പൊലീസ് ഇവർ താമസിച്ചിരുന്ന വീടിൻറെ പൂന്തോട്ടം കുഴിച്ചു നടത്തിയ പരിശോധനയിലാണ് ശരീരത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കേസിന്റെ പ്രാഥമിക ഘട്ടത്തിലെ അന്വേഷണങ്ങൾക്ക് ശേഷം 2001 -ൽ ആൻഡ്രൂ വീണ്ടും ഈ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.

20 വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് കൊലപ്പെടുത്തിയ സ്ത്രീയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. യുകെയിൽ നടന്ന അരുംകൊലയിൽ ജീവൻ നഷ്ടപ്പെട്ട ഗർഭിണിയായ സ്ത്രീയുടെ ശരീരത്തിന്റെ അവശിഷ്ടങ്ങളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അടുത്തിടെ ഒരു പൂന്തോട്ടത്തിൽ കുഴിക്കവെയാണ് ശരീര അവശിഷ്ടങ്ങൾ കണ്ടത്. 

1999 മെയ് മാസത്തിലാണ് തൻറെ ഭാര്യയായ ഡെബി ഗ്രിഗ്‌സിനെ കെന്റിലെ ഡീലിലുള്ള തങ്ങളുടെ വീട്ടിൽ നിന്ന് കാണാതായതായി ഭർത്താവ് ആൻഡ്രൂ ഗ്രിഗ്‌സ് പൊലീസിൽ പരാതിപ്പെട്ടത്. എന്നാൽ അന്ന് പൊലീസ് പലവിധത്തിൽ അന്വേഷിച്ചെങ്കിലും അവളെ കണ്ടെത്താനായില്ല. ആൻഡ്രൂ ഗിഗ്സിൽ സംശയം തോന്നിയ പൊലീസ് അയാളെ ചോദ്യം ചെയ്തെങ്കിലും 60 കാരനായ ആൻഡ്രൂ ഗ്രിഗ്‌സ് തന്റെ ഭാര്യയുടെ തിരോധാനത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ചു. 

പിന്നീട് കേസ് എസെക്‌സ് സീരിയസ് ക്രൈം ഡയറക്ടറേറ്റിൽ നിന്നുള്ള കോൾഡ് കേസ് ഡിറ്റക്ടീവുകൾ കേസ് ഏറ്റെടുത്തു. അവരുടെ അന്വേഷണത്തിൽ 2019 ഒക്ടോബറിൽ ആൻഡ്രൂ ഗ്രിഗ്‌സ് കുറ്റക്കാരൻ ആണെന്ന് കണ്ടെത്തുകയും ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഇയാളെ ജീവപര്യന്തം തടവിന് വിധിക്കുകയും ചെയ്തു. 15 കാരിയായ ഒരു പെൺകുട്ടിയുമായി ഇയാൾക്ക് ഉണ്ടായിരുന്ന അവിഹിതബന്ധമാണ് ഭാര്യയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. 

പൊലീസ് ഇവർ താമസിച്ചിരുന്ന വീടിൻറെ പൂന്തോട്ടം കുഴിച്ചു നടത്തിയ പരിശോധനയിലാണ് ശരീരത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കേസിന്റെ പ്രാഥമിക ഘട്ടത്തിലെ അന്വേഷണങ്ങൾക്ക് ശേഷം 2001 -ൽ ആൻഡ്രൂ വീണ്ടും ഈ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഈ കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് പൊലീസ് നിർണായകമായ തെളിവുകൾ കണ്ടെത്തിയത്. ഒക്‌ടോബർ 14 -ന് നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ തോട്ടത്തിൽ നിന്ന് കണ്ടെത്തിയ പല്ലിന്റെ കഷണങ്ങൾ ഡെബി ഗ്രിഗ്‌സിന്റേതാണെന്ന് ഒഡോന്റോളജിസ്റ്റ് സ്ഥിരീകരിച്ചു.

ഡെബ്ബി ഗ്രിഗ്‌സിന്റെ മരണകാരണം കണ്ടെത്താനും അവളുടെ അവശിഷ്ടങ്ങൾ വസ്തുവിൽ എങ്ങനെ സംസ്‌കരിച്ചുവെന്ന് കണ്ടെത്താനും കൂടുതൽ പരിശോധനകൾ നടത്താനാണ് ഇപ്പോൾ ഉദ്യോഗസ്ഥർ തീരുമാനിച്ചിരിക്കുന്നത്.