കഴിഞ്ഞ വെള്ളിയാഴ്ച, അതായത് മെയ് 30 -ന് അഹമ്മദാബാദിലെ നരോദയിലുള്ള പത്താൻ ഛാലിൽ ആകെ ശോകമൂകമായ അന്തരീക്ഷമായിരുന്നു. അന്ന് രാവിലെയാണ് പ്രദേശവാസിയായ വിഷ്ണു ചവാൻ എന്ന ഇരുപത്തഞ്ചുകാരൻ മരണപ്പെട്ടത്. വിഷ്ണുവിന്റെ അമ്മ അമ്പതുകാരിയായ ഗായത്രി ബെൻ മരണപ്പെട്ടിട്ട് ഒരാഴ്ച പോലും തികയുന്നതിനു മുമ്പ് നടന്ന ഈ രണ്ടാമത്തെ മരണം പത്താൻ ഛാൽ നിവാസികളുടെ സങ്കടം ഇരട്ടിപ്പിച്ചു. 

 

 

എന്നാൽ, വിഷ്ണുവിന്റെ വീട് നിൽക്കുന്നതിന്റെ പരിസരത്തുപോലും ബന്ധുക്കളെ ആരെയും കണ്ടില്ല. അയാളുടെ വിധവ സൊനാലി, മരണവർത്തയറിഞ്ഞ നിമിഷം തൊട്ട് കരഞ്ഞുകൊണ്ട് വീട്ടിനുള്ളിൽ  ഒറ്റയ്ക്കാണ് കഴിച്ചു കൂട്ടിയത്. ആ അമ്മയും മകനും മരിക്കുന്നതിന് മുമ്പ് പ്രകടിപ്പിച്ചത് കൊവിഡിനോട് സാമ്യമുള്ള ലക്ഷണങ്ങളാണ് എന്നതാണ് ബന്ധുക്കളെയും അയൽക്കാരെയും ആ വീട്ടിലേക്ക് സങ്കടം പങ്കുവെക്കാൻ ചെല്ലുന്നതിൽ നിന്ന് തടഞ്ഞത്. ഇരുവർക്കും കൊവിഡ് ഉണ്ടെന്ന വിവരം ആശുപത്രിക്കാർ സ്ഥിരീകരിച്ചില്ല. ആശുപത്രിയിൽ കിടന്നുതന്നെ മരിച്ചുപോയ കൊവിഡ് ഉണ്ടെന്നോ ഇല്ലെന്നോ ഉറപ്പിച്ച് പറയാൻ ആശുപത്രിക്കാർക്കും സാധിക്കുമായിരുന്നില്ല. ആ അമ്മയും മകനും മരിച്ചത് തങ്ങളുടെ സ്ഥാപനത്തിൽ കിടന്നിട്ടായിരുന്നിട്ടും, മരണസമയത്തെ ലക്ഷണങ്ങൾ കൊവിഡുമായി വളരെ സാമ്യമുള്ളതായിരുന്നിട്ടും, അവരുടെ സ്രവങ്ങൾ ശേഖരിക്കാനോ, ടെസ്റ്റ് ചെയ്യാനോ, രോഗം ഉണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാനോ ഒന്നും അവരെ ചികിത്സിച്ച അഹമ്മദാബാദ് സിവിൽ ആശുപത്രി മിനക്കെട്ടില്ല എന്നതുതന്നെ കാരണം.

ആശുപത്രി അധികൃതർ പാവപ്പെട്ടവരായ തങ്ങളോട് ഈ കാണിക്കുന്നത് അനീതിയാണ് എന്ന് അവരുടെ ബന്ധുക്കൾ ദ പ്രിന്റിനോട് പറഞ്ഞു. " അവർ പോസിറ്റീവ് ആണോ അല്ലയോ എന്നറിഞ്ഞിരുന്നാൽ മാത്രമേ മൃതദേഹത്തോട് ഇടപെട്ട അടുത്ത ബന്ധുക്കളായ ഞങ്ങൾക്ക് ക്വാറന്റീനിൽ പ്രവേശിക്കാൻ സാധിക്കൂ. " വിഷ്ണുവിന്റെ വിധവ സൊനാലി പറഞ്ഞു. മൂന്നു കുഞ്ഞുങ്ങളാണ് അവർക്ക്. ആറും, മൂന്നും വയസുള്ള മൂത്ത രണ്ടുപേർ അച്ഛനും അമ്മൂമ്മയും മരിച്ചതിന്റെ സങ്കടമറിയാതെ മൊബൈൽ ഫോണിൽ കളിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും ഇളയ ആറുമാസം മാത്രം പ്രായമുള്ള മകൻ അവളുടെ മടിയിൽ വിരലുണ്ട് കിടന്നുറങ്ങുന്നു. 

 

 

 

"ചികിത്സയ്ക്കിടെ അമ്മ മരിച്ചു പോയിട്ടും ഒരു റിപ്പോർട്ടുപോലും തരാൻ കൂട്ടാക്കാതിരുന്ന സിവിൽ ആശുപത്രിയിലേക്ക് പോകാൻ വിഷ്ണുവിന് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. എന്നിട്ടും ഒടുവിൽ അവിടേക്കുതന്നെ പോകേണ്ടി വന്നു. അവിടെക്കിടന്ന് അവൻ കൂടി മരിച്ചിട്ടും ഞങ്ങൾക്ക് ഒരു റിപ്പോർട്ടും കിട്ടിയില്ല. " വിഷ്ണുവിന്റെ അച്ഛൻ പൃഥ്‌വിരാജ് ചവാൻ പറയുന്നു. 

തുന്നൽക്കാരനായിരുന്ന വിഷ്ണുവിന് മാസം ഏകദേശം പതിനായിരം രൂപയോളം മാത്രമായിരുന്നു വരുമാനമുണ്ടായിരുന്നത്. അയാൾക്കും പ്രമേഹരോഗിയായിരുന്ന അമ്മയ്ക്കും ഉണ്ടായിരുന്നത് ഒരേ ലക്ഷണങ്ങൾ ആയിരുന്നു. കടുത്ത ചുമയും, ശ്വാസം മുട്ടലും. മരണശേഷം കേസിന്റെ വിവരങ്ങൾ അന്വേഷിച്ചു ചെന്നവരോട് ആശുപത്രിയിലെ ലബോറട്ടറി ഉദ്യോഗസ്ഥർ തട്ടിക്കയറുകയാണുണ്ടായതെന്ന് വിഷ്ണുവിന്റെ ബന്ധുക്കൾ ആക്ഷേപിച്ചു. രണ്ടുപേർ കൊവിഡിനു സമാനമായ ലക്ഷണങ്ങളോടെ മരിച്ചിട്ടും ഇതുവരെ നരോദയിലെ പത്താൻ ഛാലിൽ ആരെയും പരിശോധനയ്ക്ക് വിധേയരാക്കുകയോ ഐസൊലേറ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല എന്ന് വിഷ്ണു ചവാന്റെ ബന്ധുക്കൾ പറഞ്ഞതായി ദ പ്രിന്റ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. 

 

 

ഈ കേസുകളിൽ വേണ്ട നടപടി സ്വീകരിക്കേണ്ടത് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ആണെന്നാണ് ആശുപത്രി അധികൃതരുടെ വാദം.  എന്നാൽ കോർപ്പറേഷൻ അധികൃതരിൽ നിന്നോ സംസ്ഥാനത്തെ ആരോഗ്യ സെക്രട്ടറിയിൽ നിന്നോ ഇതുവരെ ഈ ഗുരുതര വീഴ്ച സംബന്ധിച്ച ഒരു വിശദീകരണവും ഉണ്ടായിട്ടില്ല. ജൂൺ നാലാം തീയതി വരെ, ഗുജറാത്തിൽ ആകെ 18,100 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 1,122 മരണങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. സംസ്ഥാനത്തെ ആകെ കേസുകളുടെ എഴുപത് ശതമാനത്തിൽ അധികവും, ആകെ കൊവിഡ് മരണങ്ങളുടെ എൺപതു ശതമാനത്തിൽ അധികവും നടന്നിട്ടുള്ള അഹമ്മദാബാദിൽ സ്ഥിതി ഏറെ ഗുരുതരമായി തുടരുകയാണ് ഇപ്പോഴും.