Asianet News Malayalam

ചെറുപ്പക്കാര്‍ക്ക് വിവാഹം വേണ്ട, ഹലാല്‍ 'ഡേറ്റിംഗ്' ആപ്പുമായി ഇറാന്‍ സര്‍ക്കാര്‍

രാജ്യത്തെ യുവാക്കള്‍ വിവാഹത്തോട് താല്‍പ്പര്യ കുറവ് കാണിക്കുന്ന സാഹചര്യത്തില്‍, ഇണകളെ കണ്ടെത്തുന്നതിന് 'ഹലാല്‍' മാര്‍ഗങ്ങളുമായി ഇറാന്‍ മൊബൈല്‍ ആപ്പ് ആരംഭിച്ചു. ഹംദാന്‍ എന്നാണ് ഈ ആപ്പിന്റെ പേര്. ഹംദാന്‍ എന്നാല്‍, പേര്‍ഷ്യന്‍ ഭാഷയില്‍ പങ്കാളിയെന്നാണ് അര്‍ത്ഥം

iran launches Hamdan dating app for matrimony
Author
Tehran, First Published Jul 14, 2021, 3:57 PM IST
  • Facebook
  • Twitter
  • Whatsapp

തെഹ്‌റാന്‍: രാജ്യത്തെ യുവാക്കള്‍ വിവാഹത്തോട് താല്‍പ്പര്യ കുറവ് കാണിക്കുന്ന സാഹചര്യത്തില്‍, ഇണകളെ കണ്ടെത്തുന്നതിന് 'ഹലാല്‍' മാര്‍ഗങ്ങളുമായി ഇറാന്‍ മൊബൈല്‍ ആപ്പ് ആരംഭിച്ചു. ഹംദാന്‍ എന്നാണ് ഈ ആപ്പിന്റെ പേര്. ഹംദാന്‍ എന്നാല്‍, പേര്‍ഷ്യന്‍ ഭാഷയില്‍ പങ്കാളിയെന്നാണ് അര്‍ത്ഥം. ഡേറ്റിംഗ് ആപ്പ് എന്നാണ് മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിക്കുന്നതെങ്കിലും, സാമ്പ്രദായിക ഡേറ്റിംഗ് ആപ്പുകളുടെ രീതിയല്ല ഇതിന്. കുടുംബങ്ങളുടെ അറിവോടെ ഇണകളെ കണ്ടെത്താനും സര്‍ക്കാര്‍ അനുമതിയോടെ വിവാഹം ചെയ്യാനും പ്രേരിപ്പിക്കുന്നതാണ് ഈ ആപ്പ്. 

ഇറാനില്‍ വിവാഹനിരക്ക് കുത്തനെ കുറയുന്ന അവസ്ഥയാണ്. വിവാഹമോചന നിരക്ക് കൂടുകയും ചെയ്യുന്നു. ഇതോടൊപ്പമാണ്, ജനസംഖ്യയില്‍ ഉണ്ടാവുന്ന കുറവ്. ഈ സാഹചര്യത്തിലാണ്, പുതിയ ആപ്പ് പുറത്തിറങ്ങുന്നതെന്ന് ഇറാനിലെ സൈബര്‍സ്‌പേസ് പോലീസ് മേധാവി കേണല്‍ അലി മുഹമ്മദ് റജാബി പറഞ്ഞു. നിരവധി ഡേറ്റിംഗ് ആപ്പുകള്‍ ഇറാനില്‍ പ്രചാരത്തിലുണ്ടെങ്കിലും, സര്‍ക്കാര്‍ അനുമതിയുള്ള ഏക ആപ്പ് ഹംദാന്‍ ആയിരിക്കും. മറ്റ് ആപ്പുകളെല്ലാം ഇനി നിയമവിരുദ്ധമാവുമെന്നും അദ്ദേഹം അറിയിച്ചു. 

ഇറാന്‍ ഭരണകൂടത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തെബിയാന്‍ കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ ആപ്പ് തയ്യാറാക്കിയത്. ''ഒരൊറ്റ ഇണ, സുസ്ഥിരമായ വിവാഹം-ഈ താല്‍പ്പര്യമുള്ള അവിവാഹിതര്‍ക്ക് ഈ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ആദ്യം അവരുടെ ഐഡന്റിറ്റി സാക്ഷ്യപ്പെടുത്തണം. ഒപ്പം, ഒരു മാനസികാരോഗ്യ പരിശോധന വിജയിക്കണം. ഇതു കഴിഞ്ഞാല്‍, നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ച് വെബ്‌സൈറ്റ് തന്നെ പറ്റിയ ഇണകളെ കാണിച്ചുകൊടുക്കും. അനുയോജ്യരായ പങ്കാളിയെ കണ്ടെത്തി കഴിഞ്ഞാല്‍ സര്‍ക്കാര്‍ അംഗീകാരമുള്ള ഒരു സര്‍വീസ് കണ്‍സല്‍ട്ടന്റ് മുഖാന്തിരം ഇരുകുടുംബങ്ങളെയും തമ്മില്‍ ബന്ധപ്പെടുത്തുന്നു. വിവാഹത്തിന് ശേഷമുള്ള നാലുവര്‍ഷം ഈ കണ്‍സല്‍ട്ടന്റ് ഇരു കുടുംബങ്ങളുമായും ബന്ധം പുലര്‍ത്തും.  

ഇറാന്റെ സാംസ്‌കാരിക തനിമയുടെ ഭാഗമായ കുടുംബ ബന്ധങ്ങളെ അട്ടിമറിക്കാന്‍ ശത്രുക്കള്‍ ശ്രമിക്കുന്നതായി  തെബിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ്, കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ആപ്പ് കൊണ്ടുവരുന്നത്. കെട്ടുറപ്പുളള കുടുംബത്തെ സൃഷ്ടിക്കാനാണ് ഈ ആപ്പ് ലക്ഷ്യമിടുന്നതെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ ഖുമൈല്‍ ഖോജസ്തി പറഞ്ഞു. 

ഇറാനിലെ ജനസംഖ്യയുടെ പകുതിയിലധികവും 35 വയസ്സിന് താഴെയുള്ളവരാണ്. ഈ പ്രവണത തുടര്‍ന്നാല്‍ അടുത്ത മൂന്ന് ദശകത്തിനുള്ളില്‍ വൃദ്ധര്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നായി ഇറാന്‍ മാറുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ ഇറാനില്‍ 307,300 വിവാഹങ്ങളും 99,600 വിവാഹമോചനങ്ങളും നടന്നതായാണ് നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സിവില്‍ രജിസ്‌ട്രേഷന്റെ സ്ഥിതിവിവരക്കണക്കുകള്‍. ഇറാനിലെ വാര്‍ഷിക ജനസംഖ്യാ വളര്‍ച്ച 2020 ല്‍ 1.29 ശതമാനമായി കുറയുകയും ചെയ്തു.

വിവാഹത്തിനും രണ്ട് കുട്ടികളില്‍ കൂടുതലുള്ള ദമ്പതികള്‍ക്കും സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്ന ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് മാര്‍ച്ചില്‍ രൂപം നല്‍കിയിട്ടുണ്ട്. എന്നാല്‍, പരമോന്നത സഭ ഇതിന് അംഗീകാരം നല്‍കിയിട്ടില്ല. 

Follow Us:
Download App:
  • android
  • ios