Asianet News MalayalamAsianet News Malayalam

600 രൂപ മോഷ്ടിച്ചതിന് 38 വര്‍ഷം ജയില്‍ശിക്ഷ!

കഞ്ചാവിനടിമയായ അയാള്‍ ഒരിക്കല്‍ ഒരു മോഷണം നടത്തി. ഒമ്പത് ഡോളര്‍ (600 രൂപ) പിടിച്ചുപറിച്ചു. എന്നാല്‍ അതിന് അയാള്‍ക്ക് ലഭിച്ച ശിക്ഷ ജീവപര്യന്തവും.

 

man  jailed for life for stealing nine dollars
Author
Thiruvananthapuram, First Published Jan 7, 2020, 7:39 PM IST

ഇന്ന് എത്ര വലിയ കുറ്റം ചെയ്താലും പണവും സ്വാധീനവും ഉണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാം. മറിച്ച് ഇതൊന്നുമില്ലെങ്കിലോ, ഒരു തെറ്റും ചെയ്തില്ലെങ്കിലും ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ ഇരുമ്പഴിക്കുള്ളില്‍ കഴിയേണ്ടി വരും. വില്ലി സിമ്മണ്‍സ് ഒരു സാധാരണക്കാരനാണ്. കഞ്ചാവിനടിമയായ അയാള്‍ ഒരിക്കല്‍ ഒരു മോഷണം നടത്തി. ഒമ്പത് ഡോളര്‍ (600 രൂപ) പിടിച്ചുപറിച്ചു. എന്നാല്‍ അതിന് അയാള്‍ക്ക് ലഭിച്ച ശിക്ഷ ജീവപര്യന്തവും. അലബാമയിലെ അധികാരികള്‍ വില്ലി സിമ്മണ്‍സിനെ ജയിലില്‍ അടയ്ക്കാന്‍  തീരുമാനിച്ചപ്പോള്‍ അയാള്‍ക്ക് 25 വയസ്സായിരുന്നു. 1982 ല്‍ അലബാമ നിയമപ്രകാരം പരോള്‍ ഇല്ലാതെ ജീവപര്യന്തം തടവിനാണ് വില്ലിയെ കോടതി ശിക്ഷിച്ചത്. ഇപ്പോള്‍ അയാള്‍ക്ക് 62 വയസ്സ്. കഴിഞ്ഞ 38 വര്‍ഷമായി അയാള്‍ ജയിലില്‍ കഴിയുകയാണ്.

പത്രപ്രവര്‍ത്തകയായ ബെത്ത് ഷെല്‍ബര്‍റാണ് ട്വിറ്ററില്‍ അയാളുടെ കഥ ലോകത്തെ അറിയിച്ചത്. അവരുടെ  പോസ്റ്റ് വളരെ പെട്ടെന്നുതന്നെ വൈറലായി. ലോകമെമ്പാടുമുള്ള ആയിരക്കണക്കിനാളുകളാണ് അയാളുടെ അവസ്ഥയില്‍ ഖേദം പ്രകടിപ്പിക്കാന്‍ മുന്നോട്ടുവന്നത്. അയാള്‍ ചെയ്ത തെറ്റിന് ഇത്ര കടുത്ത ശിക്ഷ ആവശ്യമില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. ഒരുപാട് പേരുടെ വിയോജിപ്പിന് കാരണമായിട്ടുണ്ടെങ്കിലും, അയാളുടെ ശിക്ഷ റദ്ദാക്കാന്‍ സാധ്യതയില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

1982 ല്‍ കവര്‍ച്ചക്കേസില്‍ ശിക്ഷിക്കപ്പെട്ട സിമ്മണ്‍സ് അലബാമയെ  പതിവ് കുറ്റവാളി നിയമപ്രകാരം വിചാരണ ചെയ്യപ്പെട്ടു. കാരണം, അയാളുടെ പേരില്‍ അതിന് മുന്‍പ് മൂന്നുകേസുകളുണ്ടായിരുന്നു. മൂന്ന് പ്രാവശ്യവും മോഷണകുറ്റത്തിനായിരുന്നു കേസെടുത്തത്.അയാള്‍ ഇപ്പോള്‍ ഹോള്‍മാന്‍ എന്ന ജയിലിലാണ് കഴിയുന്നത്. ഇത് അമേരിക്കയിലെ ഏറ്റവും അക്രമാസക്തമായ ജയിലുകളിലൊന്നാണ്. ആദ്യമായി ശിക്ഷിക്കപ്പെട്ടപ്പോള്‍, സിമ്മണ്‍സ് മയക്കുമരുന്നിന് അടിമയായിരുന്നു, എന്നാല്‍ 18 വര്‍ഷം മുമ്പ് ആസക്തിയെ അതിജീവിച്ച അയാള്‍ ജയിലില്‍ ഇപ്പോഴും തീര്‍ത്തും ശാന്തനായിട്ടാണ് കഴിയുന്നത്.

600 രൂപ മോഷ്ടിച്ച ദിവസം എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. ഒരു വ്യക്തിയുമായി മല്‍പിടിത്തം നടത്തിയ സിമ്മണ്‍സ് അയാളെ നിലത്തിട്ട് അയാളില്‍ നിന്ന് പണം പിടിച്ച് വാങ്ങി.  ആ കേസില്‍ പോലീസ് അയാളെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.  അയാളുടെ വിചാരണ 25 മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ. അയാള്‍ക്ക് വേണ്ടി വാദിച്ച അഭിഭാഷകന്‍ സാക്ഷികളെയൊന്നും വിളിച്ചതുമില്ല. അയാളുടെ  പേരിലുണ്ടായിരുന്ന മുന്‍കാല കേസുകളിലൊന്നിലും അക്രമങ്ങള്‍ നടന്നിരുന്നില്ല. എന്നിട്ടും കോടതി അയാള്‍ക്ക്  ഒരവസരം പോലും നല്‍കാതെ, സാക്ഷികളെ വിസ്തരിക്കാതെ, കേസ് നേരെ കേള്‍ക്കാന്‍ പോലുമുള്ള സാവകാശം കാണിക്കാതെ ജീവപര്യന്തത്തിന് ശിക്ഷിക്കുകയായിരുന്നു. 'നിങ്ങളെ തെരുവിലിറക്കാന്‍ ഞങ്ങള്‍ ഒരുകാരണവശാലും അവസരം ഉണ്ടാക്കില്ല' എന്ന് പ്രോസിക്യൂട്ടര്‍മാരില്‍ ഒരാള്‍ പറഞ്ഞു.

കൂടാതെ, അയാള്‍ കൊടുത്ത ഓരോ അപ്പീലും ഒന്നിന് പുറകെ ഒന്നായി നിരസിക്കപ്പെട്ടു. ''ഇതുപോലുള്ള ഒരിടത്ത്, വന്ന് പെട്ടപ്പോള്‍ ഞാന്‍ ആകെ ഒറ്റപ്പെട്ടതായി തോന്നി. എനിക്ക് വിളിക്കാനും സംസാരിക്കാനും പുറത്ത് ആരുമില്ലായിരുന്നു.  ഇവിടെ നിന്ന് പുറത്തുപോകാനായാല്‍ മയക്കുമരുന്ന് എത്രത്തോളം അപകടകരമാണെന്ന് ആളുകളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ' വിതുമ്പികൊണ്ട് അയാള്‍ പറഞ്ഞു. അയാള്‍  ആദ്യമായി ശിക്ഷിക്കപ്പെട്ടതു മുതല്‍, അലബാമ സംസ്ഥാനത്തെ ശിക്ഷ നിയമങ്ങളെ കുറിച്ച്  പുനര്‍വിചിന്തനം നടത്തുകയാണ് നിയമവിദദ്ധര്‍. പക്ഷെ സിമ്മണ്‍സിന് ഇപ്പോഴും വലിയ പ്രതീക്ഷയില്ല. ഈ ഇരുമ്പഴിക്കുള്ളില്‍ ജീവിതം തീര്‍ക്കേണ്ടി വരുമെന്ന ഭീതിയിലാണ് അയാള്‍. ഒരുപക്ഷെ അദ്ദേഹത്തെ പിന്തുണച്ച് വേണ്ടത്ര ആളുകള്‍ ശബ്ദമുയര്‍ത്തിയാല്‍, അലബാമയിലെ നിയമനിര്‍മ്മാതാക്കള്‍ നിയമം പുനഃ പരിശോധിക്കാന്‍ നിര്‍ബന്ധിതരാകും.

Follow Us:
Download App:
  • android
  • ios