Asianet News MalayalamAsianet News Malayalam

ഏകാന്തതയും പീഡനവും അവസാനിച്ചു, 'ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട കരടി' കാട്ടിലെ പുതുജീവിതത്തിലേക്ക്

ജംബോളിനിയുടെ ആരോഗ്യത്തെ അവിടുത്തെ താമസം പ്രതികൂലമായി ബാധിച്ചു. അവളുടെ പല്ലുകൾ മോശം അവസ്ഥയിലായിരുന്നു. അവളുടെ ശരീരം ശോഷിച്ചുമിരുന്നു. 

loneliest bear wake up to new life
Author
Arosa, First Published Jun 1, 2021, 12:51 PM IST

'ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട കരടി'യെന്നാണ് ജംബോളിന അറിയപ്പെട്ടിരുന്നത്. കാരണം അവൾക്ക് കുടുംബമില്ല, കൂട്ടുകാരില്ല.  ജീവിതകാലം മുഴുവൻ ഉക്രേനിയൻ സർക്കസ് കൂടാരത്തിലെ ഒരു ചെറിയ കൂട്ടിലാണ് അവൾ കഴിഞ്ഞിരുന്നത്. എന്നാൽ, കഴിഞ്ഞ വർഷം മൃഗസംരക്ഷണ സംഘടനയായ ഫോർ പൗസ്‌ സർക്കസിൽ നിന്ന് അവളെ രക്ഷപ്പെടുത്തി സ്വിറ്റ്സർലൻഡിലെ അരോസ പർവതനിരയിലെ അരോസ ബിയർ ലാൻഡ് റിസർവിലേക്ക് കൊണ്ടുപോയി. ഇപ്പോൾ അവൾ ആൽപൈൻ പർവ്വതത്തിലെ ആദ്യത്തെ ശൈത്യകാല ഉറക്കത്തിൽ നിന്ന് ഉണർന്നിരിക്കുന്നു. ഇന്ന് അവളുടെ കണ്ണിൽ വേദനയ്ക്കും, ഒറ്റപ്പെടലിനും പകരം കൗതുകവും, ആഹ്ളാദവും നിറയുന്നു. ഇരുമ്പ് കൂട്ടിലെ ഏകാന്തതയിൽ നിന്ന് രക്ഷപ്പെട്ട്, നീലാകാശത്തിന്റെ കീഴിൽ വിശാലമായ ഒരു ഇടത്ത് അവൾ സ്വസ്ഥമായി കഴിയുകയാണ് ഇന്ന്.    

2009 ജനുവരിയിൽ ക്രിമിയയിലെ യാൽറ്റ മൃഗശാലയിലാണ് ജംബോളിന ജനിച്ചത്. ജനിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ, മൃഗശാല അവളെ ഒരു സർക്കസ് കമ്പനിയ്ക്ക് വിറ്റു. അവളുടെ ഉടമ അവളെ പ്രകടനം നടത്താനായി പരിശീലിപ്പിച്ചു. ഈ വർഷം മാർച്ച് വരെ ജംബോളിന ആ സർക്കസ് കൂടാരത്തിൽ കഴിഞ്ഞു. വർഷങ്ങളോളം ഉടമ അവളെ പീഡിപ്പിക്കുകയും ജനക്കൂട്ടത്തിന് വേണ്ടി പ്രകടനം നടത്താൻ നിർബന്ധിക്കുകയും ചെയ്‌തു. ഓർമ്മ വച്ച നാൾ മുതൽ പീഡനം ഏറ്റ്, ഒറ്റപ്പെട്ട് കഴിയാനായിരുന്നു അതിന്റെ വിധി. ഒന്ന് അനങ്ങാൻ പോലുമാകാതെ ആ ചെറിയ ഇരുമ്പ് കൂട്ടിൽ അവൾ ആകാശവും, കാടും, തന്റെ കൂട്ടുകാരെയും കാണാതെ കഴിഞ്ഞു. "അവളെ ഒരു ചെറിയ കൂട്ടിൽ ഒറ്റയ്ക്ക് പാർപ്പിച്ചിരിക്കയായിരുന്നു. കുട്ടിയായിരുന്നപ്പോൾ മുതൽ ആ കൂടാണ് അവളുടെ വീട്. അവൾ മറ്റ് കരടികളോടൊപ്പം കഴിഞ്ഞിട്ടില്ല" ഫോർ പൗവ്സിന്റെ വക്താവ് കാതറിന ബ്രൗൺ പറഞ്ഞു.  

എന്നാൽ, മഹാമാരി വന്നപ്പോൾ പലയിടത്തും ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും, മാർച്ച് മുതൽ സർക്കസിലെ പ്രകടനങ്ങൾ റദ്ദാക്കുകയും ചെയ്‌തു. അതിനെ തുടർന്ന്, അവൾ മാസങ്ങളോളം പുറത്തിറങ്ങാതെ ആ കൂട്ടിൽ തന്നെ കഴിഞ്ഞു. ഒടുവിൽ അവളുടെ ഉടമയ്ക്കും പരിശീലകനും അവളെ വച്ച് പണമുണ്ടാക്കാൻ സാധിക്കാതായി. അങ്ങനെ ജംബോളിനയെ ഉപേക്ഷിക്കാൻ ഉടമ തീരുമാനിച്ചു. ഉടമ ഫോർ പൗവ്സുമായി ബന്ധപ്പെടുകയും, സംഘടന അവിടെത്തി കരടിയെ മോചിപ്പിക്കുകയും ചെയ്തു.  ഒന്ന് നിവർന്ന് നില്ക്കാൻ പോലും സാധിക്കാത്ത വിധം തീരെ ചെറിയ കൂട്ടിലാണ് കരടിയെ ഇട്ടിരുന്നതെന്ന് കാതറിന പറഞ്ഞു.  

ജംബോളിനിയുടെ ആരോഗ്യത്തെ അവിടുത്തെ താമസം പ്രതികൂലമായി ബാധിച്ചു. അവളുടെ പല്ലുകൾ മോശം അവസ്ഥയിലായിരുന്നു. അവളുടെ ശരീരം ശോഷിച്ചുമിരുന്നു. നാല് ദിവസത്തെ യാത്രക്കൊടുവിൽ അവർ അവളെ 1,500 മൈൽ ദൂരത്തുള്ള സ്വിറ്റ്‌സർലൻഡിലെ അരോസ പർവതനിരയിലേയ്‌ക്ക് കൊണ്ടുപോയി. വളരെക്കാലമായി കൂട്ടിൽ കഴിഞ്ഞ അവൾക്ക് ആ മഞ്ഞ് മലകൾ പുതിയ ജീവിതം നൽകി. സ്വാഭാവിക വാസസ്ഥലത്ത് നിന്ന് പറിച്ചെടുത്ത്, സ്വന്തം കൂട്ടരിൽ നിന്ന് അടർത്തി മാറ്റി, തീർത്തും അപരിചിതമായ സാഹചര്യങ്ങളിൽ പീഡിപ്പിക്കപ്പെട്ടു കഴിയുകയായിരുന്ന അവൾക്ക് ഇന്ന് ഒരു പുതുജീവൻ ലഭിച്ചിരിക്കുന്നു. ഒരു ശീതകാല ഉറക്കത്തിൽ നിന്ന് ഉണർന്ന അവൾ ആൽപൈൻ പർവ്വത നിരകൾ കൗതകത്തോടെ നോക്കി കണ്ടു. 12 വയസ്സുള്ള അവൾ ആദ്യമായി തന്റെ കൂടിനുമപ്പുറം ഒരു തുറന്ന ഇടമുണ്ടെന്ന് മനസ്സിലാക്കി. ആദ്യം അവൾക്ക് എല്ലാം ഭയവും, സംശയവുമായിരുന്നു. അരോസ ബിയർ ലാൻഡിന്റെ സയന്റിഫിക് ഡയറക്ടർ ഡോ. ഹാൻസ് ഷ്മിഡ് പറഞ്ഞു: 'ഈ സ്വഭാവം ഞങ്ങൾ പ്രതീക്ഷിച്ചു, ഇത് തികച്ചും സ്വാഭാവികമാണ്. മൃഗങ്ങൾക്കും മനുഷ്യർക്കുമുള്ള അതിജീവന തന്ത്രമാണ് സംശയം.' എന്നാൽ പിന്നീട് ജംബോളിന അവിടെയെല്ലാം ഓടി നടന്നു.  

പർവതങ്ങളും അരുവികളും വനങ്ങളുമുള്ള 2.8 ഏക്കർ ഭൂമിയാണ് ഈ സങ്കേതം. ഈ കാടാണ് തന്റെ യാഥാർത്ഥ വീടെന്ന് അവൾ ഇന്ന് തിരിച്ചറിയുന്നു. ആ കരടി സങ്കേതത്തിൽ ഇതുപോലെ രക്ഷപ്പെടുത്തിയ രണ്ട് കരടികൾ കൂടിയുണ്ട്. ഈ പ്രകൃതിദത്തമായ ഭൂപ്രദേശവുമായി  ജാംബോളിന പരിചയപ്പെട്ടതിന് ശേഷം, മറ്റ് രണ്ട് കരടികളെയും അവർ ഇവിടേയ്ക്ക് വിടും. ജംബോളിന എങ്ങനെയാണ് ആ കാടിനെ നോക്കികാണുന്നത് എന്നറിയാൻ നിരവധി സന്ദർശകരും ഫോർ പൗ അധികൃതരും ആകാംക്ഷയോടെ കാത്തിരിക്കയാണ്.    

Follow Us:
Download App:
  • android
  • ios