Asianet News MalayalamAsianet News Malayalam

സൈന്യം സ്ത്രീകളെ ബലാത്സം​ഗം ചെയ്യുന്നു, പോരിനിടയിൽ ദുരിതം സ്ത്രീകൾക്ക്, കോം​ഗോയിലെ സ്ഥിതി ​ഗുരുതരമെന്ന് യുഎന്‍

സ്ത്രീകൾ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുമ്പോൾ സായുധ സംഘങ്ങൾ കൂട്ട ബലാത്സംഗം നടത്തുകയാണെന്ന് ബലം പ്രയോഗിച്ച് മാറ്റിപ്പാർപ്പിച്ച വ്യക്തികൾ ആരോപിക്കുന്നു. നിരവധി സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിട്ടുണ്ട്. 

mass rape in DRC says UN
Author
Congo, First Published Aug 14, 2021, 10:13 AM IST

ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയില്‍ സ്ത്രീകളെ സൈന്യം ബലാത്സംഗം ചെയ്യുന്നത് വര്‍ധിക്കുന്നുവെന്ന് യുഎന്‍. വ്യാപകമായി സ്ത്രീകള്‍ ഇവിടെ ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നുവെന്നും അതില്‍ ആശങ്കാകുലരാണ് എന്നും യുഎന്‍ വ്യക്തമാക്കി. 

യുഎൻ അഭയാർഥി സംഘടനയായ യുഎൻ ഹൈക്കമ്മീഷണർ ഫോര്‍ റെഫ്യൂജി (യുഎൻഎച്ച്സിആർ), തെക്കുകിഴക്കൻ ടാൻഗാനിക പ്രവിശ്യയിൽ നിർബന്ധിതമായി കുടിയൊഴിപ്പിക്കപ്പെട്ട ആളുകളിൽ നിന്ന് ഭീകരമായ അതിക്രമങ്ങളുടെ കഥയാണ് കേട്ടത് എന്ന് വ്യക്തമാക്കി. കോംഗോയിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ നടക്കുന്ന വ്യാപകവും വ്യവസ്ഥാപിതവുമായ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ഏജൻസി അതീവ ശ്രദ്ധാലുക്കളാണെന്ന് വക്താവ് ഷബിയ മന്റൂ പറഞ്ഞു. 

mass rape in DRC says UN

"കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ, കൊംഗോളോ, മ്ബുലുല ഹെൽത്ത് സോണുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ 243 ബലാത്സംഗ സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്,  12 വ്യത്യസ്ത ഗ്രാമങ്ങളിൽ നിന്നായി അതിൽ 48 പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ടിട്ടുണ്ട്. വെറും രണ്ടാഴ്ചയ്ക്കുള്ളിലാണ് ഇത്" മാന്റൂ പറഞ്ഞു. യഥാര്‍ത്ഥ എണ്ണം ഇതിലും കൂടുതലായിരിക്കും എന്നാണ് കരുതുന്നത്. മിക്കയിടങ്ങളിലും സ്ത്രീകള്‍ക്ക് നേരെ പുരുഷന്മാര്‍ നടത്തുന്ന അതിക്രമങ്ങള്‍ പുറത്ത് പറയുന്നത് മോശം കാര്യമാണ് എന്ന ധാരണയുണ്ട്. 

ഖനന മേഖലകളിൽ നിയന്ത്രണം നിലനിർത്താൻ മത്സരിക്കുന്ന എതിരാളികളായ സായുധ ഗ്രൂപ്പുകളാണ് ആക്രമണങ്ങൾ നടത്തുന്നതെന്ന് റിപ്പോർട്ടുണ്ട്. പ്രത്യേകിച്ച് സ്വര്‍ണഖനികളില്‍. ഇത് സർക്കാരിന്റെ നേതൃത്വത്തിലുള്ള സൈനിക പ്രവർത്തനങ്ങൾക്കുള്ള പ്രതികാരമായിട്ടാണ് എന്നും മാന്റൂ പറഞ്ഞു. വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരിനിടയില്‍ ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. തങ്ങളുടെ സ്റ്റാഫുകള്‍ക്ക് ഇത്തരം ക്രൂരമായ അതിക്രമങ്ങളുടെ ഒരുപാട് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നും യുഎൻ വ്യക്തമാക്കി. 

സ്ത്രീകൾ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുമ്പോൾ സായുധ സംഘങ്ങൾ കൂട്ട ബലാത്സംഗം നടത്തുകയാണെന്ന് ബലം പ്രയോഗിച്ച് മാറ്റിപ്പാർപ്പിച്ച വ്യക്തികൾ ആരോപിക്കുന്നു. നിരവധി സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിട്ടുണ്ട്. അവരെ വിട്ടയക്കണമെങ്കില്‍ വലിയ തുകയാണ് മോചനദ്രവ്യമായി ആവശ്യപ്പെടുന്നത്. 

യുഎൻ കണക്കുകൾ പ്രകാരം, ഏകദേശം 310,000 ആളുകൾ അരക്ഷിതത്വവും അക്രമവും മൂലം വേരോടെ പിഴുതെറിയപ്പെടുകയും ടാംഗനിക്ക പ്രവിശ്യയിൽ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തു. മേയ് മുതൽ പ്രവിശ്യയുടെ വടക്കൻ കൊംഗോളോ മേഖലയിൽ മാത്രം 23,000 -ലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചതായി മാന്റൂ പറഞ്ഞു, പ്രാദേശിക അധികാരികൾ പറയുന്നതനുസരിച്ച്, മിക്കവരും പലതവണ  ഈ അരക്ഷിതാവസ്ഥയിൽ നിന്ന് രക്ഷപ്പെടാന്‍ പലായനം ചെയ്തു.

mass rape in DRC says UN

സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി സുരക്ഷ വർദ്ധിപ്പിക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും അന്വേഷണം ആരംഭിക്കാനും യുഎൻഎച്ച്സിആർ, ഡിആർസി അധികൃതരോട് ആവശ്യപ്പെട്ടു. ഡിആർസിയിലെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ 205 മില്യൺ ഡോളറിന്റെ (148 മില്യൺ) 36% ലഭിച്ചതായി ഏജൻസി അറിയിച്ചു.

Follow Us:
Download App:
  • android
  • ios