21 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സൈന്യത്തില്‍ നിന്നും വിരമിച്ച കൃഷ്‍ണചന്ദ്ര ബിസ്വാല്‍ പന, മാവ്, ഞാവല്‍ തുടങ്ങിയ മരങ്ങള്‍ നട്ടുതുടങ്ങിയത്. ഒഡീഷയിലെ പുരി ജില്ലയിലുള്ള തന്‍റെ ഗ്രാമമായ Gundalaba -യിലാരുന്നു ഈ മരംനടല്‍. ഇതുവരെയായി അദ്ദേഹം അഞ്ച് കിലോമീറ്റര്‍ സ്ഥലത്ത് 50,000 -ത്തിലേറെ ചെടികള്‍ നട്ടിരിക്കുന്നു. മണ്ണൊലിപ്പ് തടയുകയും അതുവഴി ചുഴലിക്കാറ്റിനെ നിയന്ത്രിക്കുകയും ചെയ്യുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം ഈ മരം നടല്‍ ഏറ്റെടുത്തിരിക്കുന്നത്. 

1999 - ലെ ചുഴലിക്കാറ്റിന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഒരു ചെറിയ അവധിക്ക് നാട്ടിലെത്തിയതായിരുന്നു കൃഷ്‍ണചന്ദ്ര. അപ്പോഴാണ് കാറ്റ് തന്‍റെ ഗ്രാമത്തെയാകെ തകര്‍ത്തെറിയുകയാണ് എന്ന് അദ്ദേഹത്തിന് മനസിലായത്. പുരി ജില്ലയിലും ഒഡീഷയുടെ മറ്റ് പല ഗ്രാമങ്ങളിലും ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. നാശനഷ്‍ടങ്ങളുണ്ടാക്കി. മനുഷ്യജീവനും, മൃഗങ്ങളുടെ ജീവനും അപായമുണ്ടാക്കി. പല വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. അടുത്തുള്ള ബീച്ചില്‍ നിന്നും ടണ്‍ കണക്കിന് മണലാണ് ഗ്രാമത്തിലേക്ക് ഒലിച്ചെത്തിയത്. ഈ കാഴ്‍ചകള്‍ക്കൊക്കെ സാക്ഷ്യം വഹിച്ചതോടെയാണ് കൃഷ്‍ണചന്ദ്ര വീടിനുസമീപം കുറച്ച് മരങ്ങള്‍ നട്ടുപിടിപ്പിക്കാനും നഷ്‍ടമായിപ്പോയ പച്ചപ്പ് തിരികെ കൊണ്ടുവരാനും ശ്രമിക്കുന്നത്. 

എന്നാല്‍, നേരിട്ട് ഒരു ചുഴലിക്കാറ്റ് അദ്ദേഹം അനുഭവിക്കുന്നത് 2019 -ലാണ്. അന്ന് കൃഷ്‍ണചന്ദ്ര വീട്ടില്‍ത്തന്നെയുണ്ട്. ഫാനി ചുഴലിക്കാറ്റിന്‍റെ സംഹാര താണ്ഡവം അദ്ദേഹം നേരില്‍ക്കണ്ടു. അവിടെനിന്നും കുറച്ച് ദിവസങ്ങള്‍ക്കുശേഷം അദ്ദേഹം അടുത്തുള്ള കുറച്ച് കുട്ടികളെ സംഘടിപ്പിച്ചു. അവര്‍ക്ക് പ്രാദേശികവിഭവങ്ങളൊക്കെയായി ഒരു വലിയ വിരുന്നു നല്‍കാമെന്നും വാഗ്ദ്ധാനം ചെയ്‍തു. പകരം, അദ്ദേഹം തുടങ്ങിയിരിക്കുന്ന മരം നടല്‍ ക്യാമ്പയിനിംഗിനൊപ്പം ചേരുകയും മരം നടാന്‍ സഹായിക്കുകയും വേണം. അങ്ങനെ അവരുടെ സഹായത്തോടെ അഞ്ച് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ 50,000 തൈകള്‍ നട്ടുപിടിപ്പിച്ചു. പന, മാവ്, ഞാവല്‍, വേപ്പ് തുടങ്ങിയവയൊക്കെയാണ് നട്ടുപിടിപ്പിച്ചത്. മണ്ണൊലിപ്പ് തടയുമെന്നതിനാലും പക്ഷികള്‍ക്കും മറ്റും പഴം നല്‍കുമെന്നതിനാലുമാണ് ഈ മരങ്ങള്‍ തന്നെ നട്ടുപിടിപ്പിക്കാന്‍ കാരണമായത്. 

പിന്നീട്, 2005 -ല്‍ കൃഷ്‍ണചന്ദ്ര സൈന്യത്തില്‍ നിന്നും വിരമിച്ചു. പിന്നീട്, പരിസ്ഥിതി സംരക്ഷണത്തിലേക്ക് തിരിഞ്ഞു. ചുഴലിക്കാറ്റ് തീരത്തെ അക്രമിച്ചപ്പോള്‍ അദ്ദേഹം അവിടങ്ങളില്‍ പന നട്ടുപിടിപ്പിച്ചുതുടങ്ങി. തന്‍റെ പെന്‍ഷന്‍ തുകയില്‍ നല്ലൊരു ഭാഗം ചെലവഴിച്ചുകൊണ്ട് അദ്ദേഹം തൈകള്‍ കണ്ടെത്താനും ശേഖരിക്കാനുമായുള്ള യാത്രകള്‍ നടത്തി. പിന്നീട്, കടലില്‍ നിന്നും നൂറ്റുമീറ്റര്‍ അകലത്തിലായി ആ തൈകള്‍ നട്ടുപിടിപ്പിച്ചു. 

എന്തായാലും ഇതെല്ലാം ചെയ്യുമ്പോള്‍ അതിന്‍റേതായ പ്രയാസങ്ങളും കൃഷ്‍ണചന്ദ്ര നേരിടുന്നുണ്ടായിരുന്നു. ഫാനി ചുഴലിക്കാറ്റിനുശേഷം കൃഷ്‍ണചന്ദ്ര തൈകള്‍ നട്ടുപിടിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ ഭൂമി കയ്യേറാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് വനം വകുപ്പിലുള്ളവര്‍ സംശയിച്ചിരുന്നു. എന്നാല്‍, കൃഷ്‍ണചന്ദ്രയെ കണ്ട് സംസാരിക്കുകയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്‍തതോടെ അധികൃതര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. 

അതുപോലെതന്നെ കാറ്റും മഴയും അടക്കം പലകാരണങ്ങള്‍ കൊണ്ടും മരങ്ങള്‍ കടപുഴകുകയോ നശിക്കുകയോ ഒക്കെ ചെയ്യുന്ന അവസ്ഥയുമുണ്ടാകാറുണ്ട്. അവയെ മറികടക്കുക എന്നതും പ്രയാസമുള്ള കാര്യമായിരുന്നു. പലപ്പോഴും മരം നടുന്നതിനും അവ സംരക്ഷിക്കുന്നതിനുമായി നേരത്തെ ചെയ്‍തപോലെ വിരുന്ന് വാഗ്ദ്ധാനം ചെയ്‍ത് കുട്ടികളെ സംഘടിപ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്‍തുപോന്നത്. 

ഏതായാലും കൃഷ്‍ണചന്ദ്ര നട്ടുപിടിപ്പിച്ച മരങ്ങള്‍ വലുതാവുകയും പ്രകൃതിക്ക് കരുത്താവുകയും ചെയ്‍തിട്ടുണ്ട്. എന്തിനാണ് അങ്ങനെ ചെയ്‍തത് എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ അദ്ദേഹത്തിനുള്ളൂ, ഒരു ഉത്തരവാദിത്വമുള്ള പൗരനെന്ന നിലയില്‍ താന്‍ തന്‍റെ കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്യുന്നത്. എല്ലാത്തിലുമുപരി ഇതെന്‍റെ ഗ്രാമമാണ്, എന്‍റെ വീടാണ് എന്നും അദ്ദേഹം പറയുന്നത്.