Asianet News MalayalamAsianet News Malayalam

വാക്‌സിനൊക്കെ ആര്‍ക്ക് വേണം; 1.7 കോടിയുടെ കൊവിഡ് ഫണ്ട് ചെലവിട്ട് ജപ്പാനില്‍ കൂറ്റന്‍ പ്രതിമ!

കൊവിഡ് റിലീഫ് ഫണ്ട് ഉപയോഗിച്ച് ജപ്പാനില്‍ നിര്‍മിച്ച കൂറ്റന്‍ കണവ പ്രതിമ വിവാദത്തില്‍.

Japanese municipality builds giant statue with Covid fund
Author
Tokyo, First Published May 7, 2021, 4:35 PM IST

കൊവിഡ് റിലീഫ് ഫണ്ട് ഉപയോഗിച്ച് ജപ്പാനില്‍ നിര്‍മിച്ച കൂറ്റന്‍ കണവ പ്രതിമ വിവാദത്തില്‍. ജപ്പാനിലെ േനാടോ തീരദേശനഗരത്തിലാണ്  43 അടി വലിപ്പത്തില്‍ കണവ മല്‍സ്യത്തിന്റെ ആകൃതിയില്‍ കൂറ്റന്‍ പ്രതിമ നിര്‍മിച്ചത്. 230,000 ഡോളര്‍ (1.7 കോടി രൂപ) ചെലവിലാണ്, കൊവിഡ് രോഗത്തെ തടയുന്നതിന് ഫെഡറല്‍ സര്‍ക്കാര്‍ അനുവദിച്ച ധനസഹായം ഉപയോഗിച്ച് നഗരസഭ പ്രതിമ നിര്‍മിച്ചത്. 

കൊവിഡിനു ശേഷം തകര്‍ന്നടിഞ്ഞ ടൂറിസം വ്യവസായത്തെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യം പറഞ്ഞാണ് നഗരസഭ കൂറ്റന്‍ പ്രതിമ നിര്‍മിച്ചത്. കണവ പ്രതിമക്കൊപ്പം ഒരു ടൂറിസ്റ്റ് സെന്ററും റസ്‌റ്റോറന്റും കൂടി പണിതീര്‍പ്പിച്ചിട്ടുണ്ട്. കൊവിഡ് കാലത്തിനു ശേഷം വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായി ഇതു മാറും എന്നാണ് കരുതുന്നതെന്ന് നഗരസഭാ അധികൃതര്‍ പറയുന്നു. 

എന്നാല്‍, കൊവിഡ് രോഗത്തെ ചെറുക്കാനുള്ള ഫണ്ട് ഉപയോഗിച്ച് പ്രതിമ ഉണ്ടാക്കിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇവിടെ ആരോഗ്യ രംഗം ആകെ തകര്‍ന്നടിഞ്ഞ അവസ്ഥയിലാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. പിസിആര്‍ ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിക്കാനോ വാക്‌സിന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനോ മെനക്കെടാതെയാണ് കൊവിഡ് ഫണ്ടില്‍ കൂറ്റന്‍ പ്രതിമ സ്ഥാപിക്കുന്നത് എന്നാണ് വിമര്‍ശനം.  

ടോക്കിയോ നഗരത്തില്‍നിന്നും 180 മൈല്‍ വടക്കുപടിഞ്ഞാറായാണ് ഈ നഗരം. പതിനാറായിരമാണ് ഇവിടത്തെ ജനസംഖ്യ. 6.2 മില്യണ്‍ ഡോളറാണ് (45 കോടി രൂപ) ജപ്പാനീസ് ഫെഡറല്‍ ഭരണകൂടം കൊവിഡ് ആശ്വാസധനമായി നഗരസഭയ്ക്ക് അനുവദിച്ചത്. ഇതില്‍നിന്നും 2.5 മില്യന്‍ ഡോളര്‍ (10 കോടി രൂപ) രോഗപ്രതിരോധത്തിന് ഉപയോഗിച്ച നഗരസഭ ബാക്കിയുള്ള വന്‍തുക പ്രതിമ നിര്‍മിക്കാന്‍ വകയിരുത്തുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios