എന്താണ് സംഭവിച്ചതെന്നറിയാതെ താൻ ആശുപത്രിയിൽ ഉണർന്നുവെന്നും തന്റെ ടിക് ടോക്ക് ആരാധകർക്കായി വിജനമായ തെരുവുകൾ ചിത്രീകരിച്ചെന്നും അയാള്‍ വിശദീകരിച്ചു.

ഭാവിയെ കുറിച്ച് പല കാര്യങ്ങളും നാം പറയാറുണ്ട്, പറഞ്ഞ് കേള്‍ക്കാറുമുണ്ട്. ഭാവിയില്‍ യുദ്ധമുണ്ടാവും എന്ന് ചിലര്‍ പറയുമ്പോള്‍, മറ്റ് ചിലര്‍ കൂട്ടവംശനാശം ഉണ്ടാവും എന്ന് പറയുന്നു. എന്നാല്‍, ചിലരാവട്ടെ ടൈംട്രാവല്‍ ചെയ്ത് ഭാവിയിലേക്ക് സഞ്ചരിക്കും എന്ന് വരെ പറഞ്ഞു കളയുന്നുണ്ട്. ഏതായാലും ഇവിടെ ഒരാള്‍ കൂട്ടവംശനാശമുണ്ടാവും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനായി അയാള്‍ പറയുന്നത് താന്‍ ഭാവിയിലേക്ക് സഞ്ചരിച്ചുവെന്നും അത് നേരിട്ട് കണ്ടു എന്നുമാണ്. 

2027 -ലേക്കാണത്രെ ഇയാള്‍ സഞ്ചരിച്ചത്. താന്‍ അവിടെ കുടുങ്ങിപ്പോയെന്നും താന്‍ തീര്‍ത്തും ഒറ്റയ്ക്കായിരുന്നു എന്നുമാണ് ഇയാളുടെ വാദം. അങ്ങനെ ഒറ്റപ്പെട്ടു പോവാനുള്ള കാരണവും ഇയാള്‍ പറയുന്നുണ്ട്. ഒരു കൂട്ടവംശനാശം സംഭവിച്ചുവെന്നും താനെങ്ങനെയൊക്കെയോ അതിനെ അതിജീവിച്ചുവെന്നുമാണ് ഇയാളുടെ വാദം. 

View post on Instagram

ഇയാള്‍ സ്വയം വിളിക്കുന്നത് ജാവിയര്‍ എന്നാണ്. ഇൻസ്റ്റാഗ്രാം ഹാൻഡിൽ @unicosobreviviente എന്നതിലാണ് ഇയാള്‍ ഇക്കാര്യങ്ങളെല്ലാം പങ്ക് വയ്ക്കുന്നത്. സ്പെയിനിലെ വിജനമായ ഒരു നഗരത്തിലാണ് താനെന്നും അവിടെ ജീവിച്ചിരിക്കുന്ന അവസാനത്തെ മനുഷ്യനാണ് താനെന്നും ഇയാള്‍ പറയുന്നു. ശൂന്യമായിക്കിടക്കുന്ന തെരുവുകൾ രേഖപ്പെടുത്താൻ താന്‍ സമയം ചെലവഴിക്കുന്നുവെന്നും ഇയാള്‍ പറയുന്നുണ്ട്. 

ഒരു വീഡിയോ പങ്കിട്ടതിൽ ആള്‍ ഒരു ന്യൂക്ലിയർ ബങ്കറിനോട് സാമ്യമുള്ള ഒരു 'രഹസ്യ പാതയിലൂടെ' നടക്കുന്നത് കാണാം. മറ്റ് മനുഷ്യരാരുമില്ലാത്തതിനാല്‍ താന്‍ എക്കാലവും ഇവിടെ തനിച്ചായിരിക്കുമെന്നും തനിക്ക് കടുത്ത ഏകാന്തത അനുഭവിക്കേണ്ടതായി വരുമെന്നും ഇയാള്‍ പറയുന്നു. 

View post on Instagram

ഫെബ്രുവരി 13 മുതലാണ് ഇയാള്‍ വീഡിയോ പങ്കിട്ട് തുടങ്ങിയത്. ന്യൂക്ലിയർ ബങ്കറിനോട് സാമ്യമുള്ള ഒരു പാതയിലേക്ക് കോൺക്രീറ്റ് ഗോവണിയിലൂടെ ഇറങ്ങുന്നത് ജാവിയർ ചിത്രീകരിച്ചതിന് അടിക്കുറിപ്പ് ഇങ്ങനെയാണ്: "ഞാൻ ഇതിനകം തന്നെ ക്ഷീണിതനാണ്. എന്തുചെയ്യണമെന്നോ എവിടെ നോക്കണമെന്നോ എനിക്കറിയില്ല. എന്നെന്നേക്കുമായി ഇവിടെ തനിച്ചായിരിക്കുമെന്ന് ഞാൻ കരുതുന്നു."

എന്താണ് സംഭവിച്ചതെന്നറിയാതെ താൻ ആശുപത്രിയിൽ ഉണർന്നുവെന്നും തന്റെ ടിക് ടോക്ക് ആരാധകർക്കായി വിജനമായ തെരുവുകൾ ചിത്രീകരിച്ചെന്നും അയാള്‍ വിശദീകരിച്ചു. 'ഞാൻ ഒരു ആശുപത്രിയിലാണ് ഉറക്കം ഉണർന്നത്. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഇന്ന് 2027 ഫെബ്രുവരി 13, ഞാൻ ഈ നഗരത്തിൽ തനിച്ചാണ്.' മിക്കവാറും 2021 -നും 2027 -നും ഇടയിൽ ഒരു തരത്തിലുള്ള ബന്ധം ഉണ്ട് എന്നും ഇയാള്‍ പറയുന്നുണ്ട്.

പിന്നീട്, പൂര്‍ണമായും ഒറ്റപ്പെട്ട് കിടക്കുന്ന പല സ്ഥലങ്ങളുടെയും വീഡിയോകള്‍ ഇയാള്‍ ചിത്രീകരിച്ചു. പലരും ഇയാളോട് യോജിക്കുന്നുവെങ്കിലും, മിക്ക ആളുകളും ഇയാളെ പരിഹസിച്ചു. ലോക്ക്ഡൗണ്‍ സമയത്ത് റിസ്കെടുത്ത് ഇറങ്ങി നടന്ന് ചിത്രീകരിച്ച വീഡിയോകള്‍ എന്നാണ് പലരും കമന്‍റ് ചെയ്‍തിരിക്കുന്നത്.