വീഡിയോ വളരെ വേഗത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായെങ്കിലും ഇത് ബോധപൂർവ്വം സൃഷ്ടിച്ചത് ആയിരിക്കാം എന്നാണ് ഭൂരിഭാഗം സോഷ്യൽ മീഡിയ യൂസര്‍മാരും അഭിപ്രായപ്പെടുന്നത്.
ബർമിംഗ്ഹാമിൽ നിന്നുള്ള ഒരു ഇന്ത്യൻ വിദ്യാർത്ഥിനിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു കാറിന്റെ ചില്ലുകൾ തുടച്ചതിന് യുവതി കാർ ഉടമയോട് 20 പൗണ്ട് ഏകദേശം 2300 രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ വൈറലായതോടെ സംഭവത്തിന്റെ ആധികാരികതയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഭാഗത്തുനിന്ന് സംശയങ്ങൾ ഉയർന്നു. വീഡിയോ യഥാർത്ഥത്തിൽ സംഭവിച്ചതാണോ അതോ സോഷ്യൽ മീഡിയ പ്രശസ്തിക്കുവേണ്ടി ബോധപൂർവ്വം കെട്ടിച്ചമച്ചതാണോ എന്നുമായിരുന്നു വീഡിയോ കണ്ടവർ ഉയർത്തിയ ചോദ്യം.
ഇൻസ്റ്റാഗ്രാമിൽ വ്യാപകമായി പങ്കിട്ട വീഡിയോയിൽ, കാറിന്റെ ഗ്ലാസ് വൃത്തിയാക്കിയതിന് താൻ ആവശ്യപ്പെട്ട പണം നൽകണമെന്ന് യുവതി നിർബന്ധം പിടിക്കുന്നത് കാണാം. എന്നാൽ കാറിൻറെ ഉടമ അതിനു വിസമ്മതിക്കുകയും യുവതിയെ കൊള്ളക്കാരി എന്ന് വിളിക്കുകയും ചെയ്യുന്നു. ഇതോടെ യുവതി താൻ ആവശ്യപ്പെട്ട പണം ന്യായമാണെന്നും അത് നൽകിയില്ലെങ്കിൽ വാഹനം തടയുമെന്നും പറയുന്നു.
നിർത്തിയിട്ടിരുന്ന ഒരു കാറിന്റെ ഡോറിൽ ഒരു യുവതി മുട്ടുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വാഹന ഉടമ ഗ്ലാസ് താഴ്ത്തി എന്താണ് കാര്യം എന്ന് ചോദിക്കുന്നു. അപ്പോൾ യുവതി താൻ കാറിന്റെ ചില്ലുകൾ തുടച്ച് വൃത്തിയാക്കിയെന്നും തനിക്ക് 20 പൗണ്ട് വേണമെന്നും ആവശ്യപ്പെടുന്നു. അപ്പോൾ വാഹനം ഉടമ താൻ ആവശ്യപ്പെട്ടിട്ടല്ലല്ലോ ചെയ്തത് എന്ന് യുവതിയോട് പറയുന്നു. എന്നാൽ താൻ ചെയ്ത ജോലിയുടെ കൂലിയായി 20 പൗണ്ട് നൽകണമെന്നു യുവതി വീണ്ടും വീണ്ടും ആവശ്യപ്പെടുന്നു.
വീഡിയോ വളരെ വേഗത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായെങ്കിലും ഇത് ബോധപൂർവ്വം സൃഷ്ടിച്ചത് ആയിരിക്കാം എന്നാണ് ഭൂരിഭാഗം സോഷ്യൽ മീഡിയ യൂസര്‍മാരും അഭിപ്രായപ്പെടുന്നത്. അതേസമയം, വിദ്യാർത്ഥികൾ അനുഭവിക്കുന്ന സാമ്പത്തികബുദ്ധിമുട്ടുകളെ കുറിച്ചും പാർട് ടൈം ജോലി കണ്ടെത്താനുള്ള പ്രയാസങ്ങളെ കുറിച്ചും ചർച്ചകൾ ഉയരാനും വീഡിയോ കാരണമായി.
എന്നാൽ, ദി ലാസ്റ്റ് അവർ ന്യൂസ് എന്ന ഇൻസ്റ്റാഗ്രാം പേജ് പ്രകാരം, പ്രാദേശിക അധികാരികൾ ഈ വിഷയത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഡിയോയിൽ കണ്ട യുവതിയുടെ ഐഡന്റിറ്റി സംബന്ധിച്ചോ ഇവർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചതുമായി ബന്ധപ്പെട്ടോ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. അതേസമയം, യുവതിയെ ഇതുപോലുള്ള വീഡിയോകളിൽ മുമ്പും കണ്ടിട്ടുണ്ട് എന്നും അതിനാൽ ഇത് സ്ക്രിപ്റ്റഡ് വീഡിയോ ആയിരിക്കാമെന്നും നിരവധിപ്പേർ കമന്റ് നൽകി.
