അതേസമയം സാധാരണക്കാർക്കിടയിലും തരംഗം തന്നെയാണ് ലബുബു. ലബുബു പാവകളുടെ ചിത്രങ്ങളും വീഡിയോകളും എത്രയോ നാളുകളായി ഇന്റർനെറ്റിൽ തരംഗമാണ്.
മെൽബണിലെ തണുത്തുറഞ്ഞ കാലാവസ്ഥയെല്ലാം അവഗണിച്ചുകൊണ്ട് നൂറുകണക്കിന് ആളുകളാണ് ഒരു കളിപ്പാട്ടത്തിന്റെ ലോഞ്ചിനായി രാത്രി മുഴുവൻ ഒരു സ്റ്റോറിന് മുന്നിൽ ക്യൂ നിന്നത്. അതേ, അടുത്തിടെ തരംഗമായിക്കൊണ്ടിരിക്കുന്ന ലബുബു പാവകൾക്ക് വേണ്ടിയാണ് ഈ നീണ്ട ക്യൂ.
പോപ്പ് മാർട്ടിന്റെ ഏറ്റവും പുതിയ സ്റ്റോറിൽ നിന്ന് ലിമിറ്റഡ് എഡിഷൻ പാവകളെ വാങ്ങാൻ വേണ്ടി പ്രതികൂല കാലാവസ്ഥ പോലും അവഗണിച്ച് ജനക്കൂട്ടം ബോർക്ക് സ്ട്രീറ്റിൽ തടിച്ചുകൂടുകയായിരുന്നത്രെ.
പാവകളെ വാങ്ങാൻ വേണ്ടി ആളുകൾ ആകാംക്ഷയോടെ ക്യൂ നിൽക്കുന്ന രംഗങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. 'അഗ്ലി ക്യൂട്ട്' എന്ന് വിളിക്കപ്പെടുന്ന ഈ പാവകൾക്ക് ലോകമെമ്പാടുമായി ആരാധകർ ഏറെയാണ്.
പാവകൾ വൻതോതിൽ വിറ്റഴിഞ്ഞതോടെ പോപ്പ് മാർട്ട് ഇന്റർനാഷണലിന്റെ സ്ഥാപകനായ വാങ് നിങ്ങ് ചൈനയിലെ ഏറ്റവും ധനികരായ 10 ശതകോടീശ്വരന്മാരിൽ ഒരാളായി മാറുകയും ചെയ്തിരുന്നു. മാത്രമല്ല, സെലിബ്രിറ്റികൾ കൂടി പാവയെ ആരാധിച്ച് തുടങ്ങിയതോടെ ലോകമെമ്പാടും ആളുകൾ ലബുബുവിന്റെ വരവും കാത്തിരിക്കാൻ തുടങ്ങി.
അതേസമയം സാധാരണക്കാർക്കിടയിലും തരംഗം തന്നെയാണ് ലബുബു. ലബുബു പാവകളുടെ ചിത്രങ്ങളും വീഡിയോകളും എത്രയോ നാളുകളായി ഇന്റർനെറ്റിൽ തരംഗമാണ്. ടിക്ടോക്കിലാണ് ആദ്യം ഇടം പിടിച്ചതെങ്കിലും ഇപ്പോൾ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ ഇവ കാണാം.
ഇപ്പോൾ പ്രചരിക്കുന്ന ഈ വീഡിയോയിൽ പോപ് മാർട്ട് സ്റ്റോറിന് പുറത്തായി ആളുകളുടെ നീണ്ട ക്യൂ കാണാം. ആകാംക്ഷയോട് കൂടി ആളുകൾ അതിന് പുറത്ത് നിൽക്കുന്നതും സംസാരിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാവുന്നതാണ്.
കൂർത്ത ചെവികളും വലിയ കണ്ണുകളും ഒമ്പത് പല്ലുകളും കാണിച്ച് നിൽക്കുന്ന തരത്തിലുള്ളതാണ് മിക്ക ലബുബു പാവകളും. അതേസമയം ഇഷ്ടം പോലെ ലബുബു വ്യാജനും ഇറങ്ങുന്നുണ്ട്.
