ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ മിഗുവേലിനെ 12 വയസ്സുള്ള തന്‍റെ മകനിൽ നിന്ന് വേർപെടുത്താൻ തുടങ്ങിയപ്പോൾ, തങ്ങളെ വേർപ്പെടുത്തരുതെന്നും, തങ്ങൾക്ക് ഒരുമിച്ച് നിൽക്കണമെന്നും മിഗുവേല്‍ അവരോട് യാചിച്ചു. അതിന് സാധ്യമല്ലെന്നും അവനെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് കൊണ്ടുപോവുകയാണെന്നും ഉദ്യോഗസ്ഥർ പറയുകയായിരുന്നു. ഉദ്യോഗസ്ഥർ തന്‍റെ മകനെയും കൊണ്ടുപോകുമ്പോൾ കാഴ്ചയിൽ നിന്ന് മറയും വരെ നോക്കി നിൽക്കാനേ അയാൾക്ക് കഴിഞ്ഞുള്ളൂ. ആ സംഭവത്തെ കുറിച്ച് ആലോചിക്കുമ്പോഴൊക്കെ ആ അച്ഛന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകും.

ഇനി എന്താണ്  സംഭവിക്കാൻ പോകുന്നതെന്ന് അയാൾക്ക് അറിയില്ലായിരുന്നു. “എന്‍റെ  പൊന്നുമോനെ, നീ തന്നെ നിന്നെ നോക്കണം" മിഗുവൽ കരഞ്ഞുകൊണ്ട് മോനോട് പറഞ്ഞു. അവർ അവസാനമായി സംസാരിച്ചത് അപ്പോഴായിരുന്നു. അതിനുശേഷം അവർ തമ്മിൽ കണ്ടിട്ടില്ല. മിഗുവേലിന് മാത്രമല്ല ഇതുപോലെ മക്കളെ പിരിയേണ്ടി വന്നിട്ടുള്ളത്. അനവധി കുടിയേറ്റക്കാരാണ് മെക്സിക്കോ അതിർത്തിയിൽ കുടുംബവുമായി വേർപെട്ട് കഴിയുന്നത്. ട്രംപിന്‍റെ മനുഷ്യത്വരഹിതമായ കുടിയേറ്റ നിമയത്തിന്‍റെ ഇരകളാണിവർ.

അനധികൃത കുടിയേറ്റം നിയന്ത്രിക്കാനായി ട്രംപ് ഭരണകൂടം ഈ വർഷം ആദ്യം കുടിയേറ്റ സംരക്ഷണ പ്രോട്ടോക്കോൾ (എം‌പി‌പി)  എന്ന ഒരു നിയമം കൊണ്ടുവരികയുണ്ടായി. ആ നിയമ പ്രകാരം വ്യക്തമായ രേഖകളില്ലാതെ മെക്സിക്കോ വഴി യുഎസിലേക്ക് പ്രവേശിക്കുന്ന വിദേശീയർ, കുടിയേറ്റ നിയമ നടപടികൾ കഴിയുന്നതുവരെ മെക്സിക്കോ അതിർത്തിയിൽ തന്നെ തുടരണമെന്ന് അനുശാസിക്കുന്നു. എന്നാൽ, മാതാപിതാക്കളെ അനുഗമിക്കുന്ന കുട്ടികളെ നടപടികൾ തീരുന്ന വരെ സുരക്ഷിത തടങ്കലുകളിൽ മാറ്റി പാർപ്പിക്കുമെന്നും അതിൽ പറയുന്നു.

ട്രംപ് ഭരണകൂടം 60,000 -ലധികം കുടിയേറ്റക്കാരെയും അഭയാർഥികളെയുമാണ് ഈ കുടിയേറ്റ സംരക്ഷണ പ്രോട്ടോക്കോൾ പ്രകാരം മെക്സിക്കോയിലെ നഗരങ്ങളിലേക്ക് തിരിച്ചയച്ചത്. കുട്ടികളെ യു എസിലെ താൽകാലിക തടങ്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. കുടുംബങ്ങളിൽനിന്ന് ഇങ്ങനെ വേർപിരിഞ്ഞ ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് യുഎസ് കേസുകൾ പൂർത്തിയാക്കാൻ മെക്സിക്കോയിൽ കാത്തിരിക്കുന്നത്.

ട്രംപ് ഭരണകൂടത്തിന്‍റെ കർശനമായ കുടിയേറ്റ നയങ്ങൾമൂലം കുട്ടികൾക്ക് പലപ്പോഴും പ്രതീക്ഷിച്ചതിലും കൂടുതൽ സമയം തടങ്കലിൽ കഴിയേണ്ടി വന്നു. ഇത് അവരെ ദോഷകരമായി ബാധിക്കുന്നുവെന്ന് സർക്കാർ തന്നെ സമ്മതിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴും ഏകദേശം 4,000 കുട്ടികൾ സർക്കാർ കസ്റ്റഡിയിൽ തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അവർക്കൊക്കെ പറയാൻ വേദനാജനകമായ കഥകളുമുണ്ട്. അമേരിക്കയിൽ അഭയം തേടാനായി പുറപ്പെട്ട ഒരു പിതാവിനും അയാളുടെ മൂന്ന് വയസ്സുകാരി മകൾക്കും അത്തരം ഒരു അനുഭവമാണ് നേരിടേണ്ടി വന്നത്. അമേരിക്കയിലേക്കുള്ള യാത്രയിൽ ആഴ്ചകളോളം അവൾ പിതാവിന്‍റെ കൈകളിൽ സുരക്ഷിതമായി കഴിഞ്ഞു. എന്നാൽ, അതിർത്തിയിൽ എത്തിയപ്പോൾ അവിടെ ഉണ്ടായിരുന്ന ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ആ കുരുന്നിനെ ബലമായി അവളുടെ അച്ഛന്‍റെ കൈകളിൽനിന്ന് വേർപെടുത്തി. യുഎസ് പരിചരണത്തിലുള്ള ഒരു കേന്ദ്രത്തിലേക്ക് അവളെ മാറ്റി. പക്ഷേ, കുടിയേറ്റ നടപടികൾ പൂർത്തിയാക്കി തിരിച്ചെത്തിയ അച്ഛനെ കാത്തിരുന്നത് വളരെ വലിയ ഒരു ദുരന്തമായിരുന്നു. പരിചരണകേന്ദ്രത്തിൽ കഴിഞ്ഞ ആ കുഞ്ഞിനെ ആരോ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. അച്ഛനെപ്പോലും തിരിച്ചറിയാൻ കഴിയാതെ അവൾ ആകെ തകർന്നിരുന്നു. ഇപ്പോൾ ദേഷ്യവും പേടിയും മാത്രമാണ് ആ കണ്ണുകളിൽ തെളിയുന്നത്.

കഴിഞ്ഞമാസം യു‌എസ് സർക്കാർ കസ്റ്റഡിയിൽ തടവിലാക്കപ്പെട്ട 69,550 കുടിയേറ്റ കുട്ടികളിൽ ഒരാളാണ് ആ കൊച്ചു പെൺകുട്ടി. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ കുട്ടികൾ സ്വന്തം മാതാപിതാക്കളിൽനിന്ന് വേർപെട്ട് ഇവിടെ കഴിയുന്നുവെന്ന് ഐക്യരാഷ്ട്ര ഗവേഷകർ അഭിപ്രായപ്പെട്ടു. തടങ്കലിൽ വയ്ക്കുന്നത് കുട്ടികൾക്ക് ആഘാതകരമാണെന്ന് യുഎസ് സർക്കാർ തിരിച്ചറിഞ്ഞിട്ടും ഇത് തുടരുന്നു.

2019 മാർച്ചിലാണ് ടെക്സസിലെ അതിർത്തിക്ക് സമീപം ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അച്ഛനെയും മകളെയും അനധികൃതമായി കുടിയേറാൻ ശ്രമിച്ചതിന് പിടികൂടിയത്. അച്ഛനിൽനിന്ന് വേർപെടുത്തിയ മൂന്നുവയസുകാരിയെ സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന വളർത്തു പരിചരണ കേന്ദ്രത്തിലേക്ക് അയച്ചു. ഒരു ജീവനക്കാരൻ അച്ഛനെ ഫോണിൽ വിളിച്ച് കൊടുത്തപ്പോൾ പക്ഷേ, പെൺകുട്ടി സംസാരിക്കാൻ വിസമ്മതിച്ചു. പകരം അവൾ ദേഷ്യത്തോടെ നിലവിളിക്കുകയായിരുന്നു.

മിണ്ടിത്തുടങ്ങുന്ന പ്രായത്തിൽ അവളെ കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടി ഉപദ്രവിയ്ക്കുകയായിരുന്നുവെന്ന് അവൾ എങ്ങനെ അച്ഛനോട് പറഞ്ഞു മനസ്സിലാക്കും. ദിവസങ്ങൾ കഴിയുന്തോറും അവളുടെ മൂത്രം അറിയാതെ പോകാൻ തുടങ്ങി, ഭക്ഷണം കഴിക്കാനോ എന്തെങ്കിലും കുടിക്കാനോ അവൾക്ക് കഴിഞ്ഞില്ല എന്ന് അവിടത്തെ ജീവക്കാർ പറഞ്ഞു. ഇത്തരം അനവധി മാനസിക ശാരീരിക പീഡനങ്ങളാണ് ഇങ്ങനെ കഴിയുന്ന കുട്ടികൾക്ക് അനുഭവിക്കേണ്ടി വരുന്നത്. 

കുട്ടികളെ അവരുടെ മാതാപിതാക്കളിൽ നിന്നും ഇങ്ങനെ വേർപെടുത്തുന്നത് തീർത്തും  മനുഷ്യത്വരഹിതമായ പ്രവർത്തിയാണ് എന്ന് വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.  കുട്ടികൾക്ക് ചിലപ്പോൾ ആഴ്ചകളോളം ഇത്തരം കേന്ദ്രങ്ങളിൽ കഴിയേണ്ടിവരും. ഇങ്ങനെ കഴിയുന്ന കുട്ടികളെ പലപ്പോഴും കൗൺസിലിങ്ങിന് വിധേയരാക്കേണ്ടി വരുന്നു. അവർ അനുഭവിക്കുന്ന മാനസിക പീഢനം അത്രക്ക് വലുതാണ്. അവിടെ കഴിയുന്ന കുട്ടികൾ നാളെ എന്ത് സംഭവിക്കും എന്ന് ഭയപ്പെട്ട് ഓരോ ദിവസം തള്ളിനീക്കുന്നവരുമാണ്. സ്വന്തം മാതാപിതാക്കൾ എവിടെയെന്നറിയാതെ, അവരെ ഒരുനോക്കു കാണാൻ കഴിയാതെ നീറി നീറി കഴിയാൻ വിധിക്കപ്പെട്ടവരാണവർ. 

ആരുടെ കുറ്റം കൊണ്ടാണ് ഈ മനുഷ്യര്‍ ഇത്രയധികം ദുരിതം പേറേണ്ടി വരുന്നത്? മനുഷ്യത്വമില്ലാത്ത ഭരണാധികാരിയല്ലാതെ ആരാണിതിന് കാരണക്കാര്‍?