ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി അഥവാ ജെഎൻയു. 1969 -ൽ ഇന്ത്യൻ പാർലമെന്റിൽ പാസാക്കിയ ഒരു ബിൽ പ്രകാരം നിലവിൽ വന്ന ഇന്ത്യൻ അക്കാദമിക വിദ്യാഭ്യാസത്തിന്റെ ഉന്നതമായ അധ്യയനസ്ഥാപനം. ഗോപാലസ്വാമി പാർത്ഥസാരഥി എന്ന വരിഷ്ഠനായ വിദ്യാഭ്യാസവിചക്ഷണൻ ആദ്യത്തെ വൈസ് ചാൻസലറായി തുടങ്ങിയ ഈ സ്ഥാപനം അന്നുതൊട്ടിന്നുവരെ ഇന്ത്യൻ രാഷ്ട്രീയ, സിവിൽ സർവീസ്, ബിസിനസ് രംഗങ്ങളിൽ ഏറെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള നിരവധി പ്രഗത്ഭവ്യക്തിത്വങ്ങളെ വാർത്തെടുത്തിട്ടുണ്ട്. 

1970 -ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിനെ ജെഎൻയുവിൽ ലയിപ്പിക്കുന്നു. നാഷണൽ ഡിഫൻസ് അക്കാദമി അടക്കമുള്ള പല സൈനികപരിശീലന സ്ഥാപനങ്ങളുടെയും അഫിലിയേഷൻ ഈ സർവകലാശാലയുമായിട്ടാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജി, സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ പല മികവുറ്റ ദേശീയ ഗവേഷണകേന്ദ്രങ്ങളും ജെഎൻയുവിന്റെ കീഴിലാണ്. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യൻ അക്കാദമികമികവിന്റെ ഏറ്റവും ഉന്നതമായ കേന്ദ്രങ്ങളിൽ ഒന്നാണ് നാകിന്റെ(NAAC) A++ റേറ്റിങ്ങ് സിദ്ധിച്ചിട്ടുള്ള ഈ സർവകലാശാല.

ഇന്നലെ മുഴുവൻ ടിവി സ്‌ക്രീനുകളിൽ നിറഞ്ഞുനിന്നത് ജെഎൻയു തന്നെയാണ്. അവിടത്തെ വിദ്യാർത്ഥികൾ ഒന്നടങ്കം സമരവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. അവരെ അതിനു പ്രേരിപ്പിച്ച സാഹചര്യമെന്താണ്? സർവകലാശാലയിൽ നടപ്പിൽ വരുത്താൻ പോകുന്ന ഫീസ് വർദ്ധനവ്, ഡ്രസ് കോഡിൽ വരാൻ പോകുന്ന നിഷ്കർഷ,  രാത്രിയിലെ ഹോസ്റ്റൽ അടക്കുന്ന സമയപരിധി തുടങ്ങിയവയാണ് പ്രധാന പ്രശ്നങ്ങളായി വിദ്യാർത്ഥി യൂണിയൻ ഉന്നയിക്കുന്നത്. 
 
തിങ്കളാഴ്ച, സർവകലാശാലയുടെ ബിരുദദാന ചടങ്ങുകൾ നടക്കുന്ന ദിവസം തന്നെയാണ് സമരത്തിനും ആഹ്വാനമുയർന്നത്. വൈസ് പ്രസിഡണ്ട് വെങ്കയ്യ നായിഡു, കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്‌റിയാൽ നിശാങ്ക തുടങ്ങിയ പല വിഐപികളും പങ്കെടുക്കുന്ന ചടങ്ങ് അങ്ങനെ സമരകോലാഹലങ്ങളിൽ മുങ്ങി.
 


NO CONVOCATION WITHOUT AFFORDABLE EDUCATION എന്നതായിരുന്നു ഇന്നലെ സമരത്തിൽ ഉയർന്നുകേട്ട മുദ്രാവാക്യങ്ങളിൽ ഏറ്റവും പ്രധാനം. ജെഎൻയു സ്റ്റുഡന്റസ് യൂണിയൻ തന്നെയായിരുന്നു സമരം നയിച്ചത്. ജെഎൻയു ഹോസ്റ്റൽ നടത്തിപ്പിന്റെ ആധികാരിക മാനദണ്ഡമെന്നത് ഇന്റർ ഹാൾ അഡ്മിനിസ്ട്രേഷൻ(IHA) മാനുവൽ എന്ന രേഖയാണ്. വർഷങ്ങളായി കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെ പിന്തുടർന്നുപോന്നിരുന്ന ഈ രേഖ പരിഷ്കരിക്കാൻ വേണ്ടി ഒരു സമിതി രൂപീകരിക്കപ്പെട്ടിരുന്നു ഈയിടെ. ആ സമിതി ചർച്ചചെയ്ത് രൂപം നൽകിയ പരിഷ്കരിച്ച IHA മാനുവലിന്റെ കരട് രേഖയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനം. പ്രസ്തുത കരട് രേഖ ഹോസ്റ്റൽ ഫീസിനെ അഴിച്ചു പണിയുന്ന ഒന്നാണ്. വർഷങ്ങളായി വളരെ തുച്ഛമായ സംഖ്യകളാണ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് ഒടുക്കേണ്ടി വന്നിരുന്നത്. അതിൽ പലതും പലമടങ്ങായി വർധിപ്പിക്കുന്ന പരിഷ്കരണങ്ങളാണ് സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്.

അതിൽ, സർവീസ് ചാർജ്ജ് എന്ന പേരിൽ പുതിയതായി കൊണ്ടുവരുന്ന ഒരു ഫീസ് ഹോസ്റ്റൽ താമസത്തിന്റെ ചെലവ് ഒറ്റയടിക്ക് കൂട്ടും. ഈ കരട് രേഖ അംഗീകരിക്കപ്പെടുകയാണെങ്കിൽ, ഇനി ഹോസ്റ്റലിൽ കഴിയുന്ന ഓരോ വിദ്യാർത്ഥിയും 1700 രൂപ പ്രതിമാസം സർവീസ് ചാർജ്ജിനത്തിൽ ഒടുക്കേണ്ടി വരും. ഒരു സിംഗിൾ റൂമിന്റെ വാടക മാസം 20 രൂപയിൽ നിന്ന് 600/- ആയി ഉയർത്തും. രണ്ടുപേർ പങ്കിട്ടുകഴിയുന്ന മുറിക്കുള്ള വാടക മാസം 10 രൂപയിൽ നിന്ന് 300/- ആക്കും. ഇന്നുവരെ വിദ്യാർഥികൾ ഒടുക്കേണ്ടതില്ലാതിരുന്ന കറണ്ടുബില്ലും വാട്ടർബില്ലും ഇനിമേൽ വിദ്യാർത്ഥികൾ തന്നെ പങ്കിട്ടെടുത്ത് അടക്കേണ്ടി വരും. നവംബർ 13 -ന്, ജെഎൻയു എക്സിക്യൂട്ടീവ് കൗൺസിലിന്റെ അന്തിമാംഗീകാരം കിട്ടിയാൽ പിന്നെ ഈ ഡ്രാഫ്റ്റ്, ഔദ്യോഗിക മാർഗ്ഗരേഖയായി മാറും. ഇപ്പോൾ ജെഎൻയുവിൽ BA/MA/MPhil/PhD പഠനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർഥികൾ മാസാമാസം അടക്കുന്ന പരമാവധി ട്യൂഷൻ ഫീസ് 283 രൂപയാണ്. അതും വർധിപ്പിക്കാൻ പോകുന്നു. ഒപ്പം, റീഫണ്ടബിൾ ആയ മെസ് സെക്യൂരിറ്റി ഫീസ്‌ 5500/-ൽ നിന്ന് 12,000/- ആക്കി ഉയർത്താനുള്ള നിർദ്ദേശവും വന്നിട്ടുണ്ട്.  

സർവകലാശാലയുടെ പടിഞ്ഞാറേ ഗേറ്റിനു മുന്നിലായി 500 -ലധികം വിദ്യാർത്ഥികൾ തടിച്ചുകൂടിയിരുന്നു. ഗേറ്റിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് തകർത്തുകൊണ്ട് സമരക്കാർ ബിരുദദാനച്ചടങ്ങുനടക്കുന്ന വേദിയിലേക്ക് മാർച്ച്ചെയ്തു. ബിരുദദാനച്ചടങ്ങിൽ പങ്കുചേരാനെത്തിയ വൈസ് പ്രസിഡന്റിനെ പൊലീസ് ഒരുവിധം വേദിക്ക് പുറത്തെത്തിച്ചു. ഉച്ചക്കുശേഷം ജെഎൻയു യൂണിയൻ പ്രതിനിധികൾ തങ്ങളുടെ ആവശ്യങ്ങളുമായി കേന്ദ്രമാനവ വിഭവ ശേഷി വകുപ്പുമന്ത്രി രമേശ് പൊഖ്‌റിയാൽ നിഷാങ്കിനെ ചെന്നുകണ്ടു. അവർ 11 ആവശ്യങ്ങൾ അടങ്ങിയ ഒരു മെമ്മോറാണ്ടവും പൊഖ്‌റിയാലിന് സമർപ്പിച്ചു. IHA പരിഷ്‌കാരങ്ങൾ ഉപേക്ഷിക്കുക എന്നത് തന്നെയാണ് മുഖ്യ ഡിമാൻഡ്.

എന്നാൽ, ജെഎൻയു സ്റ്റുഡന്റസ് ഡീൻ ആയ ഉമേഷ് കദം പറയുന്നത്, കഴിഞ്ഞ 19 വർഷങ്ങളായി വർധിപ്പിക്കാതെ തുടരുന്ന ഫീസുകൾ കൂട്ടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് എന്നാണ്. കഴിഞ്ഞ വർഷങ്ങളിൽ പലപ്പോഴും ഈ ഫീസുകൾ കൂട്ടാനുള്ള ശ്രമങ്ങൾ ജെഎൻയു അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്തു നിന്ന്  ഉണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുണ്ടായ എതിർപ്പിനെത്തുടർന്ന് വേണ്ടെന്നു വെക്കുകയാണ് ഉണ്ടായത്. ഇത്തവണയും കടുത്ത പ്രതിഷേധങ്ങൾക്ക് ജെഎൻയു സാക്ഷ്യം വഹിച്ചു. ഉച്ചക്ക് തൊട്ടുമുമ്പ് തുടങ്ങിയ പ്രകടനത്തെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി ഉൾപ്പെടെയുള്ള മാർഗങ്ങൾ അവലംബിച്ചു.

ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ട്വീറ്റ് ചെയ്ത ജെഎൻയു വിസി എം ജഗദീഷ് കുമാർ പറയുന്നത് ഫീസ് ഒഴികെയുള്ളതിനെപ്പറ്റി വിദ്യാർഥികൾ പറഞ്ഞുപരത്തുന്നതെല്ലാം വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്നാണ്. ഹോസ്റ്റൽ അടക്കുന്ന സമയവും, മെസ് ഹാളിലെ ഡ്രസ്സ് കോഡും ഒക്കെ മുൻ മാനുവലിലും ഉണ്ടായിരുന്നു തെളിവായി പഴയതും പുതിയതുമായ IHA മാനുവലുകൾ താരതമ്യം ചെയ്തുകൊണ്ടുള്ള സ്ക്രീൻഷോട്ടുകൾ അദ്ദേഹം ട്വീറ്റ് ചെയ്തു. പല ചെലവുകളും ഇപ്പോൾ വഹിക്കുന്നത് അഡ്മിനിസ്ട്രേഷനാണ്. അതിനായി ചെലവാകുന്ന പത്തുകോടിയോളം രൂപ യുജിസിയിൽ നിന്ന് അനുവദിച്ചുകിട്ടുന്നില്ല എന്നതുകൊണ്ട്, അത് കണ്ടെത്താനായി  ഫീസുകൾ കാലാനുസൃതമായി പരിഷ്കരിക്കുക എന്ന ഒരു മാർഗമേ മുന്നിലുള്ളൂ. അങ്ങനെ ഒരു നിർദേശം വന്നിട്ട് കാലം കുറെയായി എന്നും താൻ അത് നടപ്പിൽ വരുത്തുകമാത്രമേ ചെയ്തുള്ളുവെന്നും ജെഎൻയു വൈസ് ചാൻസലർ പറഞ്ഞു.
 
 
എന്നാൽ, ഇതിനോട് പ്രതികരിച്ചുകൊണ്ട് വിദ്യാർത്ഥി പ്രതിനിധിയായ ബാലാജി പറഞ്ഞത് ഇപ്രകാരമായിരുന്നു. രാജ്യത്തെ പാവപ്പെട്ട, ആദിവാസി, പിന്നാക്കവിഭാഗങ്ങളിൽ നിന്നൊക്കെയുള്ള വിദ്യാർത്ഥികൾക്ക് ഇന്നും കുറഞ്ഞചെലവിൽ രാജ്യത്തെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം ആർജ്ജിക്കാൻ അവശേഷിക്കുന്ന ചുരുക്കം ഇടങ്ങളിൽ ഒന്നാണ് ജെഎൻയു. പതിനെട്ടു ഹോസ്റ്റലുകളിലായി ഏകദേശം 5500 -ൽ പരം വിദ്യാർത്ഥികൾ അവിടെ താമസിച്ചു പഠിക്കുന്നുണ്ട് അവിടത്തെ ഫീസ് ഇങ്ങനെ കുത്തനെ ഉയർത്തുന്നത് അത് പാവങ്ങൾക്ക് അപ്രാപ്യമാക്കുന്ന രീതിയിലുള്ള നടപടിയാണ് എന്നദ്ദേഹം പറഞ്ഞു.
 
ഇപ്പോഴത്തെ നിരക്കുവർധനവുകൾ നിലവിൽ വന്നാൽ മാസം അടക്കേണ്ട ഫീസ് 6000 രൂപയിൽ അധികമാകും. ജെഎൻയുവിൽ ഇപ്പോൾ പഠിക്കുന്ന വിദ്യാർത്ഥികളിൽ 25 ശതമാനവും മാസം ആറായിരം രൂപയിൽ താഴെമാത്രം വരുമാനമുള്ള കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ്. ഇത് നടപ്പിലാവുക എന്നാൽ, അവർക്ക് ജെഎൻയുവിൽ തുടർന്ന് പഠിക്കാൻ സാധിക്കാതെ വരിക എന്നതാകും എന്നും അദ്ദേഹം പറഞ്ഞു. ഒരു വിപ്ലവത്തിനുമല്ല, സ്വന്തം അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് ജെഎൻയുവിലെ തങ്ങളുടെ സമരമെന്നും ബാലാജി പറഞ്ഞു.