Asianet News MalayalamAsianet News Malayalam

ഭാര്യയെ കഴുത്തറുത്ത് കൊന്നു, അവൾക്ക് പ്രിയപ്പെട്ട പാട്ടുംവച്ച് മരിക്കുന്നത് നോക്കിനിന്നു, ഭർത്താവ് അറസ്റ്റിൽ

കൊല്ലപ്പെട്ട ൻഹു ക്യുൻ കുളിമുറിയിൽ കഴുത്ത് അറുത്ത നിലയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് പൊലീസ് കണ്ടത്. കൂടാതെ, തറയിൽ ഒരു ജോഡി റബ്ബർ കയ്യുറകളും ഒരു കുപ്പി അണുനാശിനിയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

man killed his wife and plays her favorite song
Author
Florida, First Published Jun 25, 2022, 3:57 PM IST

ഫ്ലോറിഡയിൽ ഒരു യുവാവ് തന്റെ ഭാര്യയെ കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തുകയും ബാത്ത് ടബ്ബിൽ രക്തം വാർന്നു മരിക്കുന്നത് നോക്കിനിൽക്കുകയും ചെയ്തു. മാത്രവുമല്ല, അവൾ ബാത്ത് ടബ്ബിൽ രക്തം വാർന്ന് മരിച്ച്‌ കൊണ്ടിരിക്കുമ്പോൾ അയാൾ അവളുടെ കൈ പിടിച്ച് അവളുടെ പ്രിയപ്പെട്ട ഗാനം പ്ലേ ചെയ്ത് കൊണ്ടിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് അയാളെ അറസ്റ്റ് ചെയ്തു. സിനിമയിലും പുസ്തകങ്ങളിലും ഒക്കെ ഇത്തരമൊരു സന്ദർഭം നമ്മൾ കണ്ടിട്ടുണ്ടാകാമെങ്കിലും, യഥാർത്ഥ ജീവിതത്തിൽ തീർത്തും ഞെട്ടിക്കുന്ന ഒന്നായിരുന്നു ഈ കൊലപാതകം.

21 -കാരനായ സിചെൻ യാങാണ് ഭാര്യ ൻഹു ക്യുൻ ഫാമിനെ കൊലപ്പെടുത്തിയത്. ഫസ്റ്റ് ഡിഗ്രി കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് അയാളെ കസ്റ്റഡിയിലെടുത്തു. ആൾട്ടമോണ്ടെ സ്പ്രിംഗ്സ് പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർക്ക് ചൊവ്വാഴ്ച ഒരു അജ്ഞാത ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് അവർ സിചെന്റെ അപ്പാർട്ട്മെന്റിൽ എത്തിയത്. ഒരാൾ തന്റെ ഭാര്യയെ കൊന്നുവെന്നും, കുറ്റകൃത്യം നടന്ന സ്ഥലം വൃത്തിയാക്കാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു ഫോണിലൂടെ അജ്ഞാതൻ പൊലീസിനെ അറിയിച്ചത്. തുടർന്ന് ബല്ലാർഡ് സ്ട്രീറ്റിലെ കൊലപാതകം നടന്ന വസതിയിൽ പൊലീസ് എത്തി.

ലീസിംഗ് ഓഫീസിൽ നിന്ന് വീടിന്റെ താക്കോൽ സംഘടിപ്പിച്ച് യാങ്ങിന്റെ അപ്പാർട്ട്മെന്റിലേക്ക് പോലീസ് പ്രവേശിച്ചു. കൊല്ലപ്പെട്ട ൻഹു ക്യുൻ കുളിമുറിയിൽ കഴുത്ത് അറുത്ത നിലയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് പൊലീസ് കണ്ടത്. കൂടാതെ, തറയിൽ ഒരു ജോഡി റബ്ബർ കയ്യുറകളും ഒരു കുപ്പി അണുനാശിനിയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ, സിചെൻ കുറ്റം സമ്മതിച്ചു. സിചെനിന്റെ പാസ്‌പോർട്ട് ഭാര്യ കത്തിച്ചു. ഇതോടെ അവർ തമ്മിൽ വഴക്കുണ്ടാവുകയും സിചെൻ ഭാര്യയെ ആക്രമിക്കാൻ തുടങ്ങുകയും ചെയ്തു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഭാര്യയുടെ കഴുത്ത് താൻ അറുക്കുകയും, ബാത്ത് ടബ്ബിൽ മുക്കി കൊല്ലുകയുമായിരുന്നുവെന്നും  അയാൾ പൊലീസിനോട് പറഞ്ഞു. അവൾ മരിക്കുന്നതുവരെയുള്ള 10 മിനിറ്റ് സമയം അയാൾ അവളുടെ കൈപിടിച്ച് സമീപത്ത് ഇരുന്ന് അവളുടെ പ്രിയപ്പെട്ട ഗാനം വച്ചുകൊണ്ടിരിക്കയായിരുന്നു എന്നും പൊലീസ് പറയുന്നു. ഒരു ഘട്ടത്തിലും സഹായത്തിനായി 911 ൽ വിളിച്ചിട്ടില്ലെന്ന് അധികൃതർ കൂട്ടിച്ചേർത്തു.  

പിന്നാലെ, പൊലീസ് സിചെനിനെ അറസ്റ്റ് ചെയ്തു. അയാൾ തെളിവുകൾ നശിപ്പിച്ചതായി അൽതമോണ്ടെ സ്പ്രിംഗ്സ് പൊലീസ് കണ്ടെത്തി. സിചെന്റെ മുതലാളിയാണ് ദാരുണമായ സംഭവം പൊലീസിൽ അറിയിച്ചത്. കൊല നടന്ന പിറ്റേന്ന് ജോലിയ്ക്ക് എത്താതായ സിചെനെ മുതലാളി ഫോണിൽ വിളിച്ചപ്പോഴാണ് നടന്നതെല്ലാം അയാൾ മുതലാളിയോട് തുറന്നു പറയുന്നത്. ഇത് കേട്ട ഉടൻ മുതലാളി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് സിചെനെതിരെ ചുമത്തിയിരിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios