ഫ്ലൈറ്റ് അറ്റൻഡൻ്റ് ചമഞ്ഞ് ഇയാൾ ആറ് വർഷത്തിനിടെ 120 -ലധികം സൗജന്യ വിമാന യാത്രകൾ നടത്തിയതായാണ് പോലീസ് റിപ്പോർട്ട്.
ഫ്ലൈറ്റ് അറ്റൻഡൻ്റ് ചമഞ്ഞ് തട്ടിപ്പ് നടത്തി ആറു വർഷക്കാലത്തോളം 120 സൗജന്യ വിമാനയാത്രകൾ നടത്തിയ ആൾ പിടിയിൽ. യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള 35 വയസ്സുള്ള ടിറോൺ അലക്സാണ്ടറെ ഫെഡറൽ ജൂറി കഴിഞ്ഞ ദിവസം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
ഫ്ലൈറ്റ് അറ്റൻഡൻ്റ് ചമഞ്ഞ് ഇയാൾ ആറ് വർഷത്തിനിടെ 120 -ലധികം സൗജന്യ വിമാന യാത്രകൾ നടത്തിയതായാണ് പോലീസ് റിപ്പോർട്ട്. 2018 നും 2024 നും ഇടയിൽ, ഫ്ലൈറ്റ് ക്രൂ-ഒൺലി ബുക്കിംഗ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് അലക്സാണ്ടർ ജീവനക്കാരുടെ യാത്രാ ആനുകൂല്യങ്ങൾ അനധികൃതമായി നേടിയെടുത്തത്. ഈ സൗകര്യം ഉപയോഗപ്പെടുത്തിക്കൊണ്ട് നിരവധി പ്രധാന യുഎസ് എയർലൈനുകളിൽ ഇയാൾ സൗജന്യമായി യാത്ര ചെയ്തു.
2015 നവംബർ മുതൽ അലക്സാണ്ടർ ഒരു വിമാനക്കമ്പനിയിൽ ജോലി ചെയ്തിരുന്നുവെങ്കിലും, ഇയാൾ ഒരിക്കലും ഫ്ലൈറ്റ് അറ്റൻഡന്റായോ പൈലറ്റായോ സേവനമനുഷ്ഠിച്ചിട്ടില്ലെന്നാണ് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഇലക്ട്രോണിക് ആശയവിനിമയ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള തട്ടിപ്പ് (wire fraud), വ്യാജമായി വിമാനത്താവളങ്ങളുടെ സുരക്ഷിത പ്രദേശങ്ങളിൽ പ്രവേശിക്കൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ഇപ്പോൾ ചുമത്തിയിട്ടുള്ളത്.
അമേരിക്കൻ എയർലൈൻസ്, സ്പിരിറ്റ്, യുണൈറ്റഡ്, ഡെൽറ്റ, സൗത്ത് വെസ്റ്റ് എന്നിവയുൾപ്പെടെയുള്ള പ്രധാന യുഎസ് എയർലൈനുകളിൽ ടിറോൺ അലക്സാണ്ടർ സൗജന്യ യാത്ര നടത്തിയതായാണ് കോടതി രേഖകൾ വെളിപ്പെടുത്തുന്നത്. ഒരു എയർലൈനിൽ മാത്രം, 34 തവണ ഇയാൾ യാത്ര ചെയ്തതായി റിപ്പോർട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, ഈ തട്ടിപ്പിന് (wire fraud), 20 വർഷം വരെയും വിമാനത്താവളത്തിന്റെ സുരക്ഷിത മേഖലകളിൽ നിയമവിരുദ്ധമായി പ്രവേശിച്ചതിന് 10 വർഷം വരെയും അലക്സാണ്ടറിന് തടവ് ശിക്ഷ ലഭിക്കാം. രണ്ട് കുറ്റങ്ങൾക്കും 250,000 ഡോളർ (ഏകദേശം 2.15 കോടി രൂപ) വരെ പിഴയും ലഭിക്കാനുള്ള സാധ്യതയുണ്ട്.


