ബുള്ളറ്റ് ശരിക്കും ചെവിക്കും നെറ്റിക്കും ഇടയിലുള്ള ഭാഗത്തായിരുന്നു. പക്ഷേ, പൂർണ്ണമായും തലയോട്ടിയിൽ തുളച്ചുകയറുകയോ തലച്ചോറിൽ പതിക്കുകയോ ചെയ്തിട്ടില്ലെന്നും ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞ മാസം അവസാനം അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തി.
വർഷങ്ങളോളം കഠിനമായ തലവേദനയുമായി പോരാടുന്ന ആളുകളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. മൈഗ്രെയ്ൻ, ട്യൂമർ പോലുള്ള എന്തെങ്കിലും രോഗങ്ങൾ മൂലമാകും അത്. ഇതുപോലെ രണ്ടു പതിറ്റാണ്ടോളം കഠിനമായ തലവേദനയാൽ വലഞ്ഞ ഒരു ചൈനീസ് യുവാവു(Chinese man)ണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ തലവേദയുടെ കാരണം ഇതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്‍തമായിരുന്നു. അത് എന്തെങ്കിലും അസുഖം മൂലമുണ്ടായ തലവേദയല്ല. മറിച്ച് തലയോട്ടിയിൽ കുടുങ്ങിപ്പോയ ഒരു വെടിയുണ്ട മൂലമുണ്ടായതാണ്. രണ്ട് പതിറ്റാണ്ടോളമായി തന്റെ തലയോട്ടിയിൽ ഒരു വെടിയുണ്ട(bullet) പതിയിരിക്കുകയായിരുന്നു എന്നറിഞ്ഞ യുവാവും ഞെട്ടിപ്പോയി.
തലയോട്ടിയുടെ ഇടതുഭാഗത്തായിട്ടായിരുന്നു വെടിയുണ്ട ഉണ്ടായിരുന്നത്. അതും വച്ചാണ് യുവാവ് ഇത്രനാളും ജീവിച്ചതെന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തി. അദ്ദേഹത്തിന് തലവേദന കുറെനാളായിട്ടുണ്ടെങ്കിലും, അടുത്തകാലത്താണ് കൂടുതൽ പതിവായി അനുഭവപ്പെടാൻ തുടങ്ങിയതും കൂടുതൽ കഠിനമായതും. പ്രവൃത്തിദിവസങ്ങളിൽ വേണ്ടത്ര ഉറക്കം ലഭിക്കാത്തതാണ് വേദനയ്ക്ക് കാരണമെന്ന് അദ്ദേഹം ആദ്യം കരുതി. ഒടുവിൽ, കാര്യങ്ങൾ വഷളായി. ആശുപത്രിയിൽ പോകാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. അവിടെ എത്തിയപ്പോഴാണ് ഡോക്ടർമാർക്ക് യഥാർത്ഥ ചിത്രം പിടികിട്ടിയത്.
ഷെൻഷെൻ യൂണിവേഴ്‌സിറ്റി ജനറൽ ഹോസ്പിറ്റലിലെ ഡോക്‌ടർമാർ എംആർഐ ചെയ്തപ്പോൾ, യുവാവിന്റെ തലയോട്ടിയുടെ ഇടതുഭാഗത്ത് വിചിത്രമായ ഒരു വസ്തു കണ്ടെത്തി. സൂക്ഷ്മപരിശോധനയിൽ ലോഹബുള്ളറ്റാണ് ഈ ചെറിയ വസ്തു എന്ന് അവർ മനസ്സിലാക്കി. എന്നാൽ, അത് എങ്ങനെ അവിടെയെത്തി എന്ന് ഡോക്ടമാർ രോഗിയോട് തിരക്കി. യുവാവിന് അത് ഓർത്തെടുക്കാൻ കുറച്ച് സമയമെടുത്തെങ്കിലും, അവൻ അതിന് കാരണമായ സംഭവങ്ങൾ വിശദീകരിച്ചു. തനിക്ക് ഏകദേശം 8 വയസ്സുള്ളപ്പോൾ, ഒരു ദിവസം താനും സഹോദരനും വീട്ടിൽ എയർഗൺ ഉപയോഗിച്ച് കളിക്കുകയായിരുന്നു. അബദ്ധത്തിൽ സഹോദരന്റെ കൈയിലിരുന്ന് തോക്ക് പൊട്ടുകയും, യുവാവിന്റെ തലയുടെ ഇടത് വശത്ത് വെടി കൊള്ളുകയും ചെയ്തുവെന്ന് അദ്ദേഹം ഓർത്തു. സംഭവം വീട്ടിലറിഞ്ഞാലുള്ള അവസ്ഥ ആലോചിച്ച് അവർ രണ്ടുപേരും ഭയപ്പെട്ടു. വഴക്ക് കേൾക്കുമെന്ന് മനസ്സിലാക്കിയ അവർ വീട്ടിൽ ഇതേ കുറിച്ച് ഒന്നും പറഞ്ഞില്ല. മുറിവ് അവൻ എങ്ങനെയൊക്കെയോ കെട്ടി മുടി കൊണ്ട് മറച്ചു. മാതാപിതാക്കൾ അത് ശ്രദ്ധിച്ചുമില്ല. കൂടാതെ, മുറിവ് വളരെ വേദനയുള്ളതായിരുന്നില്ല. പുറമെയുള്ള മുറിവുകൾ ഉണങ്ങിയപ്പോൾ അവനും അതെ കുറിച്ച് മറന്നു.
ഇത് കേട്ട ഡോക്ടർമാർ താൻ ഇപ്പോഴും ജീവിച്ചിരിക്കുന്നതെന്ന് ഒരു അത്ഭുതമാണെന്ന് 28 -കാരനായ യുവാവിനോട് പറഞ്ഞു. ബുള്ളറ്റ് ശരിക്കും ചെവിക്കും നെറ്റിക്കും ഇടയിലുള്ള ഭാഗത്തായിരുന്നു. പക്ഷേ, പൂർണ്ണമായും തലയോട്ടിയിൽ തുളച്ചുകയറുകയോ തലച്ചോറിൽ പതിക്കുകയോ ചെയ്തിട്ടില്ലെന്നും ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞ മാസം അവസാനം അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തി. തുടർന്ന്, ഏകദേശം 1 സെന്റിമീറ്റർ നീളവും 0.5 സെന്റിമീറ്റർ വ്യാസവുമുള്ള 20 വർഷം പഴക്കമുള്ള ബുള്ളറ്റ് വിജയകരമായി നീക്കം ചെയ്തു. ഇപ്പോൾ അദ്ദേഹം ഡിസ്ചാർജ് ചെയ്യപ്പെട്ടു. വീട്ടിൽ സുഖം പ്രാപിച്ചുവരികയാണ്. യുവാവിന്റെ പേരും, വിവരങ്ങളും ആശുപത്രി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
