ഗസ്റ്റ് 5, 2019 ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഒരു നിർണ്ണായകദിനമായിരുന്നു. കാരണം, അന്നാണ് ജമ്മുകശ്മീർ സംസ്ഥാനത്തിന്റെ സവിശേഷപദവി എടുത്തുകളഞ്ഞുകൊണ്ടുള്ള ബിൽ രാജ്യസഭയിൽ അവതരിപ്പിക്കപ്പെടുന്നത്. ഈ ബിൽ പ്രകാരം ആർട്ടിക്കിൾ 370, 35(A) തുടങ്ങിയവ അസാധുവാക്കപ്പെടുകയും, ജമ്മു കശ്മീർ സംസ്ഥാനം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി ഭാഗിക്കപ്പെടുകയും ചെയ്തു. അടുത്ത ദിവസം, അതായത് ഓഗസ്റ്റ് ആറാം തീയതി, കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ, പ്രസ്തുത ബിൽ ലോക്സഭയിലും അവതരിപ്പിച്ചു. ബിൽ ലോക്‌സഭയുടെ കടമ്പയും കടന്ന് നിയമമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ലഡാക്കിലെയും ജമ്മു കശ്മീരിലെയും ജനങ്ങൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ട്വീറ്റും ചെയ്തു. അന്നേദിവസം ഇരുവരും ഒരു ട്വീറ്റ് കൂടി ചെയ്തിരുന്നു. അത് ഒരു യുവ എംപിയെ, അന്ന് അദ്ദേഹം ഹിന്ദി ഭാഷയിൽ തന്നെ നടത്തിയ നെടുങ്കൻ പ്രഭാഷണത്തിന്റെ പേരിൽ അഭിനന്ദിക്കാൻ വേണ്ടിയായിരുന്നു. ആ പ്രഭാഷണം ടെലിവിഷൻ സൈറ്റുകളിലൂടെ തത്സമയം കേട്ടശേഷം ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഒരേസ്വരത്തിൽ പറഞ്ഞു, "ഇതാ രാഷ്ട്രീയനഭസ്സിലിതാ ഒരു പുത്തൻ താരോദയം..."  അത് ജമ്മുകശ്മീരിലെ ലഡാക്ക് മണ്ഡലത്തിൽ നിന്നുള്ള എംപിയായിരുന്നു, പേര് ജാംയാങ്ങ് ഷെറിങ്ങ് നാംഗ്യാൽ.

 
കേന്ദ്രസർക്കാരിന്റെ ചരിത്രപരമായ തീരുമാനത്തെ ലഡാക്കിലെ ജനങ്ങളുടെ പ്രതിനിധിയായ നാംഗ്യാൽ സ്വാഗതം ചെയ്തു. ജമ്മുവിൽ നിന്നും വേർപെടുത്തി ലഡാക്കിനെ ഒരു സ്വതന്ത്രകേന്ദ്രഭരണപ്രദേശമാക്കിയതിന് അദ്ദേഹം കേന്ദ്രഗവണ്മെന്റിനോട് നന്ദി പറഞ്ഞു. ആർട്ടിക്കിൾ 370 നിലവിലുണ്ടായിരുന്നു എന്ന ഒറ്റക്കാരണത്താലാണ് ഇന്നുവരെ ലഡാക്കിൽ വികസനം എത്തിനോക്കാതിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. ജമ്മു മാറിമാറി ഭരിച്ച രണ്ടു കുടുംബങ്ങൾ ലഡാക്കിനോട് ചിറ്റമ്മ നയമാണ് എന്നും കാണിച്ചിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
"കഴിഞ്ഞ 71 വർഷങ്ങളായി ലഡാക്കിലെ ജനങ്ങൾ ഇന്ത്യയോട് ഇഴുകിച്ചേരാൻ ശ്രമിച്ചപ്പോഴൊക്കെ, രണ്ടു കുടുംബങ്ങൾ ലേ എന്നും ലഡാക്കെന്നും രണ്ടു ജില്ലകളായി വിഭജിച്ച് ഞങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു..."  എന്ന് അദ്ദേഹം ലോക്‌സഭയിൽ പ്രസംഗിച്ചപ്പോൾ സഭയുടെ അകത്തളം കയ്യടികളാൽ മുഖരിതമായി. 

ആരാണ് ഈ ജാംയാങ്ങ് ഷെറിങ്ങ് നാംഗ്യാൽ

2019 -ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കശ്മീരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട് പാർലമെന്റിലെത്തിയതാണ് നാംഗ്യാൽ. പ്രദേശവാസികൾ അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നത് ജെടിഎൻ എന്നാണ്. ലഡാക്കിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ എംപിയും നാംഗ്യാൽ തന്നെയാണ്. 

1985 ഓഗസ്റ്റ് 4 -ന് ലേ ലഡാക്ക് പ്രദേശത്തെ മാതോ ഗ്രാമത്തിൽ ഒരു സൈനികന്റെ മകനായി ജനിച്ച നാംഗ്യാൽ, ജമ്മു സർവകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസകാലത്തു തന്നെ രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായിരുന്ന നാംഗ്യാൽ ലഡാക്കിലെ അറിയപ്പെടുന്ന ഒരു യുവകവി കൂടിയാണ്. 'ദി ഗിഫ്റ്റ് ഓഫ് പോയട്രി' എന്ന അദ്ദേഹത്തിന്റെ പുസ്തകം ജനപ്രിയമാണവിടെ. 

 
2014 -ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതാവായ തുപ്സ്ഥാൻ ഛേവാങ്ങിന്റെ കാമ്പെയ്ൻ മാനേജർ ആയിരുന്ന നാംഗ്യാലിന്റെ തന്ത്രങ്ങളാണ്, ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ, ലഡാക്ക് സീറ്റ് വെറും 36 വോട്ടിന്റെ ഭൂരിപക്ഷത്തിന് പിടിച്ചെടുക്കാൻ ബിജെപിയെ സഹായിച്ചത്. അദ്ദേഹത്തിന്റെ സംഘടനാപാടവം തിരിച്ചറിഞ്ഞ ബിജെപി നേതൃത്വം തുടർന്നുവന്ന ലഡാക്ക് ഓട്ടോണോമസ് ഹിൽ ഡെവലപ്മെന്റ് കൗൺസിലിൽ (LAHDC) തെരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിക്കാൻ ടിക്കറ്റ് നൽകുകയായിരുന്നു. അന്ന് അദ്ദേഹം 825  വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തോടെ ജയിച്ചു കേറി. പിന്നീട് ലഡാക്കിലെ ബിജെപി പാളയത്തിൽ പിളർപ്പുണ്ടായ ഒരു സവിശേഷ സാഹചര്യത്തിൽ അദ്ദേഹം കൗൺസിലിന്റെ ചെയർമാൻ സ്ഥാനത്തേക്കും ഏകകണ്ഠമായി തിരഞ്ഞെടുക്കകപ്പെട്ടു. 
 
2019 -ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വന്നപ്പോഴും ബിജെപിയ്ക്ക് ആദ്യം ഓർമ്മവന്ന പേര് ജെടിഎൻ എന്ന ജനപ്രിയ നേതാവിന്റേത് തന്നയായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പിഡിപിയുടെ ലഡാക്ക് യൂണിറ്റ് മൊത്തമായി ബിജെപിയോട് ചേർന്നതും അദ്ദേഹത്തിന് ഗുണകരമായി. രാഷ്ട്രീയത്തിൽ ഇറങ്ങിയ അന്നുമുതൽ ജെടിഎൻ കേന്ദ്രത്തോടുയർത്തിയിരുന്നത് പ്രധാനമായും രണ്ടാവശ്യങ്ങളായിരുന്നു. ഒന്ന്, ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കുക, രണ്ട്, ലഡാക്കിലെ പ്രാദേശിക ഭാഷയായ ഭോട്ടിയെ ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക. ഇതിൽ ആദ്യത്തെ ആവശ്യമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്. 

ഇന്നലെ, സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ലഡാക്കിൽ നടന്ന ചടങ്ങുകൾക്കിടെ താൻ നല്ലൊരു നർത്തകൻ കൂടി ആണെന്ന് യുവ എംപി തെളിയിച്ചു.  പ്രദേശത്തെ ഗോത്രവർഗ്ഗ കലാകാരന്മാരോടൊപ്പം അദ്ദേഹവും നൃത്തം ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലാവുകയുണ്ടായി. 
 

സർക്കാർ സർവീസിൽ ഡോക്ടറായ സോനം വാങ്‌മോ ആണ് നാംഗ്യാലിന്റെ പത്നി. തികച്ചും സാധാരണമായ സാമ്പത്തിക ചുറ്റുപാടുകളിൽ നിന്നും വരുന്ന ഈ ജനപ്രതിനിധിയുടെ പ്രഖ്യാപിത ആസ്തി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ സത്യവാങ്മൂലം പ്രകാരം, പത്തുലക്ഷത്തിൽ താഴെ മാത്രമാണ് .