ഗുജറാത്തികൾ ബിസിനസ്സ് രംഗത്തെ തങ്ങളുടെ പാടവത്തിനു പ്രസിദ്ധിയാർജ്ജിച്ചവരാണ്. കാലിനടിയിലെ ഭൂമി പിളർന്നുപോയിട്ടും, തലക്കുമീതെ ആകാശം ഇടിഞ്ഞു വീണിട്ടും അതിനെയൊക്കെ അതിജീവിച്ച് തങ്ങളുടെ ബിസിനസ്സുകൾ വളർത്തിയെടുത്തതിന്റെ എത്രയോ വിജയഗാഥകൾ അവർക്ക് പറയാനുണ്ട്. നിരന്തരം അധ്വാനിക്കാനും, വിപണിയിലെ വെല്ലുവിളികളോട് പോരാടി പിടിച്ചു നിൽക്കാനും ഒക്കെയുള്ള ഗുജറാത്തി ബിസിനസുകാരുടെ ശേഷിയെക്കുറിച്ച് നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, കൊവിഡെന്ന ഈ മഹാമാരിയും അത് അടിച്ചേൽപ്പിച്ച ലോക്ക് ഡൗണും അവരിൽ ചിലരെപ്പോലും തളർത്തിക്കളഞ്ഞിട്ടുണ്ട്. അപൂർവം ചിലർ, ലോക്ക് ഡൗണിൽ ബിസിനസ് തളർന്നപ്പോൾ ഉണ്ടായ സാമ്പത്തിക പ്രയാസങ്ങൾ താങ്ങാനാവാതെ ആത്മഹത്യയെ വരെ ആശ്രയിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നിന്ന് പുറത്തുവന്നത്. സുശീൽ ടിബർവാൾ എന്ന കെമിക്കൽ വ്യാപാരിയാണ് വട്ടിപ്പലിശക്കാരുടെ ഭീഷണിയും സമ്മർദ്ദവും താങ്ങാനാവാതെ സ്വന്തം ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് എടുത്തുചാടി ജീവനൊടുക്കിയത്. 

സുശീൽ ആത്മാഹുതി ചെയുന്നത് കഴിഞ്ഞ ദിവസം രാവിലെയാണ്. മകൻ സാകേത് ടിബർവാൾ ഒരു പ്ലൈവുഡ് വ്യാപാരിയായിരുന്നു. സിജി റോഡിലുള്ള തന്റെ ഓഫീസിൽ, അത്യാവശ്യപ്പെട്ട് ഒരു വീഡിയോ കോൺഫറൻസിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് അയാൾക്ക് അച്ഛന്റെ കാൾ വന്നത്. "അത്യാവശ്യമായി നിന്നോട് ഒരു കാര്യം പറയാനുണ്ട്..." എന്ന് സുശീൽ മകനോട് പറഞ്ഞു. അച്ഛന്റെ സ്വരത്തിലെ പരിഭ്രാന്തി മകൻ തിരിച്ചറിയാതിരുന്നില്ല എങ്കിലും, താൻ ഇപ്പോൾ അത്യാവശ്യമായി ഒരു കോൺഫറൻസ് കോളിൽ ആണെന്നും, അരമണിക്കൂറിനുള്ളിൽ ഫ്രീ ആയി വീട്ടിൽ വരും പ്രശ്നം എന്തായാലും അപ്പോൾ നേരിൽ കണ്ടു സംസാരിക്കാം എന്നും ഉറപ്പുനൽകി സാകേത് ആ കാൾ കട്ട് ചെയ്തു. എന്നാൽ, അച്ഛന്റെ ശബ്ദം താനത് അവസാനമായിട്ടാണ് കേൾക്കുന്നതെന്ന് ആ മകൻ അപ്പോൾ തിരിച്ചറിഞ്ഞിരുന്നില്ല. 

അരമണിക്കൂറിനുള്ളിൽ വീട്ടിലെത്താം എന്ന് സാകേത് വീൺവാക്ക് പറഞ്ഞതല്ലായിരുന്നു. കൃത്യം അരമണിക്കൂറിനുള്ളിൽ അയാൾ തന്റെ കാർ ഡ്രൈവ് ചെയ്തുകൊണ്ട് അപ്പാർട്ട്‌മെന്റ് കോംപ്ലെക്സിന്റെ ഗേറ്റ് കടന്ന് അകത്തെത്തി. പാർക്കിങ് ലോട്ടിൽ കാർ നിർത്തി ലോബിയിലേക്ക് നടന്നു വരുമ്പോൾ "പടോ..." എന്നൊരു ശബ്ദം അയാളെ ഞെട്ടിച്ചു. എന്തോ ആരോ മുകളിൽ നിന്ന് താഴെ വീണിട്ടുണ്ട്. ആരാണെന്നറിയാൻ അയാൾ ഓടി മുന്നിലെത്തി. അവിടെ കണ്ട രംഗം അയാൾക്ക് വിശ്വസിക്കാൻ സാധിച്ചില്ല. ചോരയിൽ കുളിച്ച് കിടക്കുന്നത്, അരമണിക്കൂർ മുമ്പ്  "വീട്ടിലെത്തുമ്പോൾ നേരിട്ട് സംസാരിക്കാം" എന്നുപറഞ്ഞ് ഫോൺ വെച്ച സ്വന്തം അച്ഛനാണ്. പ്രഹ്ലാദ് നഗർ കോർപ്പറേറ്റ് റോഡിലെ 'സഫൽ പരിവേഷ്' എന്ന അപ്പാർട്ടുമെന്റിന്റെ പന്ത്രണ്ടാം നിലയിലെ സാകേതിന്റെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് കുതിക്കുകയായിരുന്നു അയാളുടെ അച്ഛൻ സുശീൽ. 

മരിക്കും മുമ്പ് സ്വന്തം മുറിയിലെ മേശപ്പുറത്ത് ഒരു ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ചിട്ടുണ്ടായിരുന്നു സുശീൽ ടിബർവാൾ. "മരിക്കാൻ ആഗ്രഹമുണ്ടായിട്ടല്ല. ഇനി എന്തുചെയ്യണം എന്നറിയില്ല. കടം വാങ്ങിയതിന്റെ അഞ്ചിരട്ടി ഞാൻ തിരികെ കൊടുത്തു കഴിഞ്ഞു. എന്നിട്ടും അയാൾക്ക് മതിയായിട്ടില്ല. എന്നെ കൊല്ലുമെന്നാണ് അയാൾ ഭീഷണിപ്പെടുത്തുന്നത്. കൊടുക്കാൻ അഞ്ചു പൈസ കയ്യിലില്ല. ഇനിയും മനം കെടാനും വയ്യ. അതുകൊണ്ട് ഞാൻ  പോകുന്നു." ഇതായിരുന്നു ആ അറുപത്തിരണ്ടുകാരൻ ഗുജറാത്തിയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പിന്റെ ഏകദേശാർത്ഥം. 

അച്ഛൻ സുശീൽ ഓംപ്രകാശ് പഞ്ചാബി എന്നൊരു ഫൈനാൻസറിൽ നിന്ന് ഇരുപതു ലക്ഷം രൂപയാണ് അഞ്ചു ശതമാനം പലിശക്ക് കടമെടുത്തത് എന്ന് മകൻ സാകേത് മാധ്യമങ്ങളെ അറിയിച്ചു. ഒരു കോടിയോളം രൂപ ആ കണക്കിൽ ഈ ബ്ലേഡു പലിശക്കാരൻ സുശീലിൽ നിന്ന് ഈടാക്കിക്കഴിഞ്ഞിരുന്നു അതുവരെ. എന്നിട്ടും പണം അങ്ങോട്ട് അടക്കാൻ ബാക്കിയുണ്ട് എന്നായിരുന്നു കണക്ക്. എന്നാൽ, കച്ചവടം തുലച്ചുകൊണ്ട് ലോക്ക് ഡൗൺ തുടർന്നപ്പോൾ സുശീലിന്റെ അടവുകൾ മുടങ്ങി. പലിശയും പലിശക്ക് പലിശയും കയറി ഒരുപാട് അടക്കാൻ ബാക്കിവന്നു. ആ തുക ഉടൻ അടച്ചില്ലെങ്കിൽ വീട്ടിൽ കയറി ഭാര്യയുടെയും മകന്റെയും കൊച്ചുമക്കളുടെയും മുന്നിലിട്ട് തല്ലുമെന്നും, വേണ്ടി വന്നാൽ കൊന്നുകളയുമെന്നും ആയിരുന്നു സേട്ടുവിന്റെ ഭീഷണി. ആ അപമാനമോർത്തപ്പോൾ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന ചിന്തയിലേക്ക് അച്ഛൻ എത്തുകയായിരുന്നു എന്ന് സാകേത് പറഞ്ഞു. 

ഈ പഞ്ചാബി അച്ഛന്റെ ഒരു സ്നേഹിതനാണ് എന്ന് സാകേതിന് അറിയാമായിരുന്നു എങ്കിലും, അച്ഛന് ബിസിനസിൽ കടം നൽകിയിരുന്ന ഒരു വട്ടിപ്പലിശക്കാരനാണ് ഇയാളെന്ന് അയാൾക്ക് നിശ്ചയമില്ലായിരുന്നു. ആത്മഹത്യക്ക് അഹമ്മദാബാദ് പൊലീസ് കേസെടുത്ത് സാകേതിന്റെ പരാതിയിന്മേൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതുവരെ വട്ടിപ്പലിശക്കാരനോ അയാളുടെ അനുയായികളോ അറസ്റ്റിലായിട്ടില്ല.