Asianet News MalayalamAsianet News Malayalam

37,000 അടി ഉയരത്തിൽ വിമാനത്തിന്റെ വാതിൽ തുറക്കാൻ യേശു പറഞ്ഞു, വിചിത്രവാദവുമായി യാത്രക്കാരി

വിമാനത്തിന്റെ സൈഡ് ഡോർ തുറക്കാനുള്ള ശ്രമത്തിൽ നിന്നും യുവതിയെ പിടിച്ചു മാറ്റാൻ ശ്രമിച്ച ഫ്ലൈറ്റ് അറ്റൻഡറുകളിൽ ഒരാളെ ഇവർ തള്ളിയിട്ടു.

Jesus told me to open aircraft door said passenger arrested
Author
First Published Nov 30, 2022, 1:23 PM IST

ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തിൻറെ ഡോർ അപ്രതീക്ഷിതമായി തുറന്നുവിട്ടാൽ എന്തായിരിക്കും അവസ്ഥ. അപകടം വരാൻ വേറെ വഴിയൊന്നും വേണ്ട അല്ലേ? അപ്പോൾ ആകാശത്തിലൂടെ പറന്നു കൊണ്ടിരിക്കുന്ന ഒരു വിമാനത്തിന്റെ ഡോറാണ് ഇത്തരത്തിൽ തുറന്നു വിടുന്നത് എങ്കിലോ. ചിന്തിക്കാൻ പോലും ആകുന്നില്ല അല്ലേ. കഴിഞ്ഞദിവസം സമാനമായ ഒരു സംഭവം ഉണ്ടായി. 

സൗത്ത് വെസ്റ്റ് എയർലൈൻസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു യാത്രക്കാരി വിമാനം പറന്നുയർന്ന് ആകാശത്തിലെത്തിയതും എല്ലാ യാത്രക്കാരെയും ഞെട്ടിച്ചുകൊണ്ട് വിമാനത്തിന്റെ വാതിൽ തുറന്നു വിടാൻ ശ്രമം നടത്തി. വിമാനം 37000 അടി ഉയരത്തിൽ എത്തുമ്പോൾ വിമാനത്തിന് വാതിൽ തുറന്നു വിടണം എന്ന് തന്നോട് യേശു പറഞ്ഞു എന്ന വിചിത്രവാദവുമായാണ് ഈ സ്ത്രീ വിമാനത്തിന്റെ വാതിൽ തുറന്നു വിടാൻ ശ്രമം നടത്തിയത്.

ഒഹായോയിലേക്ക് പോകുകയായിരുന്ന സൗത്ത് വെസ്റ്റ് എയർലൈൻസിലെ യാത്രക്കാരിയാണ് വിമാനത്തിനുള്ളിൽ ഇത്തരത്തിൽ പെരുമാറിയത്. വിമാനം പറന്നുയർന്നത് മുതൽ വിമാന വാതിൽ തുറക്കാൻ തന്നെ അനുവദിക്കണമെന്ന ആവശ്യവുമായി യുവതി ഫ്ലൈറ്റ് അറ്റൻഡുകളെ ബുദ്ധിമുട്ടിക്കാൻ ആരംഭിച്ചിരുന്നു. 34 -കാരിയായ എലോം അഗ്‌ബെഗ്‌നിനൂ എന്ന യുവതിയാണ് വിമാനത്തിലെ യാത്രക്കാർക്ക് മുഴുവൻ ഭീഷണിയായി മാറിയത്.

വിമാനത്തിന്റെ സൈഡ് ഡോർ തുറക്കാനുള്ള ശ്രമത്തിൽ നിന്നും യുവതിയെ പിടിച്ചു മാറ്റാൻ ശ്രമിച്ച ഫ്ലൈറ്റ് അറ്റൻഡറുകളിൽ ഒരാളെ ഇവർ തള്ളിയിട്ടു. എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ യാത്രക്കാരന്റെ തുടയിൽ ഇവർ കടിച്ചു.

ഒടുവിൽ വിമാനത്തിന്റെ നിയന്ത്രണം കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയതോടെ പൈലറ്റ് തൊട്ടടുത്തുള്ള ലിറ്റിൽ റോക്കിലെ ബില്ല് & ഹിലാരി ക്ലിന്റൺ നാഷണൽ എയർപോർട്ടിൽ വിമാനം ഇറക്കി. പിന്നീട് ഇവരെ പൊലീസിനെ കൈമാറി. യേശു തന്നോട് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇങ്ങനെ ഒരു കാര്യം ചെയ്തത് എന്നാണ് ഇവർ പൊലീസിന് നൽകിയ മറുപടി. ഒടുവിൽ മൂന്നര മണിക്കൂർ കൊണ്ട് തീരേണ്ട യാത്ര 6 മണിക്കൂർ കൊണ്ടാണ് അവസാനിച്ചത്.

Follow Us:
Download App:
  • android
  • ios