കഴിഞ്ഞ ആഴ്ച ഇവര്‍ക്ക് ധീരമായ മാധ്യമപ്രവര്‍ത്തനത്തിനളള്ള റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുരസ്‌കാരം ലഭിച്ചിരുന്നു. ഴാംഗിന് അടിയന്തിരമായി ചികില്‍സ നല്‍കണമെന്ന് ലോകമെങ്ങുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമ സംഘടനകളും ആവശ്യപ്പെട്ടിട്ടും ചൈനീസ് സര്‍ക്കാര്‍ അനങ്ങിയിട്ടില്ല.  

ചൈനയിലെ വുഹാനിലെ കൊറോണ വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തക ചൈനീസ് ജയിലില്‍ മരണം മുന്നില്‍കാണുകയാണെന്ന് കുടുംബം. വുഹാനിലെ മാര്‍ക്കറ്റില്‍ കൊവിഡ് രോഗം പൊട്ടിപ്പുറപ്പടുകയും അതിനെ പ്രതിരോധിക്കുന്നതിന് ചൈന ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്ത വിവരം റിപ്പോര്‍ട്ട് ചെയ്ത ഴാംഗ് ഴാന്‍ എന്ന മാധ്യമപ്രവര്‍ത്തകയാണ് ചൈനീസ് ജയിലില്‍ കഴിയുന്നത്. സത്യം പറഞ്ഞതിന് കള്ളക്കേസില്‍ കുടുക്കി എന്നാരോപിച്ച് ഇവര്‍ ജയിലില്‍ നിരാഹാര സമരം നടത്തുകയാണ്. ഇതിനെ തുടര്‍ന്ന് ഴാംഗ് മരണാസന്നയായെന്ന് കുടുംബാംഗങ്ങളാണ് അറിയിച്ചത്. 

സര്‍ക്കാറിന് താല്‍പ്പര്യമില്ലാത്ത വിവരം പുറത്തെത്തിക്കുന്ന മറ്റുള്ളവര്‍ക്കുള്ള താക്കീതാണ് ഇവരുടെ ജയില്‍വാസമെന്ന് അവരുടെ മുന്‍ അഭിഭാഷകനും മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ആഴ്ച ഇവര്‍ക്ക് ധീരമായ മാധ്യമപ്രവര്‍ത്തനത്തിനളള്ള റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുരസ്‌കാരം ലഭിച്ചിരുന്നു. ഴാംഗിന് അടിയന്തിരമായി ചികില്‍സ നല്‍കണമെന്ന് ലോകമെങ്ങുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമ സംഘടനകളും ആവശ്യപ്പെട്ടിട്ടും ചൈനീസ് സര്‍ക്കാര്‍ അനങ്ങിയിട്ടില്ല.

വുഹാനില്‍ കൊവിഡ് രോഗം പൊട്ടിപ്പുറപ്പെടുകയും പ്രദേശവാസികള്‍ കൂട്ടമായി പലായനം ചെയ്യുകയും ചെയ്ത സന്ദര്‍ഭത്തിലാണ് വീഡിയോ ബ്ലോഗിലൂടെ ഴാംഗ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. വുഹാനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വിവരവും ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നൈീസ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ മറച്ചുവെക്കുന്ന സമയത്താണ് ഴാംഗിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. തുടര്‍ന്ന് രണ്ട് വിദേശ മാധ്യമങ്ങള്‍ക്ക് ഇവര്‍ അഭിമുഖം നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് 38 കാരിയായ ഴാംഗ് അറസ്റ്റിലായത്. ഈ വിവരം അന്ന് ലോകമാധ്യമങ്ങളെല്ലാം പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

തുടര്‍ന്ന്, 2020 ഡിസംബറിലാണ് കോടതി ഴാംഗിന് ജയില്‍ ശിക്ഷ വിധിച്ചത്. വുഹാനില്‍നിന്നുള്ള വീഡിയോ റിപ്പോര്‍ട്ടുകളില്‍ വ്യാജവാര്‍ത്ത നല്‍കിയെന്നും വിദേശ മാധ്യമങ്ങളോട് സംസാരിച്ചുവെന്നുമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. സര്‍കകാറിന് താല്‍പ്പര്യമില്ലാത്തവര്‍ക്ക് മേല്‍ സാധാരണ ചുമത്തുന്ന സംഘര്‍ഷമുണ്ടാക്കുകയും പ്രശ്‌നകാരണമാവുകയും ചെയ്തു എന്ന കുറ്റം ചുമത്തി നാലു വര്‍ഷം തടവുശിക്ഷയാണ് വിധിച്ചത്. 

ജയിലിലായ ശേഷം ഴാംഗ് നിരാഹാര സമരമാരംഭിച്ചു. ലോകമെങ്ങുമുള്ള ജനങ്ങളുടെ ആരോഗ്യം മുന്‍നിര്‍ത്തിയാണ് രോഗബാധയുടെ വിവരങ്ങള്‍ പുറത്തുവിട്ടതെന്നും അതിന്റെ പേരിലുള്ള ശിക്ഷാ നടപടികളെ ന്യായീകരിക്കാനാവില്ലെന്നും പറഞ്ഞായിരുന്നു നിരാഹാരം. തുടര്‍ന്ന് ലോകമെങ്ങും ഇവരെ വിട്ടയക്കണമെന്ന ആവശ്യമുയര്‍ന്നു. അതിനിടെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഴാംഗിനു മേല്‍ നിര്‍ബന്ധം ചെലുത്തി. കുടുംബാംഗങ്ങളെ കൊണ്ട് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഴാംഗ് സമരം നിര്‍ത്തിയില്ല. പിന്നീട് ബലം പ്രയോഗിച്ച് ഭക്ഷണം നല്‍കി വരികയായിരുന്നു. 

അതിനിടെയാണ്, നിരാഹാര സമരത്തെ തുടര്‍ന്ന് ഴാംഗ് ഏത് സമയവും മരിക്കാവുന്ന അവസ്ഥയിലാണെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചത്. ജയില്‍ വകുപ്പിന് കുടുംബം നല്‍കിയ ഹര്‍ജികളും സര്‍ക്കാറിനോടുള്ള അഭ്യര്‍ത്ഥനകളും ഒരു ഫലവും ചെയ്തില്ല. അതിനിടെയാണ്, ഴാംഗിന്റെ മുന്‍ അഭിഭാഷകനായ റെന്‍ ക്വാനിയു ഹോങ്കോംഗില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിച്ചത്. ഴാംഗിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് അദ്ദേഹം പറഞ്ഞു.