തിരുവനന്തപുരം: കൈ കെട്ടി തുറന്ന സ്ഥലത്ത് നിൽക്കുന്ന താടിയുള്ള മനുഷ്യൻ. വിക്കിപീഡിയയിൽ മാൻ എന്ന് ഇംഗ്ലീഷിൽ തിരഞ്ഞാൽ നമുക്ക് കിട്ടുന്ന നിർവ്വചനം ഇതാണ്. ഒപ്പം താടിവച്ച സുമുഖനായ ഒരു ചെറുപ്പക്കാരന്റെ ചിത്രമായിരിക്കും ലഭിക്കുന്നത്. ഒറ്റനോട്ടത്തിൽ തന്നെ മലയാളിയാണോന്ന് സംശയം തോന്നാം. സംശയം ഉറപ്പിച്ചോളൂ, മലയാളി തന്നെയാണ് ഇടുക്കി ജില്ലയിലെ വാഗമൺ സ്വദേശിയും ഫോട്ടോഗ്രാഫറുമായ അഭിലാഷാണ് വിക്കിപീഡിയയുടെ മനുഷ്യ മുഖം.

ആഴ്ചകൾക്ക് മുമ്പ് സോഷ്യൽ മീഡിയയും മാധ്യമങ്ങളും ഒന്നടങ്കം ആവർത്തിച്ച് അന്വേഷിച്ചത് ആരാണീ ചെറുപ്പക്കാരൻ എന്നാണ്. ഇതിൽ ഏറ്റവും രസകരമായ വസ്തുത 'മനുഷ്യൻ' എന്ന് സെർച്ച് ചെയ്യുന്നവർ തന്നെയാണ് കാണുന്നതെന്ന് ഈ ചെറുപ്പക്കാരന് അറിവുണ്ടായിരുന്നില്ല എന്നാണ്. ''വാർത്ത വന്നതിന് ശേഷമാണ് ഇങ്ങനെയൊരു കാര്യമുണ്ടെന്ന് ഞാനറിയുന്നത്. എന്നെക്കുറിച്ച് വന്ന വാർത്തകൾക്ക് താഴെ സുഹൃത്തുക്കൾ എന്നെ മെൻഷൻ ചെയ്തിരുന്നു. എങ്ങനെയാണ് എന്റെ ഫോട്ടോ വിക്കിപീഡിയ തെരഞ്ഞെടുത്തതെന്ന് അറിയില്ല. അതിനെക്കുറിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല.'' അഭിലാഷ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വെളിപ്പെടുത്തുന്നു.

മൂന്ന് വർഷമായി പത്തനംതിട്ടയിലെ ഷാർപ്പ് ഷൂട്ടേഴ്സ് വെഡ്ഡിംഗ് സ്റ്റുഡിയോ എന്ന സ്ഥാപനത്തിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയാണ് ഇരുപത്തഞ്ചുകാരനായ അഭിലാഷ്. ഫോട്ടോഗ്രഫി തന്റെ പാഷനാണെന്ന് അഭിലാഷ് പറയുന്നു. ''പത്തനംതിട്ടയിൽ ഒരു വർക്ക് കഴിഞ്ഞ് മടങ്ങുമ്പോൾ, ഇലന്തൂർ എന്ന സ്ഥലത്ത് വച്ച് എടുത്ത ഫോട്ടോയാണത്. അത് പിന്നീട് പിക്സ്അബേയിൽ അപ്ലോഡ് ചെയ്തു. അവിടെ നിന്നാണ് വിക്കിപീഡിയ അത് എടുത്തത്.'' വിക്കിപീഡിയയിലെ ഫോട്ടോയെക്കുറിച്ച് അഭിക്ക് പറയാനുള്ളത് ഇതാണ്.

ഇടുക്കി വാഗമൺ വടക്കേപരട്ട് പുത്തൻപുരയ്ക്കൽ ശിവന്റെയും കാഞ്ചനയുടെയും മകനാണ് അഭിലാഷ്. രണ്ട് സഹോദരിമാരുണ്ട്. സോഷ്യൽ മീഡിയ തന്നെ അന്വേഷിക്കുന്ന കാര്യമൊന്നും അഭിക്കറിയില്ലായിരുന്നു. പക്ഷേ ഇപ്പോൾ ഒരുപാട് പേർ വിളിക്കുന്നുണ്ടെന്നും തിരിച്ചറിയുന്നുണ്ടെന്നും അഭിലാഷ് പറയുന്നു. ''വിക്കിപീഡിയയിൽ മാൻ ആകാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ട്. അത്ര മാത്രം.'' അഭിലാഷ് പറഞ്ഞു നിർത്തുന്നു.