നോയിഡ സ്വദേശിയായ ഒരാൾ തന്‍റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ തന്നെ "എന്‍റെ ഭാര്യയുടെ സഹായി" എന്നാണ് വിശേഷിപ്പിച്ചത്. മുൻനിര ഓട്ടോമൊബൈൽ കമ്പനികളിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്ന അനിൽ ബവേജയുടെ ഈ നീക്കം സമൂഹ മാധ്യമങ്ങളിൽ വൈറലായി.

സാധാരണമായതെന്തും എപ്പോഴും ശ്രദ്ധിക്കപ്പെടും. അത്തരത്തിലൊരു അസാധാരണമായ ഒന്നിനെ കുറിച്ചാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച. ഒരു നോയിഡ സ്വദേശി തന്‍റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍ തന്നെ കുറിച്ച് എഴുതിയ ഒരു കുറിപ്പാണ് സംസാര വിഷയം. സാധാരണഗതിയില്‍ ലിങ്ക്ഡ്ഇനിലെ പ്രൊഫഷണൽ തലക്കെട്ടുകൾ പലപ്പോഴും കരിയർ നേട്ടങ്ങളെ എടുത്തുകാണിക്കുന്നു. ജോലി എന്നതിനോട് ചേര്‍ന്ന് നിലവിലെ ജോലിയാണ് എല്ലാവരും എഴുതാറ്. ഇനി ജോലി ഇല്ലെങ്കില്‍ ജോലി അന്വേഷണത്തിലാണെന്നോ അതല്ലെങ്കില്‍ മുമ്പ് ഉണ്ടായിരുന്ന പോസ്റ്റോ എഴുതും. എന്നാല്‍ നോയിഡക്കാരനായ ഒരാൾ തന്‍റെ നിലവിലെ റോളിനെ "എന്‍റെ ഭാര്യയുടെ സഹായി" എന്നായിരുന്നു വിശേഷിപ്പിച്ചത്.

എന്‍റെ ഭാര്യയുടെ സഹായി

നോയിഡക്കാരനായ അനിൽ ബവേജയുടെ പ്രൊഫൈലിലായിരുന്നു അത്തരമൊരു അസാധാരണ ജോലി എഴുതി ചേര്‍ത്തത്. ജോലിയുടെ പ്രത്യേകത കൊണ്ട് തന്നെ അത് സമൂഹ മാധ്യമങ്ങളില്‍ പെട്ടെന്ന് തന്നെ വൈറലായി. ഹോണ്ട കാർസ് ഇന്ത്യ ഉൾപ്പെടെയുള്ള മുൻനിര ഓട്ടോമൊബൈൽ കമ്പനികളിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്ന ആളാണ് അനിൽ ബവേജ. അദ്ദേഹം തന്‍റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ കൺസൾട്ടന്‍റ് പോലുള്ള സ്റ്റാൻഡേർഡ്' പദവികൾ തെരഞ്ഞെടുക്കുന്നതിന് പകരം രസകരമായ ഒരു വിവരണം തെരഞ്ഞെടുത്തു. ഇത് സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിക്കുകയും ചെയ്തു.

അനിൽ ബവേജയുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്, അദ്ദേഹം 16 വർഷത്തിലേറെ ഹോണ്ട കാർസ് ഇന്ത്യയിൽ പ്രവർത്തിച്ചു. അവിടെ അദ്ദേഹം മാർക്കറ്റിംഗ് & സ്ട്രാറ്റജി ഓപ്പറേറ്റിംഗ് ഹെഡായിരുന്നു. പിന്നീട് അദ്ദേഹം ഒരു കാർ കമ്പനിയിൽ ജനറൽ മാനേജരായി സേവനമനുഷ്ഠിച്ചു, അദ്ദേഹത്തിന്‍റെ പ്രൊഫൈലിലെ തമാശ കടമെടുത്താല്‍ 2023 ഓഗസ്റ്റ് മുതല്‍ അദ്ദേഹം അദ്ദേഹത്തിന്‍റെ ഭാര്യയുടെ അസിസ്റ്റന്‍റിന്‍റെ റോളാണ് ചെയ്യുന്നത്.

സോഷ്യൽ മീഡിയ പ്രതികരണം

അദ്ദേഹത്തിന്‍റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലിന്‍റെ ഒരു സ്ക്രീൻഷോട്ട് റെഡ്ഡിറ്റിൽ പ്രത്യക്ഷപ്പെട്ടു. പിന്നാലെ അത് വൈറലായി. അവിടെ അദ്ദേഹത്തിന്‍റെ സത്യസന്ധത കാഴ്ചക്കാരുടെ ശ്രദ്ധ നേടി. പലരും അദ്ദേഹത്തിന്‍റെ നർമ്മബോധത്തെയും വിനയത്തെയും പ്രശംസിച്ചു. ഒരു കാഴ്ചക്കാരനെഴുതിയത്, അദ്ദേഹം ഒരു ഭ്രാന്തനല്ല, ഒരു ഇതിഹാസമാണെന്നായിരുന്നു. ഞങ്ങൾക്ക് സത്യസന്ധനായ മനുഷ്യനെ ഇഷ്ടമാണെന്ന് മറ്റ് ചിലരും കുറിച്ചു.