ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന 1857 -ലെ ശിപായി ലഹളയ്ക്കും മുമ്പുതന്നെ കേരളത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ തുറന്ന പോരാട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്

നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് എഴുപത്തിനാല് വര്‍ഷം തികയുകയാണ്. മഹാത്മാ ഗാന്ധി എന്ന യുഗപ്രഭാവന്റെ നേതൃത്വത്തില്‍ ഇന്ത്യാമഹാരാജ്യത്തിലെ ജനങ്ങള്‍ ആസേതുഹിമാചലം അണിനിരന്ന്, ഒറ്റക്കെട്ടായി പോരാടിയതിന്റെ ഫലമാണ് നമ്മള്‍ ഇന്ന് ആസ്വദിക്കുന്ന സ്വാതന്ത്ര്യം. ഈ അവസരത്തില്‍, രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നടന്ന പ്രധാനപ്പെട്ട സമരങ്ങളെ എല്ലാം ഓര്‍ക്കുന്ന കൂട്ടത്തില്‍, നമ്മള്‍ മറന്നു കൂടാത്തതാണ് കേരളത്തില്‍ നടന്നിട്ടുള്ള സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ചരിത്രവും. 

ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന 1857 -ലെ ശിപായി ലഹളയ്ക്കും മുമ്പുതന്നെ കേരളത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ തുറന്ന പോരാട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും, പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിവിടങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപങ്ങള്‍ പലതും നടന്നിട്ടുണ്ട്. മലബാറില്‍ കേരളവര്‍മ പഴശ്ശിരാജയും, കൊച്ചിയില്‍ പാലിയത്തച്ചനും തിരുവിതാംകൂറില്‍ വേലുത്തമ്പി ദളവയും ആയിരുന്നു പോരാട്ടങ്ങള്‍ നയിച്ചത്. ഈ കലാപങ്ങള്‍ ഒക്കെയും ബ്രിട്ടീഷുകാര്‍ നിര്‍ദ്ദയം അടിച്ചമര്‍ത്തുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയില്‍ എങ്ങും സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ പടര്‍ന്നു പിടിച്ചു കൊണ്ടിരുന്നു. കേരളത്തില്‍ നിന്ന് ജിപി പിള്ള, രൈരു നമ്പ്യാര്‍ തുടങ്ങിയവര്‍ ആ പോരാട്ടങ്ങളുടെ ഭാഗമായി. ഒറ്റപ്പാലം സ്വദേശിയായ സി ശങ്കരന്‍ നായര്‍, 1897 -ല്‍ അമരാവതിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. 1919 -ല്‍ മലബാറിലും ദേശീയ പ്രസ്ഥാനം ശക്തി പ്രാപിക്കുന്നു. ഗാന്ധിജിയുടെ സ്വാധീനം വര്‍ദ്ധിച്ചുവന്നു. ഖിലാഫത്തിന്റെ പേരില്‍ മലബാറില്‍ നിരവധി സമരങ്ങള്‍ നടക്കുന്നു. കേളപ്പനും, മുഹമ്മദ് അബ്ദുറഹ്മാനും, കെപി കേശവമേനോനും, കെ മാധവന്‍ നായരും അടക്കമുള്ള പല നേതാക്കളും അവിടെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കണക്കനുസരിച്ച്, 39 സംഭവങ്ങളാണ് കേരളത്തില്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്നിട്ടുള്ളത്. അക്കൂട്ടത്തിലെ ചില പ്രധാന സംഭവങ്ങള്‍ ഈ അവസരത്തില്‍ നമുക്ക് ഓര്‍ത്തെടുക്കാം.

വൈക്കം സത്യഗ്രഹം

1924 മാര്‍ച്ച് 30 -ന് തുടങ്ങി, 603 ദിവസം തുടര്‍ച്ചയായി നടന്നിട്ടുള്ള സമരമാണ് വൈക്കം സത്യഗ്രഹം. ഇത് കേരളത്തില്‍ അയിത്തത്തിനെതിരെ നടന്ന പ്രധാന സമരങ്ങളില്‍ ഒന്നാണ്. ചൗരി ചൗരാ സംഭവത്തെ തുടര്‍ന്ന് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിര്‍ത്തിവെച്ച ശേഷം തുടങ്ങിയ ഒരു മുന്നേറ്റമായിരുന്നു അയിത്തോച്ചാടനം. അതിലെ പ്രധാന സമരങ്ങളില്‍ ഒന്ന് എന്ന നിലയ്ക്ക്, ശ്രീനാരായണ ഗുരു, ഗാന്ധിജി എന്നിവരുടെ പിന്തുണ ഈ സമരത്തിനുണ്ടായിരുന്നു. രാഷ്ട്രീയ ലാക്കോടെ അല്ലായിരുന്നു എങ്കിലും, മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി നടന്ന സമരമെന്ന നിലക്ക് ഇതും സ്വതന്ത്ര്യ സമര പ്രക്ഷോഭങ്ങളുടെ ഗണത്തില്‍ പെടുത്താം എന്നാണ് ചരിത്രകാരന്മാരുടെ വിലയിരുത്തല്‍. ടികെ മാധവന്‍, മന്നത്തു പത്മനാഭന്‍ എന്നിവരായിരുന്നു സമരത്തിന്റെ മുന്‍ നിരയില്‍. അഖിലേന്ത്യാ ശ്രദ്ധ ആകര്‍ഷിച്ച ശേഷം സത്യഗ്രഹത്തിന് പഞ്ചാബിലെ അകാലികളില്‍ നിന്നും, ഹൈന്ദവേതര വിഭാഗങ്ങളില്‍ നിന്നും പിന്തുണ കിട്ടുകയുണ്ടായി.

പയ്യന്നൂര്‍ എന്ന രണ്ടാം ബര്‍ദോളി

കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്റെ ഊര്‍ജ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു പയ്യന്നൂര്‍. കണ്ണൂര്‍ ജില്ലയില്‍ പെരുമ്പ നദിയുടെ തീരത്തായി സ്ഥിതിചെയ്യുന്ന പയ്യന്നൂര്‍ താലൂക്ക് 1928 -ല്‍ സൈമണ്‍ കമീഷനെതിരെ നടന്ന പ്രക്ഷോഭങ്ങളിലൂടെയാണ് സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തു ചാടുന്നത്. മൊയ്യാരത്ത് ശങ്കരന്‍, എ ലക്ഷ്മണ ഷേണായ്, സുബ്രഹ്മണ്യന്‍ തിരുമുമ്പ് എന്നിവരായിരുന്നു 'സൈമണ്‍ ഗോബാക്ക്; സമരങ്ങളുടെ മുന്‍പന്തിയില്‍ പയ്യന്നൂരിനെ വിറപ്പിച്ചത്. അക്കൊല്ലം തന്നെയാണ് ഓള്‍ കേരളം പൊളിറ്റിക്കല്‍ കോണ്‍ഫറന്‍സ് നെഹ്രുവിന്റെ അധ്യക്ഷതയില്‍ പയ്യന്നൂരില്‍ നടക്കുന്നത്. ഈ കോണ്‍ഫറന്‍സില്‍ പൂര്‍ണ സ്വരാജ് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയങ്ങള്‍ പാസാക്കപ്പെട്ടിരുന്നു. 1930 -ല്‍ കേരള ഗാന്ധി എന്നറിയപ്പെട്ടിരുന്ന കെ കേളപ്പന്റെ നേതൃത്വത്തില്‍ നിയമ ലംഘനത്തിന് വേദിയാവുന്നു. കോഴിക്കോടുനിന്ന് പയ്യന്നൂരിലേക്ക് 33 സത്യഗ്രഹികളെയും നയിച്ചുകൊണ്ട് കേളപ്പജി ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍വേണ്ടി യാത്രപോവുന്നു. രാമന്തളിയിലെ പൂച്ചാല്‍ കടപ്പുറത്താണ് അന്ന് ഉപ്പുകുറുക്കല്‍ എന്ന സമരമുറ അനുവര്‍ത്തിക്കപ്പെട്ടത്. അന്ന് എസ് എ ബാരേല്‍വി തന്റെ പത്രമായ ബോംബെ ക്രോണിക്കിളില്‍ പയ്യന്നൂരിനെ 'രണ്ടാം ബര്‍ദ്ദോളി' എന്ന് വിശേഷിപ്പിക്കുന്നു.

കേരളത്തിലെ ക്വിറ്റ് ഇന്ത്യാ സമരം

1942 ഓഗസ്റ്റില്‍ ക്വിറ്റ് ഇന്ത്യാ മുന്നേറ്റവും മലബാറിലും കൊച്ചിയിലും സജീവമായിത്തന്നെ നടക്കുന്നുണ്ട്. ഈ സമയത്ത് ഇവിടങ്ങളില്‍ പല അക്രമ സംഭവങ്ങളും അരങ്ങേറുന്നുണ്ട്. ഇക്കാലത്താണ് കീഴരിയൂര്‍ ബോംബ് കേസ് അടക്കമുള്ള സംഭവങ്ങളുണ്ടാവുന്നത്. ഡോ. കെ ബി മേനോന്‍ അടക്കമുളളവര്‍ക്കെതിരെ ഇക്കാലത്ത് തന്നെയാണ് കേസുകളും എടുക്കപ്പെടുന്നത്.

പുന്നപ്ര വയലാര്‍ സമരം

1946 -ല്‍ ഇന്നത്തെ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളുടെ വിവിധ ഭാഗങ്ങളില്‍ അവിടത്തെ ജന്മിമാര്‍ക്കെതിരെ നടന്ന സമരങ്ങളെ ഒന്നിച്ചാണ് പുന്നപ്ര വയലാര്‍ സമരം എന്ന് പറയുന്നത്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ഈ സമരങ്ങള്‍ ഒടുവില്‍ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു. നിരവധി വാദപ്രതിവാദങ്ങള്‍ക്കു ശേഷം 1998-ല്‍ ഭാരതസര്‍ക്കാര്‍ പുന്നപ്ര-വയലാര്‍ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിക്കുകയും അതില്‍ പങ്കെടുത്ത് രക്തസാക്ഷികളായവരുടെ ബന്ധുക്കള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.