Asianet News MalayalamAsianet News Malayalam

16 -ാം വയസിൽ പഠിത്തമുപേക്ഷിച്ചു, ഇറച്ചിവെട്ടുകാരനും ഖനിത്തൊഴിലാളിയുമായി, ഇന്ന് കോടീശ്വരനായ കമ്പനി മുതലാളി

 ഈ വേനൽക്കാലത്ത് വിറ്റുവരവ് 39.1 ശതമാനം വർദ്ധിച്ചതായി കമ്പനി റിപ്പോർട്ട് ചെയ്തു. അതായത് ഏകദേശം 700 മില്യൺ പൗണ്ട്. കൂടാതെ, തൊഴിലാളികളുടെ എണ്ണം 2,000 ആയി വർദ്ധിക്കുകയും ചെയ്തു.

Man dropped out of school at 16 now multi millionaire
Author
UK, First Published Nov 16, 2021, 3:24 PM IST

16-ാം വയസ്സിൽ സ്കൂൾ ഉപേക്ഷിച്ച, ഉപജീവനത്തിനായി ചെറിയ ചെറിയ ജോലികൾ ചെയ്തിരുന്ന ഒരാൾ ഇപ്പോൾ കോടീശ്വരനാണ്. സ്വപ്നം കാണാനും, അത് നേടാനും ഏതൊരാൾക്കും സാധിക്കുമെന്ന് തെളിയിക്കുകയാണ് യുകെയിലെ യോർക്ക്ഷെയറിൽ( Yorkshire in the UK) നിന്നുള്ള സ്റ്റീവ് പാർക്കിൻ(Steve Parkin). പതിനാറാമത്തെ വയസ്സിൽ പഠിത്തം തനിക്ക് പറ്റുന്ന പണിയല്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം സ്‌കൂൾ ജീവിതം അവസാനിപ്പിച്ചു. തുടർന്ന്, അസ്ഡയിൽ ഒരു കശാപ്പുകാരനായി ജോലി ചെയ്തു.

തുടർന്ന് കൂടുതൽ പണം സമ്പാദിക്കാമെന്ന ആഗ്രഹത്താൽ റോത്ത്‌വെല്ലിലെ ഖനിത്തൊഴിലാളിയായി അദ്ദേഹം ജോലി തേടി. എന്നാൽ, വിചാരിച്ച പോലെ ഒന്നും പണം നേടാനായില്ല. 18 മാസം അവിടെ തന്നെ അദ്ദേഹം പിടിച്ച് നിന്നു. പിന്നീട് ഒരു ഹെവി ഗുഡ്‌സ് വെഹിക്കിൾ (എച്ച്‌ജിവി) ലൈസൻസ് നേടി ഉപജീവനത്തിനായി വണ്ടി ഓടിക്കാൻ ആരംഭിച്ചു. ഹഡേഴ്‌സ്‌ഫീൽഡിലുള്ള വസ്ത്ര കമ്പനിയായ ബോൺമാർച്ചെയുടെ ഡ്രൈറായിരുന്നു അദ്ദേഹം അന്ന്.  

അതിലും ക്ലച്ച് പിടിക്കാതെ 21 -ാം വയസ്സിൽ അദ്ദേഹം അബർഡീനിൽ നിന്ന് യോർക്ക്ഷെയറിലേക്ക് മത്സ്യം എത്തിക്കുന്ന ജോലി ചെയ്യാൻ തുടങ്ങി. അവസാനം 28 -ാം വയസ്സിൽ അദ്ദേഹം സ്വന്തമായൊരു ബിസിനസ്സ് ആരംഭിച്ചു. തന്റെ വാനിൽ അദ്ദേഹം സ്റ്റോക്ക് എടുത്ത് രാജ്യത്തുടനീളം എത്തിച്ചു കൊടുത്തു. 1992 ആയപ്പോഴേക്കും അദ്ദേഹം തന്റെ നിലവിലെ കമ്പനിയായ ക്ലിപ്പർ ലോജിസ്റ്റിക്‌സ് രൂപീകരിച്ചു. താമസിയാതെ നിരവധി ദശലക്ഷം പൗണ്ടുകളുടെ വിറ്റുവരവും അദ്ദേഹത്തിന്റെ കീഴിൽ 200 തൊഴിലാളികളും ഉണ്ടായി.  

ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യും പ്രകാരം, യോർക്ക്ഷെയറിന്റെ സമ്പന്നരുടെ പട്ടികയിൽ സ്റ്റീവ് പാർക്കിൻ ഇപ്പോൾ പത്താം സ്ഥാനത്താണ്. കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ സമ്പത്ത് 45 മില്യൺ പൗണ്ടായി വർദ്ധിച്ചു. ക്ലിപ്പർ പാർക്കിന്റെ തലവര മാറ്റി. ഇപ്പോൾ കമ്പനിയുടെ കൂറ്റൻ വെയർഹൗസുകൾ ഹൈവേകളുടെ ഓരത്തെ ഒരു സാധാരണ കാഴ്ചയാണ്. അപ്രതീക്ഷിതമായി കടന്ന് വന്ന മഹാമാരി ലോകമെമ്പാടുമുള്ള മിക്ക ബിസിനസുകളെയും സാരമായി ബാധിച്ചു.

എന്നാൽ, സ്റ്റീവിനെ സംബന്ധിച്ചിടത്തോളം കമ്പനിയുടെ മൂല്യം വർദ്ധിപ്പിക്കാൻ ആ സമയം സഹായകമായി. കൊറോണ കാലത്ത് എല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. ലോക്ക്ഡൗൺ കാരണം സൂപ്പർമാർക്കറ്റുകളും അടഞ്ഞുകിടന്നു. ഇത് ഓൺലൈൻ ഷോപ്പിംഗിനെ ആശ്രയിക്കാൻ ആളുകളെ പ്രേരിപ്പിച്ചു. പാർക്കിന്റെ ഓൺലൈൻ ലോജിസ്റ്റിക് ഡെലിവറി കമ്പനിയുടെ സമയം അതോടെ തെളിഞ്ഞു. ഓൺലൈൻ ഷോപ്പിംഗിൽ ഗണ്യമായ വർധനയുണ്ടായതോടെ അദ്ദേഹത്തിന്റെ ലോജിസ്റ്റിക് കമ്പനിയ്ക്ക് ലാഭമുണ്ടായി. ഈ വേനൽക്കാലത്ത് വിറ്റുവരവ് 39.1 ശതമാനം വർദ്ധിച്ചതായി കമ്പനി റിപ്പോർട്ട് ചെയ്തു. അതായത് ഏകദേശം 700 മില്യൺ പൗണ്ട്. കൂടാതെ, തൊഴിലാളികളുടെ എണ്ണം 2,000 ആയി വർദ്ധിക്കുകയും ചെയ്തു. സ്ഥാപനത്തിലെ മൊത്തം ജീവനക്കാരുടെ എണ്ണം ഇപ്പോൾ പതിനായിരം കടന്നു. കമ്പനിയുടെ 10 ശതമാനം വിറ്റ് പാർക്കിൻ ഇപ്പോൾ 2 മില്യൺ പൗണ്ട് സ്വന്തമാക്കിയിരിക്കയാണ്.

Follow Us:
Download App:
  • android
  • ios