ജനങ്ങളുമായി നടത്തിയ മൻ കി ബാത്തിനിടെ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കൊവിഡ് 19 എന്ന മഹാമാരിയെ നേരിടുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു അത്യാവശ്യകാര്യത്തെപ്പറ്റിയും ജനങ്ങളോട് സംവദിച്ചു. രോഗം ഒന്നടങ്ങുമ്പോൾ അമിതമായ ആത്മവിശ്വാസം തലയ്ക്കു പിടിച്ച് ഇറങ്ങിപ്പുറപ്പെടരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അദ്ദേഹം പറഞ്ഞതിങ്ങനെ 

"എന്റെ നഗരത്തിൽ, എന്റെ ഗ്രാമത്തിൽ, എന്റെ തെരുവിൽ, എന്റെ ഓഫീസിൽ ഇതുവരെ കൊറോണ എത്തിയിട്ടില്ല, എന്നതുകൊണ്ട് ഇനിയങ്ങോട്ടും വരില്ല എന്ന് കരുതരുത്. അങ്ങനെ കരുതിക്കൊണ്ട് പെരുമാറരുത്. പുറത്തിറങ്ങി നടക്കരുത്. അങ്ങനെ ചെയ്യരുതെന്ന് തന്നെയാണ് ഈ ലോകത്തെമ്പാടും നിന്നുള്ള റിപ്പോർട്ടുകൾ നമ്മോട് പറയുന്നത്. 

ഹിന്ദിയിൽ ഒരു പഴഞ്ചൊല്ലുതന്നെയുണ്ട് ഇതിനെപ്പറ്റി, "സാവ്‌ധാനി ഹടി, ദുര്‍ഘട്‌നാ ഘടി" അതായത് "മുൻകരുതൽ നീങ്ങിയതും, അത്യാഹിതം സംഭവിച്ചു" നമ്മുടെ പൂർവികർ ഇതിനെ വിശദീകരിക്കാൻ വേണ്ടി ഒരു സുഭാഷിത വചനവും ഇടയ്ക്കിടെ എടുത്തുദ്ധരിക്കുക പതിവാണ്. ഈ ശ്ലോകം  ചാണക്യ നീതിയുടെ ഭാഗമാണ്. ചാണക്യനീതിയിൽ മനുഷ്യരുടെ ക്ഷേമത്തെപ്പറ്റി പരാമർശിക്കുന്ന ഭാഗത്താണ് ഈ ശ്ലോകമുള്ളത്. ശ്ലോകം ഇങ്ങനെയാണ്. 

അഗ്നിഃ ശേഷം, ഋണഃ ശേഷം
വ്യാധിഃ ശേഷം തഥൈവ ച 

തേ പുനഃ പുനഃ പ്രവർദ്ധേത്,
തസ്മാത് ശേഷം ന കാര്യേത് 
।।

अग्नि: शेषं ऋण: शेषं,
व्याधि: शेषं तथैव च ।
ते पुन: पुन: प्रवर्धेत,
तस्मात् शेषं न कारयेत् ।।

എന്നുവെച്ചാൽ, തീ, കടം, വ്യാധി എന്നിവയെ ഒരല്പമെങ്കിലും ബാക്കിവെച്ചു എന്നുവരികിൽ അത്, അതിന്റെ ശക്തി വീണ്ടും വീണ്ടും വർധിച്ചുവരും. അതിനാൽ അവയെ ഇപ്പോൾ തന്നെ പൂർണ്ണമായും ഇല്ലാതാക്കുന്നത് തന്നെയാവും നല്ലത്. 

മേൽപ്പറഞ്ഞ മഹദ്വചനത്തിൽ നിന്ന് നമ്മൾ ഉൾക്കൊള്ളേണ്ട പാഠമിതാണ്. അത്യുത്സാഹം കാരണം പ്രാദേശിക തലത്തിൽ ഒരു ജാഗ്രതക്കുറവും ഉണ്ടാകാൻ പാടില്ല. അത് നമ്മൾ ഇപ്പോഴും ശ്രദ്ധിക്കണം. ചുരുങ്ങിയത് രണ്ടു മീറ്റർ അകലമെങ്കിലും മറ്റുള്ളവരിൽ നിന്ന് പാലിക്കേണ്ടത് അത്യാവശ്യമാണ് ഇന്നത്തെ സാഹചര്യത്തിൽ. നിങ്ങളുടെ ആരോഗ്യം നിങ്ങൾ തന്നെയാണ് ഉറപ്പിക്കേണ്ടത്." എന്ന് മോദി പറഞ്ഞു.

"നിങ്ങൾ പൂർണ്ണാരോഗ്യവാന്മാരായിത്തന്നെ ഇരിക്കട്ടെ" എന്ന് ആശംസിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇന്നലത്തെ തന്റെ മൻകി ബാത്ത് ഉപസംഹരിച്ചത്.