റൈഡിങ്ങ് സ്‌കൂളില്‍ പഠിക്കാനായി വരുന്ന മലയാളികള്‍ വളരെ കുറവാണെന്ന് റിജു പറയുന്നു. കര്‍ണാടകയില്‍ നിന്നുള്ളവരും വടക്കേ ഇന്ത്യക്കാരുമാണ് കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. ജോക്കി ആകാനായി മൂന്ന് മാസത്തെ പരിശീലനം ഇവര്‍ നല്‍കാറുണ്ട്. 

ഒരു കുതിരയെ സ്വന്തമായി വാങ്ങണമെന്നത് റിജു വര്‍ഗീസിന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു. കുതിരക്കമ്പം കൂടിയപ്പോള്‍ അനുകൂലമായ സാഹചര്യം തേടി മൈസൂരിലേക്ക് താമസം മാറ്റിയ ഇദ്ദേഹം ഇതിനിടയില്‍ പരസ്യസംവിധായകന്റെ വേഷവും അണിഞ്ഞിരുന്നു. മൈസൂരിലെത്തിയശേഷം റെയ്‌സ് കോഴ്‌സില്‍ നിന്ന് വിരമിച്ച ഒരു കുതിരയെ വാങ്ങി തന്റെ ചിരകാലാഭിലാഷം സഫലമാക്കിയ റിജു ഇപ്പോള്‍ 10 കുതിരകളുള്ള റൈഡിങ്ങ് സ്‌കൂളും 12 കുതിരകളുള്ള സ്റ്റെഡ് ഫാമും പന്തയത്തിനായുള്ള രണ്ടു കുതിരകളുമായി തന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ്. തന്റെ പ്രിയപ്പെട്ട കുതിരകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് റിജു.

പത്തനംതിട്ട സ്വദേശിയായ റിജു വര്‍ഗീസ് മൈസൂരിലെത്തിയപ്പോള്‍ മൈക്കിള്‍ ഈശ്വര്‍ എന്ന പരിശീലകന്‍ ആണ് ആദ്യമായി കുതിരകളെപ്പറ്റിയുള്ള ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. മൈസൂരില്‍ സ്ഥിരതാമസമാക്കിയ ആംഗ്ലോ ഇന്ത്യനായ മൈക്കിള്‍ ആണ് കുതിരകളുടെ പ്രജനനം വഴി എങ്ങനെ വരുമാനമുണ്ടാക്കാമെന്നെല്ലാം പറഞ്ഞുകൊടുത്തത്. 'ഇപ്പോള്‍ ഒളിമ്പിക്‌സിന്റെ തലത്തിലേക്ക് നമ്മുടെ കുട്ടികളെ കൊണ്ടുവരാനായി 'ഹൊറൈസണ്‍ ഇക്വസ്ട്രിയന്‍ അക്കാദമി' (Horizon Equestrian Riding Academy) എന്ന പേരില്‍ റൈഡിങ്ങ് സ്‌കൂള്‍ നടത്തുന്നുണ്ട്. ഇവിടെ ജംപിങ്ങ് മത്സരത്തിനായി കുതിരകളെ തയ്യാറാക്കുന്നു. എന്‍.സി.സി യില്‍ നിന്ന് പരിശീലനം ലഭിച്ചവരാണ് കുട്ടികളെ പഠിപ്പിക്കുന്നത്. കുതിരകളുടെ ജംപിങ്ങ് കോപറ്റീഷനായ ഇക്വസ്ട്രിയന്‍ പ്രീമിയര്‍ ലീഗ് എല്ലാ വര്‍ഷവും ബംഗളൂരുവില്‍ നടക്കാറുണ്ട്. ഞങ്ങള്‍ പരിശീലിപ്പിക്കുന്ന കുട്ടികളെ ഈ മത്സരത്തില്‍ പങ്കെടുപ്പിക്കാറുണ്ട്. സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിജയികളായാല്‍ മാത്രമേ ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ പറ്റുകയുള്ളു.' റിജു താന്‍ ഏറ്റെടുത്ത ഉദ്യമത്തെക്കുറിച്ച് വ്യക്തമാക്കുന്നു.

റൈഡിങ്ങ് സ്‌കൂളില്‍ പഠിക്കാനായി വരുന്ന മലയാളികള്‍ വളരെ കുറവാണെന്ന് റിജു പറയുന്നു. കര്‍ണാടകയില്‍ നിന്നുള്ളവരും വടക്കേ ഇന്ത്യക്കാരുമാണ് കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. ജോക്കി ആകാനായി മൂന്ന് മാസത്തെ പരിശീലനം ഇവര്‍ നല്‍കാറുണ്ട്. ഈ പരിശീലനവും സര്‍ട്ടിഫിക്കറ്റും ഉണ്ടെങ്കില്‍ അസിസ്റ്റന്റ് ജോക്കിയായി നിയമിക്കുന്നതാണ് ഈ മേഖലയിലെ രീതി.

'ഒരിക്കലും പൂര്‍ണമായി ഒരു കുതിരയെക്കുറിച്ച് നമുക്ക് മനസിലാക്കാന്‍ കഴിയില്ല. നമ്മുടെ നാട്ടില്‍ കുതിരയ്ക്ക് അസുഖം വന്നാല്‍ ശരിയായ രീതിയില്‍ ഇന്‍ജക്ഷന്‍ നല്‍കാന്‍ അറിയുന്ന ഡോക്ടര്‍മാരുടെ അഭാവമുണ്ടെന്നാണ് ഞാന്‍ മനസിലാക്കിയത്. മൈസൂരില്‍ കുതിരകളുമായി ഇടപഴകി പരിചരിച്ച് അറിവുള്ള ഡോക്ടര്‍മാര്‍ ഉള്ളതുകൊണ്ടും കൂടിയാണ് ഇത്തരം ഒരു സംരംഭം നടത്തിക്കൊണ്ടുപോകാന്‍ ഏറ്റവും നല്ലത് ഇവിടെയാണെന്ന് തീരുമാനിച്ചത്' റിജു പറയുന്നു.

കുതിരകളെ വേര്‍തിരിച്ചറിയണം

കുതിരകളെ തെരഞ്ഞെടുക്കുമ്പോഴും പലതും ശ്രദ്ധിക്കാനുണ്ട്. ഓരോ ആവശ്യങ്ങള്‍ക്കും ഓരോതരം കുതിരകള്‍ പ്രത്യേകമുണ്ടെന്ന് റിജു വിശദമാക്കുന്നു. 'നമ്മുടെ ആവശ്യത്തിനനുസരിച്ചാണ് കുതിരകളെ തെരഞ്ഞെടുക്കുന്നത്. റൈഡിങ്ങ് പഠിപ്പിക്കാനാണെങ്കില്‍ ഗെല്‍ഡിങ്ങുകളെയാണ് ആവശ്യം. അടക്കവും ഒതുക്കവുമുള്ളതും പ്രകോപനമില്ലാത്തതുമായ സ്വഭാവമുള്ള കുതിരകളാണ് ഗെല്‍ഡിങ്ങുകള്‍. ബ്രീഡിങ്ങ് ആണ് ആവശ്യമെങ്കില്‍ നമ്മള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന കുതിരകളുടെ പിന്‍തലമുറക്കാര്‍ എത്രമാത്രം റൈഡിങ്ങ് പെര്‍ഫോമന്‍സ് ഉള്ളവരാണെന്ന് നോക്കിയാണ് വാങ്ങുന്നത്. അതുപോലെ ഉയരവും ഭാരവും കൂടി മനസിലാക്കും.'

ഒരു വര്‍ഷം പ്രായമായ കുതിരയെ ഇയര്‍ലിങ്ങ് (Yearling) എന്നാണ് പറയുന്നത്. ഒന്നര വയസ് കഴിയുമ്പോള്‍ ആണ്‍കുതിരയാണെങ്കില്‍ കോള്‍ട്ട് (Colt) എന്നും പെണ്‍കുതിരയാണെങ്കില്‍ ഫില്ലി (Filly) എന്നും വിളിക്കും. നാല് വയസ് കഴിയുമ്പോള്‍ പെണ്‍കുതിരയാണെങ്കില്‍ മേര്‍ (Mare) എന്നും ആണ്‍കുതിരയാണെങ്കില്‍ സ്റ്റാലിയന്‍ (Stallion) എന്നും വിളിക്കും. ഇവയാണ് പ്രജനനത്തിനായി ഉപയോഗിക്കുന്നത്. ഗര്‍ഭിണിയായ കുതിരയെ ബ്രൂഡ് മേര്‍ എന്ന് പറയും. ഇവയെ ഒരിക്കലും കെട്ടിയിട്ട് വളര്‍ത്തരുത്. ഓടിനടക്കാനുള്ള സ്ഥലവും നല്ല പച്ചപ്പുല്ലും ഇവയ്ക്ക് ആവശ്യമാണ്. ഭക്ഷണത്തിലൂടെ കുട്ടികള്‍ക്കും ആവശ്യമായ വിറ്റാമിന്‍ കിട്ടണം. പൂര്‍ണവളര്‍ച്ചയെത്തിയ കുട്ടിക്ക് 450 കിലോ മുതല്‍ 500 കിലോ വരെ ഭാരം ഉണ്ടാകും. വാം ബ്ലഡ് കുതിരകള്‍ക്ക് 600 കിലോ വരെ ഭാരമുണ്ടാകും.

റിജുവിന്റെ എട്ടു വയസുള്ള മകന്‍ ഫെലിക്‌സും റൈഡിങ്ങ് പരിശീലിക്കുന്നുണ്ട്. 'എന്റെ മകന്‍ ഫെലിക്‌സ് ആറുവയസ് മുതല്‍ റൈഡ് ചെയ്യാറുണ്ട്. കുട്ടികള്‍ക്ക് പരിശീലിക്കാന്‍ നല്ലത് തറോ ബ്രെഡ് (Throughbred) ആണ്. പോണികള്‍ വളരെ പ്രകോപന സ്വഭാവമുള്ളവരാണ്. '

ഹൊറൈസണ്‍ ഫാം ആന്റ് വാം ബ്ലഡ് സ്റ്റെഡ് എന്ന പേരില്‍ കുതിരകളുടെ പ്രജനനത്തിനായുള്ള (ബ്രീഡിങ്ങ്) സ്ഥാപനവും മൈസൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാം ബ്ലഡ് എന്നത് ഒളിമ്പിക്‌സില്‍ ഉപയോഗിക്കുന്ന ഇനത്തില്‍പ്പെട്ട കുതിരകളാണ്. ഇക്വസ്ട്രിയന്‍ സ്‌പോര്‍ട്‌സിനും പ്രയോജനപ്പെടുത്തുന്നു. അതായത് അത്‌ലറ്റിക് സ്വഭാവമുള്ള കുതിരയാണിതെന്നര്‍ഥം. 'കൂടുതലായി ജര്‍മനിയില്‍ നിന്നൊക്കെ ഇറക്കുമതി ചെയ്യുന്ന വാം ബ്ലഡ് ഇനത്തില്‍പ്പെട്ട കുതിരകളാണ് നമ്മള്‍ ഉപയോഗിക്കുന്നത്. ഇവയ്ക്ക് വലിയ വിലയുണ്ടാകും. അതിനുപകരം നമ്മള്‍ ഇവിടെത്തന്നെ ബ്രീഡ് ചെയ്ത് വാം ബ്ലഡ് ഇനത്തിലുള്ള കുതിരകള്‍ക്ക് 15 ലക്ഷം രൂപ മുതല്‍ മുകളിലേക്ക് ആവശ്യക്കാര്‍ക്ക് വില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്'. റിജു വ്യക്തമാക്കുന്നു.

വാം ബ്ലഡ് ഇനത്തിലുള്ളതല്ലാതെയുള്ള കുതിരകളും വില്‍പ്പനയ്ക്കുണ്ട്. 40,000 മുതല്‍ 40 ലക്ഷം രൂപ വരെയാണ് ഇവയുടെ വില. എറണാകുളം സ്വദേശിയായ ജോസഫ് പാലാലും റിജുവിനൊപ്പം ഈ സംരംഭത്തില്‍ പങ്കാളിയാണ്.

മലയാളികളുടെ കുതിരക്കമ്പം

കേരളത്തിലും റിജു തന്റെ സംരംഭത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. തൊടുപുഴയില്‍ റൈഡിങ്ങ് അക്കാദമിയില്‍ ഫ്രാഞ്ചൈസി ഉണ്ട്. ചോയ്‌സ് സ്‌കൂളില്‍ എല്ലാ വര്‍ഷവും വെക്കേഷന്‍ ക്ലാസുകള്‍ നടത്താറുമുണ്ട്. കേരളത്തില്‍ കാതിയവാഡി, മാര്‍വാരി, പോണി എന്നീയിനത്തില്‍പ്പെട്ട കുതിരകളാണ് ഉള്ളത്. ഇന്ത്യയുടെ തനതായ ഇനമായ മാര്‍വാരി കുതിരയുടെ ബ്രീഡിങ്ങ് ഫാമും ഇവര്‍ നടത്തുന്നുണ്ട്. കേരളത്തില്‍ നിന്ന് മൈസൂരിലെത്തുന്നവരെ റൈഡിങ്ങ് പഠിപ്പിച്ച് റെയ്‌സ് കോഴ്‌സില്‍ നിയമിക്കുന്നുണ്ട്.

റിജു ചലച്ചിത്ര സംവിധായകന്‍ സലാം ബാപ്പുവിനൊപ്പം

'കേരളത്തിലാണ് ആദ്യം ഈ സംരംഭം തുടങ്ങിയത്. പക്ഷേ, അവിടുത്തെ അന്തരീക്ഷം മോശമാണ്. നമ്മുടെ നാട്ടിലുള്ള രാജാക്കന്‍മാര്‍ക്ക് കുതിരപ്പടയാളികള്‍ വളരെ കുറവായിരുന്നുവെന്നാണ് കേട്ടറിവ്. കേരളത്തില്‍ അല്‍പ്പമെങ്കിലും താല്‍പര്യം കാണിക്കുന്നത് ചെറുപ്പക്കാര്‍ മാത്രമാണ്.' റിജു മലയാളികളുടെ കുതിരക്കമ്പത്തെക്കുറിച്ച് വ്യക്തമാക്കുന്നു.

അസുഖങ്ങള്‍ ശ്രദ്ധിക്കണം

കുതിരകള്‍ പൊതുവേ എന്തുകണ്ടാലും പേടിക്കുന്ന സ്വഭാവക്കാരാണെന്ന് റിജു പറയുന്നു. പേടി വരുമ്പോള്‍ തിരിഞ്ഞ് ഓടാന്‍ പറ്റാതെ വരുമ്പോള്‍ അപൂര്‍വമായി മാത്രം മനുഷ്യരെ തൊഴിക്കാറുണ്ട്. ഏറ്റവും പ്രധാനമായി ബാധിക്കുന്ന അസുഖം കോളിക്ക് അഥവാ വയറുവേദന ആണ്. പശുക്കള്‍ക്കുള്ളതുപോലെ അയവെട്ടാനുള്ള കഴിവ് കുതിരകള്‍ക്ക് ഇല്ല. ഭക്ഷണം കഴിക്കുന്നതിനനുസരിച്ച് ശാരീരികാധ്വാനവും ആവശ്യമാണ്. ഇല്ലെങ്കില്‍ ദഹനം സംഭവിക്കാതെ ഗ്യാസ് ഉണ്ടാകുകയും വയറില്‍ അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യും.' കുതിരകള്‍ക്ക് വേദന സഹിക്കാനുള്ള കഴിവ് വളരെ കുറവാണ്. ഹാര്‍ട്ട് അറ്റാക്ക് പോലെത്തന്നെയാണ് കോളിക്ക്. ആദ്യത്തെ അരമണിക്കൂറിനുള്ളില്‍ കണ്ടെത്തിയാല്‍ രക്ഷപ്പെടുത്തിയെടുക്കാം. രാത്രിയില്‍ വേദന വരികയും രാവിലെ കണ്ടെത്തുകയും ചെയ്താല്‍ രക്ഷപ്പെടുത്തിയെടുക്കാനുള്ള സാധ്യത കുറവാണ്. കുതിരകളെ ബാധിക്കുന്ന എതസുഖവും എത്രയും പെട്ടെന്ന് കണ്ടെത്തി രക്ഷപ്പെടുത്തിയെടുക്കണം.' റിജു ഓര്‍മിപ്പിക്കുന്നു.

കുതിരയുടെ പരിചരണത്തിനായി ഒരാള്‍ എപ്പോഴുമുണ്ടാകണം. സൈസ് എന്നാണ് ഇവരെ വിളിക്കുന്നത്. സ്‌റ്റേബിളില്‍ താമസിച്ചാണ് ഇവരും പണിയെടുക്കുന്നത്. ഒരാള്‍ക്ക് രണ്ടോ മൂന്നോ കുതിരകളാണ് പരിചരിക്കാന്‍ കൊടുക്കുന്നത്. ഇവര്‍ക്ക് തങ്ങള്‍ ഇടപഴകുന്ന കുതിരകളില്‍ വരുന്ന മാറ്റങ്ങള്‍ പെട്ടെന്ന് മനസിലാക്കാം. 24 മണിക്കൂര്‍ വെറ്ററിനറി ഡോക്ടറുടെ സേവനം ഇവിടെ നല്‍കുന്നുണ്ട്.

ലോക്ക്ഡൗണ്‍ സമയത്ത് മറ്റൊരു വിനോദോപാധിയുമില്ലാതെ അടച്ചുപൂട്ടിയിരുന്നപ്പോഴാണ് കൂടുതല്‍ ആളുകള്‍ റൈഡിങ്ങിനായി ഇവരെ സമീപിച്ചതെന്നതാണ് വാസ്തവം. അന്നും ഇന്നും എന്നും സാമൂഹിക അകലം പാലിച്ച് കൈകാര്യം ചെയ്യാന്‍ പറ്റുന്നതാണ് കുതിരസവാരിയെന്ന് റിജു ഓര്‍മപ്പെടുത്തുന്നു.

റിജുവിന്‍റെ ഫോണ്‍ നമ്പര്‍: 8086782009

(ചിത്രങ്ങള്‍: അതുല്‍ ദാസ്, റിജു വര്‍ഗീസ്)