവിഡ് രോഗം ബാധിച്ച മനുഷ്യരിൽ പ്രയോഗിക്കുമ്പോൾ എന്താണ് ഫലം എന്നത് സംബന്ധിച്ച കൃത്യമായ പഠനങ്ങൾ നടത്തപ്പെട്ടിട്ടില്ല.

എന്താണ് ക്ലിനിക്കൽ ട്രയൽസ് എന്ന പരീക്ഷണം?

അത്തരത്തിലുള്ള പഠനങ്ങൾ ക്ലിനിക്കൽ ട്രയൽസ് എന്നാണ് അറിയപ്പെടുന്നത്. HCQ ന്റെ കൊവിഡിനുമേലുള്ള ഫലസിദ്ധി അറിയാനുള്ള ആദ്യത്തെ ഹ്യൂമൻ ക്ലിനിക്കൽ ട്രയൽസ് നടക്കുന്നത് ഫ്രാൻസിലാണ്. ഇങ്ങനെ ക്ലിനിക്കൽ ട്രയലുകൾ നടത്തുമ്പോൾ പാലിക്കേണ്ട നിരവധി പ്രോട്ടോക്കോളുകളുണ്ട്. 'ഡബിൾ ബ്ലൈൻഡ് കൺട്രോൾഡ് റാൻഡമൈസെഡ്‌ സ്റ്റഡി' എന്നാണ് ഇതിനെ വിളിക്കുന്ന ഔദ്യോഗിക നാമം. പരീക്ഷണത്തിന് ഏകദേശം ഒരേ രോഗലക്ഷണങ്ങളുള്ള, കൊവിഡ്  19 ബാധിച്ചിട്ടുള്ള രോഗികളെ രണ്ടു ഗ്രൂപ്പുകളാക്കി തിരിക്കും. ഒരു ഗ്രൂപ്പിന് പരീക്ഷിക്കേണ്ട മരുന്ന് നൽകും. രണ്ടാമത്തെ ഗ്രൂപ്പിന് പ്ലസീബോ അഥവാ ഡമ്മി മരുന്നും. ഈ പഠനത്തിന്റെ ഫലം സൂചിപ്പിച്ചത് HCQ എന്ന മരുന്ന് കൊവിഡ് ബാധിതർക്ക് നൂറുശതമാനം അസുഖം ഭേദപ്പെടുത്താൻ പോന്ന ഒരു മരുന്നാണ് എന്നായിരുന്നു. എന്തായിരുന്നു ഈ കണ്ടെത്തലിന്റെ അടിസ്ഥാനം?അവർ HCQ മരുന്നു പരീക്ഷണം നടത്തിയത് ആകെ 43 രോഗികളിൽ മാത്രമാണ്. അവരിൽ തന്നെ ഈ ട്രയൽസ് നടക്കുമ്പോൾ ഡബിൾ ബ്ലൈൻഡ്, റാൻഡമൈസെഡ്‌, കൺട്രോൾഡ് എന്നീ ക്ലിനിക്കൽ ട്രയൽ മാനദണ്ഡങ്ങളിൽ ഒന്നുപോലും പാലിക്കപ്പെട്ടിരുന്നില്ല. മരുന്ന് സ്വീകരിച്ച പാതി രോഗികളും മാർസെയിലെ ഒരൊറ്റ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നതാണ്. രണ്ടാമത്തെ ഗ്രൂപ്പ് മറ്റൊരു ആശുപത്രിയിലും. മരുന്ന് സ്വീകരിച്ച രോഗികൾ മറ്റേ ഗ്രൂപ്പിനേക്കാൾ പ്രായം കൊണ്ട് ഏറെ മുതിർന്നവരായിരുന്നു. ഇത് തന്നെ ഇത്തരം ഒരു പഠനത്തെ റദ്ദാകുന്നതാണ്.  എല്ലാവരും ഒരേ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നാൽ മാത്രമേ പരിശോധിക്കുന്ന ഡോക്ടർമാർക്ക് മരുന്ന് കഴിക്കുന്നവർ ആരാണ് അല്ലാത്തവർ ആരാണ് എന്ന് പരിശോധിക്കുമ്പോൾ അറിയാതിരിക്കൂ. അപ്പോൾ മാത്രമേ ഡബിൾ ബ്ലൈൻഡ് എന്ന സാഹചര്യം പരിഗണിക്കപ്പെടൂ.ട്രയൽസിൽ ഉള്ള രോഗികളിൽ ആരൊക്കെ മരുന്ന് കഴിക്കുന്നു ആരൊക്കെ ഇല്ല എന്നറിഞ്ഞാൽ ആ അറിവ് പോലും തന്റെ മുന്നിൽ രോഗി പ്രകടിപ്പിക്കുന്ന രോഗ ലക്ഷണങ്ങളെ പക്ഷപാതമില്ലാത്ത വ്യാഖ്യാനിക്കുന്നതിനു തടസ്സമാകും. ബോധപൂർവം അല്ലെങ്കിൽ പോലും ഡോക്ടർമാർ രോഗികളെ ചികിത്സിക്കുന്നത് വ്യത്യസ്തമായ രീതിയിൽ ആയിപ്പോകും. 36 പേരുടെ രോഗമാണ് പൂർണമായി ഭേദമായത്. 3 പേരെ ഐസിയുവിലാക്കി, ഒരാൾ മരിച്ചു, ഒരാൾ അജ്ഞാതമായ കാരണങ്ങളാൽ ആശുപത്രി വിട്ടു. ഇതിൽ നിന്ന് അവർ എത്തിച്ചേർന്ന നിഗമനം,  മരുന്നു കഴിച്ചവർക്ക് കഴിക്കാത്തവരെക്കാൾ വേഗത്തിൽ രോഗം ഭേദപ്പെടുന്നു എന്നതാണ്. രോഗം മൂർച്ഛിച്ച് ഐസിയുവിലായ  പേഷ്യന്റിനെയും, മരിച്ച ഒരാളെയും കണക്കിൽ എടുക്കാതെയാണ് ചികിതയുടെ ഫലത്തെപ്പറ്റി അഭിപ്രായം പറഞ്ഞത്.

ഫ്രാൻസിൽ നിന്ന് സിലിക്കൺ വാലിയിലേക്കുള്ള പഠനത്തിന്റെ പ്രയാണം

ഡിഡിയർ റവോൾട്ട് എന്ന ഒരു ഫ്രഞ്ച് ഡോക്ടർ ആണ് ഈ പഠനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത്. അദ്ദേഹം തന്റെ പഠനത്തിന് പരമാവധി പ്രചാരം നൽകി. താൻ HCQ എന്ന മരുന്നു നൽകി 2400 -ലധികം കോവിഡ് രോഗികളെ സുഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. എന്നാൽ ഫ്രാൻസിൽ നിന്ന് ഈ പഠനം എങ്ങനെ അമേരിക്കയിലെത്തി? സ്റ്റാൻഫോർഡ് മെഡിക്കൽ സ്‌കൂളിന്റെ ആരോഗ്യ ഉപദേഷ്ടാവ് എന്നവകാശപ്പെടുന്ന ഗ്രിഗറി റെഗാനോ, ജെയിംസ് ടോഡാരോ എന്ന മെഡിക്കൽ ബിരുദമുള്ള ഒരു ബ്ലോക്ക് ചെയിൻ ഇൻവെസ്റ്റർ എന്നിവർ ചേർന്ന് ഒരു ഗൂഗിൾ ഡോക്യുമെന്റ് ഉണ്ടാക്കുകയാണ് അടുത്തതായി ഉണ്ടായത്. അതിൽ അന്നോളം HCQ -ന് അനുകൂലമായുള്ള എല്ലാ തെളിവുകളും ഒന്നിച്ച് ചേർക്കപ്പെട്ടിരുന്നു. ഈ ഡോക്യുമെന്റ് നിരവധിപേരിൽ HCQ എന്ന മരുന്ന് കൊവിഡിനുള്ള മരുന്നാണ് എന്ന തോന്നൽ ഉണ്ടാക്കി. അക്കൂട്ടത്തിൽ എലോൺ മസ്‌കും ഉണ്ടായിരുന്നു. ട്വിറ്ററിൽ 3.31കോടി ഫോള്ളോവർമാരുള്ള മസ്ക് ഇത് ഫോർവേർഡ് ചെയ്തപ്പോൾ അതിന് സിലിക്കൺ വാലിയിൽ എങ്ങും പിന്തുണ കിട്ടി.  

ഇതിനിടെ അമേരിക്കയിലെ ദേശീയ ടെലിവിഷൻ ചാനലായ ഫോക്സ് ന്യൂസിലെ ടക്കർ കാൾസൺ ഷോയിൽ HCQ നെക്കുറിച്ചുള്ള വാർത്ത ഇടം നേടി. ഗ്രിഗറി റെഗാനോ ഫോക്സ് ന്യൂസിൽ പ്രത്യക്ഷപ്പെട്ടു. ആ പരിപാടിയിൽ അതുവരെ ഒന്ന് പ്രസിദ്ധീകരിക്കപ്പെടുക പോലും ചെയ്യാതിരുന്ന ആ ഫ്രഞ്ച് പഠനത്തെപ്പറ്റി അദ്ദേഹം ഫോക്സ് ടിവിയുടെ പ്രേക്ഷകരോട് പറഞ്ഞു. അതോടെ ഈ വാർത്ത വൈറ്റ് ഹൗസിന്റെ അകത്തളങ്ങളിലുമെത്തി. 'വെൽ കൺട്രോൾഡ്', 'പിയർ റിവ്യൂവ്ഡ്' എന്നൊക്കെയാണ് റിഗാനോ ചാനലിൽ ഇരുന്ന് ആ പഠനത്തെപ്പറ്റി പറഞ്ഞത്. അടുത്ത രണ്ടു ദിവസം ഫോക്സ് ന്യൂസ് അമേരിക്കയിലെ ജനങ്ങളുടെ മുന്നിലേക്ക് HCQ -ന്റെ മാഹാത്മ്യങ്ങൾ വിളമ്പിക്കൊണ്ടേയിരുന്നു. മൂന്നു ദിവസത്തിനുള്ളിൽ ഫോക്സിൽ ആ മരുന്നിന്റെ പ്രൊമോഷൻ പരിപാടി നടന്നത് 100 തവണയിൽ അധികമാണ്. ഫോക്സ് പറഞ്ഞത് ട്രംപ് അനുകൂല മീഡിയ ഏറ്റുപിടിച്ചു.

അടുത്ത ദിവസം മുതൽ ട്രംപ് തന്റെ ഡെയ്‌ലി പ്രസ് മീറ്റുകളിൽ എല്ലാം തന്നെ HCQ -നെപ്പറ്റി പറഞ്ഞു. " ഞാൻ ഡോക്ടറല്ല. പക്ഷേ, എനിക്ക് കോമൺ സെൻസ് ഉണ്ട്. ഈ മരുന്ന് ഫലിക്കും എന്നെനിക്ക് തോന്നുന്നു. ചിലപ്പോൾ ഫലിക്കും. ചിലപ്പോൾ ഇല്ല. എന്തായാലും കഴിക്കുന്നതുകൊണ്ട് ദോഷമില്ല. വേറെ മരുന്നൊന്നും തല്ക്കാലം ഇല്ലല്ലോ" എന്നിങ്ങനെ പലപല പ്രൊമോഷനുകളും നടന്നു. എന്തായാലും ഒരേയൊരു മരുന്ന് എന്ന നിലയിൽ HCQ ട്രംപിന്റെ വാഗ്ധോരണികളിൽ നിറഞ്ഞു നിന്ന്. അതേപ്പറ്റി ട്വീറ്റ് ചെയ്യാനും ട്രംപ് മടിച്ചില്ല.

അമേരിക്കയിലെ വൈദ്യശാസ്ത്ര ഗവേഷകരുടെ അഭിപ്രായം?

അമേരിക്കയിലെ വിശ്വപ്രസിദ്ധനായ ഇമ്മ്യൂണോളജിസ്റ്റും പകർച്ചവ്യാധികളുടെ ചികിത്സയിലെ അഗ്രഗണ്യനുമായ ഡോ. ആന്റണി ഫൗച്ചി പറഞ്ഞത്, ശാസ്ത്രത്തിന്റെ ഭാഗത്തുനിന്ന് HCQ കൊവിഡിന് മരുന്നാണ് എന്നതിന് തെളിവൊന്നുമില്ല എന്നാണ്. പക്ഷേ, ട്രംപിന് അത്തരത്തിലുള്ള ശാസ്ത്രീയ ചിന്തകളുടെ ആലഭാരങ്ങൾ ഒന്നുമില്ലായിരുന്നു. അതുകൊണ്ടാവും തികഞ്ഞ ആത്മവിശ്വാസത്തോടെ അദ്ദേഹം വീണ്ടും വീണ്ടും ഈ മരുന്നിന്റെ മാർക്കറ്റിംഗ് നടത്തികൊണ്ടിരുന്നത്. പ്രതിസന്ധിക്കു മുന്നിൽ പരിഭ്രാന്തരായി നിൽക്കുന്ന ജനങ്ങളുടെ ആശങ്കയ്ക്ക് മുന്നിൽ തികഞ്ഞ ആത്മവിശ്വാസത്തോടെ നിന്ന് ഒരാൾ ഈ മരുന്ന് ഫലിക്കും എന്നുറപ്പിച്ചങ്ങു പറഞ്ഞാൽ പിന്നെ അതിനെ എങ്ങനെ എതിർക്കാൻ സാധിക്കും?  ട്രംപ് ഇതേപ്പറ്റി പറഞ്ഞതോടെ എന്തായാലും ലോകമെമ്പാടും  ഈ മരുന്നിന് ആവശ്യക്കാർ ഏറി.

അതിന്റെ ആദ്യ അനുരണനങ്ങൾ കണ്ടത് പ്രസ്തുത മരുന്നിന്റെ ലോകവിപണിയിൽ കുത്തക നിർമാതാക്കൾ ആയ ഇന്ത്യയിലാണ്. ട്രംപ് അങ്ങനെ പറഞ്ഞതിന്റെ പിന്നാലെ ഇന്ത്യ HCQ -ന് കയറ്റുമതി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. അതോടെ അമേരിക്കയിലെ ഫാർമസികളിൽ നിന്ന് നിമിഷനേരം കൊണ്ട് ആകെയുണ്ടായിരുന്ന HCQ സ്റ്റോക്ക് എല്ലാം തന്നെ അപ്രത്യക്ഷമായി. ജനങ്ങൾ അത് വാങ്ങി സ്റ്റോക്ക് ചെയ്തു എന്ന് സാരം. അത് ഒരു പ്രിസ്‌ക്രിപ്‌ഷൻ ഡ്രഗാണ്. ചുമ്മാ ചെന്ന് ചോദിച്ചാൽ കഫ് സിറപ്പ് പോലെ എടുത്ത് തരില്ല ഫാർമസികൾ. ഈ സ്റ്റോക്കിങ് ചെയ്തവരിൽ പലരും പ്രാക്ടീസിങ് ഡോക്ടർമാർ തന്നെയായിരുന്നു. മറ്റൊരു മരുന്നും ഇല്ലാത്ത സ്ഥിതിക്ക് ഇത് പ്രയോഗിക്കാം എന്ന ന്യായത്തിൽ പല ആശുപത്രികളും HCQ രോഗികൾക്കുമേൽ അതിനകം തന്നെ അവരുടെ സമ്മതത്തോടെ തന്നെ പ്രയോഗിച്ചു തുടങ്ങുകയും ചെയ്തിരുന്നു. അതോടെ മരുന്ന് വിപണിയിൽ നിന്ന് അപ്രത്യക്ഷമായി.മലേറിയക്ക് ഇപ്പോൾ പണ്ടേപ്പോലെ HCQ ആവശ്യം വരുന്നില്ല എങ്കിലും, ലൂപ്പസ്, റുമാറ്റിക് ആർത്രൈറ്റിസ് എന്നീ അസുഖങ്ങൾക്ക് ഇപ്പോഴും അത്പ പ്രിസ്‌ക്രൈബ് ചെയ്യപ്പെടുന്നുണ്ട്. ആ രോഗങ്ങൾ കാരണം പീഢയനുഭവിക്കുന്നവരിൽ പലരും തങ്ങളുടെ ജീവിതത്തിലെ വേദന ലഘൂകരിക്കാൻ വേണ്ടി ഉപയോഗിക്കുന്നത് ഈ മരുന്ന്. അതിപ്പോൾ മറ്റു പല രോഗമില്ലാത്തവരുടെയും മെഡിസിൻ ഷെൽഫുകൾക്കുള്ളിൽ, 'എങ്ങാനും കൊറോണ വന്നാൽ' കഴിക്കാൻ വേണ്ടി സ്റ്റോക്ക് ചെയ്യപ്പെട്ടിരിക്കയാണ്. വർഷങ്ങളായി ഈ മരുന്ന് കഴിച്ചുകൊണ്ടുമാത്രം സ്വാഭാവികജീവിതം നയിക്കുന്ന യഥാർത്ഥ രോഗികൾ ആ മരുന്ന് കിട്ടാതെ കടുത്ത വേദന അനുഭവിക്കയും.

അതിനിടെ വേറെയും പ്രശ്നങ്ങളുണ്ടായി. അമേരിക്കയിൽ ഫിഷ് ടാങ്ക് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഒരു മിശ്രിതമാണ് ക്ളോറോക്വിൻ ഫോസ്‌ഫേറ്റ് എന്നത്. ആരിസോണയിലെ രണ്ടു പേർ ടിവിയിൽ ട്രംപ് HCQ 'ന്റെ മാർക്കറ്റിങ് നടത്തുന്നതിന്റെ പൊട്ടും പൊടിയും കേട്ട് എടുത്ത് കഴിച്ചത് ഈ മിശ്രിതമാണ്. ആ മരുന്നുസേവ അവരെ കൊണ്ട് ചെന്നെത്തിച്ചത് വിഷബാധയേറ്റുള്ള മരണത്തിലേക്കാണ്. HCQ എന്ന മരുന്ന് പരീക്ഷണാടിസ്ഥാനത്തിൽ സേവിച്ച പലരും, ഓക്കാനം, വെർട്ടിഗോ, പേശീവലിവ് തുടങ്ങിയ പല പാർശ്വഫലങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്.

പ്രതീക്ഷ. അതാണ് കൃത്യമായ പരീക്ഷണങ്ങൾ നടത്താതെ HCQ  എന്ന മരുന്ന് രോഗികൾക്ക് കൊടുക്കാൻ ഡോക്ടർമാരെയും, ആ മരുന്ന് സ്വീകരിക്കാൻ രോഗികളെയും പ്രേരിപ്പിക്കുന്നത്. യുദ്ധത്തിനിറങ്ങുമ്പോൾ ഉള്ള ആയുധങ്ങൾ ഉപയോഗിച്ച് യുദ്ധം ചെയ്യേണ്ടതുണ്ട് എന്ന മട്ടിലാണ് HCQ ഉപയോഗിക്കാൻ ചില ഡോക്ടർമാർ പറയുന്നത്. എന്നാൽ ട്രംപിനുള്ളത് പ്രതീക്ഷകൾ മാത്രമല്ല, സാമ്പത്തിക താത്പര്യങ്ങൾ കൂടിയാണ് എന്ന് ന്യൂയോർക്ക് ടൈംസിൽ വന്ന ഒരു ലേഖനം ആരോപിക്കുന്നുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിക്ക് കാര്യമായ സംഭാവനകൾ നൽകുന്ന ഫിഷർ അസെറ്റ് മാനേജ്‌മെന്റ് എന്ന സ്ഥാപനത്തിന് സനോഫി എന്ന മറ്റൊരു നിക്ഷേപ സ്ഥാപനത്തിൽ കാര്യമായ ഓഹരികളുണ്ടെന്നും,  സനോഫിയാണ്  'പ്ലാനെക്വിൽ' എന്ന ബ്രാൻഡിൽ ഹൈഡ്രോക്സി ക്ളോറോക്വിൻ എന്ന മരുന്നുത്പാദിപ്പിക്കുന്ന പ്രധാന ഫാർമ കമ്പനികളിൽ ഒന്ന് എന്നും ടൈംസ് ലേഖനം ആരോപിക്കുന്നുണ്ട്. എന്നാൽ പ്രസ്തുത സ്ഥാപനത്തിലെ ട്രംപിന്റെ സാമ്പത്തിക താത്പര്യങ്ങൾ തീരെ ചെറുതാണ് എന്നും, HCQ ഒരു ജനറിക് മരുന്നായതിനാൽ ട്രംപിന്റെ മാർക്കറ്റിങ് കൊണ്ട്  സനോഫിക്ക് മാത്രമായി ഗുണമുണ്ടാകാൻ ഇടയില്ല എന്നുമാണ് വിദഗ്ധരുടെ നിരീക്ഷണം. അമേരിക്ക എന്ന ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്ന്, മറ്റുള്ള അമേരിക്കയെക്കാൾ ചെറിയ, അവികസിതമായ, ആരോഗ്യമേഖല ഇത്രകണ്ട് ക്രമീകൃതമല്ലാത്ത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ, കൊവിഡ് 19 എന്ന മഹാമാരിയെ നേരിടുന്ന കാര്യത്തിൽ വലിയ തോതിൽ പരാജയപ്പെട്ടു എന്നത് നിത്യേന രേഖപ്പെടുത്തുന്ന 2000-3000 മരണങ്ങളിലൂടെ  അനുനിമിഷം ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. . എന്തുകൊണ്ടാണ് വേണ്ടത്ര ടെസ്റ്റുകൾ ചെയ്യാൻ അമേരിക്കയ്ക്ക് കഴിയാത്തത്? എന്തുകൊണ്ടാണ് ഒരു വാക്സിൻ വികസിപ്പിച്ചെടുക്കാൻ ഇവിടത്തെ ശാസ്ത്രജ്ഞർക്ക് കഴിയാത്തത്? എന്തുകൊണ്ടാണ് പൗരന്മാരുടെ ജീവൻ സംരക്ഷിക്കാം ഇവിടത്തെ ആശുപത്രികൾക്ക് സാധിക്കാത്തത് അങ്ങനെ ചോദ്യങ്ങൾ പലതാണ്. ജനങ്ങൾക്ക് HCQ എന്നൊരു  മരുന്നിന്റെ പേരിൽ ഒരു ശുഭപ്രതീക്ഷ പകർന്നു കൊണ്ട് അവരെ തൽക്കാലത്തേക്കെങ്കിലും ഒന്നടക്കി നിർത്താൻ, അവർക്ക് ചിന്തിക്കാൻ മറ്റെന്തെങ്കിലും വക നൽകുന്ന തന്ത്രമാണ് ട്രംപ് പയറ്റുന്നത് എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നത്.