ശസ്ത്രക്രിയയ്ക്ക് മുമ്പ് കൃത്രിമ ഹൃദയം കൊണ്ടുനടന്ന മിഷിഗണിലെ ആദ്യത്തെ രോഗിയായി അദ്ദേഹം ചരിത്രം കുറിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിൽ ഹൃദയസംബന്ധമായ അസുഖം ബാധിക്കുന്ന ഏക വ്യക്തിയല്ല ലാർക്കിൻ.
ഹൃദയം വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് എന്ന് നമുക്കറിയാം. ഒരു പ്രാവശ്യം ഹൃദയമിടിപ്പ് നിന്നാൽ മതി നമ്മുടെ കാര്യത്തിൽ ഒരു തീരുമാനമാകാൻ. എന്നാൽ പക്ഷേ ഹൃദയമില്ലാതെ ജീവിക്കുന്നവരും ഈ ലോകത്തുണ്ടോ? ശരിയായി പ്രവർത്തിക്കുന്ന ഒരു ഹൃദയമില്ലാതെ സ്റ്റാൻ ലാർക്കിൻ ജീവിച്ചത് 555 ദിനങ്ങളാണ്. ഈ മനുഷ്യന്റെ അതിജീവന കഥ വൈദ്യശാസ്ത്രത്തിന് ഇന്നും ഒരു അത്ഭുതമാണ്. അതേസമയം സാധാരണക്കാരെ സംബന്ധിച്ചിടത്തോളം തികച്ചും അവിശ്വസനീയവും. അന്ന് വെറും 25 -ാം വയസ്സിൽ തന്റെ ബാക്ക്പാക്കിനുള്ളിൽ 13 പൗണ്ടോളം തൂക്കമുള്ള ഒരു കൃത്രിമ ഹൃദയവുമായിട്ടാണ് അദ്ദേഹം നടന്നിരുന്നത്. അപ്പോഴും അദ്ദേഹം കൂട്ടുകാർക്കൊപ്പം നടക്കാനും, അധികം ആയാസമില്ലാത്ത കായികവിനോദങ്ങളിൽ പങ്കുചേരാനും ധൈര്യം കാട്ടി.
സിൻകാർഡിയ എന്നറിയപ്പെടുന്ന അത് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തി. ഫ്രീഡം ഡ്രൈവർ എന്ന മറ്റൊരു പേരിലും അത് അറിയപ്പെടുന്നു. ഉപകരണത്തിന്റെ പേര് പോലെ തന്നെ കാലങ്ങളായുള്ള രോഗദുരിതങ്ങളിൽ നിന്ന് അല്പം സ്വാതന്ത്ര്യം ലഭിച്ച സമയമായിരുന്നു അത്. ലാർക്കിന്റെ നെഞ്ചുംകൂടിന് ചുവടെയുള്ള രണ്ട് ട്യൂബുകളിലേയ്ക്ക് ആ കൃത്രിമ ഹൃദയം ബന്ധിപ്പിച്ചിരുന്നു. ഒരു വർഷത്തിലേറെ കാലം ഹൃദയമില്ലാത്തവനായി അദ്ദേഹം ജീവിച്ചു. 2014 നവംബറിലാണ് ലാർക്കിന്റെ യഥാർത്ഥ ഹൃദയം ശരീരത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നത്. ഉടനെ ഒരു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കില്ലെന്ന് മനസിലാക്കിയ ഡോക്ടർമാർ നിർദ്ദേശിച്ചതാണ് ഈ കൃത്രിമ ഹൃദയം. ആശുപത്രിയിൽ കിടക്കുന്നതിന് പകരം വീട്ടിൽ പോകാൻ ഇതുവഴി അദ്ദേഹത്തിനായി. പിന്നീട് 25 -ാം വയസ്സിൽ ലാർക്കിന് ശസ്ത്രക്രിയ വഴി പുതിയ ഹൃദയം ലഭിച്ചു. അതുവരെ അദ്ദേഹം ജീവിച്ചത് ആ കൃതിമ ഹൃദയത്തിന്റെ സഹായത്തോടെയാണ്.
പതിനാറ് വയസ്സുള്ളപ്പോഴാണ് അദ്ദേഹം ആദ്യമായി രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നത്. ഒരു ദിവസം ബാസ്‌ക്കറ്റ്ബോൾ കളിക്കുന്നതിനിടെ ലാർക് കോർട്ടിൽ പെട്ടെന്ന് തലചുറ്റി വീണു. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഹൃദയപേശികൾ വികസിക്കാൻ കാരണമാകുന്ന ഒരു ജനിതക രോഗമായ കാർഡിയോമിയോപ്പതിയാണ് അദ്ദേഹത്തിന് എന്ന് മനസ്സിലാകുന്നത്. ജനിച്ചപ്പോൾ തന്നെ അദ്ദേഹം രോഗബാധിതനായിരുന്നു. എന്നാൽ, അപ്പോഴൊന്നും അത് ആരും തിരിച്ചറിഞ്ഞില്ല. പക്ഷേ, വലുതാകുംതോറും ലാർക്കിന് ബുദ്ധിമുട്ടുകൾ കൂടിവന്നു. ചികിത്സിക്കാതിരുന്നാൽ രക്തം പമ്പ് ചെയ്യാനും സാധാരണ ഹൃദയമിടിപ്പ് നിലനിർത്താനുമുള്ള കഴിവ് ഹൃദയത്തിന് നഷ്ടപ്പെടുമെന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. ഇത് ഹൃദയസ്തംഭനത്തിലേയ്‌ക്കോ, ക്രമരഹിതമായ ഹൃദയമിടിപ്പിലേക്കോ നയിച്ചേക്കാം.
2016 മെയ് 9 -ന് മിഷിഗൺ സർവകലാശാലയിലെ ഫ്രാങ്കൽ കാർഡിയോവാസ്കുലർ സെന്ററിൽ വച്ചാണ് അദ്ദേഹത്തിന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കുന്നത്. ശസ്ത്രക്രിയയ്ക്ക് മുമ്പ് കൃത്രിമ ഹൃദയം കൊണ്ടുനടന്ന മിഷിഗണിലെ ആദ്യത്തെ രോഗിയായി അദ്ദേഹം ചരിത്രം കുറിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിൽ ഹൃദയസംബന്ധമായ അസുഖം ബാധിക്കുന്ന ഏക വ്യക്തിയല്ല ലാർക്കിൻ. അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ഡൊമിനിക്കിനും സമാനമായ രോഗാവസ്ഥ ഉണ്ടായിരുന്നു. ഇത് ഒരു പാരമ്പര്യ രോഗമാണ്. രണ്ട് സഹോദരന്മാരും കൃത്രിമ ഹൃദയത്തോടെയാണ് കുറേക്കാലം ജീവിച്ചത്. എന്നിരുന്നാലും, ഡൊമിനിക് ആറാഴ്ച മാത്രമാണ് കൃത്രിമ ഹൃദയവുമായി ജീവിച്ചത്. മിഷിഗൺ സർവകലാശാലയിലെ കാർഡിയാക് സർജനായ ഡോ. ജോനാഥനാണ് രണ്ട് സഹോദരന്മാർക്കും ശസ്ത്രക്രിയ നടത്തിയത്.
"ഞങ്ങളുടെ തീവ്രപരിചരണ വിഭാഗത്തിൽ വച്ച് അവരെ ആദ്യമായി കണ്ടുമുട്ടുമ്പോൾ അവർ രണ്ടുപേരും തീരെ അവശരായിരുന്നു. അവർക്ക് അടിയന്തിരമായി ഹൃദയമാറ്റ ശസ്ത്രക്രിയ ആവശ്യമായിരുന്നുവെങ്കിലും, അത്ര പെട്ടെന്ന് അത് നടത്താൻ ഞങ്ങൾക്ക് പരിമിതികളുണ്ടായിരുന്നു. അങ്ങനെയാണ് ഈ കൃത്രിമ ഹൃദയം എന്ന ആശയം ഉദിച്ചത്" ജോനാഥൻ ഹാഫ്റ്റ് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
