എന്നാൽ, ജീവിതകാലത്ത് അവൾക്കു നേരിടേണ്ടി വന്ന അപമാനവും പരിഹാസവും അവളുടെ മരണശേഷവും തുടർന്നു. ഇന്നും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ലോകത്തിലെ ഏറ്റവും വൃത്തികെട്ട സ്ത്രീയെന്ന വിശേഷണത്തോടെ അവളുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. 

ലോകത്തിലെ അനീതികളുടെ ഒരു ദാരുണമായ സാക്ഷ്യമാണ് മേരി ആൻ ബെവൻ. കാരണം ലോകം ഇന്നും അവളെ വിശേഷിപ്പിക്കുന്നത് "ലോകത്തിലെ ഏറ്റവും വൃത്തികെട്ട സ്ത്രീ" എന്നാണ്. എന്നാൽ, ഒരു നേഴ്സ് ആയിരുന്ന മേരി ആൻ കേൾക്കാൻ ആരും ഇഷ്ടപ്പെടാത്ത ആ വിശേഷണം എങ്ങനെ നേടി എന്ന് കൂടി അറിയുമ്പോഴാണ് ഇന്നും ആ പദവി കൊണ്ട് അവളെ വിശേഷിപ്പിക്കുന്നതിലുള്ള അനീതി വ്യക്തമാവുന്നത്.

ഈസ്റ്റ് ലണ്ടനിലെ ഒരു തൊഴിലാളിവർഗ കുടുംബത്തിൽ ആയിരുന്നു മേരി ആൻ ജനിച്ചത്. ഏഴു സഹോദരങ്ങളായിരുന്നു അവൾക്ക് ഉണ്ടായിരുന്നത്. മേരി ആൻ വെബ്‌സ്റ്റർ എന്നായിരുന്നു അന്ന് അവളുടെ പേര്. പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം അവൾ ഒരു നേഴ്സ് ആയി ജോലിയിൽ പ്രവേശിച്ചു. 1902 -ൽ അവർ തോമസ് ബേവനെ വിവാഹം കഴിച്ചു. ഏറെ സന്തോഷകരമായിരുന്നു അവരുടെ ദാമ്പത്യ ജീവിതം. അവർക്ക് നാല് കുട്ടികളുണ്ടായിരുന്നു. എന്നാൽ, 1914 - ൽ തോമസ് ബെവൻ പെട്ടെന്ന് മരിച്ചു.

വിവാഹം കഴിഞ്ഞയുടനെ, ഏകദേശം 32 വയസ്സുള്ളപ്പോൾ മേരിയിൽ അക്രോമെഗാലി എന്ന രോഗത്തിൻറെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ഇത് ചിലപ്പോൾ ഒരാളുടെ മുഖത്തിന് വിചിത്രമായ രൂപം നൽകിയേക്കാം. ബെവന്റെ കാലത്ത് അസുഖം അജ്ഞാതമായിരുന്നു. ക്രമേണ കഠിനമായ തലവേദന അവളെ അലട്ടി തുടങ്ങി. ഇതിനിടയിൽ ഇരു കണ്ണുകളുടെയും കാഴ്ചശക്തിയും കുറഞ്ഞു തുടങ്ങി. ഇതോടെ അവൾ താൻ ഏറെ ഇഷ്ടപ്പെട്ട് നേടിയെടുത്ത നേഴ്സ് ജോലിയിൽ നിന്നും പിന്മാറേണ്ടി വന്നു.

ഭർത്താവിൻറെ അകാലമരണവും ഒട്ടും പ്രതീക്ഷിക്കാതെ തന്നെ തേടിയെത്തിയ രോഗവും മേരിയെ തളർത്തി. ഇതോടെ നാലു മക്കളെ എങ്ങനെ വളർത്തും എന്നുള്ള ആശങ്ക അവളിൽ നിറഞ്ഞു. ഒടുവിൽ അവൾ ഒരു തീരുമാനത്തിലെത്തി. തന്റെ വിരൂപമായ ശരീരത്തെ തന്നെ ജീവിത ചെലവിനുള്ള വക കണ്ടെത്താൻ ഉപയോഗിക്കാം. അങ്ങനെ അവൾ വേൾഡ് അഗ്ലീസ്റ്റ് വുമൺ മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു. ആ മത്സരത്തിൽ വിജയിയായ അവൾക്ക് കൈ നിറയെ പണം കിട്ടി. ഒപ്പം ഒരു ജോലിയും.

ഒരു സർക്കസ് കമ്പനിയിലെ സൈഡ് ഷോകളിൽ പങ്കെടുക്കുകയായിരുന്നു അവളുടെ ജോലി. എന്നാൽ സർക്കസിലെ പ്രധാന ഐറ്റങ്ങൾക്കിടയിലെ ചെറിയ സമയങ്ങളിൽ കാണികൾക്ക് മുൻപിൽ ചുമ്മാതെ പോയി നിൽക്കുക. കാണികൾ അവളുടെ വൈരൂപ്യത്തെ പരിഹസിച്ചും വിമർശിച്ചും ആനന്ദം കണ്ടെത്തി. കാണികൾ പണം വാരിയെറിഞ്ഞു. തൻറെ മരണംവരെ മേരി ആൻ ചെയ്തത് ഈ ജോലിയായിരുന്നു. അത് അവളുടെ കുടുംബത്തിന് ആവശ്യമുള്ളത്രയും പണം നൽകി. പരിഹാസവും അപമാനവും സഹിച്ചുകൊണ്ട് തൻറെ നാലുമക്കൾക്ക് സുഭിക്ഷമായി ജീവിക്കാനുള്ള വക ആ അമ്മ കണ്ടെത്തി. ഒടുവിൽ 1933 ഡിസംബർ 26 -ന് തന്റെ 53 -ാമത്തെ വയസ്സിൽ മേരി ആൻ മരിച്ചു. 

എന്നാൽ, ജീവിതകാലത്ത് അവൾക്കു നേരിടേണ്ടി വന്ന അപമാനവും പരിഹാസവും അവളുടെ മരണശേഷവും തുടർന്നു. ഇന്നും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ലോകത്തിലെ ഏറ്റവും വൃത്തികെട്ട സ്ത്രീയെന്ന വിശേഷണത്തോടെ അവളുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. 

എന്നാൽ കഴിഞ്ഞദിവസം ഗ്രീഫ് ഹിസ്റ്ററി എന്ന ഇൻസ്റ്റാഗ്രാം പേജിൽ മേരി ആൻ ബൊവാന്റെ കഥ വീണ്ടും പ്രത്യക്ഷപ്പെട്ടു. അതിൽ അവർ കുറിച്ചിരുന്നത് ഇങ്ങനെയാണ്, ലോകത്തിലെ ഏറ്റവും വൃത്തികെട്ട സ്ത്രീയെന്ന വിശേഷണത്തോടെയല്ല ഇവർ അറിയപ്പെടേണ്ടത്. മറിച്ച് അതിജീവനത്തിനായി തനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്ത ഒരു അത്ഭുതകരമായ അമ്മയായി വേണം ബെവനെ ഓർക്കാൻ എന്നാണ്. ഇനിയുള്ള കാലങ്ങളിൽ എങ്കിലും അവൾ അങ്ങനെ ഓർമിക്കപ്പെടട്ടെ.