വേണമെങ്കിൽ അദ്ദേഹത്തിന് അവളെ കടയിൽ വിട്ടിട്ട് തന്റെ കാര്യം നോക്കി പോകാമായിരുന്നു. എന്നാൽ, അദ്ദേഹം അവളോടൊപ്പം കടയിൽ പോയി അവൾക്ക് ഫോൺ കിട്ടുമെന്ന് ഉറപ്പ് വരുത്തി. അദ്ദേഹത്തിന്റെ ദയ അവിടം കൊണ്ടും അവസാനിച്ചില്ല. അന്ന് വേറെ ഓട്ടമെന്നും എടുക്കാതെ അവൾക്കൊപ്പം അദ്ദേഹം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയി.

കഴിഞ്ഞ മാസം, കോച്ചെല്ലയിലെ കാലിഫോർണിയൻ സംഗീതോത്സവത്തിൽ പങ്കെടുക്കുന്നതിനിടെ ടിക് ടോക്കറായ ബെക്ക മൂറിന്റെ (Becca Moore) ഫോണും ക്രെഡിറ്റ് കാർഡുകളും മോഷ്ടിക്കപ്പെട്ടു. എന്ത് ചെയ്യണമെന്നറിയാതെ തെരുവിൽ ഒറ്റപ്പെട്ടു പോയ അവൾക്ക് മുന്നിൽ ഒരു യൂബർ ഡ്രൈവർ (Uber driver) ദൈവദൂതനെ പോലെ പ്രത്യക്ഷപ്പെട്ടു. അവൾ പറഞ്ഞത് വിശ്വസിക്കാനും അവൾക്കൊപ്പം നിന്ന് അവളെ സഹായിക്കാനും അദ്ദേഹം മനസ്സ് കാണിച്ചു. കുടുംബ പ്രാരാബ്ധങ്ങൾ ഏറെയുണ്ടായിട്ടും അന്ന് അവധിയെടുത്ത് അദ്ദേഹം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനും, പുതിയ ഫോൺ വാങ്ങാനും അവളോടൊപ്പം കൂട്ടുപോയി. ഒടുവിൽ കളഞ്ഞു പോയ ഫോണും ക്രെഡിറ്റ് കാർഡും എല്ലാം കണ്ടെടുക്കാൻ അവർക്കായി. അദ്ദേഹത്തിന്റെ ഈ നല്ലമനസ്സിന് പകരം നൽകാനായി അവൾ അദ്ദേഹത്തിനായി ഓൺലൈനിൽ ഒരു ധനസമാഹരണം ആരംഭിച്ചു. അതുവഴി ഡ്രൈവർക്കായി 1.8 കോടി രൂപ സമാഹരിക്കാൻ അവൾക്ക് കഴിഞ്ഞു.

ടിക് ടോക്കിൽ 875,000 -ത്തിലധികം ഫോളോവേഴ്‌സുള്ള സെലിബ്രിറ്റിയാണ് 23 -കാരിയായ ബെക്ക മൂർ. അവളുടെ ഫോണും ക്രെഡിറ്റ് കാർഡുകളും മാത്രമല്ല വാടകക്കെടുത്ത കാറിന്റെ താക്കോലും അന്ന് നഷ്ടമായിരുന്നു. കൈയിൽ പണമില്ലാതെ, പരിചയമില്ലാത്ത ഒരിടത്ത് അവൾ എന്ത് ചെയ്യുമെന്ന് ഓർത്ത് പരിതപിച്ചു. ഇനി ആരെയെങ്കിലും വിളിക്കാമെന്ന് കരുതിയാൽ പോലും കൈയിൽ ഫോണുമില്ല. തെരുവിൽ ഏറെനേരം അവൾ അങ്ങനെ തന്നെ നിന്നു. അപ്പോഴാണ് റൗൾ ടോറസ് എന്ന 23 -കാരനായ യൂബർ ഡ്രൈവർ അവിടെ എത്തുന്നത്. അദ്ദേഹത്തോട് അവൾ തന്റെ ദുരനുഭവം വിവരിച്ചു. അദ്ദേഹം അവളെയും കൊണ്ട് ഒരു പുതിയ ഫോൺ വാങ്ങാൻ കടയിലേക്ക് പോയി.

വേണമെങ്കിൽ അദ്ദേഹത്തിന് അവളെ കടയിൽ വിട്ടിട്ട് തന്റെ കാര്യം നോക്കി പോകാമായിരുന്നു. എന്നാൽ, അദ്ദേഹം അവളോടൊപ്പം കടയിൽ പോയി അവൾക്ക് ഫോൺ കിട്ടുമെന്ന് ഉറപ്പ് വരുത്തി. അദ്ദേഹത്തിന്റെ ദയ അവിടം കൊണ്ടും അവസാനിച്ചില്ല. അന്ന് വേറെ ഓട്ടമെന്നും എടുക്കാതെ അവൾക്കൊപ്പം അദ്ദേഹം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയി. അന്വേഷിച്ചപ്പോൾ ഫോൺ ഒരിടത്തുണ്ടെന്ന് പൊലീസ് കണ്ടെത്തി. പക്ഷേ, അവിടെ എത്തിയ അവർക്ക് അത് കണ്ടെത്താൻ കഴിഞ്ഞില്ല. ഏറെ നേരത്തെ തിരച്ചിലിന് ശേഷം എന്നാൽ നഷ്ടപ്പെട്ട ഫോൺ കണ്ടെത്താൻ അവർക്ക് സാധിച്ചു. ഭാഗ്യവശാൽ, അവളുടെ ക്രെഡിറ്റ് കാർഡ് ഫോൺ കെയ്സിനുള്ളിൽ ഉണ്ടായിരുന്നു.

സംഭവബഹുലമായ ദിവസത്തിനൊടുവിൽ യാത്ര പറഞ്ഞ് പിരിയാൻ നേരമാണ് അദ്ദേഹം തന്റെ കുടുംബ പ്രാരാബ്ധങ്ങൾ അവളോട് പങ്കുവയ്ക്കുന്നത്. ക്യാൻസർ ബാധിച്ച ഒരു അച്ഛനും മകളും ഉൾപ്പെടെയുള്ള ഒരു കുടുംബത്തിന്റെ കൈത്താങ്ങാണ് റൗൾ. ഒരു ദിവസം പോലും ജോലിയ്ക്ക് പോകാതിരിക്കാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. എന്നിട്ടും ഒരു പരിചയവുമില്ലാത്ത അവൾക്ക് വേണ്ടി അദ്ദേഹം അതിന് തയ്യാറായി. ഇത് അവളെ വല്ലാതെ സ്പർശിച്ചു. അദ്ദേഹത്തെ സഹായിക്കാൻ അവൾ തീരുമാനിച്ചു.

ബെക്ക തന്റെ ടിക് ടോക്ക് അനുയായികളോട് റൗളിനെക്കുറിച്ച് പറഞ്ഞു. അദ്ദേഹത്തിന്റെ മകൾ ക്യാൻസറുമായി മല്ലിടുകയാണെന്ന് അവൾ പറഞ്ഞു. അദ്ദേഹത്തിനായി ഒരു ധനസമാഹരണ പരിപാടി അവൾ ആരംഭിച്ചു. ഒരു ദിവസത്തിനുള്ളിൽ ഒന്നര കോടിയിലധികം ഉണ്ടാകാൻ അവൾക്കായി. പിറ്റേദിവസം റൗളിന്റെ അച്ഛൻ മരണപ്പെട്ടുവെങ്കിലും, മകളെ ചികിത്സിക്കാനുളള മാർഗ്ഗം ഇതുവഴി അദ്ദേഹത്തിന് തുറന്ന് കിട്ടി. മകളുടെ ചികിത്സയ്ക്ക് ശേഷം എന്തെങ്കിലും മിച്ചമുണ്ടെങ്കിൽ, സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാനും റൗൾ പദ്ധതിയിടുന്നു.