ലക്ഷ്മിയുടെ പേരിനൊപ്പം ഒരു 'സാ' കൂടിയുണ്ട്. അത് സ്റ്റോപ് ആസിഡ് അറ്റാക്ക് എന്നാണ് വായിക്കേണ്ടത്. ലക്ഷ്മി ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരുവളായി മാത്രമല്ല നില കൊള്ളുന്നത്. തന്നേപ്പോലുള്ള നിരവധി പേരെ ചേര്‍ത്തുനിര്‍ത്തുന്ന ഒരു സാമൂഹ്യപ്രവര്‍ത്തക കൂടിയാണ് ലക്ഷ്മി. 

2014 -ലാണ്.. വാഷിങ്ങ്ടണിലെ യു എസ്‌ സ്റ്റേറ്റ്‌ ഡിപ്പർട്ട്മെന്‍റ് സമ്മേളനഹാളാണ് സ്ഥലം.. മിഷേൽ ഒബാമ, ഒരു ഇന്ത്യക്കാരി യുവതിക്ക് ഒരു അവാർഡ്‌ സമ്മാനിച്ചു. യു.എസ് രാജ്യാന്തര ധീരതാ അവാര്‍ഡ്.. അതേറ്റു വാങ്ങിയ ശേഷമുള്ള മറുപടി പ്രസംഗത്തില്‍ ആ ഇന്ത്യന്‍ യുവതി ഒരു കവിത ചൊല്ലി. ആ കവിതയുടെ തുടക്കം ഇങ്ങനെയായിരുന്നു, 

''നിങ്ങൾ ആസിഡൊഴിച്ചത്‌ 
എന്‍റെ മുഖത്തല്ല; സ്വപ്നങ്ങളിലാണ്‌
നിങ്ങളുടെ ഉള്ളിലുള്ളതോ, 
സ്നേഹമല്ല; നിറയെ ആസിഡാണ്‌'' 

കേട്ടിരുന്നവര്‍ വമ്പിച്ച കരഘോഷത്തോടെയാണ് അവളെ അഭിനന്ദിച്ചത്. തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത ഒരു പെണ്‍കുട്ടിയോടുള്ള ആദരവ് കൂടിയായിരുന്നു ആ കരഘോഷം.

ലക്ഷ്മി അഗര്‍വാള്‍. അതായിരുന്നു അവളുടെ പേര്. അവളുടെ കഥയാണ് ദീപിക പതുക്കോണ്‍ നായികയാവുന്ന 'ഛപാക്' പറയുന്നത്. അവളുടെ വേഷമാണ് ദീപിക ചെയ്യുന്നത്. ദീപികയുടെ ലക്ഷ്മിയായിട്ടുള്ള വേഷപ്പകര്‍ച്ച സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

View post on Instagram

ആരാണ് ലക്ഷ്മി അഗര്‍വാള്‍ എന്ന ലക്ഷ്മി സാ?

ദില്ലിയിലെ ഒരു ദരിദ്രകുടുംബത്തിലാണ് ലക്ഷ്മിയുടെ ജനനം. അച്ഛന്‍ ഒരു ധനിക കുടുംബത്തിലെ പാചകക്കാരന്‍. പക്ഷെ, മകളെ സംഗീതവും നൃത്തവുമൊക്കെയായി തന്നെയാണ് അദ്ദേഹം വളര്‍ത്തിയത്. 

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്‍റെ പതിനഞ്ചാമത്തെ വയസ്സിലാണ് ലക്ഷ്മിക്കു നേരെ ആസിഡ് ആക്രമണമുണ്ടാകുന്നത്. മുപ്പത്തിരണ്ടുകാരന്‍റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനുള്ള പ്രതികാരമായിരുന്നു ആ ആക്രമണത്തിനു പിന്നില്‍. ദില്ലിയിലെ ഖാന്‍ മാര്‍ക്കറ്റിലെ ഒരു ബസ് സ്റ്റോപ്പില്‍ വെച്ച്. അതും ലക്ഷ്മിയുടെ സുഹൃത്തായ രാഖിയുടെ അറിവോടെ.. പിടിയിലായ ഗുഡ്ഡുവിനെ 10 വർഷത്തേക്കും രാഖിയെ ഏഴു വർഷത്തേക്കും തടവിനു ശിക്ഷിച്ചിരുന്നു. പക്ഷെ, ആക്രമണത്തിനുശേഷം ഒരു മാസം കഴിഞ്ഞ്‌ ജാമ്യത്തിലിറങ്ങിയ ഗുഡ്ഡു ആഘോഷപൂർവം വിവാഹം കഴിച്ചു. അതായിരുന്നു ലക്ഷ്മിയെ സമൂഹത്തിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്. അക്രമം നടത്തിയ ആള്‍ ആഘോഷിച്ച് ജീവിക്കുകയും, അതിനെ അതിജീവിച്ചവള്‍ അകത്ത് കഴിയുകയുമല്ല വേണ്ടത് എന്ന തിരിച്ചറിവുണ്ടായിരുന്നു അവള്‍ക്ക്.

2005 -ലായിരുന്നു ഇത്. 2009 വരെ ജീവിതത്തിലെ ഏറ്റവും ദുരിതം നിറഞ്ഞ നാളുകള്‍.. ആക്രമണം നടക്കുമ്പോള്‍ മുഖം പൊത്തിയിരുന്നതു കൊണ്ട് കണ്ണിന് കാഴ്ച നഷ്ടമായില്ല. ദില്ലിയിലെ പ്രശസ്തമായ ഏഴ് ആശുപത്രികളിലായി ഏഴ് ശസ്ത്രക്രിയകള്‍.. തുടയില്‍ നിന്നും അരക്കെട്ടില്‍ നിന്നും തൊലിയെടുത്ത് മുഖത്ത് വെച്ചു. തന്‍റെ മിടുമിടുക്കിയായ മകള്‍. സംഗീതത്തിലും നൃത്തത്തിലും പങ്കെടുക്കുന്നവള്‍.. അവളുടെ ഈ അവസ്ഥ അച്ഛനെ വിഷാദത്തിലേക്ക് തള്ളിവിട്ടു. അതിനിടയില്‍ സഹോദരന് ക്ഷയം ബാധിച്ചു. നെഞ്ചുവേദന സഹിച്ച് അധികകാലം അവളുടെ പിതാവ് മുന്നുലാല്‍ ജീവിച്ചിരുന്നില്ല. 2012 -ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം മരിച്ചു.

സുപ്രീം കോടതിയിലേക്ക്

ലക്ഷ്മി മാത്രമല്ല, ലക്ഷ്മിയെപ്പോലെ പല പെണ്‍കുട്ടികള്‍ക്കും സമാനമായ അനുഭവങ്ങളുണ്ടായിരുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്, പ്രണയിക്കാന്‍ തയ്യാറാകാത്തതിന് പല പെണ്‍കുട്ടികള്‍ക്ക് നേരെയും ആസിഡ് ആയുധമാക്കപ്പെട്ടു. അങ്ങനെയാണ് 2006 -ല്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ച രൂപ എന്ന പെണ്‍കുട്ടിക്കൊപ്പം ലക്ഷ്മി സുപ്രീം കോടതിയെ സമീപിക്കുന്നത്. സുലഭമായി ആസിഡ് വില്‍ക്കുന്നതിനെതിരെ അവര്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി. 2013 ജൂലൈ 18 -ന് ഇവര്‍ക്ക് അനുകൂലമായി വിധി വന്നു. 18 വയസ്സായവര്‍ക്ക് മാത്രമേ ആസിഡ് വില്‍ക്കാവൂ എന്നും ഉത്തരവില്‍ പറഞ്ഞു. 

സ്റ്റോപ് ആസിഡ് അറ്റാക്ക് (സാ)

ലക്ഷ്മിയുടെ പേരിനൊപ്പം ഒരു 'സാ' കൂടിയുണ്ട്. അത് സ്റ്റോപ് ആസിഡ് അറ്റാക്ക് എന്നാണ് വായിക്കേണ്ടത്. ലക്ഷ്മി ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരുവളായി മാത്രമല്ല നില കൊള്ളുന്നത്. തന്നേപ്പോലുള്ള നിരവധി പേരെ ചേര്‍ത്തുനിര്‍ത്തുന്ന ഒരു സാമൂഹ്യപ്രവര്‍ത്തക കൂടിയാണ് ലക്ഷ്മി. ആസിഡ് ആക്രമണവും പൊള്ളലുമേല്‍ക്കേണ്ടി വന്ന നിരവധി പേരെയാണ് ലക്ഷ്മിയുടെ നേതൃത്വത്തില്‍ പുനരധിവസിപ്പിച്ചത്.

View post on Instagram

പത്രപ്രവർത്തക ഉപ്നീതയാണ്‌ സ്റ്റോപ്പ്‌ ആസിഡ്‌ അറ്റാക്ക്‌ പ്രചരണങ്ങളിലേക്ക് ലക്ഷ്മിയെ എത്തിക്കുന്നത്. പത്രപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ അലോക്‌ ദീക്ഷിതും ലക്ഷ്മിയെ തേടിയെത്തി. അങ്ങനെയാണ്, ലക്ഷ്മി സ്റ്റോപ്പ്‌ ആസിഡ്‌ അറ്റാക്കിന്‍റെ ക്യാമ്പെയിൻ കോ -ഓർഡിനേറ്ററാകുന്നത്. പിന്നീടാണ്, ആഗ്രയിൽ സ്റ്റോപ്പ്‌ ആസിഡ്‌ പ്രവർത്തകരുടെ കൂട്ടായ്മയില്‍ 'കഫേ ഷീറോസ്‌ ഹാങ്ങ്ഔട്ട്‌' എന്ന സ്ഥാപനം തുടങ്ങുന്നത്. ആസിഡ്‌ ആക്രമണമേല്‍ക്കേണ്ടി വന്നവരുടെ നേതൃത്വത്തിലുള്ള ഫാഷൻ ഡിസൈനിങ്ങ്‌ സ്റ്റോറുകളും പ്രവർത്തിക്കുന്നുണ്ട്‌.. ലക്ഷ്മിഅവരുടെ സംഘാടകയും മോഡലുമായി..

അലോകും പിഹുവും

പത്രപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ അലോക്‌ ദീക്ഷിതും ലക്ഷ്മിയും ഒരുമിച്ച് ജീവിച്ച് തുടങ്ങി. ഇരുവരും ചേര്‍ന്ന് 'ചാന്‍വ് ഫൗണ്ടേഷന്‍' എന്നൊരു എന്‍.ജി.ഒ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക് ഒരു മകളുമുണ്ടായി, പിഹു. എന്നാല്‍, ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ഇരുവരും തമ്മില്‍ പിരിഞ്ഞു. മകള്‍, ലക്ഷ്മിക്കൊപ്പമായിരുന്നു. ആ സമയത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയി ലക്ഷ്മി. പക്ഷെ, മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുത്തതോടെ സഹായമെത്തിയിരുന്നു.

View post on Instagram

ഇനിയുമുണ്ട് പോരാടാന്‍

ഇതുകൊണ്ടൊന്നും തീരുന്നില്ല ലക്ഷ്മിയുടെ പ്രവര്‍ത്തനങ്ങള്‍.. തന്നെപ്പോലുള്ളവര്‍ക്കായി അവരെന്നും നില കൊള്ളുന്നുണ്ട്. ആരോ ഏല്‍പ്പിച്ച ആഘാതങ്ങളില്‍ തളര്‍ന്നിരിക്കേണ്ടവരല്ല നമ്മളെന്ന് അവര്‍ കൂടെയുള്ളവരെ ഓര്‍മ്മിപ്പിക്കുന്നു. മനസിന്‍റെ കരുത്ത് മതി ജീവിച്ചു കാണിച്ചു കൊടുക്കാനെന്ന് സ്ത്രീകളെ അക്രമിക്കുന്ന ഓരോരുത്തരോടും വെല്ലുവിളിക്കുന്നു.