Asianet News MalayalamAsianet News Malayalam

ഝാർഖണ്ഡിലെ 'ലേഡി ടാർസൻ', അമ്പും വില്ലും വടിയുമുപയോ​ഗിച്ച് കാടിനെ കാത്ത സ്ത്രീ...

2004 -ൽ, ചകുലിയ ടൗണിൽ 50 -ലധികം സമിതികൾ രൂപീകരിച്ചപ്പോൾ, മാഫിയ അവളുടെ വീട് തകർത്താണ് പ്രതികാരം വീട്ടിയത്.   നാലുവർഷത്തിനുശേഷം, അയൽഗ്രാമത്തിലേക്കുള്ള ഒരു യാത്രയ്ക്കിടെ അവളെയും ഭർത്താവിനെയും മൂർച്ചയുള്ള കല്ലുകൊണ്ട് അവർ ആക്രമിച്ചു. 

lady Tarzan of Jharkhand Forests Jamuna Tudu
Author
Jharkhand, First Published May 4, 2021, 1:25 PM IST

വനമേഖലയിൽ മരങ്ങൾ വെട്ടിമാറ്റുന്ന തടി മാഫിയയുമായി 18 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി യുദ്ധം ചെയ്യാൻ തീരുമാനിക്കുന്നു. പച്ചപ്പ് സംരക്ഷിക്കുമെന്ന് ശപഥം ചെയ്യുന്ന ഒരുകൂട്ടം സ്ത്രീകളും അവളോടൊപ്പം ചേരുന്നു. തങ്ങളുടെ ബന്ധത്തിന്റെ പ്രതീകമായി അവർ മരങ്ങളിൽ  രാഖികൾ കെട്ടി. അത് മാത്രമല്ല, തടിമാഫിയകളെ നേരിടാനും പിന്തുടരാനും അമ്പും വില്ലും എടുക്കാനും പൊലീസുകാരോട് റിപ്പോർട്ട് ചെയ്യാനും അവർ തയ്യാറായി. ഈ വഴിയിലെ അപകടങ്ങളും ഭീഷണികളും അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നില്ല. ആ 18 വയസ്സുകാരി ഇന്ന് അവരുടെ നേതാവാണ്. 'ജാർഖണ്ഡ് കാടുകളിലെ ലേഡി ടാർസൻ' എന്നാണ് അവർ ഇന്ന് അറിയപ്പെടുന്നത്.

ജംഷദ്‌പൂരിൽ നിന്ന് 92 കിലോമീറ്റർ അകലെയുള്ള മുത്തൂർഖാം ഗ്രാമത്തിൽ നിന്നുള്ള ജമുന ടുഡുവിന്റെ ജീവിതം ഒരു നീണ്ട പോരാട്ടമായിരുന്നു.  ഒഡീഷയിലെ റൈറംഗ്പൂർ പട്ടണത്തിലാണ് ജമുന വളർന്നത്. അവളുടെ പിതാവ് ഒരു കർഷകനായിരുന്നു. അവളും സഹോദരങ്ങളും ചുറ്റുമുള്ള സമൃദ്ധമായ വനത്തിലാണ് വളർന്നത്. അവളും കൃഷിയിടങ്ങളിൽ തൈകൾ നട്ടു വളർത്തി. ആ വിത്തുകളെ എല്ലായ്‌പ്പോഴും കൊച്ചുകുട്ടികളെ പോലെ വളർത്തിയെടുത്തു. 1998 -ൽ, 18 വയസ്സ് തികഞ്ഞതിന് ശേഷം, വീടുകൾ നിർമ്മിക്കുന്ന കരാറുകാരനായ മാൻസിംഗിനെ ജമുന വിവാഹം കഴിച്ചു. അവളുടെ ഭർത്താവിന്റെ ഗ്രാമമായ മാതുർഖാം അവിടെ നിന്ന് 100 കിലോമീറ്റർ അകലെയായിരുന്നു. കല്യാണം കഴിഞ്ഞ് പിറ്റേന്ന്, അമ്മായിയമ്മയും സഹോദരിയും അവളെ വീട് ചുറ്റി കാണിക്കയായിരുന്നു. വീടിന് പുറകിലുള്ള കാട് കണ്ട് അവൾ ഞെട്ടി. ഒരിക്കൽ വനമായിരുന്ന അവിടെ കുറെ മരക്കുറ്റികൾ മാത്രം. സാൽ, തേക്ക് മരങ്ങൾക്ക് പേരുകേട്ട മാതുർഖാം വനങ്ങൾ ഒരു പ്രാദേശിക തടി കള്ളക്കടത്ത് മാഫിയ നശിപ്പിച്ചു. 2006 -ലെ ഫോറസ്റ്റ് റൈറ്റ്സ് ആക്റ്റ് ആരംഭിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പായിരുന്നു ഇത്.

മാതുർഖാമിലെ സ്ത്രീകൾ കൂടുതലും ആദിവാസികളായിരുന്നു. അവരെയെല്ലാം ചേർത്ത് ജമുന ഒരു 'വൻ സുരക്ഷ സമിതി' (വനസംരക്ഷണ സംഘം) രൂപീകരിക്കാൻ തീരുമാനിച്ചു. പ്രൈമറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഈ സ്ത്രീകൾ ഇതിനുമുമ്പ് ഒരിക്കലും തങ്ങൾക്കുവേണ്ടി നിലകൊണ്ടിരുന്നില്ല. അതിനാൽ ആത്മവിശ്വാസം അവർക്കിടയിൽ കുറവായിരുന്നു. “വനങ്ങളുണ്ടെങ്കിൽ മാത്രമേ നമുക്ക് അഭിവൃദ്ധിയുള്ളൂ” ജമുന അവരോട് പറഞ്ഞു. തുടക്കത്തിൽ ചെറുത്തുനിൽപ്പ് ഉണ്ടായിരുന്നിട്ടും, സ്ത്രീകൾ പതിയെ അവളെ ഒരു റോൾ മോഡലാക്കി. മരങ്ങൾ വെട്ടിമാറ്റുന്നവരുടെ കൂട്ടത്തിലേക്ക് ജമുനയും അവളുടെ 32 അനുയായികളും ആദ്യമായി ചെന്നപ്പോൾ, അവർ ചോദിച്ചു, “നിങ്ങൾ ആരാണ്? എപ്പോഴാണ് ഈ സമിതി തുടങ്ങിയത്? ” “ഞങ്ങൾ ഇന്ന് ആരംഭിച്ചു” അവൾ മറുപടി നൽകി.  

അതൊരു തുടക്കമായിരുന്നു. പിന്നീടവർ നുഴഞ്ഞുകയറ്റക്കാരെ ഭയപ്പെടുത്തുന്നതിനായി വടികളും അമ്പും വില്ലും ഉപയോഗിക്കാൻ തുടങ്ങി.  തുടർന്ന് മാഫിയകൾ ഉപേക്ഷിച്ച മരത്തടികൾ കണ്ടുകെട്ടി ഗ്രാമത്തിൽ ഒളിപ്പിച്ചു. ചില വനസംരക്ഷണ ഉദ്യോഗസ്ഥരും പൊലീസും മാഫിയയുമായി കൈകോർത്തത് അവർക്ക് ഇരട്ടി ബുദ്ധിമുട്ടാക്കി. കൂടാതെ, മാതുർഖാം നക്സൽ ബെൽറ്റിന്റെ ഹൃദയഭാഗത്താണ്, അവരുടെ പ്രവർത്തനങ്ങൾ തെറ്റായ തരത്തിലുള്ള സംശയം ജനിപ്പിക്കാൻ സാധ്യതയേറി. “എന്നാൽ മാസങ്ങളായി, ഞങ്ങളുടെ ശക്തി വർദ്ധിക്കുകയും ഞങ്ങളുടെ പോരാട്ടത്തിൽ ആളുകൾക്ക് വിശ്വാസം വർദ്ധിക്കുകയും ചെയ്തു. വനസംരക്ഷണ നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു, കുറച്ച് കുറ്റവാളികളെ ജയിലിലടപ്പിക്കാനും ഞങ്ങൾക്ക് കഴിഞ്ഞു” ജമുന അഭിമാനത്തോടെ പറയുന്നു.

2004 -ൽ, ചകുലിയ ടൗണിൽ 50 -ലധികം സമിതികൾ രൂപീകരിച്ചപ്പോൾ, മാഫിയ അവളുടെ വീട് തകർത്താണ് പ്രതികാരം വീട്ടിയത്.   നാലുവർഷത്തിനുശേഷം, അയൽഗ്രാമത്തിലേക്കുള്ള ഒരു യാത്രയ്ക്കിടെ അവളെയും ഭർത്താവിനെയും മൂർച്ചയുള്ള കല്ലുകൊണ്ട് അവർ ആക്രമിച്ചു. മാൻസിങ്ങിന്റെ തലയിൽ അടികൊണ്ടു. “എന്റെ ഭർത്താവ് രക്തം വാർന്ന് ബോധരഹിതനായി. അദ്ദേഹം മരിക്കുമെന്ന് ഞാൻ കരുതി,” അവൾ പറയുന്നു. എന്നാൽ, ആ സംഭവത്തിന് ശേഷം, അവൾ ഭയന്നിട്ടില്ല. അന്നുമുതൽ, 300 ഗ്രാമങ്ങളിലായി ജമുനയും 10,000 വനസംരക്ഷകരും രാത്രി പട്രോളിംഗ് നടത്തുകയും 50 ഹെക്ടറിൽ മരങ്ങൾ മുറിക്കുന്നത് തടയുകയും, വനം നട്ട് പിടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്യുന്നു. നാട്ടുകാർ മരങ്ങളോട് കൂടുതൽ അടുക്കാൻ രക്ഷാ ബന്ധൻ, ഭായ് ഡൂജ് തുടങ്ങിയ ചടങ്ങുകൾക്ക് തുടക്കമിട്ടു.

തടിമാഫിയയിൽ നിന്നും ഗ്രാമവാസികളിൽ നിന്നും പോലും വധഭീഷണി നേരിടുന്നുണ്ടെങ്കിലും, കാടുകൾ നശിപ്പിക്കപ്പെടാതിരിക്കാനുള്ള അവളുടെ ശ്രമങ്ങൾ അവൾ തുടരുകയാണ്. കഴിഞ്ഞ 20 വർഷത്തിനിടെ ജാർഖണ്ഡിലെ 300 ഗ്രാമങ്ങളിലായി 50 ഏക്കറിലധികം വനങ്ങൾ അവർ സംരക്ഷിക്കുന്നു. അവളുടെ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് വനംവകുപ്പ് മാതുർഗാം ഗ്രാമം സംരക്ഷിക്കാൻ തീരുമാനിച്ചു. അവിടെ ഇപ്പോൾ ജലവിതരണവും സ്കൂൾ സൗകര്യങ്ങളും നൽകുന്നു. ടുഡുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗ്രാമീണ സ്ത്രീകൾ ഇപ്പോൾ മരങ്ങളെ സഹോദരങ്ങളായി കാണുന്നു. ഒരു പെൺകുട്ടി ജനിക്കുമ്പോൾ അവർ 18 മരങ്ങളും ഗ്രാമത്തിൽ ഒരു പെൺകുട്ടി വിവാഹിതരാകുമ്പോൾ 10 മരങ്ങളും നട്ടുപിടിപ്പിക്കുന്നു. പരിസ്ഥിതി പ്രവർത്തകയെന്ന നിലയിൽ ശ്രദ്ധേയമായ സംഭാവന നൽകിയതിന് ജമുന ടുഡുവിന് പദ്മ ശ്രീയും 2014 ലെ ശക്തി ശക്തി അവാർഡും 2013 ഗോഡ്ഫ്രെ ഫിലിപ്സ് ബ്രാവറി അവാർഡും ലഭിച്ചു. കൂടാതെ എൻ‌ഐ‌ടി‌ഐ ആയോഗ് അവളെ 2017 ലെ വിമൻ ട്രാൻസ്ഫോർമിംഗ് ഇന്ത്യ അവാർഡിനായി തിരഞ്ഞെടുത്തു.
 

Follow Us:
Download App:
  • android
  • ios