Asianet News MalayalamAsianet News Malayalam

കൊവിഡിനിടയിലും ജപ്പാനിലെ പൊന്തക്കാടുകളിൽ നുറുങ്ങുവെട്ടം തെളിച്ച് മിന്നാമിനുങ്ങുകളുടെ രതിസംഗമനൃത്തം

മിന്നാമിനുങ്ങുകളുടെ സാന്നിധ്യം പ്രകൃതിയുടെ വിശുദ്ധിയെ ആണ് സൂചിപ്പിക്കുന്നത് എന്ന് പറയാറുണ്ട്. അഥവാ, മിന്നാമിനുങ്ങുകൾ വരണമെങ്കിൽ പ്രദേശത്ത് കാടുകൾ വേണം, വായു ശുദ്ധമാകണം, ജലം മലിനപ്പെടരുത്. 

japan's Tatsuno fireflies dance
Author
Tatsuno, First Published Jul 9, 2020, 9:32 AM IST

ജപ്പാനിലെ താത്സുനോ നഗരത്തിൽ സൂര്യനസ്തമിക്കുമ്പോൾ, അവിടത്തെ പൊന്തകളിൽ ഒരായിരം മിന്നാമിനുങ്ങുകൾ ഒന്നിച്ച് തെളിയാൻ തുടങ്ങും. ആ അപൂർവ്വസുന്ദര ദൃശ്യം കാണാൻ വന്നെത്തുന്ന സന്ദർശകരുടെ തിരക്കുണ്ടാവാറുണ്ട് എല്ലാക്കൊല്ലവും ഈ കൊച്ചു പട്ടണത്തിൽ. പതിനായിരങ്ങളാണ് ഈ ദൃശ്യം നേരിൽ കാണാനായി തത്സുനോ പട്ടണത്തിൽ എത്താറുള്ളത്. എല്ലാക്കൊല്ലവും വേനലിന്റെ തുടക്കത്തിൽ പത്തുദിവസം മാത്രമാണ് താത്സുനോയിൽ പ്രകൃതി ഈ ദൃശ്യവിസ്മയം ഒരുക്കാറുള്ളത്. "മിന്നാമിന്നികളുടെ സ്നേഹപ്രകടനങ്ങളാണ് ഈ മിന്നലുകൾ. ഇണകൾക്കിടയിലെ സംവേദനോപാധികൾ. "ജപ്പാൻ ടൂറിസം പ്രതിനിധി കത്സുനോറി ഫ്യൂനാക്കി സിഎൻഎന്നിനോട് പറഞ്ഞു. ഇക്കാലത്താണ് പെൺമിന്നാമിനുങ്ങുകൾ തങ്ങൾക്ക് മുട്ടയിടാൻ വേണ്ടി ഇണചേരാൻ പറ്റിയ ആൺ മിന്നാമിനുങ്ങുകളെ തേടിയിറങ്ങുന്നത്.

japan's Tatsuno fireflies dance

കാലാവസ്ഥ നന്നെങ്കിൽ, ഈ പത്തുദിവസവും താത്‌സുനോ നിവാസികൾക്ക് ഏകദേശം 30,000 മിന്നാമിനുങ്ങുകളുടെ ഒന്നിച്ചുള്ള മിന്നിച്ച കാണാം. ആ സമയത്ത് ആ ടെൻയൂരു നദിക്കരയിലെ പൊന്തക്കാടുകളിൽ അങ്ങോളമിങ്ങോളം സീരിയൽ സെറ്റിട്ട പ്രതീതിയാണുണ്ടാവുക. പത്തൊമ്പതാം നൂറ്റാണ്ടു തൊട്ടുതന്നെ ഇതിന്റെ പത്തിരട്ടി മിന്നാമിനുങ്ങുകൾ ഇവിടെ വന്നിരുന്നതായി ചരിത്രരേഖകൾ പറയുന്നു. എന്നാൽ, വ്യാവസായിക മലിനീകരണം മിന്നാമിന്നികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാക്കിയിട്ടുണ്ട്.

മിന്നാമിനുങ്ങുകളുടെ സാന്നിധ്യം പ്രകൃതിയുടെ വിശുദ്ധിയെ ആണ് സൂചിപ്പിക്കുന്നത് എന്ന് പറയാറുണ്ട്. അഥവാ, മിന്നാമിനുങ്ങുകൾ വരണമെങ്കിൽ പ്രദേശത്ത് കാടുകൾ വേണം, വായു ശുദ്ധമാകണം, ജലം മലിനപ്പെടരുത്. മിന്നാമിനുങ്ങുകളെ തിരിച്ചു കൊണ്ടുവരാൻ വേണ്ട ബോധപൂർവമായ പ്രവർത്തനങ്ങൾ താത്സുനോ ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. ഫയർ ഫ്ലൈ ഫെസ്റ്റിവൽ ഇന്ന് അവരുടെ ഒരു പ്രധാന ടൂറിസം വ്യാപാര സീസൺ കൂടിയാണ്.

japan's Tatsuno fireflies dance

മിന്നാമിനുങ്ങുകൾക്ക് നിലനിൽപ്പുണ്ടാവണമെങ്കിൽ പ്രദേശത്ത് കവാനീന എന്നൊരിനം ഒച്ചുകൂടി ഉണ്ടാവേണ്ടതുണ്ട് ജൈവവ്യവസ്ഥയിൽ. ശുദ്ധജലസ്രോതസ്സുകളിലാണ് മിന്നാമിനുങ്ങുകൾ അവരുടെ ഒരു വർഷത്തെ ജീവിത കാലയളവിൽ ഒമ്പതുമാസവും കഴിഞ്ഞു കൂടാറുള്ളത്. ആ സമയത്ത് കുഞ്ഞു മിന്നാമിന്നികളുടെ പ്രധാന ഭക്ഷണം ഈ ഒച്ചുകളുടെ ഇറച്ചിയാണ്.

മനുഷ്യസാന്നിധ്യത്തെ മിന്നാമിന്നികൾ വെറുക്കുന്നു. ആരുമില്ലാത്ത പൊന്തകളിൽ ഇണയുമൊത്ത് മിന്നിച്ചു പാറി നടക്കാനാണ് മിന്നാമിനുങ്ങുകൾക്ക് ഇഷ്ടം. അവരുടെ ഇഷ്ടത്തിനാണ് ഇക്കുറി കാര്യങ്ങൾ നീങ്ങാൻ പോകുന്നത്. അതിനവർ നന്ദി പറയുക കൊറോണാ വൈറസിനോടാണ്. അവരുടെ സംഗമവേളയിൽ നടക്കുന്ന, അല്ലെങ്കിൽ ഈ മിന്നാമിന്നികൾ ഒന്നിച്ചു കൂടുന്നത് കാണാൻ പതിനായിരങ്ങൾ വരുന്ന ഏറെ ജനപ്രിയമായ 'ഫയർഫ്ലൈ ഫെസ്റ്റിവൽ' കൊവിഡ് സാഹചര്യത്തിൽ റദ്ദാക്കേണ്ടി വന്നിരിക്കയാണ് അതിന്റെ സംഘാടകർക്ക്. ഈ തീരുമാനം വർഷാവർഷം മിന്നാമിനുങ്ങുകളുടെ ഈ പെരുന്നാൾ കാണാൻ എത്തുന്ന ആവേശക്കാർക്ക് സങ്കടമായിട്ടുണ്ടാകുമെങ്കിലും, അത് മിന്നാമിനുങ്ങുകൾക്ക് കുറേക്കൂടെ സംഘർഷരഹിതമായ ഇണചേരൽ കാലമാണ് സമ്മാനിക്കാൻ പോകുന്നത്. അവരുടെ സംഗമങ്ങളിലേക്ക് ഒളിഞ്ഞു നോക്കാൻ ഇക്കുറി ശല്യക്കാർ ആരുമുണ്ടാവില്ല.


 

Follow Us:
Download App:
  • android
  • ios